ഡിജിറ്റൽ കറൻസി : ജാർഖണ്ഡ് ഒന്നാമതെത്തുമ്പോൾ …

Share:

സമ്പൂർണ്ണ സാക്ഷരതയിൽ ഊറ്റം കൊള്ളുന്ന മലയാളിക്ക് ലജ്ജിക്കാൻ ഒരു കാര്യം കൂടി …

ആദിവാസികളും നിരക്ഷരരും ഏറെയുള്ള ജാർഖണ്ഡ് , ഭാരതത്തിലെ വളരെ പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന ഒരു സംസ്ഥാനം , രാജ്യത്തെ ആദ്യ ഡിജിറ്റൽ കറൻസി സംസ്ഥാനമാകുന്നു! വരുന്ന 28 നകം ജാർഖണ്ഡ് , പേപ്പർ കറൻസി രഹിത സംസ്ഥാനമാകുമ്പോൾ നമുക്ക് പാടിനടക്കാം, “നമ്മള് കൊയ്യും വയലെല്ലാം നമ്മുടെയാണേ പൈങ്കിളിയേ …”

പാട്ടു പാടി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും , വയലുകളെല്ലാം സിമന്റു മഹാവനങ്ങൾ ആയിട്ടും കർഷകന്റെ സ്വപ്നഭൂമി എവിടെ എന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ലാതിരുന്നിട്ടും , ഈ പാട്ടു കേൾപ്പിച്ചു സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ് ഭരണവർഗ്ഗം.

കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളും ഡിജിറ്റൽ കറൻസിയുടെ പുത്തൻ സാധ്യതകളും സംസ്ഥാനത്തെ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാൻ മുന്നിട്ടിറങ്ങേണ്ട ഭരണകൂടം ഇപ്പോഴും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്:

“നമ്മള് കൊയ്യും വയലെല്ലാം നമ്മുടെയാണേ പൈങ്കിളിയേ …”

കൈവശഭൂമിയുടെ പട്ടയം ആദിവാസികൾക്കും കർഷകർക്കും നൽകുമെന്ന മോഹന-സുന്ദര വാഗ്ദാനങ്ങൾ മാറി മാറി വന്ന ഭരണകൂടങ്ങൾ സൗകര്യപൂർവം വിസ്മരിച്ച ദയനീയ കാഴ്ച നമുക്ക് മുന്നിലുണ്ട്.

വിവര സാങ്കേതിക വിദ്യക്കും ആധുനിക വൽക്കരണത്തിനും കംപ്യൂട്ടർ വൽക്കരണത്തിനും എതിരെ പോരാടിയ സമരചരിത്രം നമുക്ക് മുന്നിലുണ്ട്. പിന്നേയും , സ്വപ്നഭൂമിയെക്കുറിച്ചുള്ള മോഹിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകി, കർഷകരെയും ആദിവാസികളെയും പാവപ്പെട്ടവരെയും കബളിപ്പിക്കുന്നവർ ‘ക്യാപിറ്റലിസത്തിന്റെ’ സുഖ -ശീതളിമയിലേക്ക് ചേക്കേറുകയും ചെയ്തിരിക്കുന്നു!

കാളവണ്ടിയിൽനിന്നും ബെൻസിലേക്കും ട്രെയിനിൽ നിന്നും വിമാനത്തിലേക്കും പോസ്റ്റ് കാർഡിൽ നിന്നും വാട്സ് ആപ്പിലേക്കും സ്ഥാനചലനം ഏറ്റുവാങ്ങിയവരാണ് , “നമ്മള് കൊയ്യും വയലെല്ലാം…” എന്ന വരികൾ ആവർത്തിച്ചു പാടി കർഷകരെയും ആദിവാസികളെയും നിരക്ഷരരേയും പരിഹസിക്കുന്നത്; ചൂഷണം ചെയ്യുന്നത്.

വയലും കൃഷിഭൂമിയും കേരളത്തിൽ നിന്ന് അപ്രത്യക്ഷമാകുന്നത് ഇവർ കണ്ടില്ലെന്നു നടിക്കുന്നു.

ആദിവാസികളിൽ നിന്ന് തട്ടിയെടുത്ത ഭൂമി അവർക്ക് തിരികെ നൽകാൻ ഭരണകൂടങ്ങൾക്ക് കഴിയുന്നില്ല. പഴയ വിപ്ലവ ഗാനങ്ങളല്ല, പുത്തൻ ബോധവൽക്കരണമാണ് സാധാരണക്കാരന് വേണ്ടത് എന്ന തിരിച്ചറിവാണ് നമ്മുടെ ഭരണ സംവിധാനത്തിന് ഇല്ലാതെ പോയത്. ഡിജിറ്റൽ യുഗം ഒരുക്കുന്ന അനന്ത സാധ്യതകൾ സാധാരണക്കാരനിൽ എത്തിച്ചു കൊടുക്കാൻ ഭരണകൂടം തയ്യാറായതിന്റെ നേർചിത്രമാണ് ജാർഖണ്ഡിൽ നാം കാണുന്നത്. നൂറു ശതമാനം സാക്ഷരത നേടിയ കേരളത്തിന് ഇവിടെ ലജ്ജിച്ചു തലതാഴ്ത്തി , വികസനത്തിനെതിരെ മുഖംകുനിച്ചു നിൽക്കാം. അല്ലെങ്കിൽ നൂറു ശതമാനം ഇ-സാക്ഷരതയുള്ള സംസ്ഥാനമാകാൻ , ഒന്നായി ശ്രമിക്കാം.

സംസ്ഥാനത്തെ എല്ലാവിധ പരിമിതികളും ഉൾക്കൊണ്ടുകൊണ്ടാണ് മുഖ്യമന്ത്രി രഘുബർ ദാസ്, ജാർഖണ്ഡ് ഈ മാസാവസാനത്തോടെ നൂറു ശതമാനം ഡിജിറ്റൽ കറൻസി ഉപയോഗിക്കുന്ന സംസ്ഥാനമായി മാറുമെന്ന് പറയുന്നത്. ‘ചെറിയ കാൽവെയ്പുകൾ വലിയ വിജയങ്ങളിലേക്ക് നയിക്കും’ എന്ന ആത്മവിശ്വാസമാണ് ‘ക്യാഷ്‌ലെസ്സ് ജാർഖണ്ഡ് ‘ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു മുന്നേറാൻ മുഖ്യമന്ത്രി രഘുബർ ദാസിനെ പ്രേരിപ്പിക്കുന്നത്. ആധുനിക വൽക്കരണത്തോടും സംസ്ഥാനത്തിന്റെ വികസനത്തോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘പേപ്പർ കറൻസി രഹിത രാജ്യം’ എന്ന ആശയം ഏറ്റവും എളുപ്പത്തിൽ നടപ്പിലാക്കാൻ കഴിയുന്ന സംസ്ഥാനമാണ് നമ്മുടേതെന്ന് ഏവർക്കുമറിയാം. അതംഗീകരിച്ചു സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം എന്ന ലക്ഷ്യത്തിനുവേണ്ടി നമുക്ക് പ്രവർത്തിക്കാൻ കഴിയണം. എങ്കിൽ മാത്രമേ രണ്ടാമതെങ്കിലും നമുക്ക് എത്താൻ കഴിയൂ.

ഡിസംബർ 28 ന് ജാർഖണ്ഡ് , രാജ്യത്തെ ആദ്യ ഡിജിറ്റൽ കറൻസി സംസ്ഥാനമാകുമ്പോൾ , 29 ന് നോട്ട് പിൻവലിക്കലിതിനെതിരെ യും ഡിജിറ്റൽ കറൻസിക്കെതിരെയും മനുഷ്യച്ചങ്ങല തീർക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ ഭരണപക്ഷം!

നോട്ട് പിൻവലിക്കലും , ഇവിടെ ആവിഷ്‌ക്കരിക്കാൻ തീവ്ര ശ്രമം നടത്തുന്ന ഡിജിറ്റൽ കറൻസിയും രാജ്യത്തെ പുറകോട്ടടിക്കുന്നു എന്ന് ഇടതുമുന്നണി യോഗം വിലയിരുത്തിയതും കൂടി കൂട്ടി വായിക്കുമ്പോഴാണ് 50 വർഷം നാം പിന്തിരിഞ്ഞുനോക്കാൻ നിര്ബന്ധിതരാകുന്നത് .

അഞ്ചു പതിറ്റാണ്ടിനു മുൻപ് രാജ്യത്തു ണ്ടായിക്കൊണ്ടിരുന്ന വൻ മാറ്റത്തിനെതിരെയായിരുന്നു ഇടത് വിപ്ലവം. കംപ്യൂട്ടർവൽ ക്കരണത്തിനെതിരെയും ആധുനിക വൽക്കരണത്തിനെതിരെയും സമരം ചെയ്തു സംസ്ഥാനത്തിന്റെ പുരോഗതിയെ എത്രമാത്രം പിന്നിലേക്ക് നയിച്ചു എന്നതിന് കേരളം സാക്ഷി.

സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നിരയിലെത്തിയ കേരളം വിവരസാങ്കേതിക വിദ്യ അനുവദിച്ചു നൽകിയ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളുടെ പിറകിലായി. ലോകമെമ്പാടുമുള്ള വൻകിട കമ്പനികൾ ബാംഗ്ലൂരിലും ചെന്നൈയിലും ഹൈദരാബാദിലും മുംബൈയിലും നോയിഡയിലും വൻ നിക്ഷേപങ്ങൾ നടത്തിയപ്പോൾ , തൊഴിലവസരങ്ങൾ സൃഷ്ടിച്ചപ്പോൾ കേരളം ആരാലും ശ്രദ്ധിക്കാത്ത സംസ്ഥാനമായി മാറി. ലോകത്തുള്ള ഒരു നിക്ഷേപ സ്ഥാപനവും ( വെഞ്ച്വർ ക്യാപിറ്റൽ ) കേ രളത്തെ ഇപ്പോഴും ലക്ഷ്യ സ്ഥാനമായി കരുതുന്നില്ല.

1966 ൽ , ബംഗാളിൽ കമ്പ്യൂട്ടറിനെതിരെ നടന്ന സമരങ്ങളിൽ കേരളവും പങ്കുചേർന്നു. അന്ന് കേന്ദ്ര സർക്കാരിന് ദണ്ഡേക്കർ കമ്മിറ്റിയെ നിയമിക്കേണ്ടിവന്നു , ആധുനികവൽക്കരണത്തിന്റെയും കമ്പ്യൂട്ടർ സംവിധാനത്തിന്റെയും ഗുണഫലങ്ങൾ ഇടതുപക്ഷത്തിന് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ. 2002 നവംബറിൽ , ഇടതുപക്ഷ ട്രേഡ് യൂണിയനുകൾ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചു സെൻട്രൽ കമ്മിറ്റി എടുത്ത തീരുമാനങ്ങളിൽ ഇങ്ങനെ പറഞ്ഞു: “പുതിയ സാങ്കേതിക സൗകര്യങ്ങൾ രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമാണെന്നിരിക്കെ കമ്മ്യൂണിസ്റ്റുകൾ എന്ന നിലയിൽ , അതിനെ എതിർക്കുവാൻ ഞങ്ങൾ മുതിരുകയില്ല”.

‘രാജ്യപുരോഗതിക്ക്‌ കമ്പ്യൂട്ടറും ഡിജിറ്റൽ സംവിധാനങ്ങളും നൽകുന്ന സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും , ജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഇല്ലാതാകുമെന്ന ഭയം കൊണ്ടാണ് വർഷങ്ങൾക്ക് മുൻപ് അതിനെ എതിർത്തതെന്നും കുമ്പസാരം നടത്തുന്ന കേരള മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഡിജിറ്റൽ കറൻസി യെയും അഴിമതിക്കെതിരെയുള്ള പ്രധാന മന്ത്രിയുടെ നീക്കങ്ങളെയും എതിർക്കുന്നതെന്ന് വ്യക്തമാക്കണം.

ഡിജിറ്റൽ കറൻസി നമുക്കുറപ്പുതരുന്നത് കള്ളപ്പണത്തിന്റെ വിനിയോഗം ഇല്ലാതെയാകുമെന്നുള്ളതാണ്. വഴിവാണിഭക്കാരെ ‘പാവങ്ങൾ’ എന്നുപറഞ്ഞു നാം സഹതാപത്തോടെ കാണുമ്പോൾ , ഓരോ സീസണിലും നിരത്തുവക്കിൽ കൂട്ടിയിടുന്ന ‘തണ്ണിമത്തൻ’ കച്ചവടം കോടികളുടെ ബിസിനസ്സാണെന്നുള്ളത് നാമറിയുന്നില്ല. കണക്കില്ലാതെ നടത്തുന്ന മീൻ കച്ചവടവും പച്ചക്കറി കച്ചവടവും ബേക്കറി കച്ചവടവും നിരത്തുവക്കിലെ ഹെൽമറ്റ് കച്ചവടവും കള്ളപ്പണത്തിന്റെ ഉറവിടങ്ങളാണെന്ന് , നമുക്കറിയില്ല. ഇവരൊക്കെയും നികുതി നൽകാനും രാജ്യ പുരോഗതിയിൽ പങ്കാളിയാകാനും തയ്യാറല്ല എന്ന വസ്തുത നാം മനപ്പൂർവം വിസ്മരിക്കുന്നു. നിശ്ചിത ശമ്പളത്തിന് നികുതി നൽകുന്ന സർക്കാർ ഉദ്യോഗസ്ഥന്മാർ , കണക്കില്ലാത്ത തുക കൈക്കൂലി വാങ്ങുന്നതും അത് സാധാരണക്കാരിൽ ഒരു ശീലമായി അടിച്ചേൽപ്പിക്കുന്നതും ഇവരോട് മത്സരിക്കാനാണ്. പേപ്പർ കറൻസി എന്നാൽ കൈക്കൂലിയുടെയും അഴിമതിയുടെയും പണം പൂഴ്ത്തിവെയ്പ്പിന്റെയും പര്യായമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ , അതിൽ നിന്നുള്ള മോചനത്തിനായാണ് ‘ഡിജിറ്റൽ മണി ‘ എന്ന സംവിധാനത്തിലേക്ക് നാം മാറണമെന്ന് പ്രധാനമന്ത്രി നമ്മോട് ആവശ്യപ്പെടുന്നത്. സാധാരണക്കാരന്റെ പണത്തിന് മൂല്യം വർദ്ധിപ്പിക്കുന്നതിനും കള്ളപ്പണത്തിന് കടിഞ്ഞാണിടുന്നതിനും നികുതി വെട്ടിപ്പിന് തടയിടുന്നതിനും ഇതുപകരിക്കും എന്ന യാഥാർഥ്യം നാം തിരിച്ചറിയണം. നിശ്ചിത വരുമാനക്കാരന്റെ ശമ്പളം ജീവിതസൂചികയുമായി പൊരുത്തപ്പെടുന്ന അവസ്ഥ ഉണ്ടാകണമെങ്കിൽ കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാകണം. അതിനുള്ള ഉപാധികളിലൊന്നാണ് ‘ഡിജിറ്റൽ കറൻസി’. അത് നാം സ്വീകരിക്കാൻ തയ്യാറാകണം. അതിനെ ഭയപ്പെടുത്തുന്നവർ നമ്മുടെ ശത്രുക്കളാണെന്ന് തിരിച്ചറിയുക.

സർക്കാർ പദ്ധതികൾക്ക് വേണ്ടി അനുവദിക്കുന്ന തുകയുടെ മുപ്പത് ശതമാനം മാത്രമേ അതിനായി വിനിയോഗിക്കുന്നുള്ളു വെന്നും എഴുപത് ശതമാനം തുകയും ഉദ്യോഗസ്ഥരും ഇടനിലക്കാരും രാഷ്ട്രീയക്കാരും വീതിച്ചെടുക്കുകയാണെന്നും നമ്മോടു പറഞ്ഞത് മുൻ പ്രധാന മന്ത്രിയും ധന മന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിംഗാണെന്ന് രേഖകൾ പരിശോധിച്ചാൽ മനസ്സിലാകും. ഇതിന്റെ അർദ്ധം 70 ശതമാനം തുക കള്ളപ്പണമായി മാറുകയാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ഒരു ലക്ഷം കോടി രൂപ പദ്ധതിക്കായി നൽകുമ്പോൾ മുപ്പതിനായിരം കോടി രൂപ അതിനായി വിനിയോഗിച്ച ശേഷം കള്ളക്കണക്കെഴുതി എഴുപതിനായിരം കോടി രൂപ മാറ്റിവെക്കുമ്പോൾ അത് കള്ളപ്പണമായി മാറുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത് തടയുന്നതിനുള്ള മാർഗ്ഗങ്ങൾ നടപ്പാക്കാൻ സാമ്പത്തിക വിദഗ്ധൻ കൂടിയായ മൻമോഹൻ സിങ്ങിന് കഴിഞ്ഞില്ല.ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കുന്ന വിപ്ലവകരമായ പദ്ധതികളെ എതിർക്കുമ്പോൾ സ്വന്തം മനസാക്ഷിയോട് അദ്ദേഹം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട് : ആർക്കെതിരെയാണ് അദ്ദേഹം സംസാരിക്കുന്നതെന്ന്…സാധാരണക്കാർക്കെതിരായ യുദ്ധത്തിൽ കക്ഷി ചേരണമോ എന്ന് അദ്ദേഹം ഒരിക്കൽക്കൂടി ചിന്തിക്കണം.

‘ഡിജിറ്റൽ ഇന്ത്യ’ എന്നാൽ മുഖ്യ ധാരയിൽ നിന്നും മാറിനിൽക്കുക എന്നല്ല. കാലത്തിന്റെ പുരോഗതിക്കനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുക എന്നതാണ്. നാം മാറുകയാണ്. എഴുത്തോലയിൽ നിന്നും കടലാസിലേക്കും അതിൽ നിന്ന് കംപ്യൂട്ടറിലേക്കുമുള്ള മാറ്റം നാം അംഗീകരിച്ചു കഴിഞ്ഞു. വായിക്കാനും സന്ദേശങ്ങൾ കൈമാറാനും നാം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോൾ , ധനവിനിയോഗത്തിന് എന്തിന് അതിനെ എതിർക്കുന്നു എന്ന് നാം ഗൗരവപൂർവം ചിന്തിക്കണം. സമ്പൂർണ്ണ സാക്ഷരതക്ക് നാം എതിരായിരുന്നില്ല. പിന്നെന്തിന് ഇ-സാക്ഷരതയെ ഭയക്കണം ?

നമ്മുടെ അജ്ഞത മുതലെടുക്കുന്നത് ഇനിയും അനുവദിച്ചുകൂടാ. വിശേഷിച്ചും നരേന്ദ്ര മോദി പോലൊരു പ്രധാനമന്ത്രി പിൻ ബലമായി നിൽക്കുമ്പോൾ. ഇന്ത്യയിലെ കുഗ്രാമങ്ങൾ ഡിജിറ്റൽ ആകുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഗുജറാത്തിലെ അകോദര. ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ ഗ്രാമം! ഇന്ത്യയിലെ ഏറ്റവും സാക്ഷരരായ കേരളത്തിലെ ജനങ്ങൾ ഡിജിറ്റൽ കറൻസിക്കെതിരെ മനുഷ്യച്ചങ്ങല തീർക്കാൻ തയ്യാറെടുക്കുന്നത് കാണുമ്പോൾ അവർ നമ്മെ പരിഹസിക്കുകയാണ്. അകോദരയിലെ ഗ്രാമീണർ ഇന്ന് മൊബൈലിലൂടെ പത്തു രൂപ മുതലുള്ള സാമ്പത്തിക ഇടപാടുകൾ നടത്തി ഡിജിറ്റൽ ഇടപാടുകൾ എത്ര ലളിതം എന്ന് കാണിച്ചുതരുമ്പോൾ , സമ്പൂർണ്ണ സാക്ഷരത നേടിയ ഒരു സംസ്ഥാനം അതിനെതിരെ മനുഷ്യച്ചങ്ങല തീർക്കുന്നു! ഒരു വർഷം മുൻപ് ഇവിടത്തെ ബാങ്കുകൾ മുൻകൈ എടുത്തു നടപ്പാക്കിയ പദ്ധതിയാണ് , ഈ ഗ്രാമത്തിലെ ജനങ്ങളെ എ ടി എമ്മിന് മുൻപിലും ബാങ്കുകളിലും ക്യു നിൽക്കുന്നവരിൽ നിന്ന് വ്യത്യസ്തരാക്കിയത്.

ഡിജിറ്റൽ മണി , ഇന്റർനെറ്റ് ബാങ്കിങ് എന്നിവ ബാലികേറാ മലയല്ല. സമ്പൂർണ്ണ സാക്ഷരത നേടിയ ഒരു സംസ്ഥാനം അതിനെതിരെ നീങ്ങുമ്പോൾ , അത് നമ്മെ അര നൂറ്റാണ്ട് പുറകിലേക്ക് നീക്കി നിർത്താനുള്ള ഗൂഡാലോചനയാണെന്നു തിരിച്ചറിയണം. രാഷ്ട്രീയ താല്പര്യങ്ങളോടുകൂടിയ കാലഹരണപ്പെട്ട മുദ്രാവാക്യങ്ങളിൽ ഇനിയും നാം വീഴരുത്. കംപ്യൂട്ടറിനെ എതിർക്കുകയും, അതിനെതിരായ സമരങ്ങളിൽ പങ്കാളികളാകുകയും ചെയ്തു എന്ന കാരണത്താൽ വിവര സാങ്കേതിക വികസനത്തിൽ നാം വളരെയേറെ പിന്നിലായി.’ വിരൽത്തുമ്പിൽ വിനിമയം ‘ എന്ന മുദ്രാവാക്യത്തിൽ നിന്നും പുറകോട്ടു പോകരുത്. അതിനായി നമുക്ക് അണിചേരാം. ജാർഖണ്ഡിലെ യുവജനങ്ങളും അഭ്യസ്‌തവിദ്യരും നിരക്ഷരരെ ഡിജിറ്റൽ യുഗത്തിലേക്ക് നയിക്കുമ്പോൾ അത് മാതൃകയായി സ്വീകരിക്കാൻ നാം മടി കാട്ടേണ്ടതില്ല. കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമാകാൻ നമുക്ക് മാത്രമേ കഴിയൂ. സമ്പൂർണ്ണ ഇ-സാക്ഷരത നേടാനുള്ള യത്നത്തിൽ നമുക്കൊപ്പം ഇന്ത്യയുടെ പ്രധാനമന്ത്രി യുണ്ടെന്നത് നാം തിരിച്ചറിയുക.

-രാജൻ പി തൊടിയൂർ

Share: