ഉച്ചരിക്കപ്പെടാത്ത നിശബ്ദ അക്ഷരങ്ങൾ

Share:
Interview tips

പ്രൊഫ. ബലറാം മൂസദ്

ച്ചരിക്കപ്പെടാത്ത consonant കളുടെ കാര്യം ഇനി എടുക്കാം.
മറ്റൊരു കഥ ഇതിലേക്ക് വെളിച്ചം വീശുന്നു.
സ്കൂളില്‍ ഇന്‍സ്പെക്ഷനാണ്. അദ്ധ്യാപക൯ തകര്‍ത്തു പഠിപ്പിക്കുന്നു. Inspector ക്ലാസിലെത്തിയപ്പോള്‍ അദ്ധ്യാപക൯ ഒരു വിദ്യാ൪ത്ഥിയോട് ചോദ്യം ചോദിച്ചു.

ക്നൈഫ് (knife) എന്നാല്‍ എന്ത്?
വിദ്യാ൪ത്ഥി എഴുന്നേറ്റുനിന്ന് സബഹുമാനം മറുപടി പറഞ്ഞു.
ഐ ഡോണ്ട് ക്നോ (I don’t know).
ഇത് രണ്ടും കേട്ട ഇന്‍സ്പെക്ട൪ ഉടനെ കമ൯റു പാസാക്കി.
ബോത്ത്‌ ആ൪ വ്രോങ്ങ് (Both are wrong).
ഈ കഥയില്‍ നിന്നും ഉച്ചരിക്കപ്പെടാത്ത consonants ഉള്ള മൂന്നു പദങ്ങള്‍ കിട്ടുന്നു.

knife, know, wrong, ഇവയുടെ ലിസ്റ്റില്‍പ്പെട്ട കുറെ പദങ്ങള്‍ കൂടി താഴെ ചേര്‍ക്കാം.

1. പദത്തിന്‍റെ തുടക്കത്തില്‍ ‘k’ യും ‘n’ഉം വന്നാല്‍ ‘k’ നിശബ്ദമാകുന്നു.
ഉദാ: knit, knack, knead, knee, kneel, knob. knock, knot,knuckle

2. തുടക്കത്തില്‍ ‘g’യും ‘n’ഉം വന്നാല്‍ ‘g’ നിശബ്ദ മാകുന്നു.

ഉദാ: gnarl, gnash, gnat, gnaw gnome, gnu

3. തുടക്കത്തില്‍ ‘p’യും ‘s’ഉം വന്നാല്‍ ‘p’ നിശബ്ദ മാകുന്നു.

ഉദാ: psalm, pseudo, psyche, psychiatry, psychology

4. Heir, honest, honour, hour എന്നീ പദങ്ങളില്‍ ‘h’ നിശബ്ദമാണ്‌ ചിലപ്പോള്‍.

5. ‘w’ന്‍റെ കൂടെ ‘h’ വന്നാല്‍ ‘h’ നിശബ്ദമാകുന്നു.

ഉദാ: white, what, wheat, ചിലപ്പോള്‍ ‘w’ നിശബ്ദമാകുന്നു.

ഉദാ: Who, Whose, Whom

6. ‘w’ കഴിഞ്ഞ് ‘r’ വന്നാല്‍ ‘w’ നിശബ്ദമാകുന്നു ഉദാ: Wreck, wren, wrest,wrestle, wretch, wriggle, wring,wrinkle,wrist,writ, writhe, wrong, wrought, wry.

പദത്തിനിടയില്‍ വരുന്ന ചില consonants നിശബ്ദമാകാറുണ്ട്. ‘gh’ എന്നത് vowel sound ന്ശേഷം വന്നാല്‍ സാധാരണ ഉച്ചരിക്കപ്പെടാറില്ല. ഉദാ:sight, right, height, fight, neigh, naught, caught,bought, brought.

പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരനായിരുന്ന Somerset Maugham ന്‍റെ പേരും ഇതില്‍പ്പെടുന്നു. സോമര്‍സെറ്റ്‌ മോം എന്നു മാത്രമാണ് ഉച്ചാരണം. ചിലര്‍ തെറ്റി ‘മോഘം’ എന്നൊക്കെ വായിക്കാറുണ്ട്.

പദാന്ത്യത്തില്‍ ‘gh’ വന്നാല്‍ ‘f’ എന്ന sound ഉളവാകുന്നു. ഉദാ: rough, cough, frough.

‘U’ എന്ന അക്ഷരത്തില്‍ ആരംഭിക്കുന്ന പദങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനൊരിക്കലും ഇംഗ്ലീഷില്‍ ‘ഉ’ എന്ന ശബ്ദം വരില്ല. ‘U’ ആദ്യം വന്നാല്‍ ഒന്നുകില്‍ ‘അ’ എന്ന ശബ്ദം.(ഉദാ: up, unrest, utter) അല്ലെങ്കില്‍ ‘യു’ എന്ന ശബ്ദം (ഉദാ: use, university) അതുമല്ലെങ്കില്‍ മലയാളത്തിലി ല്ലാത്ത ഒരു ശബ്ദമായ ‘അ’ എന്ന ശബ്ദം. (ഉദാ: urge, urban,urgent) ഇവയാണ് വരിക. Usherനെ ഉഷര്‍ എന്നും usurpനെ ‘ഉസ൪പ്പ്’ എന്നും ഒക്കെ ആളുകള്‍ ഉച്ചരിക്കുന്നത് കേള്‍ക്കാറുണ്ട്. ഈ അടുത്ത കാലത്ത് ‘ukraine’നെ ‘ഉക്രെയിന്‍’ എന്ന് ആകാശവാണി പോലും തെറ്റി വിളിച്ചു.(യുക്രെയി൯ എന്നതാണ് ശരിയായ ഉച്ചാരണം).

ഇന്ത്യക്കാര്‍ ഇംഗ്ലീഷ് പദങ്ങള്‍ ഉച്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടി ഇവിടെ ചൂണ്ടിക്കാണിക്കട്ടെ.

1) ‘age’ ‘ege’ എന്നീ അക്ഷരകൂട്ടങ്ങളില്‍ അവസാനിക്കുന്ന ഇംഗ്ലീഷുപദങ്ങളില്‍ അവര്‍ക്ക് ‘ഇജ്‌’ എന്നാണ് ഉച്ചാരണം വരിക. അങ്ങനെ college ‘കൊളിജ്’ ആകും. marriage ‘മേരിജ്’ ആയും തീരുന്നു.

2) ‘est’ ‘ket’ എന്നിവയില്‍ അവസാനിക്കുമ്പോള്‍ അവിടെ ‘ഇ’ ശബ്ദം വരുന്നു. അങ്ങനെ honest ‘ഒണിസ്റ്റ്’ ആയും market ‘മാക്കിറ്റ്’ ആയും ഉച്ചരിക്കപ്പെടുന്നു.

3) ‘less’ ‘ness’ എന്നിവയില്‍ അവസാനിക്കുമ്പോഴും ‘ഇ’ ശബ്ദം വന്നുചേരുന്നു. അങ്ങനെ highness ഹൈനിസ് ആയും hopeless ‘ഹോപ്‌ലിസ്’ ആയും തീരുന്നു.

4) ‘w’ നു ശേഷം ‘a’ എന്ന അക്ഷരം വന്നാല്‍ ശബ്ദം ‘ഒ’ അഥവാ ‘ഓ’ ആയിത്തീരുന്നു. അങ്ങനെ wash ‘വൊഷ്’

ആയും wall വോള്‍ ആയും തീരുന്നു.

5) അതുപോലെ ‘a’ യ്ക്കു ശേഷം ‘l’ വന്നാല്‍ ‘a’ യുടെ ശബ്ദം ‘ഒ’ അഥവാ ‘ഓ’ ആയിത്തീരുന്നു. (ഉദാ:all (ഓള്‍), altar (ഓള്‍ട്)

6) ‘ex’ല്‍ തുടങ്ങുന്ന പദങ്ങള്‍ക്ക് ‘എക്സ്’ എന്നോ ‘ഇഗ്സ്’ എന്നോ ഉച്ചാരണം വരാം. Expert ‘എക്സ്പേട്’ ആകുമ്പോള്‍ examination ‘ഇഗ്സാമിനെയ്ഷ൯’ ആയിത്തീരുന്നു. പൊതുവേ പറഞ്ഞാല്‍ ‘ex’നു ശേഷം ‘a’ യോ ‘e’ യോ ‘h’ ഓ വരുമ്പോഴാണ് ‘ഗ്സ്’ ശബ്ദം വരുന്നത്

ഇനി ഇവിടെ ഉപയോഗിച്ച സിംബലുകളെക്കുറിച്ചുകൂടി ഒരു വിശദീകരണം, cat, rat, എന്നിവയിലെ ‘a’ യുടെ ശബ്ദത്തിനു (അ+ എ) മലയാളത്തില്‍ സിംബലില്ല. അതുകൊണ്ട് അതു സൂചിപ്പിക്കാന്‍ മലയാളത്തിലെ ‘ഏ’ കാരമാണ് ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെ ‘cat’നെ ‘കേററ്’ എന്നെഴുതിയിരിക്കുന്നു. ഭാഗ്യവശാല്‍ ഇംഗ്ലീഷില്‍ ‘ഏ’ കാരമില്ല ‘എ’കാരമെയുള്ളു. Table, status, എന്നിവയില്‍ നാം തെറ്റായി ഏകാരം ഉപയോഗിക്കാറുണ്ട്. ടേബിള്‍, സ്റ്റേറ്റസ് എന്നൊക്കെ. അവയുടെ ശരിയായ ഉച്ചാരണം ടെയ്ബിള്‍ എന്നും സ്റ്റേയ്റ്റസ് എന്നുമൊക്കെയാണ്.

അതുപോലെ ‘er’,our എന്നിവയിലവസാനിക്കുന്ന പദങ്ങളിലെ (matter, manner, colour) അവസാന ഭാഗത്തിന്‍റെ ശബ്ദം അ എന്ന് മാത്രമാണ്. ‘r’ന് അവിടെ ഉച്ചാരണമില്ല. ഉദാഹരണത്തിന് ‘mat’ന് ‘മേറ്റ്’ എന്നെഴുതുമ്പോള്‍ ‘matter’ മേറ്റു എന്നെഴുതുന്നു. ഈ വ്യത്യാസം വായനക്കാര്‍ ശ്രദ്ധിക്കേ ണ്ടതുണ്ട്.

അതുപോലെ ‘girl’ pearl എന്നിവയുടെ vowel sound സൂചിപ്പിക്കാന്‍ മലയാളത്തില്‍ സിംബലില്ല. വേറെ ഗതിയില്ലാത്തതുകൊണ്ട്‌ ആ ശബ്ദം സൂചിപ്പിക്കാനും ഏകാരമാണ് ഉപയോഗിച്ചിട്ടുള്ളത്. ഇനി സാധാരണ തെറ്റി ഉച്ചരിക്കപ്പെടാറുള്ള പദങ്ങളിലേക്ക് കടക്കാം.

( തുടരും)

Share: