‘സത്യജിത് റായ് പറഞ്ഞത്’

Share:

ലോക സിനിമയിലെ ഏറ്റവും പ്രതിഭാ ശാലികളായ മൂന്നു പേരിൽ ഒരാൾ ഇന്ത്യക്കാരനാണ്. സത്യജിത് റായ് .

അദ്ദേഹത്തിൻറെ ഇരുപത്തിയേഴാം ചരമ വാർഷികം ഈ വരുന്ന 23 നാണ് .
 
ഇന്ത്യൻ സിനിമയെന്നാൽ ലോകമറിയപ്പെടുന്നത് , സത്യജിത് റായ് എന്നാണ്. സത്യജിത് റായിയെ കാണാനും അഭിമുഖം നടത്താനും കഴിഞ്ഞിട്ടുള്ള കേരളത്തിലെ അപൂർവം പത്രപ്രവർത്തകരിൽ ഒരാളായ രാജൻ പി തൊടിയൂർ , ‘എൻറെ റേഡിയോ 91.2 ലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിൽ  , മുംതാസ് രഹാസുമായി അസാധാരണ മുഹൂർത്തം പങ്കുവെക്കുന്നു.

രാജൻ പി തൊടിയൂർ , സത്യജിത് റായിയോടൊപ്പം 

 

മുംതാസ് രഹാസ് : സത്യജിത് റായിയുടെ സിനിമയെക്കുറിച്ചും ലോക സിനിമയിൽ അദ്ദേഹത്തിനുള്ള സ്ഥാനവും ഒന്ന് വിശദീകരിക്കാമോ ?

രാജൻ പി തൊടിയൂർ : 1975 ൽ ഫിലിം സൊസൈറ്റി പ്രസ്ഥാനവുമായി നടക്കുന്ന കാലയളവിലാണ് സത്യജിത് റായിയെക്കുറിച്ചു മനസ്സിലാക്കുന്നത്. വേറിട്ട സിനിമയുടെ ആളായിരുന്നു റായ്. ഇറ്റാലിയൻ നിയോ റിയലിസം സിനിമയിൽ വേരൂന്നിയ കാലത്തു ഇന്ത്യൻ സിനിമയിൽ അതിൻറെ തരംഗങ്ങൾ ഉയർത്തിവിട്ട സിനിമയാണ് പഥേർ പാഞ്ചാലി. ഇന്ത്യൻ സിനിമയിലും ലോകസിനിമയിലും അതുയർത്തിവിട്ട തരംഗം , ഇന്ത്യൻ സിനിമ റായിക്ക് മുൻപും പിൻപും എന്നൊരു വകഭേദം തന്നെയുണ്ടാക്കി.

പഥേർ പാഞ്ചാലി, ഇന്ത്യൻ സിനിമയെ ലോക സിനിമയുടെ നിലവാരത്തിലേക്ക് ഉയർത്തി. എഴുത്തുകാരൻ, ചിത്രകാരൻ, തത്ത്വചിന്തകൻ, പ്രസാധകൻ, വാനനിരീക്ഷകൻ എന്നീ മേഖലയിൽ  പ്രതിഭ തെളിയിച്ച ഉപേന്ദ്ര കിഷോർ റേ-യുടെ കൊച്ചുമകനും; ബംഗാളി സാഹിത്യ ലോകത്തെ ഹാസ്യ കവി, ബാലസാഹിത്യകാരൻ, ചിത്രകാരൻ,നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായ സുകുമാർ റേ-യുടെ മകനുമാണ് സത്യജിത് റായ്.

ഇറ്റാലിയൻ നിയോ റിയലിസത്തിന്റെ സൃഷ്ടിയായ ‘ബൈസിക്കിൾ തീവ്സ്’ കണ്ടത് അദ്ദേഹത്തെ ചലച്ചിത്ര ലോകത്തേക്ക് തിരിയാൻ പ്രേരിപ്പിച്ചു. ചലച്ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ ഉൾപ്പെടെ 37 ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ആദ്യ ചിത്രമായ പഥേർ പാഞ്ചാലിയുടെ സൃഷ്ടിയ്ക്കു വേണ്ടി റായ്
തിരഞ്ഞെടുത്തത് ബംഗാളി സാഹിത്യത്തിലെ എക്കാലത്തെയും വിശിഷ്ട രചനയായ ബിഭൂതിഭൂഷൻ ബന്ദോപാധ്യായുടെ നോവലാണ്

നിരവധി പുരസ്കാരങ്ങൾ കരസ്തമാക്കി പഥേർ പാഞ്ചാലി. കാൻ ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച ഹ്യൂമൻ ഡോക്യുമെന്റ് പുരസ്കാരവും ഇതിൽപ്പെടും. പഥേർ പാഞ്ചാലി, അപരാജിതോ, അപൂർസൻസാർ എന്നീ തുടർചിത്രങ്ങളാണ് ‘അപുത്രയം’ എന്ന പേരിൽ അറിയപ്പെടുന്നത്. തിരക്കഥാരചന, നടീനടന്മാരെ തിരഞ്ഞെടുക്കൽ, പശ്ചാത്തലസംഗീതം, ഛായാഗ്രഹണം, കലാസംവിധാനം, ചിത്രസംയോജനം, പരസ്യകല എന്നിങ്ങനെ ചലച്ചിത്രനിർമ്മാണത്തിന്റെ സമസ്ത മേഖലയിലും കഴിവു തെളിയിച്ച റായ്; മികച്ച ചിത്രകാരനും കഥാകൃത്തും കൂടിയാണ്.

മുംതാസ് രഹാസ് : സിനിമ സംവിധായകൻ എന്നതിനപ്പുറം അദ്ദേഹം ഒരു പത്ര പ്രവർത്തകനും സാഹിത്യകാരനുമായിരുന്നു ?

രാജൻ പി തൊടിയൂർ : മുത്തച്ഛൻ തുടങ്ങിയ കുട്ടികളുടെ മാസികയായ ‘സന്ദേശ്’ വര്‍ഷങ്ങളോളം അദ്ദേഹം എഡിറ്റ് ചെയ്തു. സംഗീതത്തില്‍ അവഗാഹമുള്ള റായ് 18 കഥാചിത്രങ്ങള്‍ക്കും 6 ഹ്രസ്വചിത്രങ്ങള്‍ക്കും സംഗീതം നല്കി. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുള്ള റായിയുടെ നോവലുകള്‍ അദ്ദേഹത്തിന്‍റെ ചലച്ചിത്രങ്ങളെപ്പോലെത്തന്നെ ബംഗാളികള്‍ക്കു പ്രിയങ്കരങ്ങളാണ്.
1980-ലെ ഫ്രഞ്ച് ലിജിയന്‍ ഓഫ് ഓണര്‍ റായിക്കു ലഭിച്ചു. 26 കഥാചിത്രങ്ങളും 6 ഹ്രസ്വചിത്രങ്ങളും റായി സംവിധാനം ചെയ്തു. പഥേര്‍ പാഞ്ചാലി, അപരാജിത, അപൂര്‍സന്‍സാര്‍, ദേവി, ചാരുലത, ജല്‍സാഘര്‍ എന്നിവയാണ് പ്രസിദ്ധമായവ.
ബെര്‍ലിന്‍, കാന്‍, വെനീസ് എന്നിവയടക്കം 35 അന്തര്‍ദ്ദേശീയ അവാര്‍ഡുകള്‍ റായിക്കു ലഭിച്ചു.
1978-ല്‍ ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍ കമ്മിറ്റി ചാപ്ലിന്‍, ബെര്‍ഗ്മാന്‍ എന്നിവരോടൊപ്പം എക്കാലത്തേയും മൂന്ന് ചലച്ചിത്രപ്രതിഭകള്‍ എന്ന നിലയില്‍ റായിയെ ആദരിച്ചു. അതേ വര്‍ഷം ഓക്സ് ഫോര്‍ഡ് സര്‍വകലാശാല അദ്ദേഹത്തെ ഡോക്ടറേറ്റ് നല്കിയും ആദരിച്ചു. 1992-ല്‍ ആജീവനാന്തനേട്ടത്തിന് ‘ഓസ്കാര്‍’ ലഭിച്ചു.

മുംതാസ് രഹാസ് : സത്യജിത് റായിയുമായി പരിചയപ്പെടാൻ ഇടയായത്?

രാജൻ പി തൊടിയൂർ : കൊല്ലം ഫാത്തിമ മാത കോളേജിൽ ഫിലിം ക്ലബ്ബിൻറെ സെക്രട്ടറി ആയിരിക്കുമ്പോഴാണ് സത്യജിത് റായിയുടെ സിനിമകളുമായി കൂടുതൽ അടുക്കുന്നത്. കേരളത്തിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനം ആരംഭിക്കുവാൻ മുൻകൈ എടുത്ത അടൂർ ഗോപാലകൃഷ്ണൻ അക്കാര്യത്തിൽ വളരെ വലിയ സഹായമാണ് ചെയ്തത്. സിനിമയെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ കാണാനും ക്യാംപസ് സിനിമയെടുക്കുവാനും അതിടയാക്കി. സിനിമ പ്രേമികളായ വിദ്യാർഥികൾ ഒത്തു കൂടിയപ്പോൾ ഒരു ഫിലിം ക്യാമ്പിൽ ഏറ്റവുമധികം ചർച്ചചെയ്തത് റായിയുടെ ചിത്രങ്ങളെക്കുറിച്ചായിരുന്നു. സണ്ണി ജോസഫ് , ഹഫീസ് മുഹമ്മദ് തുടങ്ങിയവർ അദ്ദേഹത്തെ കാണണമെന്ന തീരുമാനമെടുത്തത് അവിടെവെച്ചാണ്. എന്നാൽ മലയാളനാട് സിനിമ വാരികയുടെ പത്രാധിപരായിരിക്കുമ്പോൾ അദ്ദേഹം തിരുവനന്തപുരത്തു വന്നു. സൂര്യ കൃഷ്ണമൂർത്തി അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടാക്കിത്തന്നു. കോവളം അശോക ഹോട്ടലിൽ ദീർഘനേരം അദ്ദേഹമൊത്തു ചെലവഴിക്കാനും സംസാരിക്കാനും കഴിഞ്ഞു.
സിനിമയേക്കുറിച്ചു, സാഹിത്യത്തെക്കുറിച്ചു, പത്രപ്രവർത്തനത്തെക്കുറിച്ചു. ഞാനും മനോരമയുടെ ബാലചന്ദ്രനും മാത്രമായിരുന്നു ഇന്റർവ്യൂവിനുണ്ടായിരുന്നുള്ളു. അതുകൊണ്ടു ധാരാളം സമയം കിട്ടി. അതേക്കുറിച്ചു , ‘സത്യജിത് റായ് പറഞ്ഞത്’ എന്നപേരിൽ ഒരു പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ്.

മുംതാസ് രഹാസ് : എന്താണ് അതിൽ മുഖ്യമായി പ്രതിപാദിക്കുന്നത് ?

രാജൻ പി തൊടിയൂർ : വിജയങ്ങൾക്കു എളുപ്പവഴികളില്ല- അതാണ് റായ് പറഞ്ഞ പ്രധാന കാര്യം. റായ് മാത്രമല്ല പത്രപ്രവർത്തകൻ എന്ന നിലയിൽ സിനിമയുമായി ബന്ധപ്പെട്ട പല പ്രമുഖരും പറഞ്ഞിട്ടുള്ള കാര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് ‘സത്യജിത് റായ് പറഞ്ഞത്’ എന്ന പുസ്തകം തയ്യാറാക്കുന്നത്. പി ഭാസ്കരൻ , അടൂർ ഗോപാലകൃഷ്ണൻ, രവി , പത്മരാജൻ, ഭരതൻ, തകഴി, തോപ്പിൽ ഭാസി, കാമ്പിശ്ശേരി, തെങ്ങമം, ജഗതി, അരവിന്ദൻ, ഷാജി എൻ കരുൺ, ബാലചന്ദ്രമേനോൻ, കെ ആർ മോഹൻ,ലെനിൻ രാജേന്ദ്രൻ, ഹരികുമാർ, പി സ്റ്റാൻലി , കെ ജി സേതുനാഥ്, തിക്കുറിശ്ശി, തുടങ്ങി സിനിമയിലും സാഹിത്യത്തിലുമുള്ള മുപ്പതോളം ആളുകൾ പറഞ്ഞ കാര്യങ്ങളും വീക്ഷണങ്ങളുമാണത്തിൽ പരാമർശിക്കുന്നത്.

2003 – ൽ ഏറ്റവും മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച ‘ നിഴൽച്ചിത്രങ്ങളുടെ പൊരുൾ ‘ എന്ന പുസ്തകത്തിന് ശേഷം സിനിമയേക്കുറിച്ചു ഒന്നും എഴുതിക്കണ്ടില്ല.?

അതുകൊണ്ടു തന്നെയാണ് ‘സത്യജിത് റായ് പറഞ്ഞത്’ എന്ന പുസ്തകം തയ്യാറാക്കുന്നത്. ചലച്ചിത്രകാരന്മാർക്കും വരും തലമുറക്കും പ്രയോജനപ്രദമായ ഒരു പുസ്തകം എന്നതാണ് ലക്‌ഷ്യം. റായിയെ പ്പോലൊരാളെ കണ്ടുമുട്ടുകയും ഒരു ദിവസം മുഴുവൻ അദ്ദേഹത്തോടൊപ്പം ചെലവഴിക്കുകയും ചെയ്ത അപൂർവം പത്രപ്രവർത്തകരെ കേരളത്തിൽ ഉണ്ടാകുകയുള്ളൂ. അതുപോലെ തന്നെ അടൂർ. തകഴി, പദ്മരാജൻ , ബാലചന്ദ്രമേനോൻ, ലെനിൻ, ഇവരുടെയൊക്കെ കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്. സിനിമയെക്കുറിച്ചുള്ള വീക്ഷണവും. റായിയിൽ തുടങ്ങി ആർ. ശരത് വരെയുള്ള ആളുകളുടെ കാഴ്ചപ്പാടുകൾ. തകഴി മുതൽ ജോയ് മാത്യു വരെയുള്ളവരുമായുള്ള സൗഹൃദം. ഇത്തരമൊരു പുസ്തകം തയ്യാറാക്കുന്നതിന് ധാരാളം സമയമെടുക്കുന്നു. ഇതിനിടയിൽ മറ്റു കാര്യങ്ങൾ. ഡിജിറ്റൽ എഡ്യൂക്കേഷൻ. കരിയർ മാഗസിൻ ഓൺലൈൻ , തിരക്കഥാ രചന . അപ്പോൾ പുസ്തകമെഴുത്തു നീണ്ടു. ഈ വർഷം ‘സത്യജിത് റായ് പറഞ്ഞത്’  പ്രസിദ്ധീകരിക്കും.

www.careermagazine.in

Share: