You are here
Home > Articles > പുതിയ സാദ്ധ്യതകളുമായി പുതുവർഷം

പുതിയ സാദ്ധ്യതകളുമായി പുതുവർഷം

2019 , തൊഴിൽ- വിദ്യാഭ്യാസ മേഖലകളിൽ നിരവധി അവസരങ്ങളാണ് തുറന്നുവെക്കുന്നത് . ഐ ടി , ഐ ടി ഇ എസ് മേഖലകളിലും സ്റ്റാർട്ട് അപ്പ് രംഗത്തുമുണ്ടാകാൻ പോകുന്ന തൊഴിൽ സാദ്ധ്യതകളെക്കുറിച്ചും വിദ്യാഭ്യാസ പദ്ധതികളെക്കുറിച്ചും ‘എൻറെ റേഡിയോ 91.2 ലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിൽ കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂർ , മുംതാസ് രഹാസുമായി സംസാരിക്കുന്നു.

മുംതാസ് രഹാസ് : തൊഴിൽ – വിദ്യാഭ്യാസ മേഖലകളിൽ പുതുവർഷം നൽകുന്ന പ്രതീക്ഷകൾ എന്തൊക്കെയാണ്?

രാജൻ പി തൊടിയൂർ : പുതുവർഷം നമുക്ക് നൽകുന്നത് ഒരുപാട് പ്രതീക്ഷകളാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി തൊഴിൽ മേഖലയിൽ ഉണ്ടായിരുന്ന മാന്ദ്യം , പുതുവർഷത്തിൽ ഇല്ലാതെയാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.ലോകമെമ്പാടുമുള്ള മാനവ വിഭവശേഷി സ്ഥാപനങ്ങളും സാമ്പത്തിക വിദഗ്ദ്ധരും അക്കാര്യം വ്യക്തമായി പറയുന്നുണ്ട്. ഏറ്റവുമധികം തൊഴിൽ ഈ വർഷം പ്രതീക്ഷിക്കുന്നത് ഐ ടി , ഐ ടി ഇ എസ് മേഖലകളിലാണ്. ഏകദേശം രണ്ടര ലക്ഷത്തോളം തൊഴിലവസരങ്ങൾ ഈ രംഗത്തുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുംതാസ് രഹാസ് : ഐ ടി , ഐ ടി ഇ എസ് രംഗത്ത് ഏതൊക്ക മേഖലകളിലാണ് കൂടുതൽ അവസരങ്ങൾ ?

രാജൻ പി തൊടിയൂർ : ഐ ടി , ഐ ടി ഇ എസ് രംഗത്ത് ധാരാളം പുതിയ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ തൊഴിലവസരങ്ങൾ ധാരാളമായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , മെഷീൻ ലേർണിംഗ് , ഡാറ്റ അനലിറ്റിക്സ് ,റോബോട്ടിക്‌സ് ,സോഫ്റ്റ്‌വെയർ ഡെവലൊപ്മെൻറ് , ഇൻഫർമേഷൻ സെക്യൂരിറ്റി, നെറ്റ്‌ വർക്കിങ് , ഗ്രാഫിക് ഡിസൈനിംഗ് , ബ്ലോക്ക് ചെയിൻ , ഐ ഒ ടി , ഡിസൈൻ തിങ്കിങ് തുടങ്ങിയ മേഖലകളിൽ ധാരാളം തൊഴിലവസരങ്ങൾ ഇന്ത്യയിലും വിദേശങ്ങളിലും ഉണ്ടാവുകയാണ്.

മുംതാസ് രഹാസ് : സ്റ്റാർട്ട് അപ്പ് മേഖലയിൽ എന്ത് മാറ്റമാണ് പ്രതീക്ഷിക്കാവുന്നത്?

രാജൻ പി തൊടിയൂർ : സ്റ്റാർട്ട് അപ്പ് മേഖലയിൽ രണ്ട് ലക്ഷത്തിലേറെ തൊഴിലവസരങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. ഇന്ത്യയിലെ തൊഴിൽ മേഖല ശക്തമാകുമെന്ന് പ്രതീക്ഷിക്കാനുള്ള നിരവധി കാരണങ്ങൾ സാമ്പത്തിക വ്യവസായ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ലോക സമ്പത് വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ഏഴ് ശതമാനത്തിലേറെ വളർച്ചയുള്ള ഇന്ത്യയിൽ തൊഴിൽ രംഗത്ത് പുതുവർഷം ഒരു കുതിച്ചുചാട്ടമാണ് കാണുന്നത്. ആധുനിക സാങ്കേതിക വിദ്യയെ ആശ്രയിച്ചുള്ള സ്റ്റാർട്ട് അപ്പ് രംഗത്ത് ഇന്ത്യ മുന്നേറുകയാണ്.

മുംതാസ് രഹാസ് : പരമ്പരാഗത തൊഴിൽ മേഖലയിൽ പുതുവർഷത്തിൽ എന്ത് മാറ്റമാണ് ഉണ്ടാകുന്നത്?

രാജൻ പി തൊടിയൂർ : പരമ്പരാഗത തൊഴിൽ മേഖലകളായ റയിൽവേ, ബാങ്കിങ് പോലുള്ള തൊഴിൽ ദാതാക്കൾ ധാരാളം അവസരങ്ങളാണ് പുതുവർഷത്തിൽ തുറന്നു വെക്കുന്നത്. റയിൽവെ 14033 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിത്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. വളരെ നാളുകൾക്ക് ശേഷമാണ് റയിൽവേ ഇത്തരമൊരു മാസ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ബി ടെക് , എൻജിനീയറിങ് , ബി എസ് സി , യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയും. നഴ്സിംഗ് പാസായവർക്ക് ഇന്ത്യയിലും യൂ കെ , സൗദി അറേബ്യ , ഒമാൻ , യൂ എ ഇ തുടങ്ങിയ രാജ്യങ്ങളിലും ധാരാളം അവസരങ്ങളാണുണ്ടാകാൻ പോകുന്നത്. യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, എൽ ഡി ക്ളർക് തുടങ്ങിയ പരീക്ഷകൾ ഈ വർഷം പി എസ് സി നടത്തും.രാജ്യത്തെ 50 % കമ്പനികളിലും വൻതോതിൽ ആളുകളെ ആവശ്യമായി വരും.

മുംതാസ് രഹാസ് : മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവരോട് പുതുവർഷത്തിൽ എന്താണ് പറയാനുള്ളത്?

രാജൻ പി തൊടിയൂർ : അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. പോയ വർഷങ്ങൾ നൽകിയ അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോവുക. ഓരോ അനുഭവവും നമുക്ക് നൽകുന്നത് ഒരു പാഠമാണ്. നല്ലതായാലും ചീത്തയായാലും. ജീവിത വിജയത്തിനുള്ള അടിസ്ഥാന മന്ത്രമായി വിജയികൾ സ്വീകരിച്ചിട്ടുള്ള മൂന്ന് വാക്കുകളുണ്ട്. “അതെ, എനിക്ക് കഴിയും.” ( Yes , I Can ) എങ്ങനെ എന്ന് മനസ്സിലാക്കിയാൽ. എങ്ങനെ വിജയിക്കാൻ കഴിയുമെന്ന് മനസ്സിലാക്കുക. അതിനായി വായിക്കുക. പഠിക്കുക. പരാജയത്തിൽ തളരാതിരിക്കുക.
എല്ലാ മഹത്തായ മതങ്ങളും തത്വ ശാസ്ത്രങ്ങളും മഹാ പ്രതിഭകളുടെ പഠനങ്ങളും അസൂയാവഹമായ വിജയം നേടിയവർ കുറിച്ചിട്ട വിജയമാർഗ്ഗങ്ങളും പഠിക്കുക. വിജയം ചിന്തിക്കുക. വിജയിക്കാനായി പ്രവർത്തിക്കുക. പരാജയങ്ങളിൽ തളരാതിരിക്കുക. പരാജയങ്ങൾ അധികം പേരെയും പിന്തിരിയാൻ പ്രേരിപ്പിക്കുമ്പോൾ , അതിലൂടെ ഊർജ്ജം കൈവരിച്ച ചിലരുണ്ട്. അവരാണ് ലോകത്തെ മാറ്റിമറിച്ചത്. 1093 മഹത്തായ കണ്ടുപിടുത്തങ്ങൾ നടത്തിയ തോമസ് അൽവാ എഡിസൺ സ്വയം വിശേഷിപ്പിച്ചത് ലോകത്തിൽ ഏറ്റവും പരാജിതനായ വ്യക്തി എന്നാണ്. പരാജയങ്ങളിലൂടെയാണ് അദ്ദേഹം വിജയം കണ്ടെത്തിയത്. റബ്ബർ ഉൽപ്പാദിപ്പിക്കുന്ന ചെടി കണ്ടെത്താൻ വേണ്ടി മാത്രം അദ്ദേഹം മൂവ്വായിരത്തിലധികം തവണ പരാജയപ്പെട്ടു. പരാജയം ഒരിക്കലും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. അതിലൂടെ അദ്ദേഹം വിജയം കൊയ്തെടുത്തു.
സാധാരണ ജീവിത സാഹചര്യങ്ങളിൽ നിന്നും ഭാരതത്തിൻറെ പ്രഥമ പൗരനായി ഉയർന്നുവന്ന എ പി ജെ അബ്ദുൽ കലാമിൻറെ ജീവിതവും രചനകളും നമുക്ക് പ്രചോദനമാകേണ്ടതാണ്.

Top