ഐ എഫ് എഫ് കെ – എന്തിനുവേണ്ടി?

Share:

സിനിമയിലെ രാഷ്ട്രീയവും , രാഷ്ട്രീയത്തിലെ സിനിമയും….

അതാണ് കേരള അന്തർദ്ദേശീയ ചലചിത്രോത്സവത്തിൽ പ്രതിഫലിക്കുന്നത്.

സംസ്‌കൃതത്തിൽ ഇന്ത്യയിൽ നിർമ്മിച്ച മൂന്നാമത് സിനിമ, കഴിഞ്ഞ ഐ എഫ് എഫ് കെ യിൽ ഉണ്ടായില്ല. എന്നാൽ ഐ എഫ് എഫ് ഐ യിൽ, ഇന്ത്യൻ പനോരമയിൽ, ഉത്‌ഘാടന ചിത്രമായി. ഹിന്ദുത്വം പ്രചരിപ്പിക്കുന്ന സിനിമ എന്നതാണ് അന്ന് , വിനോദ് മങ്കര സംവിധാനം ചെയ്ത ‘പ്രിയമാനസം’ എന്ന സിനിമ ഒഴിവാക്കാനുള്ള കാരണമായി പറഞ്ഞുകേട്ടത് . സംസ്‌കൃതം അടിസ്ഥാനഭാഷയായുള്ള ഭാരതത്തിൽ , ജി വി അയ്യരുടെ ആദി ശങ്കരാചാര്യയും (1983 ) ഭഗവത്ഗീതയും (1993 ) പുറത്തിറങ്ങി 22 വർഷങ്ങൾക്കുശേഷം മലയാളിയിൽ നിന്നുണ്ടായ സംസ്കൃത സിനിമ അംഗീകരിക്കാൻ കേരളത്തിൽ നടക്കുന്ന ഐ എഫ് എഫ് കെ ക്ക് കഴിഞ്ഞില്ല. സിനിമയുമായോ മാധ്യമ പ്രവത്തനവുമായോ പുലബന്ധം പോലുമില്ലാത്തവർ നിയന്ത്രിക്കുന്ന ചലച്ചിത്ര മേള എന്ന് അന്ന് വിനോദ് മങ്കര പറഞ്ഞതിൽനിന്നും ഒട്ടും ഭിന്നമല്ല ഇന്നത്തെയും അവസ്ഥ. ചലച്ചിത്രമേളയെ രാഷ്ട്രീയവൽക്കരിക്കുന്നതും രാഷ്ട്രീയക്കണ്ണുകളോടെ മാത്രം നടത്തുന്നതും കൊണ്ടാണ് അന്തർദ്ദേശീയ തലത്തിൽ രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഈ മാമാങ്കം ശ്രദ്ധിക്കാതെ പോകുന്നത്.

“പൂരപ്പറമ്പിലെ സിനിമക്കളിക്ക് ഞാനില്ല” – എന്നാണ് ദേശീയ അവാർഡ് ജേതാവും ചലച്ചിത്ര നിരൂപകനും സംവിധായകനുമായ ഓ കെ ജോണി ഇത്തവണത്തെ ചലച്ചിത്രോത്സവത്തെക്കുറിച്ചു പറഞ്ഞത്. “ഗോവയിൽ പോയി ചലചിത്രോത്സവത്തിൽ പങ്കെടുക്കാം. എന്നാൽ എന്തിനുവേണ്ടിയെന്നറിയാതെ മാധ്യമ പ്രവർത്തകരെയും കേരളത്തിലെ സിനിമ സ്നേഹികളെയും അവഗണിച്ചുകൊണ്ട് നടത്തുന്ന ഈ മേളയിൽ പങ്കെടുക്കാൻ തോന്നുന്നില്ല”. ദൂരദർശൻ മുൻ ഡിറക്ടറും ചലച്ചിത്ര നിരൂപകനും നോവലിസ്റ്റുമായ ജോൺ സാമുവേൽ പറഞ്ഞു. കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണനെപ്പോലും മേള നടത്തുന്നവർ തിരിച്ചറിഞ്ഞില്ല.സിനിമ കാണാനാകാതെ അദ്ദേഹത്തിന് മടങ്ങിപ്പോകേണ്ടിവന്നു. ചലച്ചിത്രമേളയിൽ കയ്യാങ്കളിയും അസഭ്യവർഷവും അറസ്റ്റും!

ഇരുപത്തി ഒന്നാമത് കേരള അന്തർദേശീയ ചലച്ചി ത്രോത്സവം തലസ്ഥാന നഗരിയിൽ അരങ്ങു തകർക്കുമ്പോൾ എന്തിനു വേണ്ടി ഈ മാമാങ്കം എന്ന് സംഘാടകർ ഇരുത്തി ചിന്തിക്കേണ്ടതുണ്ട്.

ഒരു അന്തർദേശീയ ചലച്ചിത്രോത്സവം എത്രമാത്രം കെടുകാര്യസ്തതയോടെ നടത്താം എന്ന് നാം കഴിഞ്ഞ വർഷം കണ്ടു. ഒട്ടും വ്യത്യസ്തമല്ല ഈ വർഷത്തെയും തുടക്കം. ലക് ഷ്യബോധമില്ലാതെ, നടത്തുന്ന ഈ മേള നമ്മുടെ ചലച്ചിത്ര സംസ്കാരത്തിനോ സിനിമ വ്യവസായത്തിനോ യാതൊരു പ്രയോജനവും ചെയ്യുന്നില്ല എങ്കിൽ പിന്നെ എന്തിനുവേണ്ടി ?

ലോകമെമ്പാടും ചലച്ചിത്ര മേളകൾ നടത്തുമ്പോൾ അതിന് ചില ഉദ്ദേശ്യ – ലക്ഷ്യങ്ങൾ ഉണ്ടെന്നുള്ളത് മേളയുടെ നടത്തിപ്പിൽ പ്രതിഫലിച്ചു കാണാം. അത്തരമൊരു ലക്‌ഷ്യം മുന്നിൽ കാണുന്നതിൽ സംസ്ഥാന ചലച്ചിത്ര അക്കദമി പരാജയപ്പെട്ടതിന്റെ നേർചിത്രമാണ് നമുക്ക് മുന്നിൽ തെളിയുന്നത്.. കോടികൾ ചെലവഴിച്ച് നടത്തുന്ന ഈ ധൂർത്ത് മലയാള സിനിമക്ക്, കേരളത്തിലെ ചലച്ചിത്ര പ്രവർത്തകർക്ക്, പ്രേക്ഷകർക്ക്‌ , കേരള സംസ്ഥാനത്തിന് എന്ത് നേട്ടമാണ് നല്കുന്നത്?

മേളയുടെ ഇരുപത്തിഒന്നാം വർഷത്തിൽ നാം ചോദിച്ചുപോകുന്നു.

ചലച്ചിത്ര മേളയുടെ അടിസ്ഥാന ലക്ഷ്യങ്ങളെക്കുറിച്ച് ബോധമില്ലാതെ കാട്ടിക്കൂട്ടുന്ന കോപ്രായമായി മേള മാറുന്നത് അതിന്റെ തലപ്പത്തിരിക്കുന്നവരുടെ പിടിപ്പുകേടുകൊണ്ടാണെന്ന് മേളയിൽ പങ്കെടുത്തവരും സാക്ഷികളും ഒന്നടങ്കം പറയുമ്പോൾ സർക്കാർ അത് കണ്ടില്ലെന്ന് നടിക്കരുത്.

ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുമ്പോൾ അതിലൂടെ, അന്നാട്ടിലെ സിനിമാക്കുണ്ടാകാവുന്ന നേട്ടങ്ങളാണ് ഏതു രാജ്യവും പരമപ്രധാനമായി കാണുന്നത്. രാജ്യത്തെ വിനോദസഞ്ചാര മേഖലയുടെ വളർച്ചക്കും ഇത് ഉപയോഗപ്പെടുത്തണമെന്നു മിക്ക ചലച്ചിത്രമേളയും ലക്‌ഷ്യം വെക്കാറുണ്ട്. മികച്ച ചിത്രങ്ങൾ കാണാനും വിലയിരുത്താനും ലോകമെമ്പാടുമുണ്ടാകുന്ന മാധ്യമ ചലനങ്ങൾ മനസ്സിലാക്കാനുമുള്ള ഇടമാകണം ചലച്ചിത്ര മേളകൾ. ചലച്ചിത്രകാരന്മാരുടെയും നിരൂപകരുടെയും ആസ്വാദകരുടെയും ബോധധാരയിൽ ഒരു പുത്തൻ തിരികൊളുത്താൻ മേളക്ക് കഴിഞ്ഞാൽ മാത്രമേ അതിന് അർഥമുള്ളു.

കേരളത്തിലെ ചലച്ചിത്രകാരന്മ്മാർക്കും നിരൂപകർക്കും സാഹിത്യകാരന്മാർക്കും പത്രപ്രവർത്തകർക്കും ലോക മാധ്യമരംഗത്തെ പ്രതിഭകളുമായി സംവദിക്കാനുള്ള വേദികൂടിയാകണം ചലച്ചിത്രമേള എന്ന് ആദ്യകാല ചലച്ചിത്ര മേളകളിൽ ലക്‌ഷ്യം വെച്ചിരുന്നു.

കുറഞ്ഞ പക്ഷം, സംസ്ഥാന സർക്കാരിന്റെ അവാർഡിന് അർഹരായ ചലച്ചിത്ര പ്രവർത്തകരെയും എഴുത്തുകാരെയും മേളയിലേക്ക് ക്ഷണിക്കണം എന്ന തീരുമാനം മൂന്നാമത് ചലച്ചിത്രമേളയിൽ അന്നത്തെ ചെയർമാൻ പി ഗോവിന്ദപ്പിള്ള എടുക്കുകയും അത് നടപ്പാക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർന്നുള്ള ചലച്ചിത്രമേളകളിൽ പതിനായിരക്കണക്കിന് പാസ് വിറ്റ് പണമുണ്ടാക്കാൻ ശ്രമിക്കുന്ന സംഘാടകർ മലയാള സിനിമയുടെ വളർച്ചക്ക് കാരണഭൂതരായ ചലച്ചിത്ര കാരന്മ്മാരെയും രചയിതാക്കളെയും നിരൂപകരെയും വിസ്മരിക്കുകയാനുണ്ടായത്. ദേശീയ- സംസ്ഥാന അവാർഡുകൾ നേടിയ കേരളത്തിലെ ചലച്ചിത്ര പ്രവർത്തകർക്ക് ക്ഷണക്കത്ത് അയക്കാനുള്ള സാമാന്യ ബോധം പോലും സിനിമയുടെ വളർച്ചക്ക് വേണ്ടി രൂപീകരിച്ച ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തകർക്ക് ഇല്ലെങ്കിൽ സഹതപിക്കുകയെ നിർവാഹമുള്ളൂ

1998 ൽ നടന്ന മൂന്നാമത്‌ ചലച്ചിത്ര മേളയിൽ പബ്ലിക്‌ റിലേഷൻസ് ഓഫീസറും കണ്‍വീനറും ആയി പ്രവർത്തിച്ചപ്പോൾ ചെയർമാൻ ( പി. ഗോവിന്ദ പിള്ള ) ആവർത്തിച്ചു പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു.

” ഈ ചലച്ചിത്രമേള നമ്മുടെ ചലച്ചിത്രകാരന്മാർക്കും എഴുത്തുകാർക്കും പ്രയോജനകരമാകണം. ലോകസിനിമ എന്തെന്ന് അവർ തിരിച്ചറിയണം. സംസ്ഥാന ചലച്ചിത്ര അവാർഡു നേടിയ എല്ലാവർക്കും ക്ഷണക്കത്തയക്കണം. അവർക്ക് പ്രത്യേക ഡെലിഗേറ്റ് പാസ് നല്കണം. എങ്കിൽ മാത്രമേ മേള നമ്മുടെ സിനിമയുടെ വളർച്ചക്ക് ഉപകരിക്കൂ.”

മേള പിന്നീട് ചലച്ചിത്ര അക്കാദമിയുടെ ചുമതലയിലായി.

മലയാള സിനിമക്ക് വിലപ്പെട്ട സംഭാവനകൾ നല്കിയ , സംസ്ഥാന- ദേശീയ അവാർഡുകൾ നേടിയ , മലയാള സിനിമ പ്രവർത്തകരുടെ വിവരങ്ങൾ പോലും അക്കാദമിയുടെ പക്കലില്ല എന്നതാണ് വിരോധാഭാസം. ഈ ചെറിയ സംസ്ഥാനത്തിലെ വിരലിലെണ്ണാൻ കഴിയുന്ന ചലച്ചിത്ര അവാർഡുജേതാക്കളെ ഇത്തരമൊരു മേളയിൽ ഉൾപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ അത് ചലച്ചിത്രഅക്കാദമിയുടെ പിടിപ്പു കേടാണ്.

അന്തർദേശീയ ചലച്ചിത്രമേള നാടിൻറെ സാംസ്കാരിക ഉത്സവമായി മാറുന്നത് അത് സംഘടിപ്പിക്കുന്നവരുടെ പ്രതിബദ്ധതയും പ്രാഗത്ഭ്യവും കൊണ്ട് മാത്രമാണ്. ചലച്ചിത്രമേളയുടെ യാതൊരു ആകർഷണീയതയുമില്ലാതെ, വികലമായി നടത്തുന്ന ഈ മാമാങ്കം എത്ര വിദേശികളെ കേരളത്തെക്കുറിച്ച് നല്ലത് പറയാൻ പ്രേരിപ്പിക്കുമെന്ന് സർക്കാർ കണ്ടെത്തണം. വൃത്തികെട്ട നഗരമാലിന്യങ്ങൾക്കിടയിൽ , പ്രാഥമിക സൗകര്യങ്ങൾക്കുപോലും ഇടമൊരുക്കാതെ നടത്തുന്ന ഈ മാമാങ്കം കേരളത്തെ ലോക ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്താൻ ഒരിക്കലും പ്രേരകമാവില്ല.

ചലച്ചിത്രകാരന്മാരെ വിദേശത്തുനിന്നും പണം ചെലവഴിച്ചു കൊണ്ടുവന്ന് അടച്ച തിയെറ്ററിലിരുത്തി സിനിമ കാണിച്ച് ഹോട്ടൽ മുറിയിൽ കിടത്തിയുറക്കി പറഞ്ഞു വിടാനാണെങ്കിൽ , എന്തിന് വേണ്ടി ഈ മേള എന്ന് നികുതിദായകർ ചിന്തിച്ചാൽ അവർക്ക് മതിയായ മറുപടി നല്കാൻ സംഘാടകർക്ക് ബാധ്യതയുണ്ട് .

ലോകമെമ്പാടും ആയിരക്കണക്കിന് ചലച്ചിത്ര മേളകൾ നടക്കുന്നു. നാടിൻറെ സംസ്കാരം മറ്റുള്ളവരിലേക്ക് പകരാൻ കൂടിയാണ് മേള നടത്തുന്നത് . അതോടൊപ്പം സാദ്ധ്യതകൾ കാട്ടിക്കൊടുത്ത് ചലച്ചിത്ര നിർമാതാക്കളെ ആകർഷിക്കാനും. അതുകൊണ്ടാണ് കാനിലും ചിക്കാഗോയിലും ദുബൈയിലും മറ്റു നിരവധി രാജ്യങ്ങളിലും മേള നടക്കുന്ന നഗരം ഉത്സവത്തിമിർപ്പിലാകുന്നത് . ചലച്ചിത്ര മേള കൊണ്ട് മാത്രം ലോക ടൂറിസം ഭൂപടത്തിൽ ഉയർന്നുവന്ന നഗരങ്ങൾ ഉണ്ട്.

തിരുവനന്തപുരത്ത് ചലച്ചിത്രമേള കൊണ്ടാടുമ്പോൾ വൃത്തികെട്ട , പൊട്ടിപ്പൊളിഞ്ഞ നിരത്തുകളും മതിലിൽ ചേർന്ന് നിന്ന് മൂത്ര മോഴിക്കുന്ന ജനങ്ങളേയും കണ്ട് മൂക്ക് പൊത്തിപ്പിടിച്ച് അടുത്ത തിയറ്ററിലേക്ക് പോകുന്ന വിദേശ പ്രതിനിധികൾ ഈ പ്രാകൃത ദേശത്തെ തള്ളിക്കളയാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടോ എന്ന് മേള നടത്തുന്നവർ ആലോചിക്കണം. ചലച്ചിത്ര മേള നടക്കുന്ന ഒരു നഗരത്തെ ഇത്രമാത്രം അനാകർഷകമായി പ്രദർശിപ്പിക്കാൻ നമുക്ക് മാത്രമേ കഴിയൂ.

പാവപ്പെട്ട നികുതിദായകൻറെ കോടികൾ ചെലവഴിക്കുമ്പോൾ അത് ഈ നാടിൻറെ സാംസ്കാരിക, സാമൂഹിക, ചലച്ചിത്ര മണ്ഡലത്തിന് എന്ത് സംഭാവനയാണ് നല്കുന്നതെന്നും ആലോചിക്കണം. അന്തർ ദേശീയ ചലച്ചിത്ര മേളയുടെ ഉദ്ദേശ – ലക്ഷ്യങ്ങൾ സാധിതമാക്കാൻ കഴിയാത്ത ധൂർത്തിന് തടയിടാൻ സർക്കാർ ശ്രദ്ധിക്കണം. അല്ലെങ്കിൽ പ്രബുദ്ധ കേരളം വിരൽ ചൂണ്ടി ചോദിക്കും; ഇത്തരം ധൂർത്ത് ഇവിടെ എന്തിന് , ആർക്കു വേണ്ടി ?

-രാജൻ പി. തൊടിയൂർ

( മൂന്നാമത് (1998) ഐ എഫ് എഫ് കെ യുടെ കണ്‍വീനറും പബ്ലിക്‌ റിലേഷൻസ് ഓഫീസറും ആയിരുന്ന ലേഖകൻ ഐ എഫ് എഫ് ടി വി ഡോട്ട് കോം ( www.ifftv.com ) സി ഇ ഒ ആണ് )

Share: