തൊഴിൽ തട്ടിപ്പ് : ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കണം

Share:
തൊഴിലില്ലായ്മയോടൊപ്പം വർദ്ധിച്ചുവരുന്ന ഒരു പ്രതിഭാസമാണ് തൊഴിൽത്തട്ടിപ്പുകൾ.  
കുറേക്കാലം മുൻപുവരെ വ്യാജ പത്ര പരസ്യങ്ങളും ഏജൻസികളും ഫോൺവിളികളും വഴിയായിരുന്നു തട്ടിപ്പെങ്കിൽ ഇപ്പോൾ സൈബർ ലോകത്തിന്റെ അനന്ത സാദ്ധ്യതകൾ ഉപയോഗിച്ചാണ് തട്ടിപ്പുകൾ. എൻറെ റേഡിയോ 91.2 ലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിൽ കരിയർ മാഗസിൻ ചീഫ് എഡിറ്റർ, രാജൻ പി തൊടിയൂർ , മുംതാസ് രഹാസുമായി സംസാരിക്കുന്നു.
മുംതാസ് രഹാസ് : തൊഴിൽ തട്ടിപ്പുകളുടെ വ്യാപ്തി വർദ്ധിച്ചുവരുന്നു. മലയാളികളുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ.
എന്താണിതിന് കാരണം?
രാജൻ പി തൊടിയൂർ:  തൊഴിലില്ലായ്മയോടൊപ്പം വർദ്ധിച്ചുവരുന്ന ഒരു പ്രതിഭാസമാണ് തൊഴിൽത്തട്ടിപ്പുകൾ.  കുറേക്കാലം മുൻപുവരെ വ്യാജ പത്ര പരസ്യങ്ങളും ഏജൻസികളും ഫോൺവിളികളും വഴിയായിരുന്നു തട്ടിപ്പെങ്കിൽ ഇപ്പോൾ സൈബർ ലോകത്തിന്റെ അനന്ത സാദ്ധ്യതകൾ ഉപയോഗിച്ചാണ് തട്ടിപ്പുകൾ. തട്ടിപ്പിന്റെ രീതികൾ പലതാണ്. ഇവയെക്കുറിച്ചു വ്യക്തമായ ധാരണയും ജാഗ്രതയുമുണ്ടെങ്കിൽ കെണിയിൽപ്പെടാതെ രക്ഷപ്പെടാം. ഓൺലൈൻ തട്ടിപ്പ് നടത്തുന്നതിന് അന്താരാഷ്ട്ര തലത്തിൽ ഗൂഢ സംഘം പ്രവർത്തിക്കുന്നുവെന്ന് വാർത്ത ഈയിടെ ഉണ്ടായിരുന്നു.  ഇതു സംബന്ധിച്ച് പരാതി ലഭിച്ച സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പലതരത്തിലുള്ള തട്ടിപ്പുകളാണ് ഉദ്യോഗാർഥികൾ നേരിടുന്നത്. സർക്കാർജോലി വാഗ്ദാനം ചെയ്ത് , വിദേശ ജോലി തരപ്പെടുത്താം എന്ന് പറഞ്ഞു , ഇപ്പോൾ ബാംഗ്ലൂർ പോലുള്ള സ്ഥലങ്ങളിൽ ഐ ടി സ്ഥാപനങ്ങളിൽ ജോലി ഉറപ്പു വരുത്തിക്കൊണ്ട്‌ , തൊഴിൽ തട്ടിപ്പിന്റെ വ്യാപ്തി വർദ്ധിക്കുകയാണ് .
ദേവസ്വം ബോർഡുകളിൽ തൊഴിൽ തട്ടിപ്പ് സ്ഥിരീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ വർഷം ഫേസ് ബുക്കിലൂടെ മുന്നറിയിപ്പ് നൽകിയതാണ്. കോഴ നൽകിയാൽ നിയമനം വാഗ്ദാനം ചെയ്ത് നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് മന്ത്രിയുടെ സ്ഥിരീകരണം. ദേവസ്വം ബോർഡുമായി ബന്ധമുള്ളവർക്ക് ഇതിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും മന്ത്രി ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
തൊഴിൽ തട്ടിപ്പ് സംഘങ്ങളുടെ വലയിൽ കുടുങ്ങരുതെന്ന മുന്നറിയിപ്പോടെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. കോഴ നൽകിയാൽ നിയമനം വാഗ്ദാനം ചെയ്ത് നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നതായി മന്ത്രി സ്ഥിരീകരിച്ചു . തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ക്ലർക്ക്, സബ് ഗ്രൂപ്പ് ഓഫീസർ തസ്തികകളിലേക്കുള്ള നിയമനം നടക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു മുന്നറിയിപ്പ്. ചോദ്യപ്പേപ്പർ മുൻകൂർ നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗാര്‍ഥികളിൽ നിന്ന് പണം കൈപ്പറ്റുന്നുവെന്ന വിവരത്തെ തുടർന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ വിജിലൻസിന് പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
മുംതാസ് രഹാസ് : എന്തുകൊണ്ടാണ് ഇത്രയേറെ തൊഴിൽ തട്ടിപ്പുകൾ നമ്മുടെ നാട്ടിലുണ്ടാകുന്നത് ?
രാജൻ പി തൊടിയൂർ:  തൊഴിലില്ലായ്‌മ വർദ്ധിക്കുന്നത് തന്നെ പ്രധാന കാരണം. എല്ലാ രാഷ്ട്രീയ പാർട്ടികളും അധികാരത്തിലെത്തുന്നതിനായി തൊഴിലവസങ്ങൾ സൃഷ്ടിക്കുമെന്ന മോഹന -സുന്ദര വാഗ്ദാനങ്ങൾ നൽകും. ഇപ്പോൾത്തന്നെ അധികാരത്തിലെത്തിയാൽ, 34 ലക്ക്ഷംചെറുപ്പക്കാർക്ക് തൊഴിൽ നൽകുമെന്നാണ് കോൺഗ്രസ് പാർട്ടി പറയുന്നത്. സംസ്ഥാനം ഭരിക്കുന്ന പാർട്ടി അധികാരത്തിലെത്തിയപ്പോൾ ഇതുപോലെയുള്ള വാഗ്ദാനങ്ങൾ ഉണ്ടായിരുന്നു. കേന്ദ്രം ഇപ്പോൾ ഭരിക്കുന്ന പാർട്ടിയും ഒരുപാട് വാഗ്ദാനങ്ങളോടെയാണ് അധികാരത്തിലെത്തിയത്. എന്നാൽ അധികാരം കയ്യിൽ കിട്ടിക്കഴിഞ്ഞാൽ അത് മറന്നു പോകുകയാണ് പതിവ്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ഭരണത്തിലിരിക്കുന്നവർ കാട്ടുന്നില്ല. പരമ്പരാഗത തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കുന്നില്ല. ഉദാഹരണത്തിന് സെക്രട്ടേറിയറ്റ് അസി. പരീക്ഷ. ലക്ഷക്കണക്കിന് യുവതീ യുവാക്കൾ പങ്കെടുത്ത മത്സര പരീക്ഷയുടെ അടിസ്ഥാനത്തിൽ നിയമന ശുപാർശ  വെറും 588  പേർക്കാണ്. ഒഴിവുകൾ ഉണ്ടായിട്ടും പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന പരാതി ഉയർന്നിട്ടുണ്ട്. ഈ വരുന്ന ഏഴാം തിയതി റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുകയാണ്. പലപ്പോഴും സർക്കാരിൻറെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. ഒഴിവുകൾ യഥാ സമയം റിപ്പോർട്ട് ചെയ്യാത്തത് കൊണ്ട് മാത്രം അവസരങ്ങൾ പലർക്കും നഷ്ടപ്പെടുന്നു.
മുംതാസ് രഹാസ് : വിദേശ ജോലിയുടെ പേരിൽ ധാരാളം തട്ടിപ്പുകൾ നടക്കുന്നുണ്ടല്ലോ ?
രാജൻ പി തൊടിയൂർ:  തൊഴില്‍ വിസ യുടെ പേരിലുള്ള നിരവധി  തട്ടിപ്പുകളാണ് ഇപ്പോഴും നടക്കുന്നത്.  അടുത്തകാലത്ത് യുഎഇയിലെത്തിയ 14 മലയാളി യുവാക്കളുള്‍ നിരാലംബരായി തെരുവില്‍, ഭക്ഷണമോ, രാത്രി കിടക്കാന്‍ സ്ഥലമോ ഇല്ലാതെ അലഞ്ഞ വാർത്ത
നാം വായിച്ചു.
ഷാര്‍ജയിലെ ഒരു പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ കേറ്ററിങ് വിഭാഗത്തില്‍ സഹായികളുടെ തസ്തികയില്‍ ജോലി നല്‍കാമെന്നു വാഗ്ദാനം നല്‍കിയാണ് ഇവരെ കയറ്റിയയച്ചത്. ഇതിനായി ഒന്നേക്കാല്‍ ലക്ഷം മുതല്‍ 1.6 ലക്ഷം രൂപ വരെ ഏജന്റിനു നല്‍കി.
ദുബായിലെത്തിയാല്‍ തങ്ങളുടെ ആളുകളെത്തി ഷാര്‍ജ റോളയിലെ ഒരു ഹോട്ടലിലെത്തിക്കുമെന്നും അവിടെ താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഇവരോടു പറഞ്ഞിരുന്നത്. പലരും തനി ഗ്രാമീണ യുവാക്കളായതിനാല്‍ ഏജന്റുമാര്‍ പറഞ്ഞതൊക്കെയും കണ്ണടച്ചു വിശ്വസിച്ചു.
പാവപ്പെട്ട കുടുംബത്തിന്റെ ആശ്രയങ്ങളായ യുവാക്കളാണു വിസാ ഏജന്റുമാരാല്‍ വഞ്ചിക്കപ്പെടുന്നതിൽ കൂടുതൽ പേരും. സ്വന്തം കുടുംബത്തിന്റെയും അയല്‍വാസികളുടെയും സ്വര്‍ണം പണയം വച്ചും മറ്റുമാണ് ഇവരില്‍ മിക്കവരും വിസയ്ക്കു പണം നല്‍കിയത്.
വീട്ടു ജോലിക്കുവേണ്ടി കുവെെറ്റിലെത്തിയ മലയാളി സ്ത്രീകൾ. നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകൾ ഇപ്പോഴും നടക്കുന്നു.
ഓൺലൈൻ വഴിയും ഇടനിലക്കാർ വഴിയും തൊഴിൽ അന്വേഷകരെ കബളിപ്പിക്കുന്ന സംഭവങ്ങൾ അധികരിച്ച്‌ കൊണ്ടിരിക്കുന്നു.
ബ്യൂട്ടി പാർലറിലേക്കും മസാജിംഗ്‌ സെന്ററിലേക്കും സ്കൂളിലേക്കും ഓഫീസിലേക്കും എന്നപേരിൽ ആളുകളെ കൊണ്ട്‌ വന്ന് കൃഷി സ്ഥലങ്ങളിലും ആടുമാട്‌ ഫാമുകളിലും വീട്ടു ജോലിക്കും മറിച്ച്‌ വിൽക്കുന്നതും, ഗൾഫിൽ ജോലി തിരയുന്ന വിദ്യാ സമ്പന്നർക്ക്‌‌ കാനഡ/ മലേഷ്യ/ സിംഗപ്പൂർ/ ഇസ്രയേൽ/ മാലി ദ്വീപ്‌/ ജർമ്മനി തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ വ്യാജ ജോബ്‌ ഓഫർ നൽകിയും  തട്ടിപ്പ്‌ നടക്കുന്നു . നാം സ്വയം ജാഗരൂകരാവാതെ ഇതിൽ നിന്നും രക്ഷപ്പെടാൻ ആവില്ല. തൊഴിൽ ഗ്രൂപിൽ ജോബ്‌ ഒഴിവുകൾ പോസ്റ്റ്‌ ചെയ്ത്‌, ബന്ധപ്പെടുന്നവരിൽ നിന്നും രജിസ്ട്രേഷൻ ഫീ കൈപറ്റി മുങ്ങുന്ന വിദഗ്‌ദരും ഉണ്ട്‌.
മുംതാസ് രഹാസ് : ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചു വരുന്നു?
രാജൻ പി തൊടിയൂർ: ഓൺലൈൻ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചപ്പോൾ ആ രീതിയിലും തട്ടിപ്പുകൾ കൂടി. ജോലി വാഗ്ദാനം ചെയ്ത് നടത്തിയ  സാഗര്‍മാല വെബ്‌സൈറ്റ് വ്യാജമാണെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അറിയിക്കേണ്ടിവന്നു.
അവർ പ്രധാനമന്ത്രിയുടെയും വിദേശകാര്യമന്ത്രിയുടെയും ചിത്രം സഹിതം കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണെന്ന് തെറ്റിദ്ധരിക്കും വിധമാണ് സൈറ്റിന്റെ ഘടനയും രൂപവും ഡിസൈൻ ചെയ്തത്.. എഞ്ചിനീയറിങ്, ഡിപ്ലോമാ ട്രെയിനികളെയാണ് അവർ ലക്ഷ്യമിട്ടിരുന്നത്. തൊഴില്‍ തേടുന്നവരില്‍നിന്ന് 1000 മുതല്‍ 1200 രൂപവരെ രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കിയായിരുന്നു തട്ടിപ്പ്. തട്ടിപ്പുകാര്‍ക്കെതിരേ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്. ഐടി ആക്ട് പ്രകാരമാണ് നടപടി.
ഹൈദരാബാദ് കേന്ദ്രമായുള്ള വിസ്ഡം ജോബ്‌സ് എന്ന തൊഴില്‍ വെബ്‌സൈറ്റ് തൊഴില്‍ വാഗ്ദാനം ചെയ്തു കോടികളുടെ തട്ടിപ്പാണ് നടത്തിയത് . വിദേശങ്ങളില്‍ തൊഴിലിനു വേണ്ടി രജിസ്റ്റര്‍ ചെയ്യുന്ന ആളുകളെ കബളിപ്പിച്ചു നടത്തിയ ജോലി തട്ടിപ്പില്‍, നൂറുകണക്കിന് ആളുകൾ ചതിക്കപ്പെട്ടു.
ലോകത്തെ ആദ്യ സ്കില്‍ അസസ്‌മെന്റ് ജോബ് പോര്‍ട്ടലെന്ന്‍ അവകാശപ്പെട്ടിരുന്ന വിസ്ഡം ജോബ്‌സില്‍ യഥാര്‍ഥത്തില്‍ ഒരു തൊഴിലുമില്ലെന്ന   നടുക്കുന്ന സത്യമാണ് തെളിഞ്ഞത്.
കാള്‍ സെന്റര്‍ ഏജന്റുമാരാണ് അഭിമുഖം നടത്തിയിരുന്നത്. അപേക്ഷകരോട്  അഭിമുഖം നടത്തി ജോലി കിട്ടിയതായി തെറ്റിധരിപ്പിക്കുകയും അപേക്ഷാ ഫീസെന്ന പേരില്‍ പണം ആവശ്യപ്പെടുകയുമാണ് ചെതിരുന്നത്.
ലിങ്ക്ഡ് ഇൻ പോലെയുള്ള സൈറ്റുകളിലും തട്ടിപ്പുകാർ കടന്നു കൂടിയിട്ടുണ്ട്. ഫേസ് ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളിൽ വരുന്ന ഓഫറുകൾ ഒരിക്കലും സ്വീകരിക്കരുത്.
മുംതാസ് രഹാസ് :  തൊഴിൽ തട്ടിപ്പിൽ നിന്ന് രക്ഷനേടാൻ ഉദ്യോഗാർഥികൾ എന്താണ് ചെയ്യേണ്ടത്?
രാജൻ പി തൊടിയൂർ:  ഒരു കാര്യം നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. ഒരു കമ്പനിയും വെറുതെ വിവരങ്ങൾ ശേഖരിച്ച് ഓഫർ ലെറ്റർ അയയ്ക്കില്ല. കൃത്യമായ അപേക്ഷയുടെയും എച്ച്ആർ പ്രോസസിങ്ങിന്റെയും അടിസ്ഥാനത്തിലേ നടപടികളുണ്ടാകൂ. ഓഫർ ലെറ്ററിൽ എന്തെങ്കിലും സംശയം തോന്നിയാൽ കമ്പനി അധികൃതരുമായി സംസാരിക്കുക. താഴെ പറയും വിധമുള്ള ഓഫർ ലെറ്റർ ചിലപ്പോൾ ലഭിച്ചെന്നു വരും.
‘നിങ്ങളുടെ റെസ്യൂമെ / വിവരങ്ങൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇന്റർവ്യൂവിനു ക്ഷണിക്കുന്നു. യാത്രച്ചെലവ് കമ്പനി വഹിക്കും. എങ്കിലും ഉറപ്പിനു വേണ്ടി കോഷൻ ഡിപ്പോസിറ്റ് ആയി നിശ്ചിത തുക താഴെപ്പറയുന്ന ബാങ്ക് അക്കൗണ്ടിൽ അടയ്ക്കുക. ഇത് ഇന്റർവ്യൂവിനു ശേഷം തിരികെ തരുന്നതായിരിക്കും.’ പലർക്കും ഇമെയിലിൽ ഇത്തരം ഓഫർ ലെറ്ററുകൾ വരാറുണ്ട്. പ്രശസ്തമായ പൊതുമേഖല- സ്വകാര്യമേഖലാ  സ്ഥാപനങ്ങളുടെ ലെറ്റർപാഡിലായിരിക്കും അയയ്ക്കുക.
സൈന്യത്തിലും റെയിൽവേ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന വ്യാജ ഇടനിലക്കാർ പണ്ടേ രംഗത്തുണ്ട്. എന്നാൽ  സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് അവർ പ്രവർത്തനം വിപുലപ്പെടുത്തുന്നു
സൈന്യത്തിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമെല്ലാം കൃത്യവും വ്യക്തവുമായ റിക്രൂട്ടിങ് രീതികളുണ്ട്. ഇടനിലക്കാർ വഴി ജോലി കിട്ടാൻ പോകുന്നില്ലെന്നു മാത്രം ഓർത്തുവച്ചാൽ മതി. ഓഫർ ലെറ്റർ ആരും വെറുതെ അയക്കില്ല. എന്നും ഓർത്തിരിക്കുക .
മുംതാസ് രഹാസ് :  വിദേശ ജോലി യിലുള്ള തട്ടിപ്പുകളിൽ നിന്നും എങ്ങനെ രക്ഷപ്പെടാം?
രാജൻ പി തൊടിയൂർ:  തൊഴിൽ/ വിസ ലഭിച്ചു എന്ന അറിയിപ്പ്‌ കിട്ടിയാൽ അത്‌ രഹസ്യമാക്കി വെക്കാതിരിക്കുക.
കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ പോലുള്ള സംഘടനകൾക്ക് വിദേശ രാജ്യങ്ങളിൽ   പ്രവാസികളുമായ്‌ ബന്ധങ്ങൾ ഉണ്ട്‌, അറിയിപ്പ്‌ അവർക്ക്‌ കൈമാറി വിശദമായി അന്വേഷിച്ച്‌ ബോധ്യപ്പെടുക. ഓൺലൈൻ ജോലികൾ തട്ടിപ്പ്‌ ആണോ എന്ന് കമ്പനിയുടെ പേരും ചേർത്ത്‌ “fraud/ scam “ എന്ന് ഗൂഗിളിൽ തിരഞ്ഞാൽ മുൻപ്‌ റിപ്പോർട്ട്‌ ചെയ്ത വാർത്തകൾ ഉണ്ടെങ്കിൽ ലഭിക്കും.
കൃത്യമായി ഉറപ്പാക്കാതെ പാസ്സ്പോർട്ട്‌, മറ്റ്‌ രേഖകൾ കൈമാറരുത്‌. ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. ജോലി ഉറപ്പായാൽ ജില്ലയിലെയോ വിദേശത്തെയോ കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ ഭാരവാഹികളെ അറിയിച്ചാൽ അവർ കമ്പനിയുടെയും മറ്റ്‌ ലഭ്യമാകുന്ന വിവരങ്ങളും അന്വേഷിച്ചു കൈമാറും.
വാട്സപ്പ്‌/ ഫേസ്‌ബൂക്ക്‌ വഴി വരുന്ന ജോലികളിൽ ആണ് മുഖ്യമായ തട്ടിപ്പ് നടക്കുന്നത്‌. നിങ്ങൾക്ക്‌ നേരിട്ട്‌ ബോധ്യമുള്ളവ മാത്രം ഷെയർ ചെയ്യുക.
പണം ആവശ്യപ്പെടുന്ന ഏജൻസികളിൽ പണം നൽകുന്നുവെങ്കിൽ നേരിട്ട്‌ പോയി റെസിപ്റ്റ്‌ കൈപറ്റുക.
നിയമപരമല്ലാത്ത വിധം ജോലി ചെയ്യാൻ വിസ എടുത്ത്‌ വിദേശത്തു പോകാതിരിക്കുക.
യാത്ര ചെയ്യുന്നതിനു മുൻപ്‌ നാട്ടിലുള്ള അതേ സ്ഥലത്തെ പ്രവാസികളിൽ ഒരാളെയെങ്കിലും ബന്ധപ്പെട്ട്‌ നിൽക്കുക.
യുഎഇയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലുമെത്തി ജോലി ലഭിക്കാതെ, പണം നഷ്ടപ്പെട്ട് നിരാശയോടെ തിരിച്ചു പോകേണ്ടി വന്നവരുടെ കഥകള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിസാ നടപടിക്രമങ്ങളെക്കുറിച്ച്‌ അധികൃതര്‍ ഇടയ്ക്കിടെ മാര്‍ഗ നിര്‍ദേശങ്ങളും തട്ടിപ്പുകാരുടെ കെണിയില്‍ വീഴാതെ നോക്കാന്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്. അതേ സമയം, തട്ടിപ്പും വര്‍ധിക്കുന്നു. വിസാ – തൊഴില്‍ തട്ടിപ്പുകാരെ തിരിച്ചറിയാനുള്ള ബോധവത്കരണം ശക്തമായി തുടരണമെന്നാണ് ഇത്തരം സംഭവങ്ങള്‍ തുടരുന്നതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.
ഇടനിലക്കാരുടെ ചതിയിൽപ്പെട്ട് തൊഴിൽ തട്ടിപ്പിനു വിധേയരാകാതിരിക്കുവാൻ ഓരോ ഉദ്യോഗാർത്ഥിയും ശ്രദ്ധിക്കണം. രക്ഷിതാക്കളും.
Share: