സിവിൽ സർവീസ് പരീക്ഷ : കേരളത്തിന് ചരിത്ര വിജയം

Share:

25 മലയാളികൾ സിവിൽ സർവീസ് യോഗ്യത നേടി. ആദിവാസി ഗോത്ര സമൂഹത്തിൽ നിന്നൊരു പെൺകുട്ടി യുടെ ചരിത്ര നേട്ടം. എൻറെ റേഡിയോ 91.2 ലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിൽ കരിയർ മാഗസിൻ ചീഫ് എഡിറ്റർ, രാജൻ പി തൊടിയൂർ , മുംതാസ് രഹാസുമായി സംസാരിക്കുന്നു.

മുംതാസ് രഹാസ് : സിവിൽ സർവീസ് പരീക്ഷ, ഇത്തവണ കേരളത്തിന് ചരിത്ര വിജയമാണ് നൽകിയിരിക്കുന്നത്… എന്താണ് ഇതേക്കുറിച്ചു പറയാനുള്ളത്?

രാജൻ പി തൊടിയൂർ: കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ നമ്മൾ ചർച്ച ചെയ്തത് സിവിൽ സർവീസസ് പരീക്ഷയെക്കുറിച്ചാണ്. ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ആർക്കും നേടിയെടുക്കാവുന്നതാണ് സിവിൽ സർവീസ് പരീക്ഷ എന്ന് നമ്മൾ പറഞ്ഞു. ഈ വർഷത്തെ ഫലം വന്നപ്പോൾ കേരളത്തിന് ഒരു ചരിത്ര വിജയം കൂടി ലഭിച്ചു. ആദിവാസി ഗോത്ര വർഗ്ഗത്തിൽ നിന്നും സിവിൽ സർവിസിൽ എത്തുന്ന ആദ്യവനിത വയനാട്ടിൽ നിന്നുമുള്ള ശ്രീ ധന്യ സുരേഷ് , 410 റാങ്ക് കരസ്ഥമാക്കി. സംവരണാടിസ്ഥാനത്തിൽ വരുമ്പോൾ ശ്രീ ധന്യക്ക് ഐ എ എസ് ലഭിക്കുമെന്ന് വേണം കരുതാൻ. മലയാളം ഐച്ഛിക വിഷയമായെടുത്താണ് ശ്രീ ധന്യ സിവിൽ സർവീസ് നേടിയതെന്നതും നാം മനസ്സിലാക്കണം.

വയനാടുമായി വളരെ അടുത്ത ആത്മബന്ധമാണെനിക്കുള്ളത്. ആദ്യമായി സർക്കാർ ജോലി ലഭിക്കുന്നത് വയനാട് ജില്ല അസി. ഇൻഫർമേഷൻ ഓഫീസർ ആയാണ്. 1986 ൽ . ജില്ലാ കലക്ടറുമായി ഏറ്റവുമടുത്തു നിൽക്കേണ്ട ഉദ്യോഗസ്ഥനാണ്, ഇൻഫർമേഷൻ ഓഫീസർ. അതുകൊണ്ടുതന്നെ അന്നും പിന്നീട് 95 ൽ ജില്ല ഇൻഫർമേഷൻ ഓഫീസർ ആയും ജോലി നോക്കുമ്പോൾ വയനാട്ടിലെ ആദിവാസി ഗോത്ര വർഗ്ഗങ്ങളെക്കുറിച്ചും അവരുടെ ജീവിത രീതിയെക്കുറിച്ചും ഒട്ടേറെക്കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസപരമായും തൊഴിൽ പരമായും ഏറ്റവും അവശത അനുഭവിക്കുന്നവരാണ് ആദിവാസി ഗോത്രവർഗ്ഗത്തിൽ പെട്ടവർ. ആദിവാസി സമൂഹത്തിൻറെ ഉന്നമനത്തിനു വേണ്ടി പല പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ടെകിലും അവരിൽ ഒന്നും എത്തുന്നില്ല എന്നതാണ് യാഥാർഥ്യം. 33 വർഷങ്ങൾക്ക് മുൻപുള്ള അവസ്ഥക്ക് ഇന്നും വലിയ മാറ്റങ്ങൾ വന്നിട്ടില്ല.ഒട്ടേറെ പരിമിതികളിൽ നിന്നുമാണ് കുറിച്യ എന്ന ഗോത്ര സമൂഹത്തിൽ നിന്നും ആദ്യ സിവിൽ സർവീസ് വിജയിയായി ശ്രീ ധന്യ സുരേഷ്എത്തുന്നത്.

മുംതാസ് രഹാസ് : ശ്രീ ധന്യയുടെ വിജയം കേരളത്തിലെ കുട്ടികൾക്ക് , വിശേഷിച്ചു , പെൺകുട്ടികൾക്ക് , പിന്നാക്ക സമൂഹങ്ങളിൽ പെട്ടവർക്ക്, പ്രചോദനം ആകുമെന്ന് കരുതാമോ?

രാജൻ പി തൊടിയൂർ: തീർച്ചയായും ആകണം. പഠിക്കുന്നതിനുള്ള പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാത്ത ഒരു ആദിവാസി കോളനിയിലെ ഇടിഞ്ഞു പൊളിഞ്ഞ കൊച്ചു വീട്ടിൽ നിന്നുമാണ് ശ്രീ ധന്യ സുരേഷ് ചരിത്ര വിജയം നേടിയത്. അമ്പലക്കൊല്ലി കോളനിയിലെ ഇടിഞ്ഞു പൊളിഞ്ഞ വീട്ടിൽ നിന്നും പരിമിതികളോട് പടവെട്ടി ഭരണത്തിൻറെ അത്യുന്നതങ്ങളിലേക്ക് വലംകാൽ വെച്ച് കയറുമ്പോൾ മടിച്ചു നിൽക്കുന്ന പിന്നാക്ക സമൂഹങ്ങൾക്ക്, പെൺകുട്ടികൾക്ക് ശ്രീ ധന്യ പ്രചോദനമാവുകയാണ്. മറ്റൊരു വസ്തുത കൂടിയുണ്ട്. ആദിവാസി ഗോത്രവർഗ്ഗങ്ങളുടെ വളർച്ചക്കായി കോടികൾ ചെലവഴിക്കുന്ന ഇന്ത്യയിൽ ശ്രീ ധന്യ ഇന്റർവ്യൂവിന് പോകാൻ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പണം കടം വാങ്ങുകയായിരുന്നു. മകളുടെ പഠിത്തത്തിനായി പത്രം വാങ്ങാനുള്ള സാമ്പത്തിക ശേഷിപോലും ഇല്ലായിരുന്നുവെന്നും ശ്രീ ധന്യയുടെ രക്ഷിതാക്കൾ പറയുമ്പോൾ , ദശാബ്ദങ്ങൾക്കു മുൻപ് ട്രൈബൽ
ഡെവലൊപ്മെൻറ്  തലവനായിരുന്ന ഒരു ഐ എ എസ്‌ ഓഫീസർ പറഞ്ഞ വാചകമാണ് ഓർമ്മ വരുന്നത്. “പട്ടിക വർഗ്ഗ വികസനത്തിനായി ഇത് വരെ ചെലവഴിച്ച പണം നേരിട്ട് ഓരോ കുടുംബത്തിനും നൽകിയിരുന്നെങ്കിൽ അവരിന്ന് കോടീശ്വരന്മാരായേനെ”. പുസ്തകം സൂക്ഷിക്കാൻ സൗകര്യമില്ലാതെ, വെള്ളമോ വെളിച്ചമോ ഇല്ലാതെ, വായിക്കാൻ പുസ്തകമോ പത്രങ്ങളോ ഇല്ലാതെ ശ്രീ ധന്യ സിവിൽ സർവീസ് നേടുമ്പോൾ ഒരു സമൂഹത്തിൻറെ വികസനത്തിനായി വിനിയോഗിക്കേണ്ട പണം കൊള്ളയടിക്കുന്ന ഉദ്യോഗസ്ഥന്മാരെയും രാഷ്ട്രീയ ഇടനിലക്കാരെയും കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാൻ സർക്കാർ തയ്യാറാകണം. കേരളത്തിലെ അഞ്ചു ലക്ഷത്തോളം വരുന്ന ഗോത്രവർഗ്ഗ ആദിവാസികളുടെ സംരക്ഷണത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ കോടികൾ ചെലവിടുന്നുണ്ടെങ്കിലും അത് അവർക്ക് പ്രയോജന പെടുന്നില്ല എന്നതാണ് യാഥാർഥ്യം.

മുംതാസ് രഹാസ് : പതിനൊന്ന് ലക്ഷത്തോളം പേർ അപേക്ഷിച്ച സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൽ നിന്ന് എത്രപേർ വിജയിച്ചു?

രാജൻ പി തൊടിയൂർ: കേരളത്തിൽ നിന്നും ഇത്തവണ 25 പേർ യോഗ്യത നേടിയിട്ടുണ്ട്. ചവറയിൽ നിന്നുള്ള ഗൗതം രാജ്, കായംകുളത്തു നിന്നുള്ള വീണ എസ്‌ സുധൻ അടൂരിൽ നിന്നുള്ള അനിൽ രാജ് ഉൾപ്പെടെ കേരളത്തിലെ എല്ലാ ജില്ലയിൽനിന്നും ഇത്തവണ സിവിൽ സർവീസ് ലഭിച്ചവരുണ്ട്. തിരുവനന്തപുരം ജില്ലയിൽ നിന്നുമാണ് കൂടുതൽ പേർ . കേരളത്തിൽ ഒന്നാമത് നിൽക്കുന്നത് അഖിലേന്ത്യ തലത്തിൽ 29 താം റാങ്ക് നേടിയ ശ്രീ ലക്ഷ്മിയാണ്.അഞ്ചു തവണ ഐ എ എസിന് വേണ്ടി ശ്രമിച്ച ശ്രീ ലക്ഷ്മി കേരളത്തിൽ ഒന്നാമതെത്തി നിൽക്കുമ്പോൾ പറയുന്ന വാക്കുകൾ എവ്വർക്കും മാതൃകയാകേണ്ടതാണ്. ” പരിശ്രമിച്ചു കൊണ്ടേയിരിക്കുക എന്നത് മാത്രമാണ് വിജയിക്കാനുള്ള ഏക വഴി”. ആദ്യ ശ്രമത്തിൽ പ്രിലിമിനറി കിട്ടിയില്ല. പിന്നീടുള്ള രണ്ടു ശ്രമങ്ങളിൽ മെയിൻ പരീക്ഷ വരെയെത്തി. നാലാം തവണ അഭിമുഖം വരെയെത്തി. അഞ്ചാം തവണ ഇരുപത്തിയൊമ്പതാം റാങ്കും. 2014 ൽ തുടങ്ങിയതാണ് ഈ പരിശ്രമം. ഒടുവിൽ അതിനു ഫലം കണ്ടു.
പതിനൊന്നു ലക്ഷം പേര് അപേക്ഷിച്ചതിൽ 759 പേരാണ് നിയമനത്തിന് യോഗ്യത നേടിയിട്ടുള്ളത്. അതിൽ 25 പേർ മലയാളികളാണെന്നുള്ളത് തീർച്ചയായും നമുക്ക് അഭിമാനിക്കാവുന്നതാണ്.

മുംതാസ് രഹാസ് : ഇത്തവണ ഒന്നാം റാങ്ക് നേടിയത് പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥിയാണ് ?

രാജൻ പി തൊടിയൂർ: രാജസ്ഥാൻ സ്വദേശി കനിഷ്‌ക് കടാരിയ യാണ് ഒന്നാം റാങ്കിനർഹനായത്. അദ്ദേഹം പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള ആളാണ്. സാധാരണക്കാർക്കും കടന്നു ചെല്ലാവുന്ന മേഖലയാണ് സിവിൽ സർവീസ് പരീക്ഷ എന്നത് വിളിച്ചോതുന്നതാണ് കനിഷ്‌ക് കടാരിയയുടെയും ശ്രീ ധന്യയുടെയും വിജയം. വരേണ്യ വർഗ്ഗത്തിന് മാത്രം എന്നുകരുതി സിവിൽ സർവീസ് പരീക്ഷയിൽ നിന്ന് വിട്ടു നിൽക്കുന്ന ധാരാളം കുട്ടികൾ നമ്മുടെ നാട്ടിലുണ്ട്. പിന്നാക്ക വിഭാഗങ്ങൾക്കും പട്ടിക ജാതി പട്ടിക വർഗ്ഗക്കാർക്കും പ്രത്യേക സംവരണാനുകൂല്യങ്ങൾ ഉണ്ടായിട്ടും കൂടുതൽ കുട്ടികൾ മത്സരത്തിനായി തയ്യാറെടുക്കുന്നില്ല.അതുകൊണ്ടു തന്നെ അവർ പിറന്തള്ളപ്പെട്ടു പോകുന്നു. ബിരുദ ധാരികളായ എല്ലാവർക്കും അപേക്ഷിക്കാൻ കഴിയുന്ന മേഖലയാണിത്. പഠിക്കാനുള്ള മനസ്സും തീവ്രമായ ആഗ്രഹവും ഉള്ള ആർക്കും സിവിൽ സർവീസ് പരീക്ഷ വിജയിക്കാനാകും എന്നതാണ് കനിഷ്‌ക് കടാരിയയുടെയും ശ്രീ ധന്യയുടെയും ശ്രീ ലക്ഷ്മിയുടേയുമൊക്കെ വിജയം നൽകുന്ന പാഠം.

മുംതാസ് രഹാസ് : സിവിൽ സർവീസ് പരീക്ഷ എഴുതാൻ കൂടുതൽ അവസരങ്ങൾ നൽകാൻ തീരുമാനമായിട്ടുണ്ടോ?

രാജൻ പി തൊടിയൂർ: സിവിൽ സർവീസ് പരീക്ഷ എഴുതാൻ രണ്ട് അധിക അവസരങ്ങൾ കൂടി നൽകാനും കൂടിയ പ്രായപരിധി 32 ആക്കാനും യൂണിയൻ പബ്ളിക് സർവീസ് കമ്മിഷൻ തീരുമാനിച്ചു.
ഇക്കൊല്ലം മുതൽ ഇത് പ്രാബല്യത്തിലാകും. ആഗസ്റ്റ് 24 ന് പ്രിലിമിനറി പരീക്ഷ നടത്താനാണ് താത്കാലികമായി തീരുമാനിച്ചിട്ടുള്ളത്. എഴുതാനുള്ള കുറഞ്ഞ പ്രായപരിധി 21 ആണ്.
ജനറൽ കാറ്റഗറിയിൽ ഇപ്പോൾ പരിധി 30 വയസാണ്. അത് ഇനി 32 വയസാകും. പരീക്ഷ എഴുതാനുള്ള അവസരങ്ങൾ 4 എന്നത് 6 ആകും.പിന്നാക്ക വിഭാഗക്കാർക്ക് കൂടിയ പ്രായപരിധി 35 ആയിരിക്കും.പട്ടികജാതി പട്ടിക വർഗക്കാർക്ക് പരിധി 37 വയസാണ്. എത്ര തവണ വേണമെങ്കിലും പരീക്ഷ എഴുതാം.അന്ധ, ബധിര, മറ്റു വികലാംഗ വിഭാഗക്കാർക്ക് 40 വയസുവരെ പരീക്ഷ എഴുതാം.

മുംതാസ് രഹാസ് : സിവില്‍ സര്‍വീസ് ഇന്‍റര്‍വ്യൂ റൗണ്ടില്‍ പുറത്താകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക്  ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി നൽകാൻ പദ്ധതി ?

രാജൻ പി തൊടിയൂർ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇന്‍റര്‍വ്യൂ റൗണ്ടില്‍ പുറത്താകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനെക്കുറിച്ചു കേന്ദ്രസര്‍ക്കാരിനും വകുപ്പുകള്‍ക്കും യു.പി.എസ്.സി ചെയര്‍മാന്‍ അരവിന്ദ് സക്‌സേന നിര്‍ദേശം നല്‍കി. ഒഡീഷയില്‍ സ്റ്റേറ്റ് പി.എസ്.സി ചെയര്‍മാന്മാരുടെ കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കമ്മീഷന്‍ ആലോചിക്കുന്നതായി സക്‌സേന അറിയിച്ചു. 2018-ലെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് എട്ട് ലക്ഷത്തോളം പേരാണ് പരീക്ഷ എഴുതിയത്. ആകെയുള്ള ഒഴിവുകളിലേക്ക് 10,500 പേരാണ് മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടിയത്.

പതിനൊന്ന് ലക്ഷത്തോളം പേര്‍ അപേക്ഷിക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ എഴുതുന്നത് എഴുപത്തഞ്ച് ശതമാനം പേരാണ്. പിന്നീട് പല ഘട്ടങ്ങളിലായി ഈ എണ്ണം കുറഞ്ഞ് 700- 800 പേരെ മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നും സക്‌സേന ചൂണ്ടിക്കാട്ടി. എല്ലാ കടമ്പകളും മറികടന്ന് അഭിമുഖത്തിനെത്തുന്നവര്‍ രാജ്യത്തെ ഏറ്റവും മികച്ച ഉദ്യോഗാര്‍ഥികളാണെന്നും, ഇവരെ മറ്റു വകുപ്പുകളിലെ ഒഴിവുകളിലേക്ക് പരിഗണിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.

Share: