“നവ മാധ്യമം ഒരുക്കുന്ന തൊഴിൽ സാധ്യതകൾ കുട്ടികളെ പഠിപ്പിക്കണം” – ഋതു പി രാജൻ

” സിനിമയുടെ അനന്തസാധ്യതകൾ വളരെ ചെറുപ്പം മുതൽ കേട്ട് പഠിച്ചാണ് ഞാൻ വളർന്നത്. കേരളത്തിൽ ആദ്യമായി ‘ക്യാമ്പസ് സിനിമ’ എന്ന വിശേഷണം ഉപയോഗിച്ച് ഒരു സിനിമയെടുത്തത് എൻറെ പിതാവും അദ്ദേഹത്തിൻറെ സുഹൃത്തുക്കളുമായിരുന്നു. അവർ, കോളേജ് വിദ്യാർത്ഥികൾ ഒന്ന് ചേർന്ന് (1976 ) ഒരു ലഘു ചിത്രം എടുത്തു. ‘ദി ഗ്യാപ്പ്’.
മലയാള സിനിമക്ക് പുതിയ വ്യാഖ്യാനങ്ങൾ നൽകിയ അടൂർജിയും അരവിന്ദനും ബാലചന്ദ്രമേനോനും പത്മരാജനും ഒരു മിനിറ്റ് ദൈർഘ്യമുള്ള ഹൃസ്വച്ചിത്രം ദി റോക്ക് എടുത്ത കെ പി കുമാരനും അടങ്ങിയ സിനിമ പ്രതിഭകൾ പിതാവിൻറെ ( രാജൻ പി. തൊടിയൂർ ) സൗഹൃദ സംഘത്തിലുണ്ടായിരുന്നു. അതുകൊണ്ട് ധാരാളം സിനിമക്കഥകൾ വീട്ടിൽ ജന്മംകൊണ്ടു. അങ്ങനെ സിനിമയോട് പ്രത്യേകത താൽപര്യം തോന്നി. കഥയും തിരക്കഥകളും എഴുതി. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ അവതരിപ്പിക്കാൻ എപ്പോഴും ഹൃസ്വചിത്രങ്ങളാണ് നല്ലതെന്ന് തോന്നാറുണ്ട്. സിനിമയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ പുതിയ സാങ്കേതിക സൗകര്യങ്ങൾ വഴിയൊരുക്കുകയാണ്. ആർട്ടിഫിഷ്യൽ ഇൻറെലിജൻസ്, റോബോട്ടിക്‌സ്, ഡീപ്പ് ലേണിംഗ് തുടങ്ങിയ സാങ്കേതിക സൗകര്യങ്ങൾ സിനിമയിലേക്ക് വന്നു കഴിഞ്ഞു. ഇതേക്കുറിച്ച് നമ്മുടെ വരും തലമുറയെ കൂടുതൽ ബോധവാന്മാരാക്കേണ്ടതുണ്ട്”.
സിനിമയെക്കുറിച്ചും പുതിയ സാങ്കേതിക സൗകര്യങ്ങളെക്കുറിച്ചും വളരെയധികം മനസ്സിലാക്കിയ ശേഷമാണ് ഋതു പി രാജൻ സംസാരിക്കുന്നത്.
ഫിലിം ഇൻസ്റ്റ്യൂട്ടിലെ പഠനത്തിനുശേഷം നാട്ടിൽ സിനിമയോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും ദുബൈ ആസ്ഥാനമായുള്ള എക്സ് വിഷൻ ടിവിയുടെ സീനിയർ പ്രൊഡ്യൂസർ ആയി ജോലി നോക്കുകയും ചെയ്ത ശേഷമാണ് ഋതു സിനിമയ്ക്ക് തിരക്കഥ എഴുതാനും ചിത്രങ്ങൾ നിർമ്മിക്കുവാനും സിനിമയിൽ അഭിനയിക്കുവാനും തുടങ്ങിയത്. ഋതു പി രാജൻ കഥയും തിരക്കഥയും എഴുതുകയും ചിത്ര സന്നിവേശ നിർവഹിക്കുകയും ചെയ്ത ചതി എന്ന ലഘു ലഭിച്ചിത്രം പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ സാഹചര്യത്തിലാണ് അദ്ദേഹം മാധ്യമവുമായി സംസാരിക്കാൻ തയ്യാറായത്.
സിനിമയുടെ സാങ്കേതിക മേഖലകളിൽ സജീവമായി നിൽക്കുമ്പോഴാണ് ബേബി സാം എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം അഭിനയിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കുന്നത്. കഥ, തിരക്കഥാ രചന, ചിത്രസന്നിവേശം, ഗ്രാഫിക്സ്, എ ഐ , സ്പെഷ്യൽ ഇഫക്ടസ് തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അദ്ദേഹം സിനിമയ്ക്ക് ഇന്ത്യയ്ക്ക് അകത്തും പുറത്തുള്ള സാധ്യതകൾ മനസ്സിലാക്കി അതേക്കുറിച്ച്ള്ള വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനാണ് ‘രാരീരം ഇൻഫോം മീഡിയ പ്രൈവറ്റ് ലിമിറ്റഡ്’ എന്നൊരു കൺസൾട്ടിംഗ് കമ്പനി ആരംഭിച്ചത്.
“സിനിമ മാറുകയാണ്. പുതിയ സാങ്കേതിക സൗകര്യങ്ങൾ സിനിമയെടുക്കുന്നത് എളുപ്പമാക്കി. അതിൻറെ വിപണിയും വർദ്ധിച്ചു. ഇനിയിപ്പോൾ നമ്മൾ ലോകവിപണി മുന്നിൽ കണ്ടുകൊണ്ട് വേണം സിനിമയെടുക്കാൻ എന്നാണ് എൻറെ അഭിപ്രായം. ഒരുകാലത്ത് സെല്ലുലൊയിഡിൽ ഒതുങ്ങി നിന്നിരുന്ന സിനിമ ഇന്നിപ്പോൾ പുത്തൻ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് യുവ തലമുറയുടെ മുന്നിൽ വരുമ്പോൾ അതിൻറെ അനന്തസാധ്യതകൾ നമ്മൾ മനസ്സിലാക്കണം.”
“അഭിനേതാക്കളെയും സംഗീതജ്ഞരേയും സൃഷ്ടിക്കാൻ കഴിവുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സിനിമ നിർമ്മാണം എളുപ്പത്തിൽ ആക്കുകയാണ്. പുതിയ സാങ്കേതിക വിദ്യ അഭ്യസിച്ചവർക്ക് അവസരങ്ങൾ വർദ്ധിക്കുകയാണ്. നമുക്ക് സിനിമ ഇന്ന് കയ്യിൽ കൊണ്ട് നടക്കാം. ഒരുകാലത്ത് ഇരുട്ടിൻറെ കലയായിരുന്നു സിനിമ. ഇരുട്ടിൽ ഇരുന്ന് വെളിച്ചം കൊണ്ട് സിനിമ കാണുക. ഇന്ന് ആ സ്ഥിതി മാറി. കുടുംബത്തോടൊപ്പം സിനിമ കാണുക എന്നുള്ളത് മാറി. ഒറ്റയ്ക്കിരുന്ന് കൈവെള്ളയിൽ സിനിമ കാണാം. അതുപോലെ ഒറ്റയ്ക്കിരുന്ന് വേണമെങ്കിൽ ഒരു സിനിമ നിർമ്മിക്കാം. കൈവെള്ളയിൽ വെച്ചുകൊണ്ട് സിനിമ അന്തർദേശീയ സമൂഹത്തിന് മുന്നിൽ തുറന്നുകാണിക്കാം. അതെ സാങ്കേതികവിദ്യ വളരുകയാണ് അതോടൊപ്പം നമ്മളും മാറണം. നമ്മുടെ ദൃശ്യ അനുഭവങ്ങൾക്ക് മാറ്റം വന്നുകൊണ്ടിരിക്കുന്നു. പാട്ടുകൾ പുതിയ രീതിയിലായിരിക്കുന്നു. പുതിയ കഥകളാണ് നമ്മൾ ഇപ്പോൾ ചർച്ച ചെയ്യുന്നത്. സിനിമ മാറുമ്പോൾ പുതിയ തലമുറയും മാറണം. പുതിയ അവസരങ്ങൾ എങ്ങനെ വിനിയോഗിക്കാൻ കഴിയും എന്ന് ഏവരും മനസ്സിലാക്കിയാൽ സിനിമ ലാഭകരമായ ഒരു ബിസിനസ് തന്നെയാണ്”. സിനിമയ്ക്ക് കൂടുതൽ പ്രതിഭകളെ ആവശ്യം ഉണ്ട്. പുതിയ രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന യുവതലമുറ അതിന് തയ്യാറാകണം. പുതിയ സിനിമ ഒരുക്കുന്ന തൊഴിൽ സാധ്യതകൾ നിരവധിയാണ്. ഇന്ത്യക്കകത്തും പുറത്തും”. ഋതു പി രാജൻ വ്യക്തമാക്കി.
-ഋഷി പി രാജൻ






