5 ജി : തൊഴിലില്ലായ്‌മ ഉണ്ടാക്കുമോ ?

Share:

നാം ഒരു പുതിയ മാറ്റത്തിലേക്കു കുതിക്കുകയാണ്. 5 ജി സ്‌പെക്ട്രം. 4 ജിയുടെ വേഗമറിയും മുമ്പ് തന്നെ 5 ജി സേവനവുമെത്തുന്നു. 4 ജിയുടെ പത്തിരട്ടി വേഗതയുമായി രാജ്യത്ത് അഞ്ചാം തലമുറ (5 ജി) ടെലികോം സേവനങ്ങൾ ലഭ്യമാവുകയാണ്. ഡ്രൈവറില്ലാത്ത വാഹനങ്ങൾ , കാഷ്യർ ഇല്ലാത്ത കടകൾ , സ്മാർട്ട് സേവനങ്ങൾ . ഇവ തൊഴിലില്ലായ്‌മ ഉണ്ടാക്കുമോ എന്ന ഭയം ഒരുവശത്തു വ്യാപകമാകുന്നു. എന്നാൽ ഇത് സൃഷ്ടിക്കുന്ന പുതിയ തൊഴിലവസരങ്ങൾ മറുവശത്തു് …. കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂർ , ‘എൻറെ റേഡിയോ 91.2 ലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിൽ , മുംതാസ് രഹാസുമായി സംസാരിക്കുന്നു.

മുംതാസ് രഹാസ് : എന്താണ് 5 ജി സ്‌പെക്ട്രം ?

രാജൻ പി തൊടിയൂർ: സെല്ലുലാർ ടെക്നോളജി വികസനത്തിൻറെ അഞ്ചാം തലമുറ. 2018 ൽ ദക്ഷിണ കൊറിയയിൽ ആരംഭിച്ചു ചൈനയിലും ജപ്പാനിലും വ്യാപകമാവുന്ന അതിവേഗ ഇന്റർനെറ്റ് തന്നെയാണ് 5 ജിയുടെയും കരുത്ത്. 4 ജിയെക്കാൾ വേഗത്തിലുള്ള ഇന്റർനെറ്റ് ലഭ്യത 5 ജിക്ക്‌ ഉറപ്പു നൽകാനാകും. സെക്കൻഡിൽ ഒരു ഗിഗാബൈറ്റിന് മുകളിലായിരിക്കും വേഗം.

രാജ്യത്ത് 4 ജി സേവനം വളരെ വേഗത്തിൽ പടർന്നുപിടിച്ചതുപോലെ 5 ജിയും വിപണി പിടിക്കുമെന്നാണ് കരുതുന്നത്. 2012-ൽ കൊൽക്കത്തയിലാണ് രാജ്യത്ത് ആദ്യമായി 4 ജി സേവനമെത്തുന്നത്. ഫോര്‍ജിയില്‍ സെക്കന്‍ഡില്‍ 100 മെഗാബൈറ്റ് മുതല്‍ ഒരു ജി.ബി വരെയാണ് വേഗം. 5ജിയില്‍ എത്തുമ്പോള്‍ സെക്കന്‍ഡില്‍ ഒരു ജിഗാബൈറ്റ് മുതല്‍ 10 ജിഗാബൈറ്റ് വരെയാകും. സ്വയം ഓടുന്ന കാറുകള്‍ ഏറെ പ്രചാരത്തിലാവും. യന്ത്രങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിനും അരങ്ങൊരുങ്ങും. ഇതിന് പുറമെ, ഒന്നിലേറെ ഡിവൈസുകൾ (സ്മാർട്ട് ഫോൺ, സ്മാർട്ട് വാച്ച്, ലാപ്‌ടോപ്പ് തുടങ്ങിയവ) കണക്ട് ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത. വേഗം കുറയ്ക്കാതെ തന്നെ ഇത് സാധ്യമാക്കാനാകും.4ജിയില്‍ ഉയര്‍ന്ന ഫ്രീക്വന്‍സിയാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ 5ജിയില്‍ അത് ഉയര്‍ന്ന സ്പെക്ട്രം ബാന്‍ഡാണ്. സ്മാര്‍ട്ട് ഉപകരണങ്ങളുടെ തടസ്സമില്ലാത്ത പ്രവര്‍ത്തനത്തിനായി നിലവിലുള്ളതിനെക്കാള്‍ കുറഞ്ഞ പുതിയ ബാന്‍ഡാണ് ഉപയോഗിക്കുന്നത്. 5ജിയില്‍ വയര്‍ലസ് വൈദ്യുതിവരെ പ്രാപ്തമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

മുംതാസ് രഹാസ് : അത് തൊഴിലില്ലായ്‌മ വർദ്ധിപ്പിക്കും എന്ന അഭിപ്രായമുണ്ടല്ലോ ?

രാജൻ പി തൊടിയൂർ: നമ്മൾ എന്നും ഭയപ്പെടുന്ന ഒരു കാര്യമാണിത്. കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന് എതിരെ സമരം ചെയ്ത നാടാണ് നമ്മുടേത്. കമ്പ്യൂട്ടറിന്റെ കടന്നുവരവ് വലിയ രീതിയിലുള്ള തൊഴിലില്ലായ്‌മ ഉണ്ടാക്കുമെന്ന ആശങ്ക ജനങ്ങൾക്കിടയിൽ വളർത്തിയെടുക്കാൻ ചില രാഷ്ട്രീയ കക്ഷികൾ ശ്രമിച്ചതിൻറെ ഫലമായിരുന്നു കംപ്യൂട്ടറിന് എതിരെയുള്ള സമരവും തൊഴിലാളി സമരങ്ങളും . കമ്പ്യൂട്ടര്‍ തല്ലിപ്പൊളിച്ച് സംസ്ഥാനത്തെ ഐടി കുതിപ്പിനെ തകര്‍ത്തവര്‍ ഇവിടെയുണ്ട്. ഡ്രൈവർ ഇല്ലാതെ ഓടുന്ന വാഹനം 5 ജി വരുമ്പോൾ കൂടുതൽ വ്യാപകമാക്കും എന്ന് പറയുമ്പോൾ തൊഴിലില്ലായ്‌മ ഉണ്ടാകും എന്ന് കരുതി നമ്മൾ പുരോഗതിക്കെതിരെ നിൽക്കരുത്. അത് മറ്റ് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഐടി രംഗത്ത് നമ്മുടെ അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകയും തമിഴ്‌നാടും വലിയ മുന്നേറ്റമുണ്ടാക്കിയപ്പോള്‍ അതിന് അനുസൃതമായി കേരളത്തില്‍ ഐടി വികസനം ഉണ്ടാകാതിരുന്നത്.

മുംതാസ് രഹാസ് : ഐ ടി രംഗത്തെ കേരളത്തിൻറെ വളർച്ച മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറവാണോ? സമരങ്ങളാണോ അതിനു കാരണം?

രാജൻ പി തൊടിയൂർ: ഒരു പരിധിവരെ. കമ്പിത്തപാൽ വകുപ്പ് 1987 ൽ ഓട്ടോമേഷൻ ആരംഭിച്ചപ്പോഴും തൊണ്ണൂറുകളിൽ ബാങ്കിങ് മേഖലയിൽ കംപ്യൂട്ടർവൽക്കരണത്തിന് തുടക്കം കുറിച്ചപ്പോഴും ഇവിടെ കമ്പ്യൂട്ടറിനെതിരെ സമരങ്ങൾ നടന്നു. അതുകൊണ്ടുതന്നെ വൻകിട ഐ ടി കമ്പനികൾ ഇവിടെ വരാൻ മടികാട്ടി . ലോകത്തിലെ ഒരു വി സി കമ്പനിക്കും ഇവിടെ പ്രവർത്തനമില്ല. എന്നാൽ കേരളത്തെ , ഇന്ത്യയിലെ കാലിഫോര്‍ണിയ ആക്കി മാറ്റാൻ കഴിയും എന്ന് നാം മനസ്സിലാക്കണം.കാലിഫോർണിയയിൽ തുടക്കമിട്ടത് പോലെ ഒരു ‘ഇന്നൊവേഷന്‍ കമ്മീഷന്‍’ നമുക്ക് ആരംഭിക്കാവുതേയുള്ളു.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികൾ വരുന്നത് പോലെ ലോകത്ത് പലയിടത്തു നിന്നും മിടുക്കന്മാരും മിടുക്കികളും ഇവിടെയെത്തണം. അവർക്കു പഠിക്കാനും സ്റ്റാർട്പ്പുകൾ തുടങ്ങാനും നാം അവസരം ഉണ്ടാക്കിക്കൊടുക്കണം.അത് നമ്മുടെ സമ്പദ്വ്യവസ്ഥയെയും സാമൂഹിക ജീവിതത്തേയും മാറ്റിമറിക്കുമെന്നതിൽ സംശയമില്ല. ആയിരക്കണക്കിന് കോടി രൂപയുടെ പുതിയ ബിസിനസ്സ് ഇവിടെ എത്തും., പുതിയ ഭവന സമുച്ചയങ്ങള്‍ ഉണ്ടാകും. സിലിക്കണ്‍ വാലി ഒരു യാഥാര്‍ഥ്യമായത് സമരരംഗത്ത് നിന്നും സ്റ്റാര്‍ട്ട് അപ്പുകളിലേക്ക് കാലിഫോര്‍ണിയ നീങ്ങിയപ്പോഴാണ്. നമ്മളിപ്പോഴും സമര രംഗത്ത് തന്നെയാണ്.

മുംതാസ് രഹാസ് : എന്ത് പുതിയ അവസരങ്ങളാണ് 5 ജി ഒരുക്കുന്നത്?

രാജൻ പി തൊടിയൂർ: മുപ്പത് ലക്ഷം പുതിയ അവസരങ്ങൾ ലോകമെമ്പാടുമായി ഉണ്ടാകുമെന്നാണ് അനലിറ്റിക്കൽ ഏജൻസികളുടെ പ്രവചനം. രണ്ടായിരം കോടി ഉപകരണങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ 5 ജി വഴിയൊരുക്കും.ഇതിൻറെ നടത്തിപ്പിന് ടെലികോം എൻ ജിനീർമാർ, സ്പെഷ്യലിസ്റ്റുകൾ, എഡ്ജ് കമ്പ്യൂട്ടിങ്, നെറ്റ്‌വർക്ക് സ്‌ലൈസിങ് തുടങ്ങിയ മേഖലകളിലെ സാങ്കേതിക വിദഗ്ദ്ധർ എന്നിവരെ ധാരാളമായി വേണ്ടിവരും. ഇപ്പോൾ വളരെ കുറച്ചുപേർ മാത്രമുള്ള രംഗമായതിനാൽ സാങ്കേതിക വിദഗ്ധർക്ക് മികച്ച ശമ്പളവും ലഭിക്കും. സൈബർ സെക്യൂരിറ്റി , ക്‌ളൗഡ്‌ കമ്പ്യൂട്ടിങ് , വെർച്വൽ റിയാലിറ്റി തുടങ്ങിയ മേഖലകളിലും ലോകമെമ്പാടും അവസരങ്ങൾ ഉണ്ടാകും. ഓട്ടോമേഷൻ സ്പെഷ്യലിസ്റ്റുകൾ, ജാവ, ഡോട്ട് നെറ്റ്, സി പ്ലസ് ഡെവലപ്പേഴ്‌സ് തുടങ്ങിയവർക്കും അവസരങ്ങൾ വർദ്ധിക്കും. 5 ജി യുമായി ബന്ധപ്പെട്ട പഠനങ്ങൾക്കായി കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണ്ടിവരും. അവിടെയും തൊഴിൽ സാദ്ധ്യത വർദ്ധിക്കുകയാണ്.

മുംതാസ് രഹാസ് : 5 ജി യുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ ഇപ്പോൾ എവിടൊക്കെയാണ് സൗകര്യങ്ങൾ ഉള്ളത്?

രാജൻ പി തൊടിയൂർ: സിസ്കോ പോലുള്ള കമ്പനികളുടെ സെർറ്റിഫിക്കേഷന് മൂല്യം വർധിപ്പിക്കും. പല വിദേശ സർവ്വകലാ ശാലകളും 5 ജി യുമായി ബന്ധപ്പെട്ട ഓൺലൈൻ കോഴ്‌സുകൾ നടത്തുന്നുണ്ട്. 5 ജി കോഴ്സസ് ഡോട്ട് കോം എന്ന വെബ് സൈറ്റിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കും. പുതിയ വിദ്യാഭ്യാസ സംബ്രദായങ്ങളിലേക്ക് കേരളത്തിന് എളുപ്പത്തിൽ വരാൻ കഴിയും.കേരളം ഇന്ത്യയിലെ മറ്റുള്ള സ്ഥലങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണെന്ന് നമുക്കറിയാം. ഈ വ്യത്യസ്തതയെ വേണ്ടത്ര മാര്‍ക്കറ്റ് ചെയ്യാന്‍ ഇതുവരെ കേരളത്തിന് കഴിഞ്ഞിട്ടില്ല. എങ്ങനെയാണ് രാഷ്ട്രീയ സ്ഥിരതയും ചിലവ് കുറഞ്ഞതും സാര്‍വ്വലൗകികവുമായ ആരോആരോഗ്യ വിദ്യാഭ്യാസ പൊതുഗതാഗത സംവിധാനങ്ങളും ഉള്ള സംസ്ഥാനത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും മൂലധനം ആകര്‍ഷിക്കാന്‍ ഉപയോഗിക്കേണ്ടത് എന്ന് നാം ഇനിയും പഠിക്കേണ്ടതുണ്ട്. എങ്ങനെയാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മിടുക്കന്മാരും മിടുക്കികളും പഠിച്ചു കഴിഞ്ഞാല്‍ ജോലിക്കായും സ്റ്റാര്‍ട്ട് അപ്പിനായും കേരളത്തില്‍ എത്തുന്ന സാഹചര്യം ഉണ്ടാക്കുന്നത് എന്നും നാം മനസ്സിലാക്കണം.

മുംതാസ് രഹാസ് : പരമ്പരാഗത വ്യവസായങ്ങളും തൊഴിലവസരങ്ങളും കേരളത്തിൽ ഇല്ലാതാവുകയാണ്. കയർ, കശുവണ്ടി, മൽസ്യ ബന്ധനം , കൈത്തൊഴിലുകൾ . ഇത്തരമൊരവസ്ഥയിൽ പുതിയ മേഖലകൾ നാം കണ്ടെത്തണം ?

രാജൻ പി തൊടിയൂർ: ഐ ടി യും ടൂറിസവുമാണ് കേരളത്തിന് സാധ്യതയുള്ള മേഖലകൾ. അമേരിക്കയില്‍ കാലിഫോര്‍ണിയ പോലെ, ഇന്ത്യയില്‍ സാമൂഹികമായി മാത്രമല്ല സാമ്പത്തികമായും ഏറ്റവും പുരോഗമന ചിന്താഗതിയുള്ള സംസ്ഥാനമാണ് കേരളം. സിലിക്കൺ വാലി ഇന്ന് ലോകത്തിൻറെ ഐ ടി ഹബ് ആണ്. ഒരു ഭരണാധികാരിയുടെ ഇശ്ചാ ശക്തിയാണ് സിലിക്കൺ വാലി ഉണ്ടാക്കിയെടുത്തത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായ പദ്ധതികള്‍ നേടിയെടുക്കാന്‍ ഒരുമിച്ച് കേന്ദ്രവും ആയി ചര്‍ച്ച ചെയ്യണം. കേരളം വ്യത്യസ്തമാണ് എന്നൊരു തോന്നല്‍ ഇന്ത്യക്ക് അകത്തും പുറത്തും ഉണ്ടാക്കാന്‍ നമുക്ക് കഴിയണം. പിന്നെ കാര്യങ്ങള്‍ എളുപ്പമായി. പ്രധാന മന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ പദ്ധതി, സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി, സ്റ്റാർട്ട് അപ്പ് ഇന്ത്യ പദ്ധതി എന്നിവയൊക്കെ വളരെ വിജയകരമായി നടപ്പാക്കാൻ കഴിയുന്ന സംസ്ഥാനമാണ് നമുരുടേത്. സംസ്ഥാന സർക്കാർ അതുമായി സഹകരിക്കണം. പരിചയ സമ്പന്നരായ പ്രവാസികളുടെ സേവനം അതിനായി വിനിയോഗിക്കണം. അഴിമതി മുതല്‍ സദാചാര പോലീസിങ്് വരെ നമുക്ക് ചീത്തപ്പേരുണ്ടാക്കുന്ന കാര്യങ്ങളില്‍ സർക്കാർ ശക്തമായി ഇടപെടണം. കേരളം ഒരു ചെറിയ സംസ്ഥാനമാണെന്ന ചിന്ത ആദ്യമേ വിടണം. ലോകത്തിലെ 150 രാജ്യങ്ങളിലെ ജനസംഖ്യ കേരളത്തിലേതിലും കുറവാണ്. അപ്പോള്‍ പുതിയ നയങ്ങള്‍ രൂപീകരിച്ച് പോളിസി പരീക്ഷണങ്ങള്‍ നടത്തി അതിന്റെ ഗുണം കാണിച്ചു കൊടുക്കാനുള്ള ശേഷി കേരളത്തിനുണ്ട്. കേന്ദ്രവുമായി സഹകരിച്ചു അത് നടപ്പാക്കണം. ഐ ടി വികസനത്തിലൂടെ കേരളത്തിന് ഉയർന്നുവരാൻ കഴിയും. വിദേശ നിക്ഷേപകരെ ഇവിടേക്ക് ആകർഷിക്കാൻ കഴിയണം. പുരോഗതിക്കൊപ്പം നാം നിൽക്കണം. അല്ലെങ്കിൽ കാലം നമ്മെ പുറംതള്ളും.

Share: