ഉപചാര പദങ്ങള്‍

Share:

പ്രൊഫ. ബലറാം മൂസദ്‌

 

ഏതു ഭാഷയ്ക്കും അതിന്‍റെതായ ഉപചാരപദങ്ങളുണ്ടല്ലോ.
ഒരു നിലക്ക് പറഞ്ഞാല്‍ മലയാളത്തിൽ അവ വളരെ കുറവാണ്. ഒരാളെ കണ്ടു മുട്ടിയാല്‍ സന്തോഷമോ ബഹുമാനമോ പ്രകടിപ്പിക്കാ൯ ആംഗ്യങ്ങളും ചിരിയും അതുപോലെയുള്ള മറ്റു ചില്ലറ പരിപാടികളുമാണ് നമ്മുടെ സ്വത:സിദ്ധമായ രീതി. മടക്കികുത്തിയ മുണ്ട് താഴ്ത്തിയിടലാണ് ബഹുമാനം സൂചിപ്പിക്കാനുള്ള നമ്മുടെ ഏറ്റവും വാചാലമായ രീതി. പക്ഷെ ഇപ്പോള്‍ മിക്കവാറും എല്ലാവരും പാൻട്സിലേക്ക് മാറിയതോടെ ആ രീതി നമുക്ക് നഷ്ടപ്പെട്ടുവരികയാണ്.

ഇംഗ്ലീഷുകാര്‍ക്ക് ഉപചാര പദങ്ങളുടെ കാര്യത്തില്‍ വലിയ നിഷ്കര്‍ഷയാണ്. ഇംഗ്ലണ്ടിലെ വേശ്യാസ്ത്രീകള്‍ പോലും പണം പറ്റുമ്പോള്‍ “താങ്ക് യു” പറയാറുണ്ടത്രേ! ഇംഗ്ലീഷ്കാരുടെ ഭരണം ഇന്ത്യയില്‍ വന്നതോടെ ഇംഗ്ലീഷ് ഭാഷയും അതുമായി ബന്ധപ്പെട്ട ഉപചാരപ്രയോഗങ്ങളും ഇന്ത്യ൯ ജീവിതത്തിന്‍റെയും ഭാഗങ്ങളായി ത്തീര്‍ന്നു. വാസ്തവത്തില്‍ ഇന്ന് ഇംഗ്ലീഷ് ഭാഷ അഭ്യസിക്കാ൯ തുടങ്ങേണ്ടത് ഉപചാര പ്രയോഗങ്ങളിലൂടെയാണ്. ഒന്നാം സ്റ്റാന്‍ഡേര്‍ഡിലോ,കെ.ജി ക്ലാസ്സിലോ ആദ്യമായി അഭ്യസിപ്പിക്കേണ്ടത് അവയാണെന്നും എനിക്ക് അഭിപ്രായമുണ്ട്.

കണ്ടു മുട്ടുമ്പോള്‍

രണ്ടു പേര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ പ്രയോഗിക്കുന്ന ഉപചാരപദങ്ങളാകട്ടെ ആദ്യം.
Good morning എന്നോ Good afternoon,Good evening എന്നോ കണ്ടു മുട്ടുമ്പോള്‍ പറയുന്ന പതിവുണ്ടല്ലോ.(ഉച്ചവരെ Good morning,ഉച്ചയ്ക്ക് ശേഷം Good afternoon, വൈകുന്നേരമായാല്‍ Good eveninig എന്നതാണ് പൊതുനിയമം.) Good night എന്നത് കണ്ടുമുട്ടുമ്പോള്‍ പറയാനുള്ളതല്ല. മറിച്ച്, വേര്‍പിരിയുമ്പോള്‍ പറയാനുള്ളതാണ് എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

രൂപാന്തരങ്ങള്‍

Good morning പറയുന്നതിന് പകരം വെറും morning പറഞ്ഞാലും മതി. അതുപോലെ Hello Good morning എന്നും പറയാം. പക്ഷെ Hello ചേര്‍ക്കുന്നത് അടുത്ത സുഹൃത്ബന്ധം (intimacy) സൂചിപ്പിക്കുന്നു. സമന്മാര്‍ തമ്മിലോ തന്നെക്കാള്‍ താണവരെക്കാണുമ്പോഴോ ആണ് Hello ചേര്‍ത്തു പറയുക പതിവ്. തന്നെക്കാള്‍ ഉയര്‍ന്നവരോട് Hello ഉപയോഗിക്കുന്നതില്‍ താത്വികമായി തെറ്റില്ലെങ്കിലും ഒഴിവാക്കേണ്ടതാണ്. ഉദാഹരണത്തിന് ഒരു കോളേജ് വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിനെ കാണുമ്പോള്‍ Hello, Good Morning എന്നു പറയുന്നത് ശരിയായിരിക്കില്ല. ഒന്നും പറയാതിരിക്കുന്നതായിരിക്കും അതിലും ഭേദം!

Hello എന്ന പദം ബഹുമാനത്തിന്‍റെ അളവു താഴ്ത്തുന്നു. മറിച്ചാണ് Sir, Madam എന്നിവ ചേര്‍ത്താലുണ്ടാകുന്ന ഫലം. Good Morning, Sir എന്ന് അഭിസംബോധന ചെയ്യുന്നത് വളരെ ആദരപൂര്‍വ്വമുള്ളതാണ്. പറയുന്ന സ്വരം കൂടി വിനയപൂര്‍ണമായാല്‍ ഗംഭീരമായി.

Madam പ്രശ്നം

Good Morning, Madam എന്ന് പറയുന്നതില്‍ ഒരു കൃത്രിമത്വമില്ലേ എന്നു ചിലര്‍ക്കു തോന്നിയെങ്കില്‍ തെറ്റില്ല. ചില ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ‘മേഡം’ വിളി ഇഷ്ടമല്ല. ‘മേടം! ഇടവമാ!’ എന്നു മറുപടി പറയുന്നവരുമുണ്ട്‌! അപ്പോള്‍ പിന്നെ എന്തുചെയ്യണം? പരിഷ്കാരികളായ സ്ത്രീകള്‍ക്ക് Madam രുചികരമാകും. മറ്റുള്ളവരുടെ കാര്യത്തില്‍ അത് ഒഴിവാക്കാം. പകരം Good Morning, teacher!, Good Morning, doctor! Good Morning, boss! എന്നൊക്കെ പ്രയോഗിക്കാം. അതുമല്ലെ ങ്കില്‍ ബഹുമാനം നല്ലപോലെ ചലിച്ചുചേര്‍ത്ത സ്വരത്തില്‍ Good Morning! പറയാം.

വാസ്തവത്തിൽ ഉച്ചരിക്കുന്ന ഉപചാരപദത്തേക്കാള്‍ പ്രധാനം അതിനു ഉപയോഗിക്കുന്ന സ്വരമാണ്. Good Morning എന്നത് തന്നെ അത്യന്ത ബഹുമാനത്തോടുകൂടിയോ, വെറും സാദാ മട്ടിലോ പരിഹാസസ്വരത്തിലോ ഒക്കെ നമുക്ക് പറയാ൯ കഴിയും. അതുപോലെ Thank You എന്നു ചിലര്‍ പറയുന്നത് കേട്ടാല്‍ ആര്‍ക്കാനും വേണ്ടി എഴുന്നെള്ളിക്കുകയാണോ എന്ന് തോന്നിപ്പോകും. ചിലരുടെ Thank You ആകട്ടെ, ഹൃദയത്തിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ നിന്നു വരുന്നതാണെന്നു തോന്നിപ്പോകും.

അമേരിക്കന്‍ മോഡൽ

കണ്ടുമുട്ടുമ്പോള്‍ വെറും Hello കൊണ്ടു കാര്യമൊപ്പിക്കാം, കണ്ടുമുട്ടുന്നത് തന്നെക്കാള്‍ ഉയര്‍ന്നവരല്ലെങ്കില്‍, പകരം അമേരിക്കന്‍ മോഡലില്‍ ‘ഹൈ’(Hi) എന്നും പറയാം.

തിരിച്ചു പറയേണ്ടത്

ഒരാള്‍ Good Morning പറഞ്ഞാല്‍ തിരിച്ചും Good Morning ആണു പറയേണ്ടത്. ‘അസലാം അലൈക്കും’ എന്ന് പറഞ്ഞാല്‍ ‘അലൈക്കും അസലാം’ എന്നു തിരിച്ചു പറയുന്ന രീതി ആവശ്യമില്ല. പിന്നെ അരത്തമാശയുടെ മട്ടില്‍ വേണമെങ്കില്‍ Very Good Morning! എന്നോ Better Morning! എന്നോ ഒക്കെ പ്രയോഗിക്കുന്നതില്‍ തെറ്റില്ല.

How do you do?

Good Morning ഒരുവട്ടം കഴിഞ്ഞാല്‍ പിന്നത്തെ സാധാരണ പ്രയോഗം How do you do? എന്നോ How are you? എന്നോ ഉള്ള ചോദ്യമാണ്. ഈ ചോദ്യവും വെറും ഉപചാര പ്രയോഗമായി പരിഗണിക്കപ്പെടേണ്ടതാണ്. തിരിച്ചങ്ങോട്ടും How do you do? എന്നോ How are you? എന്നോ ചോദിക്കുക മാത്രമേ വേണ്ടൂ. ചിലര്‍ How do you do? എന്ന ചോദ്യം കേട്ടാല്‍ :ഇന്നലെ എനിക്ക് സ്വല്പം പനിയുള്ളതുപോലെ തോന്നി. ഒരു ക്രോസിന്‍ കഴിച്ചപ്പോള്‍ ആശ്വാസം ഉണ്ടായി. ഇന്ന് രാവിലെ വലിയ കുഴപ്പം തോന്നിയില്ല. എന്നാലും നോര്‍മൽ ആയി എന്ന് പറയാറായിട്ടില്ല…..” എന്ന് സ്വന്തം സ്ഥിതിവിശേഷങ്ങളുടെ മഹാഭാരതപ്പതിപ്പ് തുറക്കാ൯ തുടങ്ങും. അതുവഴി അവര്‍ ‘ആന ബോറന്‍’ എന്ന പേര് നേടുന്നു!

പിരിയുന്ന സമയത്ത്

ചുമ്മാ ഒന്ന് കണ്ടുമുട്ടി പിരിയുമ്പോള്‍ ‘Hello!’, ‘Hello!’ എന്ന് പറഞ്ഞോ ‘Good Morning!’, ‘Good Morning!’ എന്ന് പറഞ്ഞോ പിരിയുകയേ വേണ്ടു. കുറച്ചു നേരം നിന്നു സംസാരിച്ച ശേഷം പിരിയുമ്പോഴാണ് ഉപചാരപദത്തിന്‍റെ ആവശ്യം വരുന്നത്.

വൈകുന്നേരമോ രാത്രിയോ ആണെങ്കില്‍ Good Night എന്ന് പിരിയുമ്പോള്‍ പറയാം. അതു കേട്ടയാള്‍ അതു ആവര്‍ത്തിക്കുന്നു. Good Nightന്‍റെ കൂടെ ആദര സൂചകമായി Sir ചേര്‍ക്കാം.

മറ്റു സമയത്താണെങ്കില്‍ See you again! എന്നോ will meet again! എന്നോ So until next time! എന്നോ ഒക്കെ പറയാം. വെറും OK എന്നോ OK Sir എന്നോ പറഞ്ഞാലും മതി. See you again! എന്നതിന് പകരം See you! എന്ന് പറഞ്ഞാലും മതി.

Good bye എപ്പോള്‍

ദീര്‍ഘകാലത്തേക്ക് വേര്‍പിരിയുമ്പോള്‍, അഥവാ എന്നെന്നേക്കുമായി പിരിയുമ്പോള്‍ മാത്രമാണ് Good bye ഉപയോഗിക്കാറുള്ളത്. അല്ലാതെ പിറ്റേന്ന് വീണ്ടും കാണാന്‍ സാധ്യതയുള്ള ഒരാളോട് Good bye പറഞ്ഞു പിരിയുന്നത് അപഹാസ്യമാണ്.

So happy to have met you!

ചിലര്‍ പിരിയുന്ന സമയത്ത് So happy to have met you! എന്ന് പറയാറുണ്ട്. അതല്ലെങ്കില്‍ It was such a pleasure meeting you! എന്നോ It was such a nice thing to meet you എന്നോ Thank you so much for the nice time you have given me എന്നോ ഒക്കെ പറയാറുണ്ട്. ഇതിനുള്ള ഏറ്റവും ഉചിതമായ പ്രത്യുത്തരം No, the pleasure was mine! എന്നാണ് അതല്ലെങ്കില്‍ ചുരുങ്ങിയത് Same with me! എന്നെങ്കിലും പറയണം.

ചിലര്‍ കണ്ടുമുട്ടിയ ഉട൯ Happy to meet you എന്ന് പറയാറുണ്ട്‌ അവിടെയും ഏറ്റവും ഉചിതമായ പ്രത്യുത്തരം No, the pleasure is entirely mine എന്ന് തന്നെയാണ് അല്ലെങ്കില്‍ So happy! എന്ന് പറഞ്ഞാലും മതി

Shake hand ചെയ്യല്‍

തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ കൈ പിടിച്ചു കുലുക്കുകയോ കുലുക്കാ തിരിക്കുകയോ ചെയ്യാം. കൈ പിടിച്ചു കുലുക്കുന്നത് സ്നേഹപ്രകടനമായിട്ടാണ്. പക്ഷെ ഇതിനു മുന്‍കൈ എടുക്കേണ്ടത് കൂടുതല്‍ മുതിര്‍ന്ന അഥവാ ബഹുമാന്യനായ വ്യക്തിയാണ്. ഇത് വളരെ സുപ്രധാനമായ ഒരു കാര്യമാണ്. ഉദാഹരണത്തിന് മേലുദ്യോഗസ്ഥന്‍റെയോ ആദ്യമായി പരിചയപ്പെടുന്ന ഒരു വലിയ വ്യക്തിയുടെയോ കൈ കയറിപ്പിടിക്കുന്നത് ധിക്കാരത്തിന്‍റെ ലക്ഷണമായേ കണക്കാക്കപ്പെടൂ. തമ്മില്‍ കണ്ടുമുട്ടുന്നവരിൽ ഒരാള്‍ സ്ത്രീയാണെങ്കില്‍ അവരാണ് മുന്‍കൈ എടുക്കേണ്ടത്. ഇന്ത്യന്‍ സ്ത്രീകള്‍ പൊതുവേ ഇത് ഇഷ്ടപ്പെടുന്നുമില്ല. അവരോട് ഏറ്റവും നല്ല ബഹുമാന പ്രകടനം കൈ കൂപ്പിക്കൊണ്ടുള്ള ‘നമസ്തെ’ തന്നെയാണ്.

സ്വയം പരിചയപ്പെടുത്തല്‍

നിങ്ങള്‍ ആദ്യമായി ഒരാളെ ചെന്ന് കണ്ട് പരിചയപ്പെടുകയാണെങ്കിൽ Good Morning,Sir കഴിഞ്ഞശേഷം I am Krishna Das working in the Electricity Board, എന്നോ I am John David, from Chengannur എന്നോ ഒക്കെയാണ് സ്വയം പരിചയപ്പെടുത്തേണ്ടത്. I am Mr.Raman Pillai എന്ന് സ്വയം ‘ മിസ്റ്റര്‍ ചേര്‍ത്തു പരിചയപ്പെടുത്തുന്നത് പരിഹാസ്യമാണ്. പക്ഷെ ‘I am Dr.Rao എന്നോ ‘I am Advocate Mohan എന്നോ‘I am Professor Jacob’ എന്നോ ഒക്കെ പറയുന്നതില്‍ തെറ്റില്ലതാനും.

Excuse me എന്ന പ്രയോഗം

പരിചയമില്ലാത്ത ഒരാളോട് ആദ്യമായി എന്തെങ്കിലും സംസാരിക്കുമ്പോള്‍ Excuse me വെച്ചു തുടങ്ങുന്നത് വളരെ നല്ലതാണ്‌. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു ഉദ്യോഗസ്ഥനെ കാണാ൯ ഒഫീസിനകത്തേക്ക് കടന്ന് ചെല്ലുകയാണെന്നിരിക്കട്ടെ. ‘Excuse me,Sir, May I come in’ എന്ന് ചോദിക്കുന്നത് വളരെ ഭവ്യമായ ഭാഷയാണ്.അതുപോലെ വഴിയില്‍ കണ്ട ഒരാളോട് നിങ്ങള്‍ bus stand ലേക്കുള്ള വഴി ചോദിക്കുകയാണെന്നിരിക്കട്ടെ. ‘Excuse me,Sir, Which is the way to the bus stand? എന്ന് ചോദിക്കാം. അതുമല്ലെങ്കില്‍ എഴുതാന്‍ തല്‍ക്കാലത്തേക്ക് ഒരു പേന വേണമെന്നിരിക്കട്ടെ. പേനയുള്ള ഒരാളോട് “Excuse me,can I have your pen for a minute?” എന്നു ചോദിക്കാം.

( തുടരും )

 

Share: