വോട്ട് ചെയ്യാന്‍ ഈ രേഖകള്‍ കയ്യില്‍ കരുതാം

Share:

കള്ളവോട്ട് തടയുന്നതിനും ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 61 പ്രകാരം യഥാര്‍ത്ഥ വോട്ടര്‍മാര്‍ക്ക് വോട്ടുചെയ്യാനുള്ള അവകാശം ഉറപ്പ് വരുത്തുന്നതിനുമായി കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അിറയിച്ചു. വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ കമ്മീഷന്‍ അംഗീകരിച്ച 11 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നോ വോട്ട് ചെയ്യുന്നതിനായി പോളിങ് സ്റ്റേഷനില്‍ എത്തുമ്പോള്‍ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്.

വോട്ടര്‍ ഐ.ഡി കാര്‍ഡിലെ ചെറിയ ക്ലറിക്കല്‍ പിശകുകള്‍, അക്ഷരത്തെറ്റുകള്‍ എന്നിവ വോട്ട് ചെയ്യുന്നതിന് തടസമാകില്ല. മറ്റൊരു നിയമസഭാ മണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ നല്‍കിയ വോട്ടര്‍ ഐഡിയാണെങ്കിലും വോട്ടര്‍ ഹാജരാകുന്ന ബന്ധപ്പെട്ട പോളിങ് സ്റ്റേഷനിലെ വോട്ടര്‍ പട്ടികയില്‍ ആ വോട്ടറുടെ പേര് കണ്ടെത്തിയാല്‍ തിരിച്ചറിയുന്നതിനായി അത്തരം തിരിച്ചറിയല്‍ രേഖ സ്വീകരിക്കുന്നതാണ്. അതേസമയം ഈ തിരിച്ചറിയല്‍ രേഖയിലെ ഫോട്ടോയില്‍ പൊരുത്തക്കേട് കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്ന മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം.

കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍

ആധാര്‍ കാര്‍ഡ്, എം.എന്‍.ആര്‍.ഇ.ജി.എ (തൊഴിലുറപ്പ് പദ്ധതി)യിലെ തൊഴില്‍ കാര്‍ഡ്, ഫോട്ടോ പതിച്ച ബാങ്ക് – പോസ്റ്റോഫീസ് പാസ്ബുക്കുകള്‍, കേന്ദ്ര – തൊഴില്‍ മന്ത്രാലയം പുറത്തിറക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്, ഇന്ത്യന്‍ പാസ് പോര്‍ട്ട്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, സംസ്ഥാന – കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, എം.പി, എം.എല്‍.എ, എം.എല്‍.സി (മെമ്പര്‍ ഓഫ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍സ്) എന്നിവരുടെ ഔദ്യോഗിക രേഖ എന്നിവയില്‍ ഏതെങ്കിലുമൊന്ന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. അതേസമയം പ്രവാസികള്‍ക്ക് വോട്ട് ചെയ്യുന്നതിനായി തിരിച്ചറിയല്‍ രേഖയായി നിര്‍ബന്ധമായും അസ്സല്‍ പാസ്പോര്‍ട്ട് കരുതണം.

Share: