തോപ്പിലാശ്ശാനെ ഓർക്കുമ്പോൾ…

Share:

ലയാള നാടക പ്രസ്ഥാനത്തിന് വിപ്ലവത്തിൻറെ ചുവപ്പ്‌നിറം ചാർത്തിയത് തോപ്പിൽഭാസി.
ഞങ്ങളുടെ ഗ്രാമത്തിൻറെ അങ്ങേ അറ്റത്തായിരുന്നു വള്ളികുന്നം.
വള്ളികുന്നത്തുനിന്നും സൈക്കിളിൻറെ പിന്നിലിരുന്ന് തോപ്പിലാശാൻ ഞങളുടെ കുടുംബത്തെ ചെറുപ്പക്കാരുടെ നാടകം സംവിധാനം ചെയ്യാനെത്തിയ അവ്യക്‌ത ചിത്രം ഇപ്പോഴും മനസ്സിലുണ്ട്. സുകുമാരൻ അണ്ണൻ അദ്ദേഹത്തെ സൈക്കിളിൽ കൊണ്ടുവരികയും തിരികെ വീട്ടിൽ കൊണ്ടുപോകുകയും\ചെയ്തു.
ടാഗോർ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻറെ ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ‘ എന്ന നാടകം തമ്പി അണ്ണനും സുകുമാരൻ അണ്ണനും സന്താനി അക്കയും രത്‌നമ്മയും ഒക്കെ ചേർന്നഭിനയിക്കുമ്പോൾ , തോപ്പിലാശാൻ മലയാള നാടക പ്രസ്ഥാനത്തിൻറെ തലതൊട്ടപ്പൻ ആയിക്കഴിഞ്ഞിരുന്നു. എങ്കിലും അദ്ദേഹം സി എ രാജൻ എഴുതിയ നാടകം വായിക്കുകയും ചെറുപ്പക്കാരുടെ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
പിന്നീടൊക്കെയും അദ്ദേഹത്തിൻറെ കറുത്ത അംബാസിഡർ കാർ സ്കൂളിനരികിലൂടെ പാഞ്ഞു പോകുന്നതും പിൻ സീറ്റിൽ ചെറിയ മനുഷ്യൻ ഇരിക്കുന്നതും കണ്ടുനിന്നിട്ടുണ്ട്.
‘തുലാഭാരം ‘ സിനിമയിലൂടെയാണ് അദ്ദേഹം മനസ്സിൽ ഉറയ്ക്കുന്നത്.
കാമ്പിശ്ശേരി കരുണാകരനിലൂടെയാണ് അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത്.
‘ദി ഗ്യാപ്പി’ൻറെ തിരക്കഥയുമായി കാമ്പിശ്ശേരിയെ കാണുമ്പോൾ അദ്ദേഹമാണ് തോപ്പിൽ ഭാസിയെ കാണിക്കാൻ പറയുന്നത്.
വള്ളികുന്നത്തെ വീടിൻറെ ഉമ്മറത്തിരുന്ന് ഹ്രസ്വ ചിത്രത്തിൻറെ തിരക്കഥ ഒറ്റയിരുപ്പിൽ അദ്ദേഹം വായിച്ചുതീർത്തു. അഭിനന്ദിച്ചു. കൊല്ലത്തുവെച്ചു നടക്കുന്ന ‘മുച്ചീട്ടുകളിക്കാരൻറെ മകൾ’ സിനിമയുടെ ഷൂട്ടിങ്ങിൽ പങ്കെടുക്കണമെന്ന് പറഞ്ഞു. അങ്ങനെ ഒരു സൗഹൃദം വളർന്നുവന്നു.
അടയാർ ഫിലിം ഇൻസ്റ്റിറ്റിറ്റ്യു ട്ടിൽ അന്ന് അജയൻ പഠിക്കുന്നുണ്ട്. ഫിലിം ഫിലിം ഇൻസ്റ്റിറ്റിറ്റ്യു ട്ടിൽ പഠിക്കണമെന്ന് പറഞ്ഞത് ആശാനാണ്.
പിന്നീട് ‘മലയാളനാട്’ സിനിമ വാരികയുടെ പത്രാധിപരാകാൻ വഴിയൊരുക്കിയതും ആശാൻ.
എസ് കെ നായർ, തോപ്പിൽ രാമചന്ദ്രൻ പിള്ള , മലയാറ്റൂർ, വി ബി സി, എൻ. കൃഷ്ണൻ നായർ തുടങ്ങിയ മഹാരഥൻമാർക്കിടയിലേക്കു അദ്ദേഹം കടന്നുവരുമായിരുന്നു.
ഒരു പൊട്ടിച്ചിരിയോടെ.
നാടകത്തിൻറെയും സിനിമയുടെയും സാഹിത്യത്തിൻറെയും ചുവന്ന നക്ഷത്രം.
തോപ്പിലാശാൻ !

Share: