കാണാതാകുന്ന കുട്ടികളും ‘ബേബി സാം’ എന്ന സിനിമയും

Share:

കേരളത്തിൽ കഴിഞ്ഞ വർഷം കാണാതായത്  1562 കുട്ടികളെയാണ് . അതിൽ 1455 പേരെ പോലീസ് കണ്ടെത്തിയതായി  സംസ്ഥാന സർക്കാരിൻറെ  https://trackthemissingchild.gov.in/ എന്ന വെബ് സൈറ്റിൽ പറയുന്നു. എന്നാൽ 107 കുട്ടികൾ എവിടെ?

2019 ൽ  സംസ്ഥാനത്തു 18 വയസിനു താഴെയുള്ള 1271 ആൺകുട്ടികളേയും 1071 പെൺകുട്ടികളേയും കാണാതായത് സംബന്ധിച്ചു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. കാണാതാകുന്ന കുട്ടികളുടെ എണ്ണം കേരളത്തിൽ വർദ്ധിച്ചുവരികയാണെന്നു മുഖ്യമന്ത്രിയും സമ്മതിക്കുന്നു. 2011 ൽ 952 കുട്ടികളെ കാണാതായപ്പോൾ 2013 -ൽ 1208 കുട്ടികളെയാണ്  കാണാതായത്. 2014 ൽ 1229 ഉം 2015 ൽ 1630 ഉം  കുട്ടികളെയാണ് കാണാതായത്. സ്ത്രീ പീഢനത്തോടൊപ്പം ഭീതിദമായ ഒരാവസ്ഥാവിശേഷം. പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരയാകുന്ന നരാധമന്മാർ അവരെ കൊലചെയ്യുന്നതിനും മടി കാണിക്കുന്നില്ല എന്ന് നാം കണ്ടുകഴിഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടുപോയി തലപ്പണം ചോദിക്കുന്ന ഏർപ്പാടും നമ്മുടെ നാട്ടിൽ കൂടിവരുന്നു.

സ്കൂളിൽ പോകുന്ന കുട്ടികളെ കാണാതാകുന്ന പ്രവണതയും വർദ്ധിച്ചു വരികയാണ്.അരക്കോടിയിലേറെ കുട്ടികൾ 200 ദിവസവും സ്കൂളിൽ പോകുന്നതിൽ നിന്നും നൂറ് കുട്ടികൾ നഷ്ടപ്പെടുന്നതിൽ ഇത്രമാത്രം വ്യാകുലപ്പെടേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഒട്ടും പ്രസക്തിയില്ല.
ഓരോ കുഞ്ഞും മാതാപിതാക്കൾക്ക് പ്രിയപ്പെട്ടതാണ്.

അമ്മമാരുടെ മനസ്സിൽ വേവലാതിയോടെ അഗ്നി സ്ഫുലിംഗങ്ങളുമായാണ് ഓരോ വർഷവും സ്കൂൾ തുറപ്പ്   കടന്നുവരുന്നത്. (വിശേഷിച്ചു പെൺമക്കളുടെ അമ്മമാർ). സ്കൂളുകളിൽ നിന്ന് കാണാതാകുന്ന കുട്ടികൾ കേരളത്തിൻറെ ഒരു സാമൂഹ്യ പ്രശ്നമായി വളരുകയാണ്.

ഇത്തരം ഒരു സാമൂഹിക പ്രശ്നത്തെക്കുറിച്ചനാണ് യുവ സംവിധായകൻ ജീവൻ ബോസ് സംവിധാനം ചെയ്ത ‘ബേബി സാം ‘ എന്ന പുതിയ സിനിമ ചർച്ചചെയ്യുന്നത്. കുട്ടികളുടെ മേലുള്ള രക്ഷിതാക്കളുടെ ശ്രദ്ധയില്ലായ്‌മയാണ് കുട്ടികൾ അപ്രത്യക്ഷമാകുന്നതിന് കാരണമെന്ന് സംവിധായകൻ വ്യക്തമാക്കുമ്പോഴും  ഇത്തരമൊരവസ്ഥയിൽനിന്നുള്ള മോചനം അനിവാര്യമാണെന്നുള്ള സൂചനയും ‘ബേബി സാം’ നൽകുന്നു.

കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവരുടെ മനസ്സിൽ ‘ബേബി സാം’ ഇടമുറപ്പിക്കുന്നത് അതിനാലാണ്.  . കുടുംബ സിനിമ പ്രേക്ഷകരുടെ മനസ്സിൽ ബേബി സാം സാന്ത്വനമാകുന്നു. രക്ഷിതാക്കളുടെ അശ്രദ്ധകൊണ്ടും അല്ലാതെയും കുട്ടികളെ കാണാതാകുന്ന അവസ്ഥ കേരളത്തിലും രൂക്ഷമാകുന്ന  സാഹചര്യത്തിൻറെ ഭീകര മുഖം തുറന്നുകാട്ടുന്ന ചിത്രമായ ‘ബേബി സാം’. സൈന പ്ലേ ഒ ടി ടി യിൽ  ( https://sainaplay.page.link/QLYJJd6Yodm2k5Ss8 ) റിലീസ് ചെയ്ത നിമിഷം മുതൽ വന്പിച്ച സ്വീകരണമാണ് സിനിമക്ക് ലഭിക്കുന്നത്.   മിഥുന്‍ രമേശ്, അഞ്ജലി നായര്‍ എന്നിവര്‍ നായികാ നായകൻമാരാകുന്ന ചിത്രത്തിൽ. ടൈറ്റില്‍ കഥാപാത്രമായി മാസ്റ്റർ ആയുഷ് എത്തു. ന്നു

ടെലിവിഷൻ പ്രൊഡ്യൂസർ, റിതു പി രാജൻ ശ്രദ്ധേയമായ വേഷം ചെയ്ത് അഭിനയ രംഗത്ത് സജീവമാകുന്നു.
                                                                                                        റിതു പി രാജൻ
നസീർ സംക്രാന്തി, സജീവ് കുമാർ,
ഷാജി ഏബ്രഹാം, ബിനു കെ ജോൺ, മായ, രേവതി ഷാരിയേക്കൽ, എന്നിവരും അഭിനയിച്ചിരിക്കുന്നു.

വാതിൽ തുറക്കാനാവാതെ ഫ്ലാറ്റിനുള്ളില്‍ അകപ്പെട്ടുപോകുന്ന മാതാപിതാക്കള്‍ കുഞ്ഞിന് വേണ്ടി  നടത്തുന്ന അന്വേഷണമാണ്  ചിത്രത്തിന്‍റെ ഇതിവൃത്തം . ഓരോ രക്ഷിതാവും കുഞ്ഞുങ്ങൾക്ക് എത്രമാത്രം കരുതൽ നൽകണം എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണീ ചിത്രം.

വിംഗ്‍സ് എന്‍റര്‍ടെയ്‍ന്‍‍മെന്‍റ് ആന്‍ഡ് സിനിമയുടെ ബാനറിൽ സനിൽ കുമാർ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിപിൻ ദാസ്. നിഖിൽ ജിനൻ, മഹാദേവൻ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ലാലു ലാസർ എഴുതിയ വരികൾക്ക് സജീവ് സ്റ്റാൻലി സംഗീതം പകരുന്നു. മധു ബാലകൃഷ്ണൻ, ഗായത്രി മേനോൻ, സംഗീത്  എന്നിവർ പാടുന്നു.

സിനിമക്ക് സാമൂഹിക പ്രതിബദ്ധത ആവശ്യമുണ്ടോ എന്ന ചർച്ച സജീവമായിരിക്കുന്ന ഒരവസ്ഥയിലാണ് വളരെയേറെ സാമൂഹിക പ്രസക്തിയു ള്ള ഒരു വിഷയവുമായി യുവ സംവിധായകൻ ജീവൻ ബോസ് എത്തുന്നത്. സിനിമയുടെ ഭാഷയിലും വിഷയത്തിലും സാമൂഹിക പ്രതിബദ്ധത കാത്തു സൂക്ഷിക്കേണ്ടതില്ല      എ ന്ന് പുതുതലമുറ സംവിധായകർ  തീർത്തു പറയുമ്പോൾ , ജീവൻ ബോസും സുഹൃത്തുക്കളും എല്ലാ രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട , അധികാര സ്ഥാനങ്ങൾ കൂടുതൽ ശ്രദ്ധ വെക്കേണ്ട ഒരു വിഷയവുമായണ് നമുക്ക് മുന്നിൽ എത്തുന്നത്. കേരളത്തെ സംബന്ധിച്ചടത്തോളം രക്ഷിതാക്കളുടെ ശ്രദ്ധ ഏറെയുണ്ടാകേണ്ട ഒരു വിഷയമാണ് കുട്ടികളെ കാണാതാകൽ ( child missing ) .

തിരുവനന്തപുരം ജില്ലയിലാണ് കേരളത്തിൽ ഏറ്റവുമധികം കുട്ടികൾ കാണാതാകുന്നതെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. രണ്ടാം സ്ഥാനം മലപ്പറം. കോഴിക്കോട് മൂന്നാമതും. മിക്ക ജില്ലകളിലും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നു. ഈ കുട്ടികൾ എവിടേക്കാണ് പോകുന്നതെന്നും എന്താണ് സംഭവിക്കുന്നതെന്നും അധികാരികൾക്ക് നിശ്ചയമില്ല. ഈ കുട്ടികളെ എന്തിനായി ഉപയോഗിക്കുന്നു? ഭിക്ഷാടനം? ലൈംഗിക ചൂഷണം? മയക്കുമരുന്ന് കച്ചവടം? അതേക്കുറിച്ചു വ്യക്തമായ മറുപടി നൽകാൻ പോലീസിനും കഴിയുന്നില്ല.സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചു മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനം വ്യാപകമാകുന്നതായി കഴിഞ്ഞ വർഷം തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. കുട്ടികളെ മയക്കുമരുന്നിലേക്കും മദ്യത്തിലേക്കും ആകർഷിക്കുന്ന സംഘങ്ങൾ അവരെ തട്ടിക്കൊണ്ടുപോകാനും മടികാട്ടുന്നില്ല എന്നുവേണം അനുമാനിക്കാൻ.

കുട്ടികളുടെ സംരക്ഷണത്തിനായി ‘ഓപ്പറേഷൻ വാത്സല്യ’, ‘ഓപ്പറേഷൻ സ്‌മൈൽ ‘ എന്നിങ്ങനെ നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കിയിട്ടുണ്ടെങ്കിലും അവയൊന്നും ഉദ്ദേശിച്ച ഫലം ചെയ്യുന്നില്ല. പോലീസിന്റെ സാധാരണ ചുമതലകൾ നിർവഹിക്കാൻ പോലും അംഗബലം തികയാതെവരുമ്പോൾ കുട്ടി കളുടെ സംരക്ഷണത്തിന് കാര്യക്ഷമമായി പ്രവർത്തിക്കാൻ പോലീസിന് കഴിയാതെ വരുന്നു. പോലീസ് ആവിഷ്‌കരിക്കുന്ന പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് സ്കൂളുകൾക്കും കഴിയാതെ വരുന്നു. ഇവിടെയാണ് രക്ഷിതാക്കളുടെ ഉത്തരവാദിത്തം ഏറുന്നത്.

വിദ്യാർഥി പോലീസ് ( SPC ) സ്കൂൾ സുരക്ഷാ സംഘങ്ങൾ (SPG )  എന്നിവ വിദ്യാർഥികളുടെ സഹകരണത്തോടെ വിദ്യാർത്ഥി സംരക്ഷണത്തിനായി ആരംഭിച്ച പദ്ധതികളാണ്. എന്നാൽ ഇവ കാര്യക്ഷമമായി നടക്കുന്നില്ല. സ്വകാര്യ സ്കൂളുകൾ ഇവയുമായി തീരെ സഹകരിക്കുന്നില്ല എന്ന ആക്ഷേപം നേരത്തെ ഉണ്ടായിരുന്നു. കുട്ടികളുടെ സംരക്ഷണത്തിനായി കൂടുതൽ പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് കാര്യക്ഷമമാക്കാനുള്ള ശ്രമത്തിലാണ് പോലീസ് വകുപ്പ് എന്ന് പറയുന്നുണ്ട്. എല്ലാ പ്രധാനപ്പെട്ട സ്കൂളുകളുടെയും മുന്നിൽ രാവിലെയും വൈകുന്നേരവും പോലീസിനെ നിയോഗിക്കാനും കുട്ടികളെയും അവർ ഇടപെടുന്ന ആളുകളെയും നിരീക്ഷിക്കാനും ‘ഷാഡോ’ പോലീസിനെ ചുമതലപ്പെടുത്താനും പോലീസ് വകുപ്പ് ആലോചിക്കുന്നു. എന്നാൽ ഗ്രാമങ്ങളിലെയും ഉൾപ്രദേശങ്ങളിലെയും സ്കൂളുകളിൽ ഇതെത്രത്തോളം പ്രയോഗികമാക്കാനൊക്കും എന്ന കാര്യത്തിൽ വകുപ്പിന് സന്ദേഹമില്ലാതില്ല.സാമൂഹ്യ വിരുദ്ധരുമായുള്ള കുട്ടികളുടെ സഹകരണം തടയുവാനും കുട്ടികളിൽ കൂടുതൽ ഉത്തരവാദിത്വ ബോധം വളർത്തുവാനും രൂപീകരിച്ച ഒ ആർ സി ( Our Responsibility to Children ) പദ്ധതി കൂടുതൽ ശക്തമാക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. കുട്ടികളുടെ സുരക്ഷിതത്വത്തിനായി കൂടുതൽ സെക്യൂരിറ്റികളെ നിയമിക്കുന്നതിനും സ്കൂളിനുള്ളിൽ മറ്റുള്ളവരുടെ പ്രവേശനം നിയന്ത്രിക്കുന്നതിനും സ്വകാര്യ സ്കൂളുകൾ കൂടുതൽ ശ്രദ്ധചെലുത്താൻ പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. പഞ്ചിങ് കാർഡ് , ഫിംഗർ പ്രിൻറ് ടു വേ ഫോൺ എന്നീ സംവിധാനങ്ങൾ വ്യാപകമാക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളും കുട്ടി സമയത്തിന് സ്കൂളിൽ എത്തിയിട്ടില്ലെങ്കിൽ രക്ഷിതാക്കളെ അറിയിക്കുന്നതിനുള്ള ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും പല സ്വകാര്യ സ്കൂളുകളും പദ്ധതിയിടുന്നുണ്ട്.

ബഹുഭൂരിപക്ഷം വരുന്ന സർക്കാർ സ്കൂളുകൾ എന്തൊക്കെ സംവിധാനങ്ങളാണ് നടപ്പാക്കുക എന്നത് വളരെ പ്രധാനമാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ തീർച്ചയായും രക്ഷിതാക്കളും ദത്തശ്രദ്ധരായിരിക്കുക എന്നത് വളരെ പ്രധാനമാണ്. വരും തലമുറയുടെ സംരക്ഷണത്തിനായി സന്നദ്ധ സംഘടനകൾ മുന്നിട്ടിറങ്ങേണ്ടതുണ്ട്. അതിനായി പൊതുജന പോലീസിന്റെ പുതിയൊരു വിഭാഗത്തെ സജ്ജരാക്കുവാൻ സന്നദ്ധസംഘടനകൾ പോലീസ് വകുപ്പിൻറെ സഹകരണത്തോടെ മുന്നിട്ടിറങ്ങേണ്ട സമയമായി. റിട്ടയർ മെൻറ് ജീവിതം നയിക്കുന്ന ആരോഗ്യവും സന്മനോഭാവവുമുള്ള ആളുകളെ ഇതിനായി കണ്ടെത്തണം.  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുറ്റളവിൽ തെരഞ്ഞെടുക്കപ്പെടുന്ന ആളുകളെ രഹസ്യപ്പോലീസ് മാതൃകയിൽ നിയോഗിക്കുന്നതിനെക്കുറിച്ചു സർക്കാരിന് ആലോചിക്കാവുന്നതാണ്. വരുംതലമുറയെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം തുറന്ന മനസ്സോടെ സ്വീകരിക്കുവാൻ സന്മനസുള്ളവർ മുന്നിട്ടിറങ്ങണം. ശരിയായ നിരീക്ഷണത്തിലൂടെ , തെരഞ്ഞെടുക്കപ്പെട്ട ആളുകളെ കുട്ടികളുടെ ഇടയിലും സ്കൂൾ പരിസരങ്ങളിലും നിയോഗിക്കുന്നതിലൂടെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തടയാൻ മാത്രമല്ല , വിദ്യാർത്ഥികൾക്കിടയിൽ നുഴഞ്ഞുകയറി മയക്കുമരുന്നും മദ്യവും വിൽപ്പന നടത്തുന്ന സംഘങ്ങളെ കണ്ടുപിടിക്കാനും നിയന്ത്രിക്കാനും കഴിയും.

വരും തലമുറയുടെ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ  ഓരോ വ്യക്തിയും തയ്യാറാകണം.
ബേബി സാം നൽകുന്ന സന്ദേശവും അതാണ്.

–  ആർ പി 
Share: