ശ്രീ പദ്മനാഭൻറെ ഗോപുരവാതിൽ യേശുദാസിനുവേണ്ടി തുറക്കുമ്പോൾ 

Share:
– രാജൻ  പി തൊടിയൂർ 
” ഗുരുവായൂരമ്പലനടയിൽ ഒരു ദിവസം ഞാൻ പോകും ,
ഗോപുരവാതിൽ തുറക്കും , ഗോപകുമാരനെക്കാണും “
എന്ന് പാടിയ ഗാനഗന്ധർവൻ ഡോ. കെ. ജെ . യേശുദാസിനുവേണ്ടി ശ്രീ പദ്മനാഭൻറെ ഗോപുരവാതിൽ തുറന്നു കൊടുക്കുമ്പോൾ , ഹിന്ദു മാനവികതയുടെ മഹത്തായ മൂല്യമാണ് സ്വർണ്ണതിളക്കത്തോടുകൂടി ജനഹൃദയങ്ങളിൽ നിറയുന്നത്.
(വയലാർ ഈ വരികളെഴുതിയത് യേശുദാസിൻറെ ഒരാഗ്രഹം ജനങ്ങളിൽ എത്തിക്കാൻ വേണ്ടി കൂടിയാണെന്ന് സിനിമാക്കാർക്കിടയിൽ അന്നൊരു പറച്ചിൽ ഉണ്ടായിരുന്നു.)  ലോകത്തെ എല്ലാമനുഷ്യർക്കും നൻമ്മയുണ്ടാകണമെന്നു പ്രാർഥിക്കുന്ന മതമാണ് ഹിന്ദുമതമെന്നു യേശുദാസ് പലവേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്. ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്ന ആപ്തവാക്യം പലവേദികളിലും അദ്ദേഹം ആവർത്തിക്കാറുണ്ട്. ഹിന്ദുമതം ഒരു ജീവിത ചര്യയാണെന്നും ജാതി-മത ചിന്തകൾക്ക് അപ്പുറത്തു ലഭിക്കുന്ന ചൈതന്യമാണ് ധ്യാനത്തിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറയാറുണ്ട്.
‘ ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിതെന്ന ഗുരുദേവകീർത്തനം പാടിയാണ്  യേശുദാസ്‌ ചലച്ചിത്ര സംഗീത ലോകത്ത്‌ ഹരിശ്രീ കുറിച്ചത്. മതത്തിനും ജാതിക്കുമതീതമായി ചിന്തിക്കാൻ സന്മനസ്സുള്ള അദ്ദേഹം എല്ലാ വേദികളിലും പൂർണ്ണമായും ഉൾക്കൊണ്ടു ഈ വരികൾ പാടാൻ സമയം കണ്ടെത്തും.
എല്ലാ ജന്മദിനത്തിനും മൂകാംബികയിൽ പാടാൻ എത്തുന്ന, ശബരീശനെ ഹരിവരാസനം പാടി ഉറക്കുന്ന മലയാളത്തിൻറെ മഹാഗായകൻ, അനന്ത പദ്മനാഭൻറെ സന്നിധിയിൽ സ്വാതി തിരുന്നാൾ രചിച്ച ‘യാ തേ പാദസരോജധൂളിരനിശം ബ്രഹ്‌മാദിഭിർ നി സ്പൃഹിർ ‘ എന്നാരംഭിക്കുന്ന പദ്മനാഭശതകം പാടും എന്നാണ് കരുതുന്നത്. ‘ ഈ ലോകത്തെ സംരക്ഷിക്കുന്നതും പാപികളെ നശിപ്പിക്കുന്നതുമായ അവിടുത്തെ ( ഭഗവാൻറെ )  പാദപദ്മധൂളി,  ഗുണരഹിതനായ എന്നെ എല്ലായ്പ്പോഴും കാത്തുരക്ഷിക്കട്ടെ ‘ എന്ന അപേക്ഷ പദ്മനാഭ സന്നിധിധിയിൽ സംഗീതാർച്ചനയായി സമർപ്പിക്കാൻ  വിശ്വഗായകൻ തയ്യാറാകുമ്പോൾ ഭാരതജനത  ഒന്നായി നിന്ന് സ്വീകരിക്കണം.
വിവിധ മത വിശ്വാസികൾ ഒന്നായി ജീവിച്ചു ലോകത്തിനു മാതൃകയാകുന്നു എന്നതാണ്  ഭാരതത്തിൻറെ മഹത്വം. ‘നാനാത്വത്തിൽ ഏകത്വം ‘ എന്ന കാഴ്ചപ്പാട് നമ്മുടെ ശക്തിയാകുന്നു. “ഭായിയോം ഔർ ബഹനോം ” ( സഹോദരീ-സഹോദരന്മാരെ ) എന്ന് നമ്മുടെ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ അത് ഹൃദയത്തിൽ നിന്ന് രൂപംകൊള്ളുന്നതാണെന്നു നാം തിരിച്ചറിയുന്നു. ‘യേശുദാസ’നായി ജനിച്ചു ‘പദ്മനാഭദാസനായി’ പാടാൻ എത്തുന്ന പത്മഭൂഷൺ ഡോ. കെ ജെ യേശുദാസിൻറെ ഹൃദയ വിശാലത ഓരോ ഭാരതീയനും , നമ്മുടെ മതേതര സങ്കൽപ്പത്തിന് മുതൽക്കൂട്ടായി കരുതണം.
ശ്രീകൃഷ്ണനെയും സ്വാമി അയ്യപ്പനെയും മൂകാംബികദേവിയെയും സ്തുതിച്ചുകൊണ്ട് നൂറുകണക്കിന് ഗാനങ്ങൾ ആലപിച്ച യേശുദാസ് ‘അല്ലാഹു’ വിനെയും  മനുഷ്യപുത്രനെയും കുറിച്ചും അനേകം പാട്ടുകൾ പാടിയിട്ടുണ്ട്. ഇന്ന് ഭാരതത്തിൽ ജീവിച്ചിരിക്കുന്ന ഏതൊരു ഗായകനെക്കാളും , മാനവികതയുടെയും മതസൗഹാർദ്ദത്തിൻറെയും സന്ദേശം മധുരശ ബ്ദ ത്തിൽ നിറഞ്ഞു നിൽക്കുന്ന ആത്മാർഥതയോടെ ജനങ്ങളിലെത്തിച്ച അദ്ദേഹം ‘ഞാൻ ഹിന്ദു മതത്തിൽ വിശ്വസിക്കുന്നു എന്ന സത്യവാങ്മൂലം ശ്രീപദ്മനാഭ ക്ഷേത്ര ഭരണസമിതിക്ക് സമർപ്പിച്ചപ്പോൾ നാം തിരിച്ചറിയേണ്ടത് “മനുഷ്യന് ഒരു മതം മാത്രമേയുള്ളു ” എന്ന ശ്രീനാരായണഗുരുവിൻ്റെ ഉൽബോധനമാണ്. ആ മതം സ്നേഹത്തിൻറെയും സൗഹൃദത്തിൻറെയും സഹിഷ്ണുതയുടേതുമാണെന്ന മഹത് സന്ദേശമാണ് യേശുദാസ് ലോകത്തിന് നൽകുന്നത്.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സംസ്കാരമാണ് ‘ഹിന്ദുത്വം’. ഒരു മതത്തിനും ഉപരിയായ ജീവിത സംസ്കാരം. നീതിയുടെയും ധർമ്മത്തിൻറെയും സ്നേഹത്തിന്റെയും സൗഹൃദത്തിൻറെയും ബഹുമാനത്തിൻറെയും സഹിഷ്ണുതയുടെയും  ഭാഷയാണ് അത് ലോകത്തിനു പഠിപ്പിച്ചത്. അതുകൊണ്ടുതന്നെയാണ് ഹിന്ദു ക്ഷേത്രങ്ങളിലെ പ്രവേശനത്തിന് അഹിന്ദു എന്ന വിവേചനം അടിസ്ഥാനമായി സ്വീകരിക്കേണ്ടതുണ്ടോ എന്ന ചർച്ചകൾ സജീവമായി നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുരാഷ്ട്രമായ ഭാരതത്തിലെ അഹിന്ദുക്കളുടെ അടിസ്ഥാനം പരിശോധിച്ചു ചെല്ലുമ്പോൾ മിക്കവരും ഹിന്ദു മതത്തിൽനിന്നും വേറിട്ട് പോയവരാണെന്ന യാഥാർഥ്യം തിരിച്ചറിയാൻ കഴിയും. ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന മുതിർന്നവരിൽ പലരും അത് ഓർക്കുകയും ചെയ്യുന്നുണ്ട്.
മൂകാംബികയിലും മധുര മീനാക്ഷിയിലും തിരുപ്പതിയിലും ശബരിമലയിലും ഹിന്ദുക്കളോടൊപ്പം മറ്റു മതസ്ഥരും ദർശനം നടത്താറുണ്ട് ; പ്രാർഥിക്കാറുണ്ട്. ഗുരുവായൂരും പത്മനാഭ സ്വാമിക്ഷേത്രത്തിലും അതുപോലെയുള്ള ചുരുക്കം ക്ഷേത്രങ്ങളിലും യേശുദാസിനെപ്പോലുള്ളവർ ആഗ്രഹം പ്രകടിപ്പിക്കുമ്പോഴാണ് അത് ചർച്ചാവിഷയമാകുന്നത്. സത്യവാങ്മൂലം എഴുതിവാങ്ങാതെ എല്ലാ ക്ഷേത്രങ്ങളിലും വിശ്വാസികൾക്ക് പ്രവേശനം നല്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുമായും തീരുമാനങ്ങൾ എളുപ്പത്തിൽ സ്വീകരിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിൻറെ ആവശ്യം കൂടിയാണ്.
‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’  എന്ന് നമ്മുടെ പൂർവികർ പഠിപ്പിച്ചത് വെറുതെയല്ല എന്ന് തെളിയിക്കാൻ നമുക്ക് ബാദ്ധ്യതയുണ്ട് .
നമ്മുടെ സംസ്കാരം ലോകത്തിനു മുഴുവൻ മാതൃകയാക്കണം എന്നുണ്ടെകിൽ നാം വിശാലമായി ചിന്തിക്കുവാൻ തയ്യാറാകണം.
‘യാ വിശ്വം പ്രപുനാതി ജാല മ ചിരാത്‌
സം ശോഷമത്യം ഹസാ
സാ മാം ഹീന ഗുണം പുനാ തു
നിതരാം ശ്രീ പദ്മനാഭാന്വഹം’
ഈ ‘വിശ്വത്തെ’ പരിപാലിക്കുന്നതും പാപ സമൂഹത്തെ നശിപ്പിക്കുന്നതുമായ ശ്രീ പദ്മനാഭനെയാണ് സ്വാതിതിരുനാൾ ‘ പദ്മനാഭ ശതക’ത്തിൽ പ്രാർഥിച്ചത്.
വിശ്വ മാനവികതയാണ് ഹിന്ദു സംസ്കാരവും.
‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’
Share: