സത്യജിത് റായി പറഞ്ഞത്… – രാജൻ പി തൊടിയൂർ

Share:

ലോക സിനിമയിലെ ഏറ്റവും പ്രതിഭാ ശാലികളായ മൂന്നു പേരിൽ ഒരാൾ ഇന്ത്യക്കാരനാണ്.
സത്യജിത് റായ്. അടുത്ത വർഷം മെയ് രണ്ടിന് സത്യജിത് റായിയുടെ ജന്മ ശതാബ്‌ദി ആഘോഷിക്കുകയാണ് ഇന്ത്യ. ഇന്ന് തൊണ്ണൂറ്റി ഒൻപതാം പിറന്നാൾ.
ഇന്ത്യൻ സിനിമയെന്നാൽ ലോകമറിയപ്പെടുന്നത് , സത്യജിത് റായ് എന്നാണ്.
ബംഗാളി സിനിമയുടെ നൂറ്റിയൊന്നാം വർഷത്തിൽ കൊൽക്കൊത്ത അദ്ദേഹത്തെ ആദരിച്ചത് ത് ‘ജോയ് ബാബ ഫെലുനാഥ്’ എന്ന സിനിമയിലെ ദുർഗ്ഗാ പൂജ പുനഃ സൃഷ്ഠിച്ചുകൊണ്ടാണ്.

സത്യജിത് റായിയെ കാണാനും അഭിമുഖം നടത്താനും കഴിഞ്ഞിട്ടുള്ള കേരളത്തിലെ അപൂർവം പത്രപ്രവർത്തകരിൽ ഒരാളായ രാജൻ പി തൊടിയൂർ , അദ്ദേഹവുമായി പങ്കിട്ട അസാധാരണ മുഹൂർത്തം പങ്കുവെക്കുന്നു. അടുത്ത വർഷം , സത്യജിത് റായിയുടെ നൂറാം ജന്മവാർഷികത്തിൽ പ്രസിദ്ധീകരിക്കുന്ന , സത്യജിത് റായി പറഞ്ഞത്…എന്ന പുസ്തകത്തിലെ പ്രധാനപ്പെട്ട ഒരദ്ധ്യായം .

ബംഗാളി സിനിമയുടെ 101 വർഷങ്ങൾ!
ബംഗാളി സിനിമയെ , ഇന്ത്യൻ സിനിമയെ , ലോക സിനിമാ ഭൂപടത്തിൽ എത്തിച്ച സത്യജിത് റായിക്കു കൊൽക്കൊത്ത ആദരവ് പകർന്നത് , ‘ജോയ് ബാബ ഫെലുനാഥ്’ എന്ന അദ്ദേഹത്തിൻറെ സിനിമയിലെ ദുർഗ്ഗാ പൂജ പുനഃ സൃഷ്ഠിച്ചുകൊണ്ടാണ്.
കഴിഞ്ഞ കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അവർ അത് നിശ്ചയിച്ചുറപ്പിച്ചിരുന്നു.
നൂറ്റിയൊന്നാം വർഷം പൂർത്തിയാക്കിയ ബംഗാളി സിനിമയെ ആദരിക്കുന്ന പരിപാടി ഭവാനിപുരത്താണ് നടത്തിയത്. സത്യജിത് റായ് , മൃണാൾ സെൻ, ഋഷികേശ് മുഖർജി, ഉത്തം കുമാർ, റാബി ഘോഷ്, രഞ്ജിത് മല്ലിക് എന്നിവരൊക്കെ ഏറ്റവും ഇഷ്ട പ്പെട്ടിരുന്ന ഭവാനിപുരം ചലച്ചിത്ര പ്രതിഭകളുടെ ചിത്രങ്ങൾ കൊണ്ടും പോസ്റ്ററുകൾകൊണ്ടും നിറച്ചു.
വലിയ പന്തലിനു കീഴെ ദുർഗ്ഗ മാതാ വിഗ്രഹത്തിനു മുന്നിൽ അറുപത്തിയൊന്നു വർഷം പഴക്കമുള്ള സമ്മിലാനി പൂജാരീതി ആവർത്തിച്ചു.
ഇതേ വിഗ്രഹം സിനിമയ്ക്കുവേണ്ടി നിർമ്മിക്കുമ്പോൾ അതിന് നിറം പിടിപ്പിച്ചത് സംവിധായകൻ സത്യജിത് റായ് തന്നെയായിരുന്നു.

സിനിമ എടുക്കുമ്പോൾ ഒന്നിന് വേണ്ടിയും കാത്തിരിക്കാൻ റായ് തയ്യാറായിരുന്നില്ല. വിഗ്രഹം പെയിൻറ് ചെയ്യേണ്ട ആൾ വരാൻ വൈകിയപ്പോൾ റായ് സ്വയം ബ്രഷ് കയ്യിലെടുത്തു അത് പൂർത്തിയാക്കി.

ഒന്നിന് വേണ്ടിയും കാത്തിരിക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറായില്ല.
“സിനിമ എടുക്കുമ്പോൾ അതിൽ പൂർണ്ണമായും മുഴുകുക എന്നതാണെനിക്കിഷ്ടം”. കോവളം അശോക ഹോട്ടലിലെ വിശാലമായ മുറിയിൽ , കട്ടിലിൽ നീണ്ടു നിവർന്നു കിടന്ന് ചുണ്ടിൽ പുകയുന്ന പൈപ്പുമായി മുപ്പത്തിയാറു വർഷങ്ങൾക്കുമുൻപ് മുഴങ്ങുന്ന ശബ്ദത്തിൽ അദ്ദേഹം പറഞ്ഞത് കാതിൽ അലയടിച്ചു.
“നാം ചെയ്യുന്ന തൊഴിലിൽ പൂർണമായും മുഴുകുക. അത് തരുന്ന ആത്മസംതൃപ്തിയാണ് വലുത്.”

സത്യജിത് റായ്, എല്ലാം പറഞ്ഞത് സിനിമയിലൂടെയാണ് .
ഭാരതത്തെ കുറിച്ച് …അവിടത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെക്കുറിച്ചു് .
അവരുടെ ജീവിതം , സ്വപ്നങ്ങൾ, നൊമ്പരങ്ങൾ , വിജയങ്ങൾ , പരാജയങ്ങൾ, സംസ്ക്കാരം , രാഷ്ട്രീയം ഒക്കെയും അതിൽ പ്രതിഫലിച്ചു.
ഇതിനൊക്കെയപ്പുറം, എല്ലാം കണ്ട് , അറിഞ്ഞു അദ്ദേഹം ഇന്ത്യൻ ജനജീവിതത്തെ സിനിമയിലൂടെ പുനഃ സൃഷ്ടിച്ചു.

മുഴക്കമുള്ള പൊട്ടിച്ചിരിയും സാധാരണയിൽ കവിഞ്ഞ ഉയരവും അദ്ദേഹത്തെ എവിടെയും തലയുയർത്തി നിൽക്കുന്ന മനുഷ്യനാക്കി.
അസാധാരണ ചലച്ചിത്രകാരനാക്കി. എല്ലാറ്റിലുമുപരി റായിയുടെ ചിത്രങ്ങൾ ഇന്ത്യൻ ജീവിതത്തിൻറെ പരിച്ഛേദമാണെന്നുള്ളത് ലോകം അംഗീകരിച്ചു.

ഇരുപത്തിയേഴ് വർഷങ്ങൾക്കു മുൻപ് ഒരു ഏപ്രിൽ മാസം 23 ന് വിടപറയുമ്പോൾ ശേഷിച്ചത് ലോക സിനിമാ ഭൂപടത്തിൽ ഇന്ത്യക്ക് എന്നും തലയുയർത്തി നിന്ന് പറയാൻ കഴിയുന്ന ഒരുപിടി ചലച്ചിത്ര കാവ്യങ്ങൾ.
പഥേർ പാഞ്ചാലി, അപരാജിതോ, അപുർ സൻസാർ എന്നീ തുടർചിത്രങ്ങൾ ‘അപുത്രയം, ‘ ദേവി, ചാരുലത, അശനി സങ്കേത്, മഹാനഗർ….. ആഗന്തുക് വരെ .

‘ശുദ്ധമായ ചലച്ചിത്ര’മെന്ന് വിശേഷിക്കപ്പെട്ട പഥേർ പാഞ്ചാലി , വിദ്യാർത്ഥി ജീവിതത്തിനിടയിൽ ,1976 ൽ, ഐക്കഫ് ഫിലിം ക്യാമ്പിൽ , സണ്ണി ജോസഫ്, എൻ പി ഹഫീസ് മുഹമ്മദ്, അലി, തുടങ്ങിയവരോടൊത്തു കാണുമ്പോൾ മനസ്സിൽ കുറിച്ചിട്ടു.

ഈ ചലച്ചിത്ര പ്രതിഭയെ നേരിൽ കാണും.
അദ്ദേഹത്തിൻറെ പാദങ്ങളിൽ തൊട്ടു വണങ്ങും.
പിന്നീട് ദീർഘമായി ചർച്ചചെയ്തു, പഥേർ പാഞ്ചാലി.
ഫിലോമിനയും ടെസ്സിമോൾ ജേക്കബും ഒക്കെ അതിൽ പങ്കുചേർന്നു.
കേരളത്തിലെ ആദ്യ ‘ക്യാമ്പസ് സിനിമ’ യെടുത്ത ‘ത്രിൽ’ അന്നുണ്ടായിരുന്നു.
സത്യജിത് റായിയെക്കുറിച്ചും നിയോ റിയലിസ്റ്റ് സിനിമയെക്കുറിച്ചും ആധികാരികമായി സംസാരിക്കാൻ ക്യാമ്പ് ഡയറക്ടർ വിളിച്ചത് അൽപ്പം അഹങ്കാരത്തോടെയാണെന്ന് സ്വീകരിച്ചത്.

കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ കുട്ടികൾ നിർമ്മിച്ച ‘ദി ഗ്യാപ് ‘ ഒരു നിയോ റിയലിസ്റ്റ് ചിത്രമാണെന്നായിരുന്നു അന്ന് പത്രങ്ങൾ പറഞ്ഞത്.
ഇറ്റാലിയൻ സംവിധായകനായ വിറ്റോറിയോ ഡി സിക്കയുടെ നിയോ-റിയലിസ്റ്റിക്ക് ചിത്രം “ബൈസിക്കിൾ തീവ്സ്” റായ് യിൽ സ്വാധീനമുണ്ടാക്കിയിട്ടുള്ളതായി അദ്ദേഹം സമ്മതിച്ചിട്ടുള്ളതാണ്.

പിന്നീട് , ഏഴ് വർഷം കഴിഞ്ഞു സത്യജിത് റായ് കേരളത്തിലെത്തുമ്പോൾ മലയാളനാട് സിനിമ വാരികയുടെ പത്രാധിപരായി കഴിയുകയായിരുന്നു.
മലയാളനാട് സിനിമ വാരിക അന്ന് മലയാളത്തിലെ മികച്ച ചലച്ചിത്ര പ്രസിദ്ധീകരണങ്ങളിൽ ഒന്നായിരുന്നു.

” സൂര്യ കൃഷ്ണമൂർത്തി വിളിച്ചു. സത്യജിത് റായ് കേരളത്തിൽ വരുന്നു. നമുക്ക് ഒരു ഇൻറർവ്യൂ എടുക്കണം. മൂർത്തി എല്ലാ സൗകര്യവും ചെയ്തുതരും”
മലയാളനാടിൻറെ ചീഫ് എഡിറ്റർ എസ് കെ നായർ പറയുമ്പോൾ ഒരുൾക്കിടിലത്തോടെയാണ് കേട്ടത്.

വിശ്വ സിനിമയിലെ മികച്ച സംവിധായകൻ കേരളത്തിലെത്തുന്നു. സൂര്യ സംഘടിപ്പിക്കുന്ന റായ് ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ!
ഇന്ത്യൻ സിനിമയിലെ ഇതിഹാസ പുരുഷനെ നേരിൽ കാണാനും സംസാരിക്കാനും ഒരവസരം.
ഒരു ചലച്ചിത്ര വാരികയുടെ പത്രാധിപർക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമായി തോന്നി.
പഥേർ പാഞ്ചാലിയുടെ സംവിധായകനെ നേരിൽ കാണുക. അദ്ദേഹവുമായി സംസാരിക്കുക.
കോവളം അശോക ഹോട്ടലിൽ എത്തുമ്പോൾ കൃഷ്ണമൂർത്തി ഞങ്ങളെ കാത്തു നിൽപ്പുണ്ട്.
ഞാനും ഫോട്ടോഗ്രാഫർ ജോർജ് വര്ഗീസും. മനോരമയിൽ നിന്ന് ബാലചന്ദ്രനും ജയചന്ദ്രനും. ഫോട്ടോഗ്രാഫർ എൻ എൻ ബാലകൃഷ്ണനും.

ഹോട്ടലിലെ വിശാലമായ മുറിയിൽ നീണ്ടു മലർന്ന് കിടന്ന് , ചുണ്ടിൽ ഒരു പൈപ്പുമായി ഇന്ത്യൻ സിനിമയുടെ വിജയ പ്രതീകം – സത്യജിത് റായ് .
പ്രശസ്തിയും പ്രതിഭയും ഒരു മനുഷ്യനിൽ, അടുത്തെത്താൻ കഴിയാത്ത ഒരു പ്രഭാവലയം സൃഷ്ടിക്കുന്നുണ്ട്. ഒരുപാട് ചോദ്യങ്ങൾ അദ്ദേഹത്തിനോട് ചോദിക്കണമെന്നുണ്ടായിരുന്നു. എന്നാൽ മുന്നിലെത്തിയപ്പോൾ എല്ലാം തകിടം മറിഞ്ഞു.

കൽക്കട്ടയിൽ ‘ദി റിവർ ‘ എന്ന ചിത്രത്തിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് എത്തിയ റെനോയറെ കാണാൻ ചെന്നതിനെക്കുറിച്ചു 1950 ൽ ‘സീക്വൻസ് മാഗസിനിൽ സത്യജിത് റായ് എഴുതിയ ലേഖനമാണ് മനസ്സിൽ ഓടിയെത്തിയത്.

സത്യജിത് റായിയെ അടുത്തുകണ്ടപ്പോൾ അതെ അവസ്ഥ. ഒരുപാട് ചോദ്യങ്ങൾ അദ്ദേഹത്തോട് ചോദിക്കണമെന്നുണ്ടായിരുന്നു. ചീഫ് എഡിറ്ററുമായി ചേർന്ന് ഒരുപാട് ചോദ്യങ്ങൾ തയ്യാറാക്കി. അതെല്ലാം മാറിമറിഞ്ഞു.ഒരുതരം സൗഹൃദ സംഭാഷണം.

കേരളത്തെക്കുറിച്ചാണ് പറഞ്ഞുതുടങ്ങിയത്.
സാംസ്കാരിക വളർച്ചയിൽ കേരളവും ബംഗാളുമായുള്ള ബന്ധം. സിനിമയിൽ അത് പ്രതിഫലിക്കുന്നതിനെക്കുറിച്ചു അദ്ദേഹം വാചാലനായി. കേരളം നൽകിയ സ്വീകരണത്തെക്കുറിച്ചു , മുൻപെങ്ങും , ഒരിക്കൽപ്പോലും ലഭിച്ചിട്ടില്ലാത്ത വരവേൽപ്പ് എന്നാണദ്ദേഹം വിശേഷിപ്പിച്ചത്.
“കഥകളിയുടെയും വിദ്യാസമ്പന്നരുടെയും കേരവൃക്ഷങ്ങളുടെയും നാടായ കേരളം വളരെനാൾ മുൻപേ എൻറെ മനസ്സിൽ ഇടം പിടിച്ചിരുന്നു. ഒരുദിവസം ഇവിടെ വരണമെന്നും ആഗ്രഹിച്ചിരുന്നു. തിരക്കിനിടെ കഴിഞ്ഞില്ല.മനോഹരമായ സ്ഥലം. സംസ്കാര സമ്പന്നരായ ആളുകൾ. വൃത്തിയുള്ള നഗരം”.
അദ്ദേഹം തിരുവനന്തപുരത്തെ വിശേഷിപ്പിച്ചു.

കേരളവും ബംഗാളുമായി സാദൃശ്യമുണ്ടെന്ന് നമ്മൾ പറയുമെങ്കിലും അദ്ദേഹം അതിനോട് യോജിച്ചില്ല.
“സാദൃശ്യം? ബാഹ്യമായി ഒന്നുമില്ല.നഗരങ്ങൾ വളരെ വ്യത്യസ്തമാണ്. ആഹാരകാര്യങ്ങളിലും സാദൃശ്യമുള്ളതായി തോന്നുന്നില്ല. വടക്കേ ഇന്ത്യൻ ഭക്ഷണ രീതികളുമായി ചേർന്ന ആഹാര ക്രമമാണ് ഞങ്ങളുടേത്. ഇവിടെ തെക്കേ ഇന്ത്യയുടേത് മാത്രമായ ആഹാരവും. കേരളവും ബംഗാളുമായി സാദൃശ്യമുള്ളത് സാംസ്കാരിക വളർച്ചയിലാണ്. സിനിമയിലും അത് കാണാൻ കഴിയും”. അദ്ദേഹം പറഞ്ഞു

വേറിട്ട സിനിമയുടെ ആളായിരുന്നു റായ്. ഇറ്റാലിയൻ നിയോ റിയലിസം സിനിമയിൽ വേരൂന്നിയ കാലത്തു ഇന്ത്യൻ സിനിമയിൽ അതിൻറെ തരംഗങ്ങൾ ഉയർത്തിവിട്ട സിനിമയാണ് പഥേർ പാഞ്ചാലി. ഇന്ത്യൻ സിനിമയിലും ലോകസിനിമയിലും അതുയർത്തിവിട്ട തരംഗം , ഇന്ത്യൻ സിനിമ റായിക്ക് മുൻപും പിൻപും എന്നൊരു വകഭേദം തന്നെയുണ്ടാക്കി.
റായ് ചിത്രങ്ങൾ ഇന്ത്യൻ സിനിമയെ ലോക സിനിമയുടെ നിലവാരത്തിലേക്ക് ഉയർത്തി. ആദ്യ ചിത്രം , പഥേർ പാഞ്ചാലി , കാൻ പുരസ്കാരം നേടിയപ്പോൾ തന്നെ റായ് ലോക സിനിമയോടൊപ്പമായി.

എഴുത്തുകാരൻ, ചിത്രകാരൻ, തത്ത്വചിന്തകൻ, പ്രസാധകൻ, വാനനിരീക്ഷകൻ എന്നീ മേഖലയിൽ തന്റെ പ്രതിഭ തെളിയിച്ച ഉപേന്ദ്ര കിഷോർ റായ് യുടെ കൊച്ചുമകനും; ബംഗാളി സാഹിത്യ ലോകത്തെ ഹാസ്യ കവി, ബാലസാഹിത്യകാരൻ, ചിത്രകാരൻ,നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായ സുകുമാർ റായ് യുടെ മകനുമാണ് സത്യജിത് റായ്.
വിറ്റോറിയ ഡിസിക്കയുടെ ‘ബൈസിക്കിൾ തീവ്സ്’ കണ്ടതാണ് അദ്ദേഹത്തെ ചലച്ചിത്ര ലോകത്തേക്ക് തിരിയാൻ പ്രേരിപ്പിച്ചത് . ചലച്ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ ഉൾപ്പെടെ 37 ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. തന്റെ ആദ്യ ചിത്രമായ പഥേർ പാഞ്ചാലിയുടെ രചനയ്ക്കു വേണ്ടി റായ് തിരഞ്ഞെടുത്തത് ബംഗാളി സാഹിത്യത്തിലെ എക്കാലത്തെയും വിശിഷ്ട കലാസൃഷ്ടിയായ ബിഭൂതിഭൂഷൻ ബന്ദോപാധ്യായുടെ അതേ പേരിലുള്ള നോവലായിരുന്നു.
നിരവധി പുരസ്കാരങ്ങൾ കരസ്തമാക്കി പഥേർ പാഞ്ചാലി. കാൻ ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച ഹ്യൂമൻ ഡോക്യുമെന്റ് പുരസ്കാരവും ഇതിൽപ്പെടും. പഥേർ പാഞ്ചാലി, അപരാജിതോ, അപൂർസൻസാർ എന്നീ തുടർചിത്രങ്ങളാണ് അപുത്രയം എന്ന പേരിൽ അറിയപ്പെടുന്നത്. തിരക്കഥാരചന, നടീനടന്മാരെ തിരഞ്ഞെടുക്കൽ, പശ്ചാത്തലസംഗീതം, ഛായാഗ്രഹണം, കലാസംവിധാനം, ചിത്രസംയോജനം, പരസ്യകല എന്നിങ്ങനെ ചലച്ചിത്രനിർമ്മാണത്തിന്റെ സമസ്ത മേഖലയിലും കഴിവു തെളിയിച്ച റായ്;മികച്ച ചിത്രകാരനും കഥാകൃത്തും കൂടിയായിരുന്നു.
ഒരു ചലച്ചിത്രം നിർമ്മിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു തുടങ്ങുമ്പോൾ തന്നെ പ്രേക്ഷകൻ അദ്ദേഹത്തിൻറെ മനസ്സിലുണ്ടാകും.

” സിനിമയെടുക്കുമ്പോൾ , അതിലൂടെ ആശയ വിനിമയം നടത്തണമെന്ന കാര്യത്തിൽ എനിക്ക് വളരെ നിർബന്ധമുണ്ട്.” അദ്ദേഹം പറഞ്ഞു. ” അതിൽ ഞാൻ വിജയിക്കുന്നുണ്ടെന്നാണ് എൻറെ വിശ്വാസം. ഓരോ പ്രേക്ഷകനും വ്യത്യസ്തമായ പ്രതികരണമാവും ഉണ്ടാകുക. എല്ലാവരിലും ഒരുപോലെ കടന്നുചെല്ലാൻ ചലച്ചിത്രകാരന് കഴിഞ്ഞു എന്ന് വരില്ല.എന്നാൽ സിനിമ മനസിലാക്കാത്തിടത്തോളം അത് പ്രേക്ഷകനിൽ നിന്നും അകന്ന് നിൽക്കും”.

കുട്ടികളുടെ മാസികയായ ‘സന്ദേശ്’ വര്ഷങ്ങളോളം അദ്ദേഹം എഡിറ്റ് ചെയ്തു. സംഗീതത്തില് അവഗാഹമുള്ള റായ് 18 കഥാചിത്രങ്ങള്ക്കും 6 ഹ്രസ്വചിത്രങ്ങള്ക്കും സംഗീതം നല്കി. കേന്ദ്ര സാഹിത്യ അക്കാദമി അവാര്ഡ് ലഭിച്ചിട്ടുള്ള റായിയുടെ നോവലുകള് അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളെപ്പോലെത്തന്നെ ബംഗാളികള്ക്കു പ്രിയങ്കരങ്ങളാണ്. ദാദ സാഹേബ് ഫാൽക്കെ, പദ്മശ്രീ , പദ്മഭൂഷൺ, ഭാരത് രത്ന എന്നിവ കൂടാതെ 1980-ലെ ഫ്രഞ്ച് ലിജിയന് ഓഫ് ഓണര് റായിക്കു ലഭിച്ചു. ബെര്ലിന്, കാന്, വെനീസ് എന്നിവയടക്കം 35 അന്തര്ദ്ദേശീയ അവാര്ഡുകള് റായിക്കു ലഭിച്ചു.
1978-ല് ബെര്ലിന് ഫിലിം ഫെസ്റ്റിവല് കമ്മിറ്റി ചാപ്ലിന്, ബെര്ഗ്മാന് എന്നിവരോടൊപ്പം എക്കാലത്തേയും മൂന്ന് ചലച്ചിത്രപ്രതിഭകള് എന്ന നിലയില് റായിയെ ആദരിച്ചു. 26 കഥാചിത്രങ്ങളും 6 ഹ്രസ്വചിത്രങ്ങളും റായി സംവിധാനം ചെയ്തു. പഥേര് പാഞ്ചാലി, അപരാജിത, അപൂര്സന്സാര്, ദേവി, ചാരുലത, ജല്സാഘര് എന്നിവയാണ് പ്രസിദ്ധമായവ. എന്നാൽ ഏറ്റവും ഇഷ്ടപ്പെട്ട ചലച്ചിത്രം ഏതെന്ന ചോദ്യത്തിന് ഒരുത്തരമേയുണ്ടായിരുന്നുള്ളു. “ചാരുലത”. എനിക്കേറ്റവും സംതൃപ്തി നൽകിയ ചിത്രം ചാരുലതയാണ്.”
സിനിമയെ ഒരുകാലരൂപം എന്നരീതിയിൽ കാണുന്ന അദ്ദേഹത്തിന് കച്ചവട ലക്ഷ്യങ്ങളോടെ നിർമ്മിക്കപ്പെടുന്ന ഹിന്ദി ചിത്രങ്ങളെ കുറിച്ച് വ്യക്തമായ അഭിപ്രായമാണുണ്ടായിരുന്നത്.

” വളരെക്കുറച്ചു ഹിന്ദി ചിത്രങ്ങളെ ഞാൻ കണ്ടിട്ടുള്ളു. ഹിന്ദി സിനിമയിലെ ചിലർ കഴിവുള്ള ചലച്ചിത്രകാരന്മാരാണ്.ഷോലെയെക്കുറിച്ചു എനിക്ക് നല്ല അഭിപ്രായമാണുള്ളത്. ഷോലെയിലെ ആദ്യത്തെ പത്തുപതിനഞ്ചു മിനിറ്റു ഒരു മികച്ച അമേരിക്കൻ സിനിമയുടെ സ്വഭാവം പുലർത്തുന്നു. കുറേക്കഴിയുമ്പോഴേക്കും ശരാശരി ഹിന്ദി സിനിമയുടെ പോരായ്മകളിലേക്കു നീങ്ങുന്നു. നമുക്ക് സ്വപ്നം കാണാൻ പോലുമാകാത്ത കാര്യങ്ങളാണ് പിന്നീട് നടക്കുന്നത്. അതിൽ ഇന്ത്യ കാണാൻ കഴിയില്ല. ഒരുതരം സിന്തറ്റിക് ലോകമാണതിലുള്ളത്. ഗൗരവമേറിയതൊന്നും അതിലില്ല. എന്നാൽ ഒരു വിനോദമെന്ന നിലയിൽ മോശപ്പെട്ട ബംഗാളി സിനിമ കാണുന്നതിലേറെ കച്ചവട സ്വഭാവമുള്ള ഹിന്ദി സിനിമ കാണാൻ ഞാൻ പോകുന്നു.

പുതിയ ചലച്ചിത്രകാരന്മാരിൽ ശുഭാപ്തി വിശ്വാസം കാത്തുസൂക്ഷിച്ച ആളായിരുന്നു അദ്ദേഹം.
” സിനിമയിലെത്തുന്ന ചെറുപ്പക്കാരിൽ ശുഭാപ്തി വിശ്വാസമാണെനിക്കുള്ളത്. അവർ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുന്നു.വിദേശമാർക്കറ്റുകൾ ലഭിക്കുന്നതോടെ അവരുടെ നില ഭദ്രമാകുമെന്ന് എനിക്കുറപ്പുണ്ട്. എന്നാൽ ഒരു ചലച്ചിത്രകാരന് സിനിമയുടെ എല്ലാ വശങ്ങളെയും കുറിച്ച് നല്ല അറിവുണ്ടാകണം. ഇവിടത്തെ സ്ഥിതി അതല്ല. നല്ലൊരു തിരക്കഥാ കൃത്തും കഴിവുള്ള ക്യാമറാമാനും എഡിറ്ററും ഉണ്ടെങ്കിൽ ആർക്കും സിനിമയെടുക്കാം എന്ന അവസ്ഥ മാറണം.സിനിമക്ക് വ്യക്തമായ ഒരു മാസ്റ്റർപ്ലാൻ ഉണ്ടായിരിക്കണം.ചിത്രീകരണ സമയത്തു മാറ്റങ്ങൾ വരുത്തുന്നതിൽ കുഴപ്പമില്ല. അവസാന നിമിഷം പോലും പുതിയ ആശയങ്ങൾ കടന്നുവരാം.അവ എങ്ങനെ സ്വീകരിക്കണമെന്നതിനെക്കുറിച്ചു സംവിധായകന് അറിവുണ്ടായിരിക്കണം.വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.

പൂർണ്ണതയെക്കുറിച്ചും യാഥാർഥ്യത്തെക്കുറിച്ചും ചിന്തിക്കാതെയുള്ള ചലച്ചിത്രങ്ങൾ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ഒരു പ്രത്യേക ഫോര്മുലയിൽ നിർമ്മിക്കുന്ന സിനിമ സമൂഹത്തിനും സിനിമക്കും യാതൊന്നും സംഭാവന ചെയ്യുന്നില്ല. കച്ചവട ലക്ഷ്യങ്ങളോടെ നിർമ്മിക്കുന്ന ചിത്രങ്ങളുടെ പരാജയം നല്ല സിനിമക്ക് വഴിയൊരുക്കുമെന്നദ്ദേഹം വിശ്വസിച്ചു.” താരങ്ങളും മറ്റു ആകർഷക ഘടകങ്ങളും ചേർത്ത് കച്ചവട ലക്ഷ്യങ്ങളോടെ നിർമ്മിക്കുന്ന ചിത്രങ്ങൾ നല്ല സിനിമയെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. ഫോർമുല ചിത്രങ്ങൾ എന്നും നിലനിൽക്കുമെന്ന് കരുതേണ്ടതില്ല. എന്നാൽ ഗൗരവമേറിയ ചിത്രങ്ങൾ എന്ന് നാം കരുതുന്നത് ഒരു നല്ല ചിത്രമല്ലെങ്കിൽ അതിലർത്ഥമില്ല”.

” വിജയങ്ങൾക്കു എളുപ്പവഴികളില്ല- അതാണ് റായ് പറഞ്ഞ പ്രധാന കാര്യം”.

അഭിമുഖം പൂർത്തിയായി മടങ്ങുമ്പോൾ , മഹാപ്രതിഭയുടെ പാദങ്ങളിൽ തൊട്ടു നമസ്കരിച്ചു.
ഉറക്കെ പൊട്ടിചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
“എൻറെ പാദങ്ങളിൽ തൊട്ടു നമസ്കരിച്ചതുകൊണ്ട് താങ്കൾക്കൊരു മികച്ച സംവിധായകനാകാൻ കഴിയില്ല.
കഠിനാദ്ധ്വാനം , അർപ്പണബോധം അതാണ് സിനിമ ആവശ്യപ്പെടുന്നത്.”
ഒരുനിമിഷം ജാള്യതയോടെ നിന്ന എൻറെ ശിരസിൽ തലോടിക്കൊണ്ട് അദ്ദേഹം മന്ത്രിച്ചു.
എസ്, യു ക്യാൻ. ട്രൈ യുവർ ലെവൽ ബെസ്ററ് …”

– രാജൻ പി തൊടിയൂർ

Share: