തെരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ പൂർത്തിയായി
*പരസ്യ പ്രചാരണം ഞായറാഴ്ച വൈകിട്ട് 6ന് അവസാനിക്കും
പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വാർത്താ സമ്മളേനത്തിൽ പറഞ്ഞു. പരസ്യ പ്രചാരണം ഞായറാഴ്ച വൈകിട്ട് ആറിന് അവസാനിക്കും. 2,61,51,534 വോട്ടർമാരാണുള്ളത്. ഇതിൽ 1,34,66,521 പേർ സ്ത്രീ വോട്ടർമാരാണ്. 1,26,84,839 പുരുഷ വോട്ടർമാരുണ്ട്. 174 ട്രാൻസ്‌ജെൻഡർ വോട്ടർമാരാണുള്ളത്.
മലപ്പുറത്താണ് കൂടുതൽ വോട്ടർമാർ, 31,36,191. കുറവ് വയനാട് ജില്ലയിൽ, 5,94,177. 2,88,191 കന്നിവോട്ടർമാരാണുള്ളത്. 1,35,357 ഭിന്നശേഷി വോട്ടർമാരുണ്ട്. രണ്ട് ബ്രെയിൽ സാമ്പിൾ ബാലറ്റ് പേപ്പറുകൾ എല്ലാ ബൂത്തിലുമുണ്ടാവും. 24,970 പോളിംഗ് സ്‌റ്റേഷനുകളാണുള്ളത്. കുറ്റ്യാടി, ആലത്തൂർ, കുന്ദമംഗലം എന്നിവിടങ്ങളിൽ ഓക്‌സിലറി പോളിംഗ് ബൂത്തുകളുണ്ട്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പോളിംഗ് ബൂത്തുകൾ, 2750. കുറവ് വയനാട്, 575. 867 മോഡൽ പോളിംഗ് സ്‌റ്റേഷനുകളുണ്ട്. സമ്പൂർണമായി വനിതകൾ നിയന്ത്രിക്കുന്ന 240 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. പ്രശ്‌നസാധ്യതയുള്ള 3621 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
35,193 വോട്ടിംഗ് മെഷീനുകളാണുള്ളത്. 32,746 കൺട്രോൾ യൂണിറ്റുകളും 44,427 ബാലറ്റ് യൂണിറ്റുകളുമാണുള്ളത്. ആറ്റിങ്ങൽ, വയനാട്, തിരുവനന്തപുരം മണ്ഡലങ്ങളിൽ രണ്ട് ബാലറ്റ് യൂണിറ്റുകൾ വീതം ഉപയോഗിക്കും. 227 സ്ഥാനാർത്ഥികളിൽ 23 വനിതകളുണ്ട്. കണ്ണൂരിലാണ് വനിതാ സ്ഥാനാർത്ഥികൾ കൂടുതൽ, അഞ്ചു പേർ. ഹരിത ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി മാർച്ച് 11 മുതൽ സംസ്ഥാന വ്യാപകമായി 15 ലക്ഷം ബാനറുകളും പോസ്റ്ററുകളും ഹോർഡിംഗുകളും നശിപ്പിച്ചു. 51,000 പരാതികളാണ് സിവിജിൽ ആപ്പ് വഴി ലഭിച്ചത്.
സംസ്ഥാനത്ത് 831 പ്രശ്‌നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്‌നസാധ്യതാ ബൂത്തുകളുമുണ്ട്. 219 ബൂത്തുകളിൽ മാവോയിസ്റ്റ് പ്രശ്‌ന സാധ്യത വിലയിരുത്തിയിട്ടുണ്ട്. ഇതിൽ 72 ബൂത്തുകൾ വയനാട്ടിലും 67 മലപ്പുറത്തും കണ്ണൂരിൽ 39ഉം കോഴിക്കോട് 41 ഉം ബൂത്തുകളുണ്ട്. പോളിംഗ് ജോലികൾക്ക് 1,01,140 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 1670 സെക്ടറൽ ഓഫീസർമാരും 33,710 പ്രിസൈഡിംഗ് ഓഫീസർമാരുമുണ്ട്. 23ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. രാവിലെ ആറിന് മോക്ക് പോൾ നടക്കും.
സംസ്ഥാനത്ത് 55 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ടാവും. 257 സ്‌ട്രോംഗ് റൂമുകളാണുള്ളത്. 2310 കൗണ്ടിംഗ് സൂപ്പർവൈസർമാരെ നിയോഗിക്കും. 57 കമ്പനി കേന്ദ്ര സേനയെയാണ് കേരളത്തിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സ്‌ട്രോംഗ് റൂമുകൾക്ക് 12 കമ്പനി സി. ആർ. പി. എഫ് സുരക്ഷ ഒരുക്കും. കൂടുതൽ സേനയെ ഇതിനായി വേണ്ടിവരുമെന്നും മൂന്നു നിര സുരക്ഷയാണ് ഒരുക്കുകയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് പോളിംഗ് ബൂത്തുകളിൽ വിവിപാറ്റ് എണ്ണും.
വിവിധ സ്‌ക്വാഡുകളുടെ പരിശോധനയിൽ 31 കോടി രൂപയുടെ സാധനങ്ങൾ പിടികൂടി. 44 ലക്ഷം രൂപയുടെ മദ്യവും 21 കോടിയുടെ ലഹരി ഉത്പന്നങ്ങളും മൂന്നു കോടിയുടെ സ്വർണവും 6.63 കോടിയുടെ പണവും പിടിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും കർശന പരിശോധനയുണ്ടാവും.
11 തിരിച്ചറിയൽ രേഖകളിലൊന്ന് ഹാജരാക്കിയാൽ വോട്ടുചെയ്യാം
* വോട്ടെടുപ്പ് 23 രാവിലെ എഴുമുതൽ വൈകിട്ട് ആറുവരെ
വോട്ടർ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത വോട്ടർമാർക്ക് ഫോട്ടോ പതിച്ച 11 തിരിച്ചറിയൽ രേഖകളിലൊന്ന് ഹാജരാക്കിയാൽ വോട്ട് ചെയ്യാം. വോട്ടെടുപ്പ് സമയം എപ്രിൽ 23ന് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ്.
പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, കേന്ദ്ര/ സംസ്ഥാന സർക്കാരുകൾ/ പൊതുമേഖലാ സ്ഥാപനങ്ങൾ/ പബ്‌ളിക് ലിമിറ്റഡ് കമ്പനികൾ എന്നിവർ നൽകിയ ഫോട്ടോയോടുകൂടിയ സർവീസ് തിരിച്ചറിയൽ കാർഡ്, ഫോട്ടോയോടുകൂടിയ ബാങ്ക്/ പോസ്റ്റ് ഓഫീസ് പാസ്ബുക്ക് (കേരളത്തിലെ സഹകരണ ബാങ്കുകൾ നൽകിയ പാസ് ബുക്ക് ഒഴികെ), പാൻ കാർഡ്, നാഷണൽ പോപ്പുലേഷൻ രജിസ്റ്ററിനായി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകിയ സ്മാർട്ട് കാർഡ്, എം.എൻ.ആർ.ഇ.ജി.എ ജോബ് കാർഡ്, തൊഴിൽ മന്ത്രാലയം അനുവദിച്ച ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഫോട്ടോയോടു കൂടിയ പെൻഷൻ രേഖ, എം.പി/ എം.എൽ.എ/ എം.എൽ.സി മാർക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നീ രേഖകളാണ് വോട്ടർ കാർഡിനു പകരമായി തിരിച്ചറിയൽ രേഖയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ളത്.
പോളിങ് ബൂത്തിലേക്കുള്ള പ്രവേശനം ഇവർക്ക് മാത്രം
സമ്മതിദായകർ, പോളിംഗ് ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥി, സ്ഥാനാർത്ഥിയുടെ ഏജന്റ്, പോളിംഗ് ഏജന്റ്, തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെട്ടിട്ടുള്ള ജീവനക്കാർ, കൈക്കുഞ്ഞ്, കാഴ്ചയില്ലാത്തതോ പരസഹായം ആവശ്യമുള്ളതോ ആയ സമ്മതിദായകരുടെ സഹായികൾ എന്നിവർക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തിലേക്കുള്ള പ്രവേശനം.
പോളിങ്ങ് സ്റ്റേഷനിലും സമീപത്തും ആയുധങ്ങൾ പാടില്ല
ലോക്സഭ തിരഞ്ഞെടുപ്പിൽ പോളിങ്ങ് സ്റ്റേഷന്റെ പരിസര പ്രദേശങ്ങളിൽ ആയുധങ്ങളുടെ സാന്നിധ്യം തിരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞിട്ടുണ്ട്. 1951 ജനപ്രാതിനിധ്യ നിയമത്തിലെ 134 ബി പ്രകാരമാണ് കമ്മീഷൻ ആയുധങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം പോളിങ് ബൂത്തുകളുടെ നൂറുമീറ്റർ പരിധിക്കുള്ളിൽ ആയുധവുമായി പ്രവേശിക്കുകയോ ആയുധങ്ങൾ പ്രദർശിപ്പിക്കുകയോ ചെയ്യരുത്. വോട്ടർമാർക്ക് ആരുടെയും പ്രേരണയോ ഭീഷണിയോ കൂടാതെ വോട്ടുരേഖപ്പെടുത്താനാണ് ഇത്. എന്നാൽ സുരക്ഷ ഉദ്യോഗസ്ഥർക്ക് ആയുധം കൈവശം വയ്ക്കാം. വരണാധികാരി, പ്രിസൈഡിങ്ങ് ഓഫീസർ എന്നിവരോടൊപ്പമുള്ള സേനാംഗങ്ങളിൽ അനുവദിക്കപ്പെട്ടവർക്കു മാത്രം ആയുധം കൈവശംവച്ച് പോളിങ് സ്റ്റേഷനിൽ പ്രവേശിക്കാം. എന്നാൽ ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടിയെടുക്കുന്നതും ആയുധം കണ്ടുകെട്ടുന്നതുമാണ്.