പഠിക്കുന്നത് എങ്ങനെ ?

524
0
Share:
 -രഘു കെ തഴവ- 
വിജയകരമായി പഠിക്കുന്നതിന് ആദ്യം വേണ്ടത് വ്യക്തമായ ഒരു ലക്ഷ്യമാണ്.
“പഠിക്കുന്നതെന്തിന്, ജയിക്കാൻ,
ജീവിതം പഠിച്ചവൻ മക്കളെ പഠിപ്പിച്ചിടുന്നതും ജയിക്കാൻ.”
പ്രസിദ്‌ധമായ ഈ കവി വചനത്തിന് ഒരു അനുബന്ധമുണ്ട്:

“പഠിക്കുകയേ വേണ്ട, ജയിക്കണം.”

ണം കൊടുത്താൽ ഏതു ബിരുദവും ബിരുദാനന്തര ബിരുദവും നേടാമെന്നും, നോട്ടുകെട്ടിന്റെ തൂക്കത്തിൽ മത്സരപരീക്ഷകൾ കടന്നു കയറാമെന്നുമുള്ള വിശ്വാസം യുവതലമുറയെ ഒട്ടൊന്നുമല്ല വഴിതെറ്റിച്ചിട്ടുള്ളത്.
തൊഴിൽ നേടാൻ, ജീവിതവിജയം നേടാൻ നോട്ടുകെട്ടും ശുപാർശയുമായി ഓടുന്നവർ മെനയുന്ന കഥകൾ അനവധിയാണ്.  ഇത്തരം കഥകളിൽ വിശ്വസിക്കുകയും തന്റെ മടിശ്ശീലയ്ക്ക് കനമില്ലല്ലോ എന്ന ദുഃഖത്തോടെ നിരാശയിലാണ്ടു പോവുകയും ചെയ്യുന്നവരിൽനിന്ന് വിഭിന്നമാണ്‌  നേട്ടങ്ങൾ കൈയ്യടക്കിയവരുടെ വിജയചരിത്രം.  നമുക്കിടയിൽ നിന്ന് ജീവിതവിജയം കൈവരിച്ചവർ; ചരിത്രത്തിന്റെ ഏടുകളിൽ തിളങ്ങി നിൽക്കുന്നവർ ഉയരങ്ങൾ കീഴടക്കിയത് നോട്ടുകെട്ടിന്റെയും ശുപാർശയുടെയും പിൻബലത്തിൽ അല്ല.  ഇത്തരം വ്യക്തികളെ കണ്ടെത്താൻ ചരിത്രത്തിൽ ഏറെ പിന്നോട്ടു പോകേണ്ടതില്ല.  കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിലേക്ക് ഐ. എ. എസ്. കൊണ്ടുവന്ന വി.പി.ജോയിയും, യാതനയുടെ വഴികളിലൂടെ അഖിലേന്ത്യാ സിവിൽ സർവ്വീസിലെത്തിയ വിജയനും ഇത്തരക്കാരാണ്.  ഇവരുടെ കഥകൾ കരിയർ മാഗസിനിലൂടെ നിങ്ങളിലെത്തിയിട്ടുമുണ്ട്.  കടുത്ത ആത്മവിശ്വാസമാണ് അവരെ ഉന്നതങ്ങളിലെത്തിച്ചതെന്നതിന് രണ്ടുപക്ഷമുണ്ടോ?
   ഇനിയും നിങ്ങൾക്കു വിശ്വാസമാകുന്നില്ല, അല്ലേ ? ” ഓ – ഇതൊക്കെ എത്രയോ കേട്ടതാ!” എന്ന ഭാവം ഇപ്പോഴും നിങ്ങളിൽ നിലനിൽക്കുന്നുവെങ്കിൽ  ഒരു കാര്യം ഉറപ്പായി പറയട്ടെ, തെറ്റായ ധാരണകൾ നിങ്ങളുടെ ജീവിത വിജയത്തിനുള്ള സാദ്ധ്യത 25 ശതമാനമാക്കി ചുരുക്കിയിരിക്കുന്നു.  ജീവിതത്തിൽ വിജയിക്കുവാൻ ഇപ്പോഴെങ്കിലും നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ അതിനുള്ള അവസരം നിങ്ങൾതന്നെ സൃഷ്ടിക്കേണ്ടിയിരിക്കുന്നു.  കവലയിൽ വെടിപറഞ്ഞിരിക്കുന്ന നിങ്ങളെ കൂട്ടിക്കൊണ്ടുപോയി, നിങ്ങൾക്കിഷ്ടപ്പെട്ട ജോലിയും ആവശ്യത്തിലേറെ പണവും നൽകുവാൻ ആളില്ല  എന്നറിയാമല്ലോ? നിങ്ങളുടെ അവസരങ്ങൾ നിങ്ങൾ കണ്ടെത്തേണ്ടതുണ്ട്.  അതിനായി പരിശ്രമിക്കേണ്ടതുണ്ട്.
     വളരെ പ്രശസ്തനായ ഒരു ചിന്തകനോട് ഒരിക്കൽ ഒരാൾ ചോദിച്ചു: “എന്നെ ഒരു പെൺകുട്ടിയും പ്രേമിക്കുന്നില്ല.  ഞാനെന്താണ് ചെയ്യേണ്ടത്?”
     “അതിനുള്ള ‘അവസരം’ നീ സൃഷിക്കുക!” ചിന്തകൻ മറുപടി പറഞ്ഞു.

     അവസരങ്ങൾ നാം തന്നെ സൃഷ്ടിച്ചേ മതിയാകൂ.  ഒരു പക്ഷേ അത് നമ്മെ തേടിയെത്തിയേക്കാം.  അത് അപൂർവ്വമായി മാത്രം. ‘ചക്കവീണ് മുയലു ചാകും പോലെ.”  അവസരങ്ങൾ സൃഷ്ടിക്കുന്നവരാണ് യഥാർത്ഥ വിജയശില്പികൾ.  ലോകത്തെ വരുതിയിൽ നിർത്തിയ നെപ്പോളിയൻ തന്റെ യുവസൈനികർക്കു നല്കിയിരുന്ന ഉപദേശം ഇതായിരുന്നു.  “നഷ്ടപ്പെടുത്തുന്ന ഓരോ മണിക്കൂറും ഭാവിയിൽ നിങ്ങളുടെ ദൗർഭാഗ്യത്തിന് ആക്കം കൂട്ടും.  അതിനാൽ നിങ്ങൾ നിങ്ങളുടെ അവസരങ്ങൾ വർധിപ്പിക്കുക.”

     ഓരോ അവസരം നഷ്ടപ്പെടുത്തുമ്പോഴും ജീവിതത്തിൽ നിങ്ങൾ ഓരോ പടി പിന്നോട്ടിറങ്ങുന്നു.  സർക്കാർ സർവീസിൽ ഒരു ജോലിക്ക് അപേക്ഷിക്കുവാനും അതിനുള്ള മത്സരപരീക്ഷയിലോ അഭിമിഖത്തിലോ പങ്കെടുക്കുവാനും കേരളത്തിലെ തൊഴിൽരഹിതനു മുന്നിൽ ഒരു അവസരം വീണു കിട്ടുന്നത് വർഷങ്ങൾ കാത്തിരുന്ന ശേഷമായിരിക്കും.  ശരിയായ തയ്യാറെടുപ്പില്ലാതെ അലസമായി ആ അവസരം വിനിയോഗിചാലോ?

ഒരു വ്യക്തിയുടെ ജീവിതവിജയം ഉറപ്പാക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ് മത്സരപരീക്ഷകളിൽ അയാൾ നേടുന്ന വിജയം.  മത്സരപരീക്ഷയ്ക്കു യോഗ്യത നേടുവാൻ എത്രയോ അക്കാദമിക പരീക്ഷകൾ കടക്കേണ്ടതുണ്ട്.  മത്സരപരീക്ഷയിലായാലും അക്കാദമിക പരീക്ഷയിലായാലും ശരിയായ തയ്യാറെടുപ്പോടുകൂടി പങ്കെടുക്കുന്നവരെ മാത്രമേ വിജയം അനുഗ്രഹിക്കുകയുള്ളൂ.

ഏതു പരീക്ഷയിലായാലും ഉന്നതവിജയം ശാസ്ത്രീയമായ പഠനത്തെ ആശ്രയിച്ചയിരിക്കും.  എന്താണ് ശരിയായ പഠനം അഥവാ ശാസ്ത്രീയമായ പഠനം.  ലക്ഷ്യബോധത്തോടുകൂടിയതും അടുക്കും ചിട്ടയോടും കൂടി നിർവ്വഹിക്കപ്പെടുന്നതുമായ പഠനം എന്ന് സാമാന്യ അർത്‌ഥത്തിൽ പറയാം.  ഒരു വ്യക്തിയുടെ സർവ്വതോന്മുഖമായ വികസനത്തിനു സഹായിക്കുന്ന പ്രക്രിയയാണ് പഠനം.  കേവലമായ വായനയോ വിവരങ്ങൾ ആര്ജിക്കാലോ മാത്രമല്ല, താനാർജ്ജിച്ച അറിവുകൾ യഥായോഗ്യം പ്രകടിപ്പിക്കുക കൂടിയാണ് ശരിയായ പഠനത്തിന്റെ ഉദ്ദേശ്യം.  പലപ്പോഴായി തന്റെ ബോധമണ്ഡലത്തിലേക്ക് സന്നിവേശിപ്പിച്ച വിജ്ഞാനത്തെ പരീക്ഷാഹാളിൽ വെച്ച് പുറത്തെടുത്ത് ശരിയായ രീതിയിൽ പ്രയോഗിക്കുമ്പോൾ ഉന്നതവിജയം ഉറപ്പാക്കുന്നു.

വിജയകരമായി മുന്നോട്ടുനീങ്ങാൻ  ആദ്യം വേണ്ടത് വ്യക്തമായ ഒരു ലക്ഷ്യമാണ്.  എന്തിനാണ് പ്രയത്നിക്കുന്നത് എന്ന് വ്യക്തമായി നിങ്ങൾക്കറിയില്ലെങ്കിൽ നിങ്ങൾക്ക് പ്രവർത്തിക്കുവാനുള്ള താല്പര്യം ഇല്ലാതെയാകും.

കവിയുടെ വാക്കു തന്നെ കടമെടുക്കാം _”പേടിക്കുന്നതെന്തിന് ? ജയിക്കാൻ”
അതേ ജയിക്കുവാൻ വേണ്ടിയാണ് പേടിക്കേണ്ടത്, പരീക്ഷയിലും ജീവിതത്തിലും.
****
“വിദ്യാഭ്യാസത്തിൻ്റെ അർത്ഥ്‌മിതാണ് – മുമ്പോരിക്കലും ചെയ്തിട്ടില്ലാത്തതു ചെയാൻ കഴിവുണ്ടാക്കുക”.

-ജോർജ്‌ ഹെർബർട്ട് പാമർ

“നമ്മെ പഠിപ്പിച്ചതൊക്കെ മറന്നു കഴിഞ്ഞ ശേഷം അവശേഷിക്കുന്നതെന്തോ, അതാണു വിദ്യാഭ്യാസം”.

-ജോർജ് സാവിൽ

“സ്വയം വിദ്യാഭ്യാസം നന്ന്, വിദ്യാർത്‌ഥി ജന്മനാ വിദ്യാഭ്യാസ വിചക്ഷണനാണെങ്കിൽ”.

-ജോൺ എ. ഷെഡ്

“സുഖജീവിതം മോഹിക്കുന്നവൻ  വിദ്വാനായി പരിഗണിക്കപ്പെടാനാർഹനല്ല”.

-കൺഫ്യൂഷസ്

“ഗുണപരമായി ഏറ്റവും മികച്ചതും അളവറ്റതുമായ ആനന്ദഭാവത്തിലേക്കു നയിക്കാൻ വിദ്യാഭ്യാസത്തിനു മാത്രമേ കഴിയൂ”.

-ഹോറസ്മൻ

“വിവേകം കൂടാത്ത വിജ്ഞാനം ഇരട്ട മഠയത്തരമാണ്”.

-ഗ്രെഷ്യൻ

“നാം അജ്ഞരാണെന്നറിയുന്നതത്രെ അറിവിന്റെ ആദ്യത്തെ പടി”.

-സെസിൽ

“അറിവുതന്നെ ശക്തി”.

-ബേക്കൺ

“അജ്ഞത ദൈവശിക്ഷയാണ്; അറിവ് സ്വർഗ്ഗത്തേക്കു പറക്കാനുള്ള ചിറകുകളും”.
-ഷേക്സ്പിയർ
“അറിയേണ്ട കാര്യമില്ല്ലാത്തവയെക്കുറിച്ച് അജ്ഞത പാലിക്കുന്നത് അറിവിന്റെ ഒരു ഭാഗം തന്നെ”.

-ക്രേറ്റ്സ്

“ഓരോന്നിന്റെയും യാഥാർത്‌ഥമൂല്യമറിയുക, നാം പഠിക്കുന്നതെന്തെന്നറിയുക, അറിഞ്ഞതു ചിട്ടപ്പെടുത്തി വയ്ക്കുക, ഇതാണ് എല്ലാം അറിയുന്നതിനേക്കാൾ മുഖ്യം”.
-ഹാനാമൂർ
*തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് സ്വാതിതിരുനാളിന്റെ കാലത്താണ്.
Share: