വിദേശങ്ങളിൽ അവസരങ്ങൾ കുറയുന്നില്ല: രാജൻ പി തൊടിയൂർ

Share:

യൂ എ ഇ യിൽ , വോഗ് പബ്ലിഷിങ്ങിൻറെ ജനറൽ മാനേജരും ചീഫ് എഡിറ്ററും , വിഷൻ ടി വി യുടെ ഡയറക്ടർ , മൈ യൂ കെ നെറ്റ് വർക്കിൻറെ സി ഇ ഒ എന്നീ നിലകളിൽ പ്രവർത്തിച്ച രാജൻ പി തൊടിയൂർ ‘എൻറെ റേഡിയോ 91.2 ലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിൽ വിദേശ ജോലിയെക്കുറിച്ചും പ്രവാസി ജീവിതത്തെക്കുറിച്ചും മുംതാസ് മുംതാസ് രഹാസുമായി സംസാരിക്കുന്നു.

മുംതാസ് രഹാസ് : നാട്ടിൽ ഭേദപ്പെട്ട സർക്കാർ ജോലിയും പ്രസിദ്ധീകരണ ബിസിനസ്സും ഉണ്ടായിരുന്നിട്ടും വിദേശത്തു പോകാൻ കാരണമെന്താണ് ?

രാജൻ പി തൊടിയൂർ : ഒരു വിദേശ വ്യവസായിയെ ആദ്യമായി പരിചയപ്പെടുന്നത് അമേരിക്കയിലെ സക്സസ് ഫൗണ്ടേഷൻ പ്രസിഡന്റ് എം ആർ കൂപ്മേയെറെയാണ് . ലോക പ്രശസ്തനായ എഴുത്തുകാരനും പ്രസാധകനുമാണദ്ദേഹം. അദ്ദേഹത്തിൻറെ പുസ്തകങ്ങൾ നൂറോളം രാജ്യങ്ങളിൽ പ്രചാരത്തിലുള്ളവയും നിരവധി ഭാഷകളിൽ പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുള്ളവയാണ്. അദ്ദേഹത്തിൻറെ പുസ്തകങ്ങൾ ലോകമെമ്പാടുമുള്ളവർ ജീവിത വിജയത്തിനുള്ള മാർഗ്ഗ രേഖയായി സ്വീകരിച്ചിട്ടുള്ളവയാണ്.
എൺപതുകളിൽ ഗ്ലോബൽ ബിസിനസ്സിനെക്കുറിച്ചു ചിന്തിക്കുകയും അത് യാഥാർഥ്യമാക്കുകയും ചെയ്ത വ്യക്തിയാണ് കൂപ് മേയർ. അദ്ദേഹത്തിൻറെ പുസ്തകങ്ങൾ മലയാളത്തിലും മറ്റ് ഇന്ത്യൻ ഭാഷകളിലും പ്രസിദ്ധീകരിക്കാനുള്ള അവകാശം നേടിയെടുത്തതാണ് ഒരു വിദേശിയുമായുള്ള ബിസിനസ്സിന്റെ തുടക്കം. കരിയർ മാഗസിനിൽ അത് തുടർച്ചയായി പ്രസിദ്ധീകരിക്കുകയും പുസ്തകമാക്കുകയും ചെയ്തു.
വിദേശത്തെ സാദ്ധ്യതകളെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയത് അപ്പോൾ മുതലാണ്. വിദേശത്തു ബിസിനസ് ചെയ്തുകൊണ്ടിരുന്ന എൻറെ സുഹൃത്തും സഹപാഠിയുമായ വേണു കൈതവനത്തറയാണ് വിദേശത്തു പോകാനുള്ള വഴിതുറന്നു തരുന്നത്. ദുബായിലേക്ക് 2004 ൽ അദ്ദേഹം വിസ അയച്ചു തന്നു. അവിടെ ചെന്ന് കഴിഞ്ഞപ്പോഴാണ് അവിടത്തെ സാദ്ധ്യതകൾ മനസ്സിലാക്കുന്നത്. മാദ്ധ്യമ ബിസിനസ്സിൽ സജീവ മാകുന്നതിനും കരിയർ മാഗസിൻ ഗൾഫ് എഡിഷൻ ആരംഭിക്കുന്നതിനും അത് പ്രചോദനമായി. അനേകം ആളുകളുമായും സംസ്കാരവുമായി പരിചയപ്പെടുന്നതിന് ദുബായ് ജീവിതം വഴിതുറന്നു. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ സംഘാടകനായി പ്രവർത്തിച്ച പരിചയം മൂലം ദുബായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിന്റെ കോൺസൾട്ടന്റായി. സിനിമയിലും മാധ്യമ രംഗത്തുമുള്ള അനേകം പേരുമായി അടുപ്പമായി.

മുംതാസ് രഹാസ്: ഗൾഫ് നാടുകളിലെ തൊഴിൽ , ബിസിനസ് സാദ്ധ്യതകളെ ക്കുറിച്ച് എന്താണ് പറയാനുള്ളത്?

രാജൻ പി തൊടിയൂർ: ഇപ്പോഴും അവസരങ്ങളുടെ നാടാണ് ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് നാടുകൾ. ഗൾഫ് നാടുകളുമായുള്ള നമ്മുടെ ബന്ധത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ദുബായ് പോലൊരു നഗരത്തിന് ജീവൻ നൽകിയത് മലയാളികൾ ആണെന്ന് അവിടത്തെ ഭരണാധികാരികൾ പോലും ആവർത്തിക്കുന്ന കാര്യമാണ്. മറ്റു ഗൾഫ് നാടുകളുടെയും വളർച്ചക്ക് മലയാളികളുടെ സംഭാവന ചെറുതല്ല.

യൂ എ ഇ , സൗദി അറേബ്യാ , ഒമാൻ , ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോഴും മലയാളികൾക്ക് തൊഴിൽ ബിസിനസ് അവസരങ്ങൾ ഉണ്ട്. എന്നാൽ മുപ്പത് വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന അവസരമല്ല ഇപ്പോഴുള്ളത്. തൊഴിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് ആവശ്യം കൂടും . പുതിയ നികുതി സമ്പ്രദായം വിവിധ മേഖലകളിൽ തൊഴിൽ സാധ്യത വർദ്ധിപ്പിക്കും. ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ എണ്ണ വ്യവസായത്തെ ആശ്രയിച്ചുള്ള വൈവിധ്യവൽക്കരണം തുടങ്ങിയവ ഗൾഫ് മേഖലയിലെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കും. അക്കൌണ്ടിംഗ്, ഫിനാൻസ് മേഖലകളിൽ മികച്ച ജോലി പരിചയമുള്ളവർക്ക് ഗൾഫിൽ ജോലി സാധ്യത കൂടും. അഞ്ച് മുതൽ പത്ത് വർഷം വരെ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്കായിരിക്കും അവസരം കൂടുതൽ. പണ്ടുകാലത്തെ കായികമായ അവസരങ്ങളിൽ നിന്ന് ബൗദ്ധികമായ അവസരങ്ങളിലേക്കുള്ള മാറ്റം നാം തിരിച്ചറിയണം.ടാക്സ് മാനേജ്മെൻറ് , ഫിനാൻഷ്യൻ പ്ലാനിംഗ് ആൻഡ് അനാലിസിസ്, ഇൻഫർമേഷൻ ആൻഡ് ടെക്നോളജി , ഫിനാൻഷ്യൽ സർവ്വീസ്, ഹ്യൂമൻ റിസോഴ്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ മേഖലകളിൽ പരിജ്ഞാനവും പരിചയവുമുള്ളവർക്ക് ധാരാളം അവസരങ്ങൾ വരും വർഷങ്ങളിൽ ഉണ്ടാകും.

മുംതാസ് രഹാസ് : സ്വദേശിവൽക്കരണം സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ അവസരങ്ങൾ ഇല്ലാതാക്കുന്നില്ലേ ?

രാജൻ പി തൊടിയൂർ: സ്വദേശിവൽക്കരണം ഗൾഫ് നാടുകളിൽ ജോലി തേടിപ്പോകുന്നവർക്ക് ഒരു പ്രശ്നമാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസവും ജോലി പരിചയവുമുള്ളവരെ എല്ലാ മേഖലയിലും ആവശ്യമുണ്ട്. ആഫ്രിക്കയിലും മറ്റു പല രാജ്യങ്ങളിലും തൊഴിലവസരങ്ങൾ വർധിക്കുന്നുണ്ട്. അദ്ധ്യാപകരെ ആവശ്യമുള്ള ലക്സംബർഗ്, ഐ ടി വിദഗ്ദ്ധരെ തേടുന്ന സ്വിറ്റസർലൻഡ് , ഡോക്ടർമാർക് ഉയർന്ന ശമ്പളം ലഭിക്കുന്ന നെതർലാൻഡ് , കുക്കറി കോഴ്സുകൾ പഠിച്ചവരെ ആവശ്യമുള്ള ഡെൻമാർക്ക്, നോർവേ, കാനഡ തുടങ്ങിയ രാജ്യങ്ങളിലും നമ്മെ ആവശ്യമുണ്ട്.

മുംതാസ് രഹാസ്: വിദേശ ജോലി ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണ്?

രാജൻ പി തൊടിയൂർ: തീർച്ചയായും ഒരു വാലിഡ് പാസ്പോർട്ട് . പാസ്പോർട്ട് ഇല്ലാത്തവർപോലും വിദേശ ജോലിയെക്കുറിച്ചു ചിന്തിക്കുന്നുണ്ട്. ഇവിടെ പാസ്പോർട്ട് എടുക്കുന്നത് ഒരു വലിയ ജോലിയല്ല. പക്ഷെ ക്രിമിനൽ കേസിൽ പെട്ടുപോയാൽ അത് ബുദ്ധിമുട്ടാകും. ഏതു വിദേശരാജ്യത്ത് ജോലിചെയ്യാനും ആവശ്യമായ അടിസ്ഥാനരേഖയാണ് പാസ്പോർട്ട് . പാസ്പോര്ട്ടില്ലാതെ വിദേശത്ത് പോകാനോ ജോലി ചെയ്യാനോ സാധിക്കില്ല. ജോലിയിലുള്ള പരിജ്ഞാനം പോലെ പ്രധാനമാണ് ഭാഷാ പരിജ്ഞാനം. വിദേശത്ത് പോകണമെന്ന് ആഗ്രഹിക്കുന്നവർ നിര്ബന്ധമായും ശ്രദ്ധിക്കേണ്ടത് അവരുടെ ഭാഷയിലാണ്. ഇംഗ്ലീഷ് എങ്ങനെയും നന്നാക്കിയെടുക്കാൻ ശ്രമിക്കണം. മലയാളികൾ ജോലിചെയ്യുന്ന പ്രധാന രാജ്യങ്ങളിലെ ഭാഷ നോക്കിയാൻ അത് ഇംഗ്ലീഷ് ആയിരിക്കില്ല, അറബിക് ആയിരിക്കും.ജര്മൻ , ജാപ്പനീസ്, ചൈനീസ്, , മലയ, ഇന്ഡൊനീഷ്യന്, സ്വാഹിലി എന്നിങ്ങനെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന രാജ്യത്തെ ഭാഷ, സംസ്ക്കാരം എന്നിവ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

മുംതാസ് രഹാസ് : വിദേശ ജോലിക്ക് വിസ നൽകുന്ന ധാരാളം സ്ഥാപനങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

രാജൻ പി തൊടിയൂർ: ഗള്ഫിലേക്ക് ആളുകളെ അയയ്ക്കുന്ന ധാരാളം ഏജന്സികൾ നമ്മുടെ നാട്ടിലുണ്ട്. പക്ഷേ, മിക്കതും പ്രൊഫഷണലായി പ്രവര്ത്തിക്കുന്നവയല്ല. സേവനവേതന വ്യവസ്ഥകളെപ്പറ്റിയുള്ള അവ്യക്തത, ഉദ്യോഗാര്ഥിയുടെയും തൊഴിൽ ദാതാവിന്റെയും കൈയിൽ നിന്ന് പണംപറ്റൽ , എന്തെങ്കിലും കുഴപ്പമുണ്ടായാലുള്ള ഉത്തരവാദിത്തമില്ലായ്മ എന്നിങ്ങനെ പല പരാതികളും ഉയർന്നു വരാറുണ്ട്.

റിക്രൂട്ട്മെന് നടത്തുന്നതിന് അധികാരപ്പെട്ട നോർക്ക പോലുള്ള സർക്കാർ സ്ഥാപനങ്ങളും പ്രത്യേക ലൈസൻസ് നൽകിയിട്ടുള്ള സ്ഥാപനങ്ങളും ഉള്ളപ്പോഴും അനധികൃത റിക്രൂട്മെന്റുകൾ ധാരാളമായി ഇവിടെ നടക്കുന്നുണ്ട്. വിസ നൽകുന്ന വിദേശ രാജ്യങ്ങളിലെ നിയമങ്ങൾ മറികടന്നുള്ള ഫീസ് ഈടാക്കി വിസ നൽകുന്ന ഇടപാടുകൾ നിയന്ത്രിക്കുന്നതിനായി സർക്കാരും മറ്റു ഏജൻസികളും ശ്രമിക്കുമ്പോൾ അത് പരാജയപ്പെടാൻ ഇടയാക്കുന്നത് ഉപഭോക്താക്കളുടെ നിയമം വിട്ടുള്ള നീക്കങ്ങളാണ്. ജോലിയിലും ശമ്പളത്തിലും ആനുകൂല്യങ്ങൾ ലഭിക്കുന്നതിലും അത് പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.

മുംതാസ് രഹാസ് : ചില രാജ്യങ്ങൾ കുടിയേറ്റം അനുവദിക്കുന്നുണ്ടല്ലോ? അതേക്കുറിച്ചു?

രാജൻ പി തൊടിയൂർ: കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളാണ് കുടിയേറ്റം അനുവദിക്കുന്നവയിൽ പ്രധാനപ്പെട്ടവ. പ്രായം, ഭാഷാസ്വാധീനം, തൊഴിൽ രംഗം, തൊഴിൽ പരിചയം ഇതൊക്കെ അനുസരിച്ചാണ് കുടിയേറാനുള്ള അനുമതി ലഭിക്കുന്നത്. രാജ്യത്ത് ആളുകളുടെ എണ്ണം കൂട്ടാനും രാജ്യത്തെ ജനവൈവിധ്യം വര്ധിപ്പിക്കാനുംവേണ്ടിയാണ് ഔദ്യോഗികമായി കുടിയേറ്റം അനുവദിക്കുന്നത്. ഇത് തൊഴിലിനുള്ള ഉറപ്പായി കരുതരുത്. രണ്ടുവര്ഷത്തേക്ക് തൊഴിലൊന്നും കിട്ടിയില്ലെങ്കിലും പിടിച്ചുനില്ക്കാനുള്ള സാമ്പത്തികഭദ്രത ഇല്ലെങ്കിൽ കുടിയേറ്റത്തിന് പോകുന്നത് റിസ്കാണ്.

മുംതാസ് രഹാസ് : വികസിത രാജ്യങ്ങളിലെ തൊഴിൽ സാദ്ധ്യതകൾ?

രാജൻ പി തൊടിയൂർ: യൂറോപ്പ്, അമേരിക്ക, ജപ്പാന്, തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ നേരിട്ട് ജോലി ലഭിക്കുക ഗൾഫ് രാജ്യങ്ങളിലെപ്പോലെ അത്ര എളുപ്പമല്ല. എന്നാൽ ഈ ഈ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിൽ പഠനത്തിനെത്തുക ഒരു മാർഗ്ഗമാണ്. മിക്കവാറും രാജ്യങ്ങളെല്ലാം അവിടെ നല്ല സ്ഥാപനങ്ങളിൽ പഠിക്കുകയും ഭാഷ അറിയുകയും ചെയ്യുന്നവര്ക്ക് ജോലി അന്വേഷിക്കാന് കുറെ നാൾ സാവകാശം നല്കും.
അതുകൊണ്ട് ആ രാജ്യത്തെ നന്നായി പഠിക്കുന്നത് നന്നായിരിക്കും. എന്നാൽ വിസ കിട്ടാനായി ഡിപ്ലോമാ തട്ടിപ്പിന് കോഴ്സ് നടത്തുന്ന സ്ഥാപനങ്ങളും അവയെ പ്രമോട്ട് ചെയ്യുന്ന എജുക്കേഷണൽ കൺസൾറ്റൻറ്മാരും ഉണ്ട്. ഒരിക്കലും അത്തരം കെണിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണം. വിദേശരാജ്യങ്ങളിൽ ബ്രാഞ്ചുള്ള സ്ഥാപനത്തിൽ ജോലി തേടുക അവിടെ പോകാനുള്ള ഒരു മാർഗ്ഗമാണ്. വിദേശ സ്ഥാപനത്തിൻറെ ഇന്ത്യൻ ബ്രാഞ്ചിൽ ജോലി കണ്ടെത്തുന്നതും ഇതിനുപകരിക്കും. വിദേശങ്ങളിൽ സ്ഥിര താമസക്കാരായ ബന്ധുക്കൾ വഴിയും സുഹൃത്തുക്കളിലൂടെയും ഇത്തരം രാജ്യങ്ങളിൽ വിദ്യാഭ്യാസത്തിനായി ശ്രമിക്കാവുന്നതാണ്.

മുംതാസ് രഹാസ് : ഗൾഫ് നാടുകളിൽ ജോലി ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

രാജൻ പി തൊടിയൂർ: ഒരു വിദേശ രാജ്യത്ത് നാം ജോലിക്കു പോകുമ്പോൾ അവിടുത്തെ സംസ്കാരവും ഭാഷയും അറിഞ്ഞിരിക്കുന്നതും അതനുസരിച്ചു പെരുമാറാൻ പഠിക്കുന്നതും വളരെ പ്രധാനമാണ്. അറബ് നാടുകളിൽ കർക്കശമായ നിയമങ്ങൾ ഉള്ള രാജ്യങ്ങളുണ്ട്. ഉദാ: സൗദി അറേബ്യ. നിയമങ്ങൾ പാലിക്കാൻ നാം ബാധ്യസ്ഥരാണ്. ദുബായ് പോലുള്ള ഇടങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. എന്നാലും ആ രാജ്യത്തെ നിയമങ്ങൾ പാലിക്കാനും സഹജീവികളോട് സ്നേഹത്തോടെയും ജാതി-മത വ്യത്യാസങ്ങൾ ഇല്ലാതെയും പെരുമാറാൻ നാം പ്രത്യേകം ശ്രദ്ധിക്കണം.

മുംതാസ് രഹാസ് : വിദേശത്തു ജോലിചെയ്യുന്നവർ എല്ലാവരും സമ്പന്നരാകുന്നില്ല. ?

രാജൻ പി തൊടിയൂർ: സാമ്പത്തികലാഭം മാത്രമല്ല, മനസികവികാസവും ഏറെ നല്കുന്ന ഒന്നാണ് വിദേശജോലികള്. കൂടുതൽ ആളുകളുമായും സംസ്കാരങ്ങളുമായും ഇടപെടാൻ കഴിയുന്നു. കൂടുതൽ സൗഹൃദങ്ങൾ ഉണ്ടാകുന്നു. മനുഷ്യൻ ഒന്നാണെന്ന തോന്നൽ ശക്തിപ്പെടുന്നു. ലോകത്തെ കണ്ടറിയാൻ അവസരം ലഭിക്കുന്നു. കേരളത്തില് എത്ര നല്ല ജോലിയുള്ളവരും ചുരുങ്ങിയത് അഞ്ചുവര്ഷമെങ്കിലും കേരളത്തിനു പുറത്തു ജോലിചെയ്യുന്നത് നന്നായിരിക്കും.

മുംതാസ് രഹാസ് : പ്രവാസികൾ കേരളത്തിന് നൽകിയ സംഭാവനകൾ?

രാജൻ പി തൊടിയൂർ: ഒരു ലക്ഷം കോടിയിലധികം രൂപ പ്രതിവർഷം നാട്ടിലേക്കയച്ചു സംസ്ഥാനത്തിൻറെ സാമ്പത്തിക സുസ്ഥിരതക്ക് താങ്ങാവുന്നവരാണ് പ്രവാസികൾ. തൊഴിൽ, വിദ്യാഭ്യാസ, വ്യവസായ മേഖലകളിൽ പ്രവാസികൾ നൽകിയിട്ടുള്ള സംഭാവനകൾ കേരളത്തിൻറെ മുഖച്ഛായ മാറ്റിയിട്ടുള്ളത് നമുക്കറിയാം. നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളെ സ്നേഹത്തോടെ സ്വീകരിക്കാൻ നമ്മൾ തയ്യാറാകണം.

Share: