തൊഴിൽ മേഖലയിൽ പ്രതിസന്ധി ?

Share:

നമ്മുടെ തൊഴിൽ മേഖലയിൽ വളരെ വലിയ ഒരു പ്രതിസന്ധി സംജാതമാവുകയാണെന്നാണ് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ കൺസ്യൂമർ കോൺഫിഡൻസ് സർവ്വേയിൽ വ്യക്തമായത് . ഇത് ഏതെങ്കിലും രീതിയിൽ കേരളത്തിലെ തൊഴിൽ മേഖലയെ ബാധിക്കുമോ? കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂർ , ‘എൻറെ റേഡിയോ 91.2 ലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിൽ , മുംതാസ് രഹാസുമായി സംസാരിക്കുന്നു.

രാജൻ പി തൊടിയൂർ: റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ കൺസ്യൂമർ കോൺഫിഡൻസ് സർവ്വേയിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും ( 52 .5 % ) തൊഴിൽ മേഖലയിൽ വളരെ വലിയ പ്രതിസന്ധി ഉണ്ടാകാൻ പോകുന്നു എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. കേരളത്തിൻറെ കാര്യമെടുക്കുകയാണെങ്കിൽ നമുക്കറിയാം, ഏറ്റവും വലിയ നിയമന സ്ഥാപനം മെല്ലെപ്പോക്കിലാണ്. പല മേഖലയിലും പരീക്ഷ കഴിഞ്ഞു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും നിയമനങ്ങൾ നടക്കുന്നില്ല. 2016 ൽ നിലവിൽ വന്ന കോൺസ്റ്റബിൾ പട്ടികയിൽ നിന്നും നിയമനം നടത്തണമെന്ന കോടതി ഉത്തരവുണ്ടായിട്ടും കോടതി ഉത്തരവ് മറികടന്നു നിയമനം നടത്താതിരിക്കുന്നതിനാണ് പോലീസ് വകുപ്പ് ശ്രമിക്കുന്നതെന്ന് റാങ്ക് പട്ടികയിലുള്ളവർ ആരോപിക്കുന്നു. 2749 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും നിയമനം നടന്നിട്ടില്ല. സംസ്ഥാനത്തിന് സാമ്പത്തിക ബാദ്ധ്യത വർദ്ധിക്കും എന്ന കാരണം പറഞ്ഞാണ് നിയമനം നടത്തുന്നതിനെതിരെ പോലീസ് വകുപ്പ് ശ്രമിക്കുന്നത്.
ഹോമിയോ നേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ഒന്നര വർഷം കഴിയുമ്പോഴും 68 നിയമനം മാത്രമാണ് നടന്നിട്ടുള്ളത്. ഒഴിവുകൾ പി എസ് സി ക്കു റിപ്പോർട്ട് ചെയ്യാൻ അധികൃതർ ശ്രദ്ധിയ്ക്കാത്തതു കൊണ്ടാണ് നിയമനം നടക്കാത്തത്. 2015 ലെ വിജ്ഞാപനം അനുസരിച്ചുള്ള ലിസ്റ്റാണ് ഇപ്പോൾ നിലവിലുള്ളത്. കെ എസ് ആർ ടി സി യിൽ ഡ്രൈവർമാരില്ല . പി എസ് സി റാങ്ക് ലിസ്റ്റ് ഇല്ലാതായിട്ട് മൂന്ന് വർഷമാകുന്നു. 2500 റോളം താൽക്കാലിക ഡ്രൈവർമാരെ നിയമിച്ച കെ എസ് ആർ ടി സി 2014 ലെ പി എസ് സി വിജ്ഞാപനം അനുസരിച്ചുള്ള ലിസ്റ്റിൽ നിന്നും ആരെയും നിയമിച്ചിട്ടില്ല.

മുംതാസ് രഹാസ് : മത്സര പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികളോട് നീതി പുലർത്താൻ പി എസ് സിക്കും സർക്കാരിനും കഴിയുന്നില്ല എന്നാണോ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് ?

രാജൻ പി തൊടിയൂർ: തീർച്ചയായും. പലപ്പോഴും പരീക്ഷ നടത്തി ലിസ്റ്റ് തയ്യാറാക്കിയാലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതുകൊണ്ടു നിയമനം നടക്കുന്നില്ല. ഉദാഹരണത്തിന് സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് വകുപ്പ്. അവിടെ സർവേയർ, ട്രേസർ , ഡ്രാഫ്ട്സ്മാൻ എന്നീ ഒഴിവുകളിലേക്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും അതിൽ നിന്ന് നിയമനം നടത്താതെ താൽക്കാലിക നിയമനം നടത്തുകയാണെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. സർവ്വേ ജോലികൾ പുറത്തുനിന്നുള്ളവരെ ഏൽപ്പിക്കുന്നു. പതിനെട്ട് ലക്ഷത്തോളം പേർ അപേക്ഷിച്ച കഴിഞ്ഞ എൽ ഡി ക്ളർക് ലിസ്റ്റിൽ നിന്നും ഇതുവരെ നിയമന ശുപാർശ ലഭിച്ചത് 3554 പേർക്ക് മാത്രമാണ്. ഇനി ഒന്നര വർഷം കൂടി കാലാവധിയുണ്ടെങ്കിലും നിയമനം വളരെ കുറവായിരിക്കും എന്നാണ് കരുതുന്നത്. 36783 പേരാണ് ലിസ്റ്റിൽ ഉള്ളത്. മുഖ്യ പട്ടികയിൽ 15333 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 21450 പേരും. അടുത്ത പരീക്ഷക്കുള്ള വിജ്ഞാപനം ഉടൻ തന്നെ ഉണ്ടാകും. പരീക്ഷ 2021 ഏപ്രിൽ മാസത്തിലുണ്ടാകും. അടുത്ത പരീക്ഷ എഴുതുവാൻ ഇരുപതു ലക്ഷത്തോളം കുട്ടികൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇത്രയധികം കുട്ടികൾ പരീക്ഷ എഴുതുമ്പോൾ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാനും നിയമിക്കാനും സർക്കാരും വകുപ്പുകളും പി എസ് സി യും ശ്രദ്ധിക്കേണ്ടതാണ്.

മുംതാസ് രഹാസ് : പി എസ് സി പരീക്ഷ എഴുതുന്നതിനു കർക്കശമായ നടപടികൾ ഉണ്ടാകുമെന്നു കേൾക്കുന്നു. ഒന്ന് വിശദീകരിക്കാമോ?

രാജൻ പി തൊടിയൂർ: തട്ടിപ്പുകൾ വ്യാപകമായതോടെ  പരീക്ഷാ നടത്തിപ്പ് കൂടുതൽ കർക്കശമാക്കുവാൻ പി എസ് സി തീരുമാനിച്ചിരിക്കുകയാണ്. പരീക്ഷ എഴുതുന്നവരുടെ തിരിച്ചറിയലിനു ബയോ മെട്രിക് സംവിധാനം ഉപയോഗിക്കുക എന്നതാണ് അതിൽ പ്രധാനം. ആധാറുമായി ബന്ധപ്പിച്ചായിരിക്കും ബയോ മെട്രിക് വിവരങ്ങൾ ലഭ്യമാക്കുന്നത്.  ഒറ്റത്തവണ പ്രൊഫൈൽ ആധാറുമായി ബന്ധിപ്പിക്കും. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ ആധാറുമായി ബന്ധപ്പെടുത്തണം. ഭാവിയിൽ ആധാർ ഉണ്ടെങ്കിൽ മാത്രമേ ഒറ്റത്തവണ പ്രൊഫൈലിൽ രജിസ്റ്റർ ചെയ്യാൻ കഴിയൂ. പരീക്ഷ , അഭിമുഖം, നിയമന ശുപാർശ , സർവീസ് വെരിഫിക്കേഷൻ തുടങ്ങിയ എല്ലാ സമയത്തും വ്യക്തിഗത വിവരങ്ങൾ ബയോ മെട്രിക് സംവിധാനത്തിലൂടെ ഉറപ്പാക്കും. പരീക്ഷാഹാളിൽ ഉദ്യോഗാർഥിയുടെ ഒപ്പ് ഇൻവിജിലേറ്റർ പരിശോധിക്കും. പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്ത ഒപ്പിൻറെ മാതൃക ഇൻവിജിലേറ്റർ ഒത്തുനോക്കും. വ്യാജ വിവരങ്ങൾ നല്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.

മുംതാസ് രഹാസ് : പുതിയ പരിഷ്‌കാരങ്ങൾ ഉടൻ നടപ്പാക്കുമെന്ന് കരുതാൻ പറ്റുമോ?

രാജൻ പി തൊടിയൂർ: പരിഷ്കാരങ്ങൾ നടപ്പാക്കാൻ സ്വാഭാവികമായും കാലതാമസം ഉണ്ടാകും. എന്നാൽ അത് കഴിയുന്നത്ര വേഗത്തിലാക്കാൻ പി എസ് സി ശ്രദ്ധിക്കുമെന്ന് കരുതാം. ബയോ മെട്രിക് യന്ത്രം പരീക്ഷാഹാളിൽ സ്ഥാപിക്കുന്നതിന് സമയം എടുക്കും. അതിന് കെൽട്രോണിന്റെ സഹകരണം തേടിയിട്ടുണ്ടെന്നാണറിയുന്നത്. എന്നാൽ പരിഷ്‌കാരങ്ങൾ എന്നുമുതൽ നടപ്പാക്കുമെന്ന് പി എസ് സി വ്യക്തമാക്കിയിട്ടില്ല.

മുംതാസ് രഹാസ് : പുതിയ സാങ്കേതിക സൗകര്യങ്ങൾ , വിശേഷിച്ചു ഓൺലൈൻ  സാദ്ധ്യതകൾ,  ഉപയോഗിച്ച് പരീക്ഷ , കൂടുതൽ കുറ്റമറ്റതാക്കാൻ കഴിയുകയില്ലേ ?

രാജൻ പി തൊടിയൂർ: തീർച്ചയായും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഡീപ് ലേർണിംഗ് , തുടങ്ങിയ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോകമെമ്പാടും ഓൺലൈൻ പരീക്ഷ നടത്തുന്ന സാഹചര്യത്തിലാണ്  പി എസ് സി പഴയ രീതികളിൽ നിന്ന് മാറാൻ സമയമെടുക്കുന്നത്. 20  ലക്ഷം വരെപ്പേർ ഒരു പരീക്ഷക്ക് അപേക്ഷിക്കുന്ന സാഹചര്യത്തിലാണ്  ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജമാക്കാൻ  പി എസ് സി ശ്രമിക്കേണ്ടത്.  ഓൺലൈൻ പരീക്ഷ നടത്തുന്നതിലൂടെ ചോദ്യപേപ്പറിലെ അപാകതകളും മാർക്കിടുന്നതിലെ കാലതാമസവും കുറയ്ക്കാൻ കഴിയും.

പതിനെട്ട് ലക്ഷം പേര് അപേക്ഷിച്ച എൽ ഡി ക്ളർക് പരീക്ഷ ഓൺലൈൻ ആക്കണമെന്ന് ഹൈക്കോടതിയോടാവശ്യപ്പെട്ട ‘കരിയർ മാഗസിൻ’റെ ഹർജിക്ക് , ഓൺലൈൻ പരീക്ഷ “അസാദ്ധ്യം”  ( https://careermagazine.in/onlinee/ )   എന്ന് പറഞ്ഞാണ്  പി എസ് സി  പ്രതികരിച്ചത് . എന്നാൽ ഇന്നിപ്പോൾ കൂടുതൽ പ്രശ്നങ്ങളാണ്  പി എസ് സി നേരിടുന്നത്. എൻജിനീയറിങ് കോളേജുകളുടെയും കോർപറേറ്റുകളുടെയും  സൗകര്യങ്ങൾകൂടി ഉപയോഗിച്ച് പി.എസ്.സി. ഓൺലൈൻ  പരീക്ഷ നടത്താൻ ശ്രമിക്കണം. ഉദ്യോഗാർഥികളിലെ വിശ്വാസം വളർത്തിയെടുക്കാൻ പി എസ് സി കൂടുതൽ ശ്രദ്ധിക്കണം.

  www.careermagazine.in 

Share: