നന്മയുടെ പ്രതിരൂപം!!!

സിനിമയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയ കാലം മുതൽ മനസ്സിലുള്ള ഒരു ചിത്രമാണ്, ജനറൽ പിക്ചേഴ്സ്.
അതിനു കാരണം, എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ, ക്ലാസ്സിൽ ഉള്ള കുട്ടികളെ എല്ലാവരെയും കൂടി സിനിമ കാണിക്കാൻ കൊണ്ടുപോയി. അടുത്തു കുറ്റിപ്പുറത്തുള്ള എസ്. എ. ജി. തിയേറ്ററിൽ.
‘അന്വേഷിച്ചു; കണ്ടെത്തിയില്ല’- അതായിരുന്നു സിനിമ.
അമ്മാവന്മാർ മദ്രാസിൽ സിനിമയുമായി അടുത്തുനിൽക്കുന്നവരായത്കൊണ്ട് അവർ വരുമ്പോൾ പറയുന്ന കഥകൾ കേട്ട് മനസ്സിൽ ഒരു സിനിമാ ചിത്രം രൂപപ്പെട്ടിരുന്നു. എംജി രാമചന്ദ്രനും എം എൻ നമ്പ്യാരും ഒക്കെ അവരുടെ സൗഹൃദയത്തിൽ ഉണ്ടായിരുന്നു.
വലിയ മാമൻ അന്ന് ‘നിണമണിഞ്ഞ കാൽപ്പാടുകൾ’ എന്ന സിനിമയിൽ അഭിനയിക്കുവാനും തയ്യാറെടുക്കുകയായിരുന്നു.
‘അന്വേഷിച്ചു; കണ്ടെത്തിയില്ല’ സിനിമ കണ്ടപ്പോൾ അതിൻറെ നിർമ്മാതാവിനെ നേരിൽ കാണണമെന്ന് ഒരു മോഹം എട്ടാം ക്ലാസുകാരൻറെ മനസ്സിലുണ്ടായി.
സിനിമയുടെ നിർമ്മാണം: രവി.
മനസ്സിൽ നിന്നും ആ പേര് മാഞ്ഞില്ല. അതേക്കുറിച്ചുള്ള അന്വേഷണമായി.
കൊല്ലത്താണ് ജനറൽ പിച്ചേഴ്സ് ഓഫീസ്.
സിനിമ കണ്ടശേഷം പരിചയപ്പെട്ട മജീദിനോട് ചോദിച്ചു: അദ്ദേഹത്തെ ഒന്ന് കാണാൻ പറ്റുമോ?.
മജീദ് ജനറൽ പിച്ചേഴ്സിൻറെ ഫിലിം റെപ്രസെൻറെറ്റീവ് ആണ്.
അദ്ദേഹം പറഞ്ഞു : “ഇന്നുവരെ രവി മുതലാളിയെ ഞാൻ നേരിട്ട് കണ്ടിട്ടില്ല. അവിടെ ജോലി ആണെന്നേയുള്ളൂ. അദ്ദേഹത്തെ അങ്ങനെ കാണാൻ പറ്റത്തില്ല. വലിയ മുതലാളിയാണ്. കോടീശ്വരൻ”!
പിന്നീട്, വർഷങ്ങൾക്കു ശേഷം കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിൽ പഠിക്കുമ്പോൾ ഞങ്ങൾ സിനിമയെടുത്തു. വിദ്യാർത്ഥികൾ മാത്രം ചേർന്ന് ചേർന്ന് ഒരു സിനിമ. ഒരു ഷോർട്ട് ഫിലിം. ദി ഗ്യാപ് , ആദ്യത്തെ ക്യാംപസ് സിനിമ !
സുബ്രഹ്മണ്യം നിർമ്മാണം, സംവിധാനം. കഥ, തിരക്കഥ, നായിക വേഷം എനിക്ക്. സൂര്യകുമാർ കെ. ഷാ, ഛായാഗ്രഹണം. മോളി നായിക. ജോൺ പണിക്കർ, സാം, രാജശേഖരൻ, രവികുമാർ, ഓമനക്കുട്ടൻ, വേണു ബി. നായർ, അപ്പുക്കുട്ടൻ തുടങ്ങിയവർ അഭിനയിച്ചു. അതിൻറെ പ്രദർശനോദ്ഘാടനത്തിന് ജനറൽ പിച്ചേഴ്സ് രവി മുതലാളിയെ ക്ഷണിക്കുന്നു.
പ്രിൻസിപ്പാൾ റോസാറിയോ അച്ഛൻ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നു.
രണ്ടാമത്തെ ഹൃസ്വ ചിത്രം ‘പകലുകൾ തേടുന്ന രാവുകളുടെ ‘ നിർമ്മാണോദ്‌ഘാടനത്തിനു വന്നപ്പോൾ പരിചയം ശക്തമായി.
“രാജന് നിങ്ങൾ ഒരു സിനിമ കൊടുക്കണം”. പ്രിൻസിപ്പാൾ റോസാറിയോ അച്ഛൻ പറഞ്ഞു.
“വരൂ എൻറെ ഓഫീസിലേക്ക്. രാജശേഖരൻ നായരെ കണ്ടാൽ മതി”.
അടുത്ത ദിവസം തന്നെ അദ്ദേഹത്തിൻറെ ഓഫീസിലെത്തുന്നു. രാജശേഖരൻ നായരെ കാണുന്നു.
“എന്താ കാര്യം”- കടുത്ത ശബ്ദത്തിൽ രാജശേഖരൻ നായർ ചോദിച്ചു
“രവി മുതലാളി പറഞ്ഞിട്ടാണ് വന്നത്.”
അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
‘ദി ഗ്യാപ്’ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു.
“തിരക്കഥ വല്ലതുമുണ്ടോ?” ചോദ്യം
“ആനന്ദക്കുട്ടൻ സാറിൻറെ രാധാമാധവം കഥയെ അടിസ്ഥാനമാക്കി ഒരു തിരക്കഥ പൂർത്തിയാക്കിയിട്ടുണ്ട്”.
” രാജശേഖരൻ നായരെ ഏൽപ്പിക്കു. വായിച്ചിട്ട് പറയാം”.
അവിടെ തുടങ്ങിയ സൗഹൃദം.
തിരക്കഥകൾ പിന്നെയും എഴുതി . കാക്കനാടൻ, എം മുകുന്ദൻ, പത്മരാജൻ, കെ ജി സേതുനാഥ് തുടങ്ങിയവരുടെ കഥകൾ, നോവലുകൾ.
വൈക്കം മുഹമ്മദ് ബഷീറിൻറെ മതിലുകളും എം ടി വാസുദേവൻ നായരുടെ വളർത്തുമൃഗങ്ങളും അവിടെ വാങ്ങി വച്ചിട്ടുണ്ട്.
‘മതിലുകൾ’ അടിസ്ഥാനമാക്കി പാറപ്പുറം എഴുതിയ തിരക്കഥ കയ്യിൽ തന്നു. വായിച്ചു നോക്കാൻ.
“അരവിന്ദൻറെ ഉത്തരായണം വിതരണത്തിന് എടുത്തു. അടുത്ത ചിത്രം അരവിന്ദൻ ആയിരിക്കും ചെയ്യുക. തമ്പ്.”
അതെ സർക്കസുകാരുടെ കഥയാണ്.
എം ടി പിണങ്ങി.
വളർത്തുമൃഗങ്ങളുടെ കഥയാണ് തമ്പ് എന്ന് എം ടി പരാതിപ്പെട്ടു.
സംവിധായകൻ പി . ഭാസ്കരൻ പിണങ്ങി. വളർത്തുമൃഗങ്ങളും മതിലുകളും സംവിധാനം ചെയ്യുന്നത് പി . ഭാസ്കരൻ ആണെന്ന് നേരത്തെ പരസ്യം ചെയ്തിരുന്നു.
അരവിന്ദൻറെയും അടൂർ ഗോപാലകൃഷ്ണന്റെയും ചിത്രങ്ങൾ.
എം ടി രണ്ടു ചിത്രങ്ങൾ ചെയ്തു. മഞ്ഞും അതിൻറെ ഹിന്ദി പതിപ്പും.
എൻറെ തിരക്കഥകൾ ഒന്നും സിനിമയില്ല.
ഉഷാമ്മ ( ഉഷ രവി ) പറഞ്ഞ കഥ അടിസ്ഥാനപ്പെടുത്തി എഴുതിയ തിരക്കഥ പോലും!
അതൊന്നും സൗഹൃദത്തെ ബാധിച്ചില്ല.
വീട്ടിലും ബീച്ചിലും ക്ലബ്ബിലും ഓഫീസിലും ഒക്കെയായി നിരവധി ചർച്ചകൾ.
പബ്ലിക് ലൈബ്രറി, പുതിയ സിനിമ, പുതിയ പദ്ധതികൾ, പ്രസിദ്ധീകരണം…
‘മലയാള നാട്’ നിന്നപ്പോൾ, കരിയർ മാഗസിൻ തുടങ്ങാൻ തീരുമാനിച്ചപ്പോൾ എല്ലാ പിന്തുണയും അദ്ദേഹം തന്നു. കൊല്ലം പബ്ലിക് ലൈബ്രറിയുടെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തി. അതിൻറെ പ്രസിദ്ധീകരണത്തിൻറെ എഡിറ്റോറിയൽ ബോർഡിലും.
വളരെ റിസ്ക്കുള്ള ബിസിനസ് ചെയ്യരുതെന്ന് പറഞ്ഞു.
സുഹൃത്തിനെപ്പോലെ, പിതാവിനെപ്പോലെ ഉപദേശിച്ചു.
48 വർഷക്കാലത്തെ സൗഹൃദം!
അദ്ദേഹം വിട പറഞ്ഞിട്ട് രണ്ടു വർഷങ്ങൾ, ഇന്ന്. ഓർമ്മകൾക്ക് മുന്നിൽ പുഷ്പാഞ്ജലി!
. രാജൻ പി തൊടിയൂർ
–






