പി എസ് സി : വിശ്വാസ്യത കാത്തുസൂക്ഷിക്കണം
അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങൾ കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ഉദ്യോഗാർഥികൾക്കുള്ള വിശ്വാസ്യതയെ ബാധിച്ചിണ്ട് എന്ന് പരക്കെ പറഞ്ഞു കേൾക്കുന്നു. നാൽപ്പത് ലക്ഷത്തിലേറെ വരുന്ന കേരളത്തിലെ ഉദ്യോഗാർഥികളുടെ ഭാവി ജീവിതവുമായി ബന്ധപ്പെട്ട ഈ വിഷത്തെക്കുറിച്ചു കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂർ , ‘എൻറെ റേഡിയോ 91.2 ലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിൽ , മുംതാസ് രഹാസുമായി സംസാരിക്കുന്നു.
മുംതാസ് രഹാസ് : യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഭവ വികാസങ്ങൾ കേരളത്തിലെ ഉദ്യോഗാർഥികളുടെ പി എസ് സി യിലുള്ള വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ടൊ ? എന്താണ് അതേക്കുറിച്ചു പറയാനുള്ളത്?
രാജൻ പി തൊടിയൂർ : സാധാരണക്കാരായ യുവതീ യുവാക്കളുടെ തൊഴിൽ സങ്കല്പങ്ങളിലുള്ള ഏക പ്രതീക്ഷയാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ. നാൽപ്പതു ലക്ഷത്തിലധികം ചെറുപ്പക്കാരാണ് തൊഴിലിനുവേണ്ടി പി എസ് സി യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. . പി.എസ്.സി.യുടെ വിശ്വാസ്യത തകർക്കുന്ന രീതിയിലുള്ള സംഭവങ്ങൾ ആണ് തിരുവനന്തപുരത്തു നടന്നത്. യൂണിവേഴ്സിറ്റി കോളേജിൽ നടന്ന കുത്തുകേസിലെ പ്രതികൾ ഒന്നും രണ്ടും റാങ്ക് നേടിയത് ഉദ്യോഗാർഥികളിൽ സംശയത്തിൻറെ പുകമറ സൃഷ്ടിച്ചിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ട കൂടുതൽ പേർ റാങ്ക് ലിസ്റ്റിൽ കടന്ന് കൂടിയിട്ടുണ്ടെന്നും ഇതിനു കരണക്കായവരായവരെ സമഗ്രാന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം എന്നും കേരളത്തിലെ രണ്ടു പ്രമുഖ പത്രങ്ങൾ എഡിറ്റോറിയലിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നും രണ്ടും റാങ്ക് നേടിയവരുടെ നിയമന ശുപാർശ പി എസ് സി തടഞ്ഞു വെച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 2754 പേർക്ക് നിയമന ശുപാർശ ലഭിക്കാനിടയുള്ള സിവിൽ പോലീസ് റാങ്ക് പട്ടികയിൽ 10940 പേരാണുൾപ്പെട്ടിട്ടുള്ളത്. കഷ്ടപ്പെട്ട് പഠിച്ചു പരീക്ഷ എഴുതിയ കുട്ടികളുടെ കഠിനാദ്ധ്വാനവും സത്യസന്ധതയുമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. പി.എസ്.സി ക്രമക്കേടുകളെക്കുറിച്ച് സിബിഐ ന്വേഷിക്കണമെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്.
മുംതാസ് രഹാസ് :കുത്തുകേസിലെ ഒന്നാം പ്രതിയുടെ മാർക്ക്(91.91) , 55 മാർക്കിന് ഉത്തരം വ്യക്തമായി അറിയാമായിരുന്നെന്നും ബാക്കിയുള്ളത് കറക്കി കുത്തിലൂടെ ലഭിച്ചതാണെന്നുമുള്ള പ്രതിയുടെ പോലീ സ് മൊഴി, വ്യാജ സർട്ടിഫിക്കറ്റും യൂണിവേഴ്സിറ്റി ഉത്തരക്കടലാസുകളും, ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ വ്യാജ സീൽ തുടങ്ങിയവയും – ഇതിനെയൊക്കെ ന്യായീകരിക്കുന്ന രീതിയിലുള്ള പി എസ് സി ചെയർമാന്റെ പ്രതികരണവും , ഉദ്യോഗാർഥികളുടെ പ്രതീക്ഷ ഇല്ലാതാക്കുന്നില്ലേ ?
രാജൻ പി തൊടിയൂർ : പോലീസ് റാങ്ക് പട്ടികയിലെ ഉയർന്ന മാർക്കിൽ അസ്വാഭാവികത ഒന്നും ഇല്ലെന്ന പി എസ് സി ചെയർമാന്റെ പ്രതികരണം ഒരിക്കലും ഉദ്യോഗാർഥികൾക്ക് പ്രതീക്ഷ നൽകുന്നതായിരുന്നില്ല. നാല്പത് ലക്ഷത്തിലേറെ തൊഴിൽ രഹിതർ ജോലിക്കായി വിശ്വാസമർപ്പിച്ചിരിക്കുന്ന ഒരു സ്ഥാപനത്തിൻറെ ലക്ഷങ്ങൾ ശമ്പളമായും യാത്രക്കായും മറ്റും വാങ്ങുന്ന ചെയര്മാൻ , കൂടെ യാത്ര ചെയ്യുന്ന ഭാര്യക്ക് കൂടി സർക്കാർ ഖജനാവിൽ നിന്ന് പണം വേണമെന്നാവശ്യപ്പെട്ടതിലൂടെ അദ്ദേഹത്തിന് ഉദ്യോഗാർഥികളോടുള്ള പ്രതിബദ്ധത മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതിലൊക്കെ അൽപ്പം സേവന മനോഭാവവും സത്യസന്ധതയും വേണം. ഇത്തരം ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നവർക്കു സ്വാർത്ഥ താൽപ്പര്യം മാത്രമാണുള്ളതെങ്കിൽ നീതിക്കും ന്യായത്തിനും ഇടം ലഭിക്കില്ല.അതാണുദ്യോഗാർഥികളുടെ ദുര്യോഗം. അധികാരപ്പെട്ടവർ അറിയാതെ പി എസ് സി യിലും യൂണിവേഴ്സിറ്റിയിലും ഇത്തരം ഒരു റാക്കറ്റ് ഉണ്ടാവുകയില്ല.
മുംതാസ് രഹാസ് : അനർഹരായവർ റാങ്ക് ലിസ്റ്റിൽ പെടുമ്പോൾ , കഷ്ടപ്പെട്ട് പഠിച്ചവർ പുറംതള്ളപ്പെടുന്നു . എന്താണൊരു പരിഹാരം?
രാജൻ പി തൊടിയൂർ : വർഷങ്ങളോളം കഠിന പ്രയത്‌നം നടത്തിയാണ് ഉദ്യോഗാർഥികൾ പി എസ് സി റാങ്ക് ലിസ്റ്റിൽ കടന്നുകൂടുന്നത്. ലക്ഷക്കണക്കിന് കുട്ടികളാണ് ഓരോ പരീക്ഷക്കും ഇപ്പോൾ മത്സരിക്കാനുള്ളത്. നിയമനം ലഭിക്കുന്നതിനും വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്നു. റാങ്ക് ലിസ്റ്റിൽ വരുന്ന പകുതി പേർക്കുപോലും പലപ്പോഴും നിയമനം ലഭിക്കാറില്ല. ഒന്നാം റാങ്ക് ലഭിച്ചിട്ടും നിയമനം ലഭിക്കാതെ വന്നവരും പി എസ് സിയുടെ ചരിത്രത്തിലുണ്ട്. ഒരു ഉദ്യോഗാർത്ഥിയെ സംബന്ധിച്ചിടത്തോളം പി എസ് സി റാങ്ക് പട്ടിക അയാളുടെ ആശയും അഭിലാഷവുമാണ്. അത്രയും വലിയ പ്രതീക്ഷയോടെയാണ് കഷ്ടപ്പെട്ട് പഠിച്ചു പരീക്ഷ എഴുതുന്ന ഓരോരുത്തരും പി എസ് സി യെ കാണുന്നത്. ഒരു റാങ്ക് ലിസ്റ്റിലും അനർഹരായവരെ കടന്നു കൂടാതിരിക്കാൻ പി എസ് സി ശ്രദ്ധിക്കണം. അതിന് പിന്നിൽ രാഷ്ട്രീയവും മതവും ഒന്നും മാനദണ്ണം ആകരുത്. അതിന് ശ്രമിക്കുന്നവരെ മുഖം നോക്കാതെ ശിക്ഷിക്കാൻ ഭരണകൂടം മുന്നിട്ടു നിൽക്കണം. സിവിൽ പോലീസ് റാങ്ക് ലിസ്റ്റ് സംശയത്തിൻറെ നിഴലിലാണ്. അതിനു കാരണക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കാൻ സർക്കാർ തയ്യാറാകണം.
മുംതാസ് രഹാസ് :പി എസ് സിയെ കുറിച്ചുള്ള ആരോപണങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. പരീക്ഷയിലെ ആൾമാറാട്ടം, ചോദ്യക്കടലാസ് ചോർച്ച, ചോദ്യങ്ങൾക്കുത്തരം മൊബൈൽ ഫോണിലൂടെ നൽകുക തുടങ്ങിയ കാര്യങ്ങൾ…?
രാജൻ പി തൊടിയൂർ : പി എസ് സിയുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന രീതിയിലുള്ള ഒന്നും ആരും പറയരുതെന്ന് പി എസ് സി ചെയർമാൻ പത്ര പ്രസ്താവന ഇറക്കുകയുണ്ടായി. പി എസ് സിയിൽ കെടുകാര്യസ്ഥത ഉണ്ട് എന്ന് ഇപ്പോൾ എല്ലാവർക്കുമറിയാം. കഴിഞ്ഞ മുപ്പത്തിനാല് വർഷമായി കരിയർ മാഗസിൻ ഇതിനെതിരെ ശബ്ദമുയർത്തുന്നുണ്ട്. ഒരു മുൻ പി എസ് സി ചെയർമാനെതിരേ സത്യവിരുദ്ധമായ കാര്യം പറഞ്ഞതിന് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. അദ്ദേഹം അത് തിരുത്തി. പരീക്ഷയിലെ ക്രമക്കേടുകളും ആൾമാറാട്ടവും ഒഴിവാക്കുന്നതിനായി ഓൺലൈൻ പരീക്ഷാ രീതി വ്യാപകമാക്കണമെന്നും പരീക്ഷാഫലം പരീക്ഷാർഥികളെ ഉടൻതന്നെ അറിയിക്കണമെന്നും ഹൈക്കോടതി മുഖേന പി എസ് സിയോടാവശ്യപ്പെടുകയുണ്ടായി . ലക്ഷക്കണക്കിന് രൂപ മുടക്കിയിട്ടും ഓൺലൈൻ പരീക്ഷ സമ്പ്രദായം പൂർണ്ണമായി നടപ്പാക്കാൻ ഇതുവരെ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. അതിന് തയ്യാറാകുന്നില്ല എന്നതാണ് ശരി . സത്യസന്ധമായി പരീക്ഷ എഴുതി കാത്തിരിക്കുന്ന ഉദ്യോഗാർഥികർ അഴിമതിക്കെതിരെ മുന്നിട്ടിറങ്ങാൻ തയ്യാറാകണം. ഏറ്റവും ശാസ്ത്രീയമായ സംവിധാനം ഉപയോഗിച്ചുള്ള അന്വേഷണത്തിന് പി എസ് സി തയ്യാറാകണം. വിശ്വസനീയവും യുക്തവുമായ അന്വേഷണ ഏജൻസിയെ ചുമതല ഏൽപ്പിക്കണം. ഉദ്യോഗാർഥികളോടുള്ള പ്രതിബദ്ധത വെളിപ്പെടുത്താൻ പി എസ് സിക്ക് ഉത്തരവാദിത്തമുണ്ട്.
മുംതാസ് രഹാസ് : താൽക്കാലിക നിയമനം, കരാർ നിയമനം, ദിവസവേതന നിയമനം തുടങ്ങി നിരവധി പേരുകളിൽ നിയമനങ്ങൾ നടക്കുന്നു. ഉദ്യോഗാർഥികളെ കബളിപ്പിച്ചുകൊണ്ടുനടത്തുന്ന ഇത്തരം നീക്കങ്ങൾക്ക് തടയിടാൻ കഴിയാത്തതെന്തുകൊണ്ടാണ്?
രാജൻ പി തൊടിയൂർ : സർക്കാർ ശമ്പളം നൽകുന്ന എല്ലാ നിയമനങ്ങളും പി എസ് സി മുഖേന ആയിരിക്കണമെന്നുള്ള നിയമത്തെ കാറ്റിൽ പറത്തിക്കൊണ്ടാണ് ലക്ഷക്കണക്കിന് വരുന്ന ഉദ്യോഗാർഥികളെ പരിഹസിച്ചുകൊണ്ട് താൽ.ക്കാലിക നിയമനം, കരാർ നിയമനം, ദിവസവേതന നിയമനം തുടങ്ങിയ നിയമനങ്ങൾ നടത്തുന്നത്. ഇത് തികഞ്ഞ അഴിമതിയാണ്. ഇവയിൽ മിക്കതും സ്ഥിരപ്പെടുത്തുകയും സാധാരണക്കാരായ ഉദ്യോഗാർഥികൾ കബളിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം നിയമനകൾക്കിടനൽകാതെ പ്രവർത്തിക്കേണ്ടത് പി എസ് സിയാണ്. പക്ഷെ പി എസ് സിക്ക് അതിനു കഴിയുന്നില്ല. പി എസ് സി റാങ്ക് പട്ടിക നിലവിലില്ലാത്ത തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന ആയിരിക്കണമെന്നതാണ് നിയമം. എന്നാൽ അനധികൃത നിയമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഒരുവർഷം ഇത്തരത്തിലുള്ള അൻപതിനായിരത്തിലേറെ നിയമനങ്ങൾ നടക്കുന്നതായാണ് അറിയുന്നത്. ഇതിൽ വൻ തോതിൽ അഴിമതി നടക്കുന്നതായി എല്ലാവർക്കുമറിയാം.
മുംതാസ് രഹാസ് : യൂണിവേഴ്സിറ്റി ഉത്തരക്കടലാസ് ചോർച്ച, പി എസ് സി റാങ്ക് ലിസ്റ്റിലെ തിരിമറി , ഇതിലൊക്കെ അദ്ധ്യാപകർക്കും ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണല്ലോ കേഴ്ക്കുന്നത് ?
രാജൻ പി തൊടിയൂർ : ഉത്തരവാദപ്പെട്ടവരുടെ സഹായമില്ലാതെ ഇത്തരം അഴിമതികൾ നടക്കുകയില്ല എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ട് എന്നത് അധികാരികൾ മനസ്സിലാക്കണം. കോളേജ് അദ്ധ്യാപകർക്കും പി എസ് സി ഉദ്യോഗസ്ഥന്മാർക്കും ഇതിൽ പങ്കുണ്ടെങ്കിൽ അത് കണ്ടെത്താനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാനും ഭരണകൂടം തയ്യാറാകണം. ഇതിനായി ആരംഭിച്ച ക്രൈം ബ്രാഞ്ച് അന്വേഷണം മരവിപ്പിച്ചതായാണ് പുതിയ വാർത്ത. യൂണിവേഴ്സിറ്റി ഉത്തരക്കടലാസ് കടത്തിയ കേസിൽ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ട്.
പി എസ് സി റാങ്ക് ലിസ്റ്റിൽ നടന്ന ക്രമക്കേടിലും ഉദ്യോഗസ്ഥന്മാരുടെ പങ്കുണ്ടെന്ന് സാധാരണക്കാർ വിശ്വസിക്കുന്നു. ഇതിൻറെ നിജസ്ഥിതി അറിയാൻ അനേക ലക്ഷം വരുന്ന ഉദ്യോഗാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും അവകാശമുണ്ട്. വിശ്വാസ്യത കാത്തുസൂക്ഷിക്കുതിനുള്ള ഉത്തരവാദിത്വം പി എസ് സി ചെയർമാനും സർക്കാരിനും ഒരുപോലെയാണുള്ളത്.