@40: തൊഴിലധിഷ്ഠിത വിദ്യാഭ്യാസം -കെ എ അബ്ബാസ്

712
0
Share:

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം

-കെ എ അബ്ബാസ്

സർവ്വകലാശാലകളിൽ പ്രവേശനത്തിന് തിരക്കേറുമ്പോഴും പോളിടെക്നിക്കുകളിൽ അത്രത്തോളം തിരക്ക് കാണാറില്ല. കോളേജും പോളിടെക്നിക് വിദ്യാഭ്യാസവും തമ്മിലുള്ള വ്യത്യാസം ഒന്നു മാത്രമാണ്.

കോളേജിൽ നിന്നും ഒരു ഡിഗ്രി കിട്ടുമ്പോൾ പോളിടെക്നിക്കിൽ നിന്നും ഏതെങ്കിലും പ്രത്യേക വിഷയത്തിൽ ഡിപ്ലോമ കിട്ടുന്നു. പോളിടെക്നിക് വിദ്യാഭ്യാസം ഒരാളെ ഒരു ഇലക്ട്രീഷ്യനോ മെക്കാനിക്കോ സർവ്വേയറോ എൻജിനീയറോ ആക്കുന്നു. പോളിടെക്നിക് വിദ്യാഭ്യാസം തൊഴിൽ അധിഷ്ഠിതമാണ്. ബി എയോ ബി എസ് സി യോ ബിരുദം നേടിയ ഒരാളെക്കാളും വേഗത്തിൽ ഡിപ്ലോമയുള്ള ഒരാൾക്ക് ജോലി കിട്ടുന്നു. ഗ്രാഫിക്സ് , ഡിടി പി തുടങ്ങിയവ പഠിക്കുന്നവർക്കും തൊഴിൽ ലഭിക്കാനുള്ള സാധ്യത ഏറുന്നു.

നമ്മുടെ സർവ്വകലാശാലകളിൽ ‘സ്വദേശി ഗുമസ്തന്മാരെ’ ഉണ്ടാക്കുവാനുള്ള പഠന സമ്പ്രദായമാണ് നിലവിലുള്ളതെന്ന് ഒരിക്കൽ മെക്കാളെ പ്രഭു കളിയാക്കി പറഞ്ഞിരുന്നു. കോളേജുകളിൽ നിന്നും ‘സ്റ്റീരിയോ ടൈപ്പ്’ പഠനവുമായി പുറത്തിറങ്ങുന്നവർക്ക് ഒരു ഗുമസ്തൻ അല്ലാതെ മറ്റൊന്നും ആകാൻ കഴിയുന്നില്ല. പഠന സമ്പ്രദായത്തിലെ ഈ ന്യൂനത കൊണ്ട് തന്നെയാണ് തൊഴിലില്ലായ്മ അനുദിനം ഇവിടെ വർദ്ധിച്ചു വരുന്നതും.

പ്രത്യേകിച്ചൊരു തൊഴിലും ലക്ഷ്യമാക്കിയല്ല അവരെ പഠിപ്പിക്കുന്നത്. ഒരു ബിരുദധാരിക്ക് പ്രത്യേക കഴിവുകളൊന്നുമില്ലെങ്കിൽ ഇവിടെ ക്രിയാത്മകമായി യാതൊന്നും ചെയ്യാനില്ല എന്നതാണ് പരമാർത്ഥം. 90 ശതമാനം മാർക്കോടെ കണക്കോ സയൻസോ പാസായിട്ടുള്ള ഒരാളിന് ഒരു സയൻസ് കോളേജിലോ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിലോ പ്രവേശനത്തിന് അപേക്ഷിക്കാം. ഒരു എൻജിനീയറോ ശാസ്ത്രജ്ഞനോ ആകാൻ കഴിഞ്ഞില്ലെങ്കിൽ കൂടി അയാൾക്ക് ഒരു കോളേജ് അധ്യാപകനെങ്കിലും ആകാം.

ഇംഗ്ലീഷ് സാഹിത്യത്തിൽ താൽപര്യവും നല്ല മാർക്കും ഉണ്ടെങ്കിൽ നിങ്ങൾക്ക് എം എ യ്‌ക്കോ എം ലിറ്റിനോ ചേരാം. നിയമത്തിൽ താല്പര്യവും യുക്തിയുക്തമായി സംസാരിക്കാനുള്ള ശേഷിയും ഉണ്ടെങ്കിൽ എൽഎൽബിക്ക് ചേരാം. നിങ്ങൾക്ക് ഒരു അഭിഭാഷകൻ ആകാം. ആവശ്യംപോലെ കുടുംബസ്വത്തുണ്ടെങ്കിൽ തീർച്ചയായും ഇംഗ്ലണ്ടിൽ പോകാം; ബാരിസ്റ്റർ ആകാം.

സാധാരണയിൽ നിന്നും വ്യത്യസ്തമായി പത്രപ്രവർത്തനം, സിനിമ, സാഹിത്യം തുടങ്ങിയ തൊഴിലുകൾ ഉണ്ട്. കഴിവും സാഹസിക മനോഭാവവുമാണ് ഇത്തരം തൊഴിലിൽ ഏർപ്പെടുന്നവർക്ക് ആവശ്യം.

അഭിരുചിയും എഴുതുവാനുള്ള കഴിവും ഇത്തരം തൊഴിലിന് അത്യന്താപേക്ഷിതമാണ്. കുട്ടികളുടെ പ്രസിദ്ധീകരണത്തിലെങ്കിലും നിങ്ങൾ എന്തെങ്കിലും എഴുതിയിട്ടുണ്ടോ ? നിങ്ങൾക്ക് വായനയിൽ താല്പര്യമുണ്ടോ ? പത്രാധിപർക്കുള്ള കത്തുകളെങ്കിലും എഴുതിയിട്ടുണ്ടോ ? (പത്രപ്രവർത്തനം ആരംഭിക്കാനുള്ള എളുപ്പവഴി ഇതാണ് ) ഇവയിലേതിലെങ്കിലും ഏർപ്പെട്ടിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു പത്രപ്രവർത്തകൻ ആകാം. ഇല്ലായെങ്കിൽ, തീർച്ചയായും പാടില്ല.

സാഹിത്യം എല്ലാ രീതിയിലും ഒന്നാണെങ്കിലും സിനിമയ്ക്ക് വേണ്ടിയുള്ള എഴുത്ത് വ്യത്യസ്തമാണ്. ഒരു ചെറുകഥ എങ്കിലും എഴുതിയിട്ടില്ലെങ്കിൽ, (പ്രസിദ്ധപ്പെടുത്തിയിട്ടില്ലെങ്കിൽ) തീർച്ചയായും സിനിമയ്ക്ക് വേണ്ടി എഴുതാൻ നിങ്ങൾ ശ്രമിക്കരുത്. പത്തു സിനിമയുടെ എങ്കിലും കഥ പറയാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ പലരും ലളിതം എന്ന് പറയുന്ന സിനിമ സാഹിത്യത്തിലേക്ക് നിങ്ങൾ കടക്കരുത്. വിജയം വരെ കാത്തിരിക്കാൻ ഉള്ള സഹനശക്തി നിങ്ങൾക്കില്ലെങ്കിൽ സിനിമാലോകം നിങ്ങൾ സ്വപ്നം കാണരുത്. ഒരു ചെറുകഥാകൃത്ത് എന്ന നിലയിൽ അറിയപ്പെടാൻ തുടങ്ങിയ ശേഷമാണ് സിനിമയിലേക്ക് ഞാൻ ശ്രമിച്ചത്. 17 പ്രാവശ്യത്തെ പരാജയങ്ങൾക്ക് ശേഷമാണ് എൻറെ ഒരു കഥ സിനിമയാകുന്നത്. ഇത്രയും കാലം കാത്തിരിക്കാനുള്ള ക്ഷമ നിങ്ങൾക്കുണ്ടോ?

ഛായാഗ്രഹണം പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ വിലകുറഞ്ഞ ഒരു ബോക്സ് ക്യാമറയിൽ നിന്ന് അത് ആരംഭിക്കാം. ആളുകളുടെ ചിത്രം എടുത്തു പഠിക്കുക. ഛായാഗ്രഹണത്തെ കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ച് കാര്യങ്ങൾ ഗ്രഹിക്കുക. അതിനുശേഷം മാത്രം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുക . അതിന് ശേഷം മാത്രം.

ഒരു തൊഴിൽ തിരഞ്ഞെടുക്കുക എന്നത് വളരെയേറെ ശ്രദ്ധ യോടുകൂടി ചെയ്യേണ്ട കാര്യമാണ്. ഒരു പ്രേമ വിവാഹം ചെയ്യാൻ പോകുന്നത്ര സൂക്ഷ്മതയോടെ. നിങ്ങൾ തെരഞ്ഞെടുക്കുന്ന ജോലി ഒരു ജീവിത കാലത്തേക്ക് മുഴുവൻ ഉള്ളതാണെന്ന വസ്തുത എപ്പോഴും മനസ്സിൽ സൂക്ഷിക്കുക.

കഥാകൃത്ത് , പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് , ചലച്ചിത്ര സംവിധായകൻ , നോവലിസ്റ്റ് എന്നീ നിലകളിൽ ലോകപ്രശസ്തനായ കെ എ അബ്ബാസ് ഇന്ന് നമ്മോടൊപ്പമില്ല. 1914 ജൂൺ 7 ന് പാനിപ്പട്ടിൽ ജനിച്ച അദ്ദേഹം 1987 ജൂൺ 1 ന് മുംബയിൽ അന്തരിച്ചു. കരിയർ മാഗസിൻറെ ആദ്യ ലക്കത്തിലെ ആദ്യ ലേഖനമാണിത്. സാത്ത് ഹിന്ദുസ്ഥാനി, മേരാ നാം ജോക്കർ, തുടങ്ങിയ ചിത്രങ്ങൾ ദേശീയവും അന്തർദേശീയവുമായ നിരവധി അംഗീകാരങ്ങൾ നേടി.
( കരിയർ മാഗസിൻ – 01 / 08 / 1984 )

Share: