മുഖത്തോട് മുഖം – പി. വി. രവീന്ദ്രൻ

Share:

കരിയർ മാഗസിന്‍റെ രണ്ടാം ലക്കം മുതൽ തുടർച്ചയായി അതിൽ എഴുതിയിരുന്ന ഒരാളുണ്ടായിരുന്നു. പി. വി. രവീന്ദ്രൻ.

അകാലത്തിൽ നമ്മെ വിട്ടുപോകുന്നതിന് തൊട്ടുമുമ്പുവരെ അദ്ദേഹം കരിയർ മാഗസിനിൽ എഴുതി. ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്രദമായ നിരവധി കാര്യങ്ങൾ. ഇന്ത്യയിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ, മലയാളത്തിൽ മാത്രമല്ല ഇംഗ്ലീഷിലും എഴുതിയിരുന്ന അദ്ദേഹം കരിയർ മാഗസിന്‍റെ രണ്ടാം ലക്കം മുതൽ ഉദ്യോഗാർത്ഥികളെയും വിദ്യാർത്ഥികളെയും മുന്നിൽ കണ്ടുകൊണ്ട് എഴുതിയ ലേഖനങ്ങൾ പുന: പ്രസിദ്ധീകരിക്കുകയാണ്.

മുഖത്തോട് മുഖം.

തൊഴിൽ അന്വേഷകരായ യുവതി യുവാക്കൾ എങ്ങനെയാണ് ഇൻറർവ്യൂവിനെ അഭിമുഖീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് ലളിതമായി പറഞ്ഞുതരുന്ന ഒരു പരമ്പര-

മുഖത്തോടുമുഖം.

– പി. വി. രവീന്ദ്രൻ

പഴക്കം ചെന്ന ഒരു ഫലിതമുണ്ട്.
ബി. എ. ബിരുദധാരിയായ ഒരു സുഹൃത്ത് വീണ്ടും ഇൻറർവ്യൂവിനു വിളിക്കപ്പെട്ടു.

പലവട്ടം ടെസ്റ്റുകൾ എഴുതി, പല ഇൻറർവ്യൂകളെയും നേരിട്ട് ഒരു ജോലിയും കിട്ടാതെ തീർത്തും നിരാശനായിരുന്നു അയാൾ. “വീടിന് ഭാരം”, “നാടിന് ശാപം” തുടങ്ങിയ മുള്ള് വെച്ച വിശേഷണ പദങ്ങൾ അയാൾക്ക് ചുറ്റും കറങ്ങി നടന്നിരുന്ന കാലത്താണ് വീണ്ടും ഒരു ഇൻറർവ്യൂവിന് ക്ഷണിച്ചുകൊണ്ടുള്ള കാർഡ് അയാൾക്ക് കിട്ടുന്നത്. ആശ്വാസമല്ല. അരിശവും ദുഃഖവും പകയും ഒക്കെയാണ് ആ കാർഡ് കിട്ടിയപ്പോൾ അയാൾക്ക് തോന്നിയത്. കടം വാങ്ങി വീണ്ടും ഒരു യാത്ര. ഇൻറ ർവ്യൂ എന്ന പേരിൽ കുറേ ചോദ്യങ്ങൾ. പിന്നെ കൂടി വന്നാൽ ജോലിക്ക് തിരഞ്ഞെടുക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു എന്ന് ജീവനില്ലാത്ത അച്ചടി അക്ഷരം നിരത്തിയ മറ്റൊരു കാർഡ്…. ഇതൊക്കെയാണ് നിരാശ പിടിച്ചടക്കിയ അയാളുടെ മനസ്സിലൂടെ ആദ്യം കടന്നു പോയത്. ഇതിന് മുമ്പ് എത്രയോ വട്ടം അരങ്ങേറിയനാടകത്തിലെ അപ്രസക്തമായ കോമാളി വേഷം വീണ്ടും കെട്ടുകയാണ് താനെന്ന ചിന്ത അയാളെ അസ്വസ്ഥനാക്കി.

എങ്കിലും നിശ്ചിത സമയത്ത് തന്നെ അയാൾ ഇൻറർവ്യൂവിന് എത്തിച്ചേർന്നു. നാലു പേരടങ്ങുന്ന ബോർഡിന് മുമ്പാകെയാണ് അയാൾക്ക് ഹാജരാകാനു ണ്ടായിരുന്നത്.

കൂട്ടം കൂടിനിൽക്കുന്ന ഉദ്യോഗാർത്ഥികളിൽനിന്നും ഓരോരുത്തരെയായി വിളിക്കുകയാണ് ചെയ്തിരുന്നത്. കർട്ടനിട്ട മറച്ച മുറിക്കകത്തെ ഇൻറർവ്യൂ സംഭാഷണം പുറത്ത് നിൽക്കുന്നവർക്ക് കേൾക്കാമായിരുന്നു. രംഗം ഭാഗികമായി കാണാനും കഴിഞ്ഞിരുന്നു.

രണ്ടോ മൂന്നോ പേരുടെ ഇൻറർവ്യൂ കഴിഞ്ഞപ്പോൾ തന്നെ പുറത്ത് കാത്തിരുന്ന സുഹൃത്തിന് മനസ്സിലായി, ഒരു പ്രസക്തിയും ഇല്ലാത്ത ചോദ്യങ്ങളാണ് ചോദിക്കുന്നത്. അയാളിൽ രോഷം പുകയുകയായിരുന്നു.

അവസാനം പ്രസ്തുത സുഹൃത്തിൻറെ ഊഴമെത്തി. സർട്ടിഫിക്കറ്റുകൾ അടങ്ങിയ കടലാസ് ഫയലു മായി അയാൾ അകത്തെത്തി.
ഇൻറർവ്യൂ ബോർഡിൻറെ മേധാവി എന്ന് തോന്നിച്ച മാന്യനാണ് പേര് ചോദിച്ചത്. സുഹൃത്ത് പേര് പറഞ്ഞു. അപ്പോൾ മറ്റൊരാൾ അച്ഛൻറെ പേര് ചോദിച്ചു. അയാൾ അതും പറഞ്ഞു. അപ്പോൾ മറ്റൊരാൾക്ക് ഗ്രാമത്തിൻറെ പേരറിയണം. അയാൾ അതും പറഞ്ഞു. അയാളുടെ ക്ഷമ എന്തുകൊണ്ടോ നശിക്കുകയായിരുന്നു.
അപ്പോൾ, പൊടുന്നനെ ഇൻറർവ്യൂ ബോർഡിൻറെ മേധാവി സഗൗരവം മറ്റൊരു ചോദ്യം തൊടുത്തു വിട്ടു.

“കേരളത്തിൻറെ തലസ്ഥാനം ഏതാണ്?”

സുഹൃത്തിന് അരിശം നിയന്ത്രിക്കാനായില്ല. എങ്കിലും അത് തീരെ പുറത്ത് പ്രകടിപ്പിക്കാതെ അയാൾ പറഞ്ഞു :
“ലക്നൗ”
ബോർഡിലെ അംഗങ്ങൾ മുഖാമുഖം നോക്കി. പുറത്ത് ശേഷിച്ചിരുന്ന ഉദ്യോഗാർത്ഥികൾ ആ മറുപടി കേട്ട് ഉറക്കെ ചിരിച്ചു.

കൂട്ടച്ചിരി മുഴക്കുന്ന അവരുടെ നേരെ തിരിഞ്ഞ് സുഹൃത്ത് കോപാകുലനായി വിളിച്ചു പറഞ്ഞു:

“ചിരിക്കാതെടാ തെണ്ടികളെ. കേരളത്തിൻറെ തലസ്ഥാനം തിരുവനന്തപുരമാണെന്ന് പറഞ്ഞാൽ ഇവരെനിക്ക് ജോലി എടുത്തു തരാൻ പോവുകയല്ലേ? ഇത് പതിമൂന്നാം തവണയാണ് ഞാൻ ഇൻറർവ്യൂ വിനു ഹാജരാകുന്നത്….

കടുത്ത മറ്റു ചില വാക്കുകൾ കൂടി പറഞ്ഞു, കനത്ത കാൽവെപ്പുകളോടെ, രോഷം ജ്വലിക്കുന്ന മുഖത്തോടെ അയാൾ മുറിയിൽ നിന്ന് സർട്ടിഫിക്കറ്റുകളും ചുരുട്ടി കൂട്ടിയെടുത്ത് പുറത്തിറങ്ങി. തൻറെ ഓരോ ചുവടു വെയ്പ്പിലും ലോകത്തോട് മുഴുവനുമുള്ള പകയുണ്ടെന്ന് അയാളറിഞ്ഞു. ഇൻറർവ്യൂ ബോർഡ് അടുത്ത ഉദ്യോഗാർത്ഥിയുടെ പേര് വിളിച്ചപ്പോൾ അയാൾ തലയുയർത്തിപ്പിടിച്ചുകൊണ്ട് കെട്ടിടത്തിൻറെ പടിയിറങ്ങുകയായിരുന്നു.

താൻ ചെയ്തത് ഒരു വീര സാഹസിക കൃത്യമാണെന്ന് സുഹൃത്ത് എന്നും വിശ്വസിച്ചിരുന്നു. ആ തൻറേ ടത്തെ പലരും അഭിനന്ദിക്കുകയും ചെയ്തു. തൊഴിൽരഹിതമായ ഒരു തലമുറയുടെ മുഴുവൻ രോഷവും ആണ് അയാൾ പ്രകടിപ്പിച്ചത് എന്ന് പലരും പുകഴ്ത്തി. യുക്തിക്ക് ഒരുതരത്തിലും നിരക്കാത്തതും കളിയാക്കൽ സ്വഭാവമുള്ളതുമായ ഇത്തരം ബാലിശ ചോദ്യങ്ങൾ ബി എ നിലവാരത്തിലുള്ള ഒരു ഉദ്യോഗാർത്ഥിയോട് ചോദിക്കുന്ന ഇത്തരം ഇൻറർവ്യൂ ബോർഡുകളെ അയാൾ ഒരുപാഠം പഠിപ്പിക്കുകയായിരുന്നു എന്നുവരെ ആളുകൾ പറഞ്ഞു.

എന്നാൽ അയാൾ ചെയ്തത് തികച്ചും വിവരക്കേടാണെന്നും ഒരു ജോലിക്കും അയാൾ അർഹനല്ലെന്നും പതിമൂന്നല്ല 123 ഇൻറർവ്യൂവിന് ചെന്നാലും അയാൾക്ക് ജോലി കിട്ടിയില്ലെന്നും ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കുന്നത് ക്രൂരത കൊണ്ടല്ല. അത്തരം ചോദ്യങ്ങൾ ചോദിക്കുന്ന ഇ ൻറർവ്യൂ ബോർഡിനെ ന്യായീകരിക്കാൻ വേണ്ടിയും അല്ല. വസ്തുതകളെ കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുന്നത് കൊണ്ട് മാത്രമാണ്.

ബി എ ബിരുദധാരിയായ ഒരു ചെറുപ്പക്കാരനോട് കേരളത്തിൻറെ തലസ്ഥാനം ഏത് എന്ന് ചോദിച്ചതിന് ഒരു യുക്തിയും ഇല്ലായിരിക്കാം. പ്രസക്തി എന്നത് ആ ചോദ്യത്തിൻറെ നാലയലത്ത് കൂടി പോയിട്ടില്ലായിരിക്കും. 13 പ്രാവശ്യം ഇൻറർവ്യൂവിന് പോയിട്ടും ജോലി കിട്ടാതിരുന്ന ഹതാശനായ ഒരു ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം ആ ചോദ്യം പ്രകോപനപരമായിരിക്കാം. എങ്കിലും ആ ചോദ്യം തികച്ചും ന്യായവും സാന്ദർഭികവുമാണെന്ന് ഞാൻ കരുതുന്നു. എന്തുകൊണ്ട് അങ്ങനെ കരുതുന്നു എന്നുകൂടി വിവരിക്കാം. പരിഹാസ്യം ആണെന്ന് തോന്നിക്കുന്ന അത്തരം ചോദ്യങ്ങൾക്ക് മുന്നിൽ പ്രതിഷേധ സൂചകമായി നിശബ്ദത പാലിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്തതുകൊണ്ട് സുവർണ്ണാവസരങ്ങൾ വരെ നഷ്ടപ്പെടുത്തിയവർക്കും നഷ്ടപ്പെടുത്താൻ പോകുന്നവർക്കും ഒരുപക്ഷേ അത്തരമൊരു വിവരണം ഗുണം ചെയ്തേക്കും.

ഒരു ഇൻറർവ്യൂ കൊണ്ട് ഉദ്ദേശിക്കുന്നത് ഒരാളുടെ ലോകവിജ്ഞാനം അളക്കുക എന്നത് മാത്രമല്ല. ഒരു പ്രശ്നത്തോട് ഒരാൾ എങ്ങനെ പ്രതികരിക്കുന്നു എന്നു കൂടി അറിയുക എന്നതാണ് ലക്ഷ്യം. അയാളുടെ മനസ്സാന്നിധ്യം, സഹിഷ്ണുത, ക്ഷമ, ജാഗ്രത, പ്രകോപന പ്രതിരോധശേഷി തുടങ്ങിയവയെല്ലാം അളക്കപ്പെടുന്ന സന്ദർഭമാണ് അഭിമുഖം. കേരളത്തിൻറെ തലസ്ഥാനം ഏത് എന്ന ചോദ്യം കേട്ടാൽ ഉടൻ ആ ചോദ്യത്തിൻറെ യുക്തി ഇല്ലായ്മയെ കുറിച്ച് പ്രകോപിതനാകുന്ന ഒരാൾക്ക്, ഓർക്കുക, ജീവിതത്തിൽ ഒരിക്കലും ഒരു നല്ല ഉദ്യോഗസ്ഥൻ പോകട്ടെ ഉത്തരവാദിത്വമുള്ള ഒരു പൗരൻ കൂടി ആകാൻ കഴിയില്ല.

യുക്തി രഹിതമായ എത്രയെത്ര പ്രശ്നങ്ങളാണ് ജീവിതത്തിലേക്ക് കടന്നുവന്ന് നിത്യേന കൊഞ്ഞനം കാട്ടുന്നത് എന്ന് മാത്രം ചിന്തിച്ചു നോക്കുക. യുക്തിയില്ല എന്നതുകൊണ്ട് മാത്രം ഒരു പ്രശ്നത്തിൻറെ തീവ്രത കുറയുമോ?

മേൽപ്പറഞ്ഞ സുഹൃത്തിന് അബദ്ധവശാൽ ഒരു പോലീസ് സബ് ഇൻസ്പെക്ടറായി നിയമനം കിട്ടി എന്ന് വയ്ക്കുക. താൻ പോറ്റി വളർത്തിയ തൻറെ ഏക മകൻ നിത്യേന തന്നെ മർദ്ദിക്കുന്നു എന്ന പരാതിയുമായി വൃദ്ധയായ ഒരു മാതാവ് അയാളുടെ അടുത്ത് എത്തുന്നു. ഓമനമകൻ അമ്മയെ തല്ലുന്നു എന്ന പ്രശ്നത്തിന് എന്ത് യുക്തി? ശരാശരി സാംസ്കാരിക നിലവാരം വെച്ച് നോക്കുമ്പോൾ എന്ത് പ്രസക്തി? ഇങ്ങനെയൊക്കെയെ അയാൾക്ക് ചിന്തിക്കാനാവു. മകൻറെ തല്ലു കൊള്ളേണ്ടിവന്ന അമ്മയെ വിരട്ടി യോടിക്കാൻ പോലും അയാൾ തയ്യാറായി എന്ന് വരും!!!
( തുടരും)

Share: