ധാരാളം തൊഴിലവസരങ്ങളുള്ള മേഖലയാണ് ടി വി ചാനൽ : രാജൻ പി തൊടിയൂർ

Share:

ഗ്രാമീണ-തീരദേശ കേരളത്തിന് തൊഴിൽപരവും വിദ്യാഭ്യാസപരവുമായ പുരോഗതി എന്ന ലക്ഷ്യത്തോടെ, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പിൻറെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ‘എൻറെ റേഡിയോ’ 91. 2 എഫ് എം ൽ കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂരുമായി, മുംതാസ് രഹാസ് നടത്തിയ അഭിമുഖം.  

ത്ര പ്രസിദ്ധീകരണം , ഐ ടി തുടങ്ങിയ മേഖലകളിൽ സ്വന്തമായ സംഭാവനകൾ നൽകിയിട്ടുള്ള രാജൻ പി തൊടിയൂർ, ടെലിവിഷൻ മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. മദ്ധ്യ – പൂർവ ദേശത്തെ ആദ്യ ഇൻഫോമേഴ്‌സ്യൽ ടി വി യുടെ സ്ഥാപക -ഡയറക്ടർ കൂടിയായ അദ്ദേഹം ടി വി ചാനൽ ബിസിനസ്സിനെക്കുറിച്ചും അത് നൽകുന്ന തൊഴിൽ സാദ്ധ്യതകളെക്കുറിച്ചും  സംസാരിക്കുന്നു.

മുംതാസ് രഹാസ്: ടി വി ചാനൽ ഇന്ന് ഏവരും ലോകമെമ്പാടും ആസ്വദിക്കുന്ന മാധ്യമമാണ്. ടി വി ചാനൽ രംഗവുമായുള്ള ബന്ധം ഒന്ന് വിവരിക്കാമോ?

രാജൻ പി തൊടിയൂർ : ആസ്വാദനത്തിന് പുതിയമാനങ്ങൾ നൽകിയ ടെലിവിഷൻ ചാനലുകളിൽ മലയാളത്തിൽ ആദ്യമായി എത്തിയത് 1981 ൽ ഗവൺമെന്റിൻറെ നിയന്ത്രണത്തിലുള്ള ദൂരദർശൻ ആണ്. തുടർന്ന് 1993 ൽ മലയാളത്തിലെ ആദ്യ സ്വകാര്യ ടി വി ചാനലായ ഏഷ്യാനെറ്റ് സം‌പ്രേഷണം ആരംഭിച്ചു.
കേരളത്തിൽ ടി വി വരുന്നതിനുമുമ്പ് തന്നെ ഞങ്ങൾ ദൂരദർശന് വേണ്ടി ഡോക്യൂമെൻറെ റികളും വാർത്താ ചിത്രങ്ങളും നിർമ്മിച്ചിരുന്നു. എ എസ് മുസലിയാർ , വേണു ബി നായർ എന്നിവരോടൊത്തു നിരവധി വാർത്താ ചിത്രങ്ങൾ മദ്രാസ് ദൂരദർശന് വേണ്ടി നിർമ്മിച്ചു. ടി വി ചാനൽ സാദ്ധ്യതകളെ കുറിച്ച് അന്ന് തന്നെ പഠിച്ചു തുടങ്ങിയിരുന്നു. മലയാള സിനിമക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള ഭാസ്കരൻ മാസ്റ്ററുടെ ( പി ഭാസ്കരൻ ) ബന്ധുവായ ശശികുമാർ ആണ് ഏഷ്യാനെറ്റ് ചാനൽ ആരംഭിക്കുന്നതിനു മുൻകൈ എടുത്തത്. മലയാളനാട് രാഷ്ട്രീയ വാരികയുടെയും സിനിമാ വാരികയുടെയും പത്രാധിപർ ആയിരിക്കുമ്പോൾ തന്നെ ഭാസ്കരൻ മാസ്റ്ററുമായി നല്ല ബന്ധം പുലർത്തിയിരുന്നു.അദ്ദേഹമായിരുന്നു ഏഷ്യാനെറ്റിൻറെ ചെയർമാൻ. ഏഷ്യാനെറ്റിൻറെ ആദ്യകാലങ്ങളിൽ അദ്ദേഹവുമായി ചേർന്ന് പ്രവർത്തിക്കുണ്ടി വന്നിട്ടുണ്ട്. ദൂരദർശനിൽ വേണു, ജോൺ സാമുവേൽ , ബൈജു ചന്ദ്രൻ തുടങ്ങിയ സുഹൃത്തുക്കൾ. നങ്ങാശ്ശേരി ശശിയുമായി ചേർന്ന് ടി വി സീരിയൽ , പി ആർ ഡിക്ക് വേണ്ടി ഡോക്യൂമെന്ററികൾ അങ്ങനെ ദൂരദർശനുമായി അടുത്ത് പ്രവർത്തിക്കേണ്ടി വന്നത് ആ മേഖലയിലുള്ള പുതിയ സാധ്യതകളെക്കുറിച്ചു പഠിക്കാൻ പ്രേരകമായി.

മുംതാസ് രഹാസ്: സാധാരണയിൽ നിന്ന് വിട്ട് എന്താണ് ടി വി ചാനൽ രംഗത്ത് പുതുതായി കണ്ടെത്തിയത്?

രാജൻ പി തൊടിയൂർ : മനുഷ്യൻറെ ദൃശ്യാവബോധത്തിന് പുതിയ വ്യാഖ്യാനങ്ങൾ നൽകിയ മാധ്യമമാണ് ടി വി ചാനൽ. ബിഗ് സ്ക്രീൻ , അതായത് സിനിമ, അല്ലാതെ മറ്റൊന്നും നമ്മുടെ ആസ്വാദനത്തിന് സഹായകമാവുകയില്ല എന്ന് കരുതിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. വിഡ്ഢിപ്പെട്ടി എന്നാണ് ടി വി യെ ആദ്യമൊക്കെ വിളിച്ചിരുന്നത്. ദൃശ്യങ്ങൾ സഹിതം വാർത്തകൾ അറിയുന്നതിനും , അപ്പോപ്പോൾ കാണുന്നതിനുമുള്ള ഒരു മാധ്യമം. ക്രമേണ അതിൽ എന്റർടൈൻമെന്റിനു സാധ്യത ഏറി. ദൂരദർശൻ മാത്രമായിരുന്നു ആദ്യം ഇന്ത്യയിൽ ടി വി . കേരളത്തിൽ ആദ്യമായി ഉണ്ടാകുന്ന സ്വകാര്യ ടി വി ഏഷ്യാനെറ്റ് ആണ്. ദൂരദർശനിൽ വാർത്ത വായിച്ചുകൊണ്ടിരുന്ന ശശികുമാർ ആണ് അങ്ങനെ ഒരാശയം ആവിഷ്‌കരിക്കുന്നത്. അന്ന് മാതൃഭൂമിയുടെ ഡൽഹി പ്രതിനിധിയായ വി കെ മാധവൻ കുട്ടി തുടങ്ങിയവർ അദ്ദേഹത്തിന് പിൻബലം നൽകി. വാർത്തയും എന്റർടൈൻമെന്റുമുള്ള , ദൂരദർശനിൽ നിന്ന് വ്യത്യസ്തമായ, ടി വി അതായിരുന്നു ശശികുമാറിൻറെ ഫോർമുല. അതിൻറെ ചുവടൊപ്പിച്ചു കേരളത്തിൽ ധാരാളം ടി വി ചാനലുകൾ ഉണ്ടായി.
ഏഷ്യാനെറ്റിന്റെ വിജയം , ഏഷ്യാനെറ്റിനെപ്പോലൊരു ചാനൽ എന്ന ചിന്തയിലേക്കാണ് ആളുകളെ കൊണ്ടുപോയത്. അതിൽ നിന്ന് വ്യത്യസ്തമായി സ്പെഷ്യലൈസ്‌ഡ്‌ / ഡെഡിക്കേറ്റഡ് ടി വി ലോകമെമ്പാടും വന്നു തുടങ്ങി. അത്തരം വ്യത്യസ്ത ചാനലുകളെക്കുറിച്ചാണ് ഞങ്ങൾ ചിന്തിച്ചത്.

മുംതാസ് രഹാസ്: എന്താണ് സ്പെഷ്യലൈസ്‌ഡ്‌, ഡെഡിക്കേറ്റഡ് ടി വി ? കേരളത്തിൽ അതിനു സാധ്യതയുണ്ടോ?

രാജൻ പി തൊടിയൂർ : ഇന്ന് ഏറ്റവുമധികം മത്സരമുള്ള ഒരു മേഖലയാണ് ടി വി ചാനൽ ബിസിനസ്. വളരെയധികം മുതൽമുടക്കും അതിനാവശ്യമാണ്.ഇന്ത്യയിലെ സ്വകാര്യ ടി വി ചാനലുകളുടെ എണ്ണം ആയിരത്തിൽ അധികമാണ്. മലയാളത്തിൽ മുപ്പതോളം ടി വി ചാനൽ ഉണ്ട്. ഇതിൽ പലതും നഷ്ടത്തിൽ പോകുന്നവയാണ്. അവിടെയാണ് സ്പെഷ്യലൈസ്‌ഡ്‌, അല്ലെങ്കിൽ ഡെഡിക്കേറ്റഡ് ടി വി യുടെ പ്രസക്തി. വ്യത്യസ്തമായ ചാനലുകൾ. ഉദാഹരണത്തിന് സിനിമക്ക് മാത്രമായി ഒരു ചാനൽ. അല്ലെങ്കിൽ സ്പോർട്സ് മാത്രമായി ഒരു ചാനൽ. അതുപോലെ പലരീതിയിലുള്ള സ്പെഷ്യലൈസ്‌ഡ്‌, ഡെഡിക്കേറ്റഡ് ടി വികളുണ്ട്. ഞാൻ ദുബൈയിൽ ബ്രാൻഡ് വർക്‌സിൽ പ്രവർത്തിക്കുമ്പോഴാണ് സ്പെഷ്യലൈസ്‌ഡ്‌, ഡെഡിക്കേറ്റഡ് ടി വിക്ക് വേണ്ടിയുള്ള പ്രൊജെക്ടുകൾ തയ്യാറാക്കുന്നത്. യൂ കെ യിലുള്ള മൈ യൂ കെ നെറ്റ്‌വർക്ക് ലിമിറ്റഡുമായിച്ചേർന്ന് വെക്ടൺ ടി വി , സിനിമാ ഗാനങ്ങൾ മാത്രമുള്ള ചാനൽ, വെഡിങ് ടി വി ദുബൈയിലെ വേൾഡ് റൂം ട്രാവൽ ടി വി , റിയൽ എസ്റ്റേറ്റിന് വേണ്ടിയുള്ള അൽ അക്വാറിയ ടി വി , മ്യൂസിക് പ്ലസ് ടി വി , ഐ ടി വി , ഇൻഫർമേഷൻ ടി വി , വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള ക്രെസെൻറ് ടി വി ,എക്സിബിഷൻസ്, ബിസിനസ് എന്നിവക്ക് വേണ്ടിയുള്ള എക്സ് വിഷൻ ടി വി തുടങ്ങിയ ചാനലുകളുടെ കൺസൾറ്റൻറ് ആയിരുന്നു. എക്സ് വിഷൻ ടി വി യുടെ ഡയറക്ടർ ആയും പ്രവർത്തിച്ചു. കേരളത്തിൽ, ഇന്ത്യയിൽ പൊതുവെ ഇത്തരം സ്പെഷ്യലൈസ്‌ഡ്‌, ഡെഡിക്കേറ്റഡ് ടി വി ക്കുള്ള സാധ്യതയാണ് ഇനി നോക്കേണ്ടത്.

മുംതാസ് രഹാസ്: ഇത്തരം ഏതെങ്കിലും പദ്ധതികൾ ഇപ്പോൾ ആലോചനയിലുണ്ടോ?

രാജൻ പി തൊടിയൂർ : മൂന്ന് ചാനലുകളുടെ പദ്ധതികൾ ഇപ്പോൾ ചർച്ചയിലാണ്. വെഡ്‌സ് ടി വി . ഒരു സമ്പൂർണ്ണ വൈവാഹിക ചാനൽ . പ്രണയം, ക്യാംപസ്, വിവാഹം, ജീവിതം, തുടങ്ങി ജീവിതത്തിലെ സന്തോഷവും ദുഖവും പ്രശ്നങ്ങളും പ്രശ്ന പരിഹാരങ്ങളും ചേർന്നുള്ള ഒരു വ്യത്യസ്ത ചാനൽ. യൂ കെ യിലെ വെഡിങ് ടി വി യുമായി ചേർന്നാണ് അത് പ്ലാൻ ചെയ്യുന്നത്. മറ്റൊന്ന് മെഡി ടി വി . പേര് സൂചിപ്പിക്കുന്നത് പോലെ ആരോഗ്യം, സൗന്ദര്യം, രോഗം, ചികിത്സ, ഹെൽത് ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട ഒരു ചാനൽ. മെഡി ടി വി ഡോട്ട് ഇൻ എന്ന കമ്പനിയാണ് മലയാളത്തിലും ഹിന്ദിയിലും അത് നടപ്പാക്കുന്നത്. പിന്നീടൊന്ന് ഐ എഫ് എഫ് ടി വി , ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ടി വി . അതൊരു ഗ്ലോബൽ പ്രൊജക്റ്റ് ആണ് . ലോകമെന്പാടുമുള്ള ഫിലിം ഫെസ്റ്റിവൽ ഓർഗനൈസർമാരും സിനിമ – മാധ്യമ രംഗത്തെ പ്രമുഖ കമ്പനികളും അതിൽ പങ്കാളികളാകുന്നുണ്ട്.

മുംതാസ് രഹാസ്: ഒരു ടി വി ചാനൽ തുടങ്ങുന്നതിനുള്ള ചെലവ് ? എങ്ങനെയാണത് ആരംഭിക്കുക ?

രാജൻ പി തൊടിയൂർ : ഇന്ത്യയിൽ ടി വി ചാനൽ ലൈസൻസ് നൽകുന്നത് കേന്ദ്ര സർക്കാരിൻറെ ചുമതലയിലുള്ള ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ്. അതിന് അപേക്ഷിക്കണമെന്നുണ്ടെങ്കിൽ വ്യക്തമായ ഒരു ബിസിനെസ്സ് പ്ലാൻ ഉണ്ടായിരിക്കണം. കുറഞ്ഞത് ഇരുപത് കോടി രൂപ അതിനായി ചെലവഴിക്കാനുണ്ടാകണം. അതായത് നെറ്റ് വോർത് എമൗണ്ട് . അപേക്ഷിച്ചു കഴിഞ്ഞാൽ തന്നെയും പല മന്ത്രാലയങ്ങളുടെയും ക്ലിയറൻസ് ലഭിക്കണം.അതിന് കുറെ കാലതാമസം ഉണ്ടാകാം. എന്നാൽ ദുബൈ , സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ ലൈസൻസിങ് പ്രോസിഡ്യൂയർ കുറവാണ്. അങ്ങനെ ലൈസൻസ് എടുത്ത് ഇന്ത്യയിൽ ഡൌൺ ലിങ്ക് ചെയ്യുന്ന ചാനലുകളുണ്ട്. ഇരുപത് കോടി രൂപ നെറ്റ് വർത്ത് എന്നുപറയുമ്പോഴും അനേക കോടി രൂപ ഒരു ചാനൽ വിജയമാക്കുന്നതിന് വേണ്ടിവരും.

മുംതാസ് രഹാസ്: ടി വി ചാനൽ നൽകുന്ന തൊഴിലവസരങ്ങളെ കുറിച്ചൊന്ന് വിവരിക്കാമോ ?
രാജൻ പി തൊടിയൂർ : ധാരാളം തൊഴിലവസരങ്ങളുള്ള ഒരു മേഖലയാണ് ടി വി ചാനൽ. ഇന്ത്യയിൽ പത്തുലക്ഷത്തിൽ ഏറെപ്പേർ ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. പരോക്ഷമായും ധാരാളം അവസരങ്ങളുള്ള മേഖലയാണിത്. ഇൻഹൗസ് പ്രൊഡക്ഷനിലും സ്‌പോൺസഡ് പരിപാടികളിലും മാർക്കറ്റിംഗ്, പ്രൊമോഷൻ, ഫ്രീ ലാൻസിങ് , ടെക്‌നിക്കൽ എന്നിങ്ങനെയും ധാരാളം അവസരങ്ങൾ ടി വി യിൽ ഉണ്ട്.

മുംതാസ് രഹാസ്: ടി വി ചാനലിൽ ജോലി കിട്ടണമെങ്കിൽ എന്താണ് പഠിക്കേണ്ടത് ? അതിനുള്ള സ്ഥാപനങ്ങൾ ഏതൊക്കെയാണ് ?

രാജൻ പി തൊടിയൂർ : സിനിമ എന്നത് പോലെതന്നെ ടി വി യും ഗ്ലാമറിൻറെ ലോകമാണ്. പരിപാടികൾ അവതരിപ്പിക്കാനുള്ള കഴിവും വാചക ശുദ്ധിയും സൗന്ദര്യവുമുള്ളവർക്ക് ടി വി യിൽ സാധ്യതയുണ്ട്. ജേണലിസം ഉള്ളവർക്ക് റിപ്പോർട്ടിങ്ങിലും മാസ്സ് കമ്മ്യൂണിക്കേഷൻ കഴിഞ്ഞവർക്ക് പ്രോഗ്രാം പ്രൊഡ്യൂസർമാരായും ശോഭിക്കാൻ കഴിയും. പൂനാ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിട്യൂട്ടിൽ പഠിച്ചു സംവിധാനം, ഛായാഗ്രഹണം, ശബ്ദലേഖനം , എഡിറ്റിംഗ്, സൗണ്ട് എഞ്ചിനീയറിംഗ് , അനിമേഷൻ ആൻഡ് കമ്പ്യൂട്ടർ ഗ്രാഫിക്സ് എന്നിവ പാസായവർക്ക് ടി വി ചാനലിൽ ജോലി ലഭിക്കും. ഒരു വർഷത്തെ പി ജി കോഴ്‌സുകളും പൂനയിലുണ്ട്. തമിഴ് നാട് സർക്കാരിൻറെ എം ജി ആർ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂ ഡൽഹിയിലുള്ള നാഷണൽ സ്കൂൾ ഓഫ് ഡ്രാമ , കൽക്കത്തയിലുള്ള സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയത്തുള്ള കെ ആർ നാരായണൻ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, സ്കൂൾ ഓഫ് ഡ്രാമ, തൃശൂർ എന്നിവിടങ്ങളിൽ പഠിക്കുന്നവർക്കും ടി വി ചാനലിൽ ജോലി ലഭിക്കാം.
കേരള, എം ജി , കാലിക്കറ്റ് , കണ്ണൂർ സർവ്വകലാശാലക ൾ നടത്തുന്ന ജേർണലിസം, മാസ്സ് കമ്മ്യൂണിക്കേഷൻ , വീഡിയോ പ്രൊഡക്ഷൻ കോഴ്‌സുകൾ പഠിക്കുന്നവർക്കും ടി വി ചാനലിൽ തൊഴിൽ സാദ്ധ്യതകൾ ഉണ്ട്.
കേരള മീഡിയ അക്കാഡമി , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻ തുടങ്ങിയവ കൂടാതെ ധാരാളം സ്വകാര്യ സ്ഥാപനങ്ങളും ടെലിവിഷൻ ജോലിക്കനുയോജ്യമായ കോഴ്‌സുകൾ നടത്തുന്നുണ്ട്.

  • എൻറെ റേഡിയോ : 91. 2 എഫ് എം

 

എല്ലാ ബുധനാഴ്ചയും രാവിലെ പതിനൊന്നിന് സംപ്രേക്ഷണം ചെയ്യുന്ന ‘ഇത്തിരി നേരം; ഒത്തിരിക്കാര്യം’ പരിപാടിയിൽ ഉദ്യോഗാർത്ഥികൾക്കും വിദ്യാർഥികൾക്കും പ്രയോജനപ്രദമായ നിരവധി കാര്യങ്ങൾ രാജൻ പി തൊടിയൂർ ചർച്ച ചെയ്യുന്നു.

കേരള റൂറൽ ഡെവലപ്മെൻറ് ഏജൻസി ( KRDA ) യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘എൻറെ റേഡിയോ’ 91. 2 എഫ് എം കരുനാഗപ്പള്ളിയിലും 30 കിലോമീറ്റർ ചുറ്റളവിലും ഉള്ള ഗ്രാമീണ ജനതയുടെ ആശയ വിനിമയത്തിനുള്ള മാർഗ്ഗമായി പ്രവർത്തിച്ചു തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയാകുമ്പോഴാണ് മലയാളത്തിലെ ആദ്യത്തെ തൊഴിൽ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ കരിയർ മാഗസിൻറെ ഡിജിറ്റൽ പ്രസിദ്ധീകരണമായ www.careermagazine.in നുമായി സഹകരിച്ചു തൊഴിൽ വിദ്യാഭ്യാസ മേഖലയിലെ പുത്തൻ പ്രവണതകൾ ഗ്രാമീണ ജനങ്ങളിൽ എത്തിക്കുന്നതിനായി ഇത്തരമൊരു പരിപാടി.

“അന്തരിച്ച മുൻ രാഷ്‌ട്രപതി എ പി ജെ അബ്ദുൽ കലാമിൻറെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു തൊഴിൽ – വിദ്യാഭ്യാസ ബോധവൽക്കരണം ഗ്രാമങ്ങളിൽ എന്നത്. കരിയർ മാഗസിൻറെ അത്തരം പരിപാടികളിൽ ഞാനും ഒപ്പമുണ്ടാകും എന്ന് 2002 ൽ ചെന്നൈ അണ്ണാ സർവകലാശാലയിൽ വെച്ച് നടത്തിയ അഭിമുഖത്തിനിടയിൽ അദ്ദേഹം പറഞ്ഞു. ഇപ്പോൾ അതിൻറെ സാക്ഷാൽക്കാരമാണ് ‘എൻറെ റേഡിയോയിലൂടെ നിർവഹിക്കുന്നത്.” രാജൻ പി തൊടിയൂർ പറഞ്ഞു.

തൊഴിൽ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങൾ, ഉദ്യോഗാർഥികളും വിദ്യാർഥികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, രക്ഷിതാക്കൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, ഡിജിറ്റൽ വിദ്യാഭ്യാസം, സ്റ്റാർട്ടപ്പ് രംഗത്തെ പുത്തൻ പ്രവണതകൾ തുടങ്ങി ഒരു പുതിയ സമൂഹത്തെ വാർത്തെടുക്കുന്നതിനുള്ള വിഷയങ്ങൾ ഇതിലൂടെ അവതരിപ്പിക്കാനാണ് ‘എൻറെ റേഡിയോ’ 91. 2 എഫ് എം ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ 34 വർഷങ്ങളായി ഇന്ത്യക്കത്തും പുറത്തും തൊഴിൽ – വിദ്യാഭ്യാസ ബോധവക്കരണ പരിപാടികളിലെ സജീവ സാന്നിദ്ധ്യമായ രാജൻ പി തൊടിയൂർ ഉദ്യോഗാർഥികളുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് ഈ പരിപാടിയിലൂടെ മറുപടി പറയും. “സാമൂഹിക മാറ്റം, സമൂഹത്തിൻറെ പങ്കളിത്തത്തോടെ” എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ‘എൻറെ റേഡിയോ’ 91. 2 എഫ് എം ഒരുക്കുന്ന ഈ അവസരം എല്ലാ മലയാളികളും പ്രയോജനപ്പെടുത്തണമെന്ന് സ്റ്റേഷൻ ഡയറക്ടർ അറിയിച്ചു.

 

Share: