You are here
Home > Articles > ചില പത്യേക ഇംഗ്ലീഷ് പദങ്ങള്‍

ചില പത്യേക ഇംഗ്ലീഷ് പദങ്ങള്‍

Interview tips
  • പ്രൊഫ. ബലറാം മൂസദ്

ളുകളുടെയും, സ്ഥലങ്ങളുടെയും പേരുകളില്‍ നിന്ന് സാധാരണ ഉപയോഗത്തിനുള്ള പദങ്ങള്‍ സൃഷ്ട്ടിക്കുന്ന പതിവ് ഏറെക്കുറെ ഇംഗ്ലീഷ് ഭാഷയുടെ ഒരു സവിശേഷതയാണെന്നു തന്നെ പറയാം. ‘ആളൊരു കുംഭകര്‍ണ്ണനാണ്’ തുടങ്ങിയ പ്രയോഗങ്ങള്‍ മലയാളത്തിലുമില്ലെ എന്ന് ചില൪ ചോദിച്ചേക്കും. പക്ഷെ പ്രസിദ്ധ കഥാപാത്രങ്ങളുടെ പേരുകളാണിങ്ങനെ ആലങ്കാരിക ഭാഷയില്‍ ഉപയോഗിക്കുന്നത്.

കഥാപാത്രങ്ങളല്ലാത്ത, ശരിക്കും ജീവിച്ച അതെ സമയം, ആരും അധികം കേള്‍ക്കാത്ത ആളുകളുടെ പേരുകളാണ് ഇംഗ്ലീഷില്‍ സാധാരണ പദങ്ങളായി തീര്‍ന്നിരിക്കുന്നത്. ഈ പദങ്ങള്‍ ഉപയോഗിക്കുന്ന പലര്‍ക്കും അവ ആളുകളുടെ പേരുമായി ബന്ധപ്പെട്ടതാണെന്ന് അറിഞ്ഞുകൂടതാനും. പറ്റിയ ഒരു ഉദാഹരണമാണ് ‘ബഹിഷ്ക്കരിക്കുക’ എന്ന൪ത്ഥം വരുന്ന ‘boycott’ എന്ന സാധാരണ പദം.

ഐര്‍ലണ്ടിലെ ഒരു എസ്റ്റേറ്റ്‌ മാനേജരായിരുന്ന Captain Boycott – ല്‍ നിന്നാണ് ഈ പദമുണ്ടായതെന്നു അതുപയോഗിക്കുന്ന പലരും ധരിച്ചിരിക്കനിടയില്ല. Captain Boycott തന്‍റെ കീഴിലുള്ള തൊഴിലാളികളുമായി പിണങ്ങിയപ്പോള്‍ തൊഴിലാളികള്‍ അദ്ദേഹത്തെ ബഹിഷ്ക്കരിച്ചു. അവസാനം അദ്ദേഹത്തിന് ജോലി രാജിവെയ്ക്കേണ്ടിവന്നു. Boycott – നുണ്ടായ അനുഭവം പിന്നീട് ‘to be boycotted’ എന്നായി അറിയപ്പെട്ടു. ജോലി പോയെങ്കിലും Boycott – ന് നിഘണ്ടുവില്‍ അനശ്വരസ്ഥാനം നേടാന്‍ കഴിഞ്ഞു!
ഇതുപോലുള്ള ഏതാനും ചില ഉദാഹരണങ്ങള്‍.

Quisling –രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവ൯ അഥവാ പെറ്റ നാടിനെ ചതിക്കുന്ന യൂദാസ് എന്ന൪ത്ഥത്തിലാണ് ഈ പദം ഉപയോഗിക്കുന്നത്.(ഏതാണ്ട് ‘traitor’ എന്നതിന്‍റെ പര്യായമായി ഇതുപയോഗിക്കുന്നു.)

ഉദാ:- We can not trust him , he is a quisling.

Sandwich- Coffee House കളില്‍ സാധാരണ കിട്ടുന്ന ഒരു dish ആണ്. bread sandwich രണ്ടു റൊട്ടിക്കഷണങ്ങള്‍ ചേര്‍ത്തു വെയ്ക്കുക, എന്നിട്ട് അവയ്ക്കിടയില്‍മറ്റെന്തെങ്കിലും രുചികരമായ പദാര്‍ത്ഥവും. ഇതിനെയാണ് sandwich എന്ന് വിളിക്കുന്നത്‌. Earl of Sandwich എന്ന പേരില്‍ അറിയപ്പെട്ട ഒരു പ്രഭുവാണത്രേ ഈ വിഭവം ആദ്യമായി പ്രചരിപ്പിച്ചത്. അതുകൊണ്ട് അതിന് ആ പേരും കിട്ടി.

Dunce- മരമണ്ട൯ എന്നര്‍ത്ഥമാണീ ഇംഗ്ലീഷു പദത്തിനിപ്പോള്‍.
Duns Scotus എന്നൊരു മഹാപണ്ഡിതന്‍റെ പേരാണിങ്ങനെ രൂപാന്തരം പ്രാപിച്ചിരിക്കുന്നതെന്ന് ആരു സംശയിക്കും! Duns Scotus ന്‍റെ എതിരാളികള്‍ അദ്ദേഹത്തിന്‍റെ പേര്. ‘fool’ എന്നതിന്‍റെ പര്യായമായി സംഘടിതമായ രീതിയില്‍, ഉപയോഗിക്കാന്‍ തുടങ്ങി. പണ്ഡിത൯ അനശ്വരനായി – കുപ്രസിദ്ധിയിലൂടെയാണെന്നു മാത്രം.

Hooligan – ‘കവല ചട്ടമ്പി’ ‘തെമ്മാടി’ ‘സാമൂഹ്യവിരുദ്ധ൯’എന്നൊക്കെയാണീ പദത്തിന്‍റെയ൪ത്ഥം. അമേരിക്കയിലെ ഒരു പഴയ കുടുംബത്തിലെ അംഗമായിരുന്നു Mr. Hooligan. അദ്ദേഹവും അദ്ദേഹത്തിന്‍റെ മക്കളും ചട്ടമ്പിമാരായി പെരുമാറാ൯ തുടങ്ങിയപ്പോള്‍ ജനം പ്രത്യേക രീതിയില്‍ പകരം വീട്ടി.

ദേവന്മാരുടെയും മനുഷ്യരുടെയും പേരുകളില്‍ നിന്നുണ്ടായ പദങ്ങളിലേക്ക് ഇനി കടക്കട്ടെ.
JOVIAL(MERRY, CHEERFUL) എന്ന പദം JOVE എന്ന ഗ്രീക്കു ദേവനില്‍ നിന്നും , MARTIAL (war-like) എന്ന പദം ഗ്രീക്കുകാരുടെ യുദ്ധദേവനായ MARS – ല്‍ നിന്നും SATURNINE (Gloomy) എന്ന പദം ഗ്രീക്കു ദേവനായിരുന്ന SATURN (ശനി) യില്‍ നിന്നും MERCURIAL (Smart, ready witted) എന്ന പദം റോമന്‍ ദൈവദൂതനായ MERCURY യില്‍ നിന്നും വന്നതാണ്.
SADISM (മറ്റുള്ളവരെ ക്രൂരമായി മ൪ദ്ദിച്ച് അതില്‍ നിന്നും ആനന്ദം അനുഭവിക്കുന്ന രീതി) എന്ന പദം MARQUIS DE SADE എന്ന ക്രൂരനും വിഷയലമ്പടനുമായിരുന്ന ഫ്രെഞ്ചു പ്രഭുവില്‍ നിന്ന് വന്നതത്രെ.
( Sadisam, sadist എന്നീ പദങ്ങള്‍ പലരും തെറ്റിയാണ് ഉച്ചരിക്കാറുള്ളത് ‘സെയ്ഡിസം’ എന്നും സെയ്ഡിസ്ററ്’ എന്നുമാണ് ശരിയായ ഉച്ചാരണം)

Sadism എന്ന പദത്തിന്‍റെ വിപരീതപദമായി മന: ശാസ്ത്രത്തിലുപയോഗിക്കുന്ന MASOCHISM (മര്‍ദ്ദനത്തിനും, പീഡനത്തിനും വിധേയനാവുന്നതില്‍ ആനന്ദം കണ്ടെത്തുന്ന സ്വഭാവം) എന്ന പദമാകട്ടെ അത്തരം ഒരു സ്വഭാവം തന്‍റെ ഒരു നോവലിലെ കഥാപാത്രത്തിലൂടെ അവതരിപ്പിച്ച SACHER MASOCH എന്ന ആസ്ത്രിയ൯ നോവലിസ്റ്റില്‍ നിന്നു വന്നതുമാണ്.

( തുടരും ) www.careermagazine.in

Top