ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ – 2

Share:

ഇംഗ്ലീഷ്, ഇംഗ്ലീഷ്

പ്രൊഫ . ബലറാം മൂസദ്‌

ര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇന്ദിരാഗാന്ധി ഇന്ത്യ ഭരിക്കുകയും സഞ്ജയ്‌ ഗാന്ധി ജീവിച്ചിരിക്കുകയും ചെയ്ത കാലത്ത്, പ്രചാരത്തിലിരുന്ന ഒരു ഫലിതം ഓര്‍മ്മ വരുന്നു. എന്നെന്നും ഇന്ത്യ ഭരിക്കുന്നത്‌ ഇംഗ്ലീഷ് ആണെന്നായിരുന്നു ആ ഫലിതം. ENGLISH എന്ന വാക്കിലെ അക്ഷരങ്ങള്‍ ഓരോന്നായി എടുത്ത് ഒരു വിശദീകരണവും. E എന്നാല്‍ സാക്ഷാല്‍ ഇംഗ്ലീഷ്കാര്‍ തന്നെ. N. ഇന്ത്യയിലെ ആദ്യത്തെ പ്രധാന മന്ത്രിയായ NEHRU: G നെഹ്‌റു മരിച്ചപ്പോള്‍ താല്കാലിക പ്രധാന മന്ത്രിയായ Gulzarilal Nanda:

L – പിന്നീട് പ്രധാനമന്ത്രിയായ Lal Bahadur Shastri;

I എന്നാല്‍ Indira: S അടുത്ത പ്രധാന മന്ത്രി Sanjay:

H സഞ്ജയ്‌ഗാന്ധിക്ക് ജനിച്ചതോ, ജനിക്കാനിരുന്നതോ ആയ ഒരു പുത്രന്‍, സഞ്ജയ്‌ മരിച്ചതോടെ കണക്കു കൂട്ടലുകള്‍ തെറ്റി. ഒരു ഒന്നാംതരം ഫലിതം ഫലിതമല്ലാതാവുകയും ചെയ്തു. ‘ഒന്നാംതരം ഫലിതം’ എന്ന് പറഞ്ഞത് ചുമ്മാതല്ല. ‘ENGLISH, എന്നും ഇന്ത്യ ഭരിക്കുന്നു’ എന്നത് ഇംഗ്ലീഷ് ഭാഷ ഇന്നും നിലനിര്‍ത്തുന്ന അസൂയാവഹമായ പദവിയിലേക്ക് വ്യംഗ്യമായി വിരല്‍ ചൂണ്ടുന്നു.

ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍

വാസ്തവത്തില്‍ ഇംഗ്ലീഷ് ഭാഷയല്ലേ ഇന്നും ഇന്ത്യ ഭരിക്കുന്നത്‌? ഇംഗ്ലീഷറിയാവുന്നവരെ പുതിയ ബ്രാഹ്മണവര്‍ഗ്ഗമായി നെഹ്‌റു ചിത്രീകരിച്ചത് ഇന്നും സത്യമായി തുടരുകയല്ലെ?

പക്ഷെ അതിന്‍റെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക വശങ്ങള്‍ തല്‍ക്കാലം വിസ്മരിക്കുക.ദുഃഖകരമാണെങ്കിലും ഒരു യാഥാര്‍ത്ഥ്യമായി നമുക്കതിനെ അംഗീകരിക്കുക. ജീവിത വിജയത്തിന്‍റെ പാസ്പോര്‍ട്ട്‌ ആയി തീര്‍ന്നിട്ടുള്ള ഇംഗ്ലീഷ് എങ്ങിനെ പ്രായോഗികമായി കൈകാര്യം ചെയ്യാമെന്നുമാത്രം പരിഗണിക്കുക.

ബാങ്ക് ടെസ്റ്റുകള്‍, പി. എസ്.സി.ടെസ്റ്റുകള്‍, റെയില്‍വേ സര്‍വീസ് കമ്മീഷന്‍ ടെസ്റ്റുകള്‍! എവിടെ നോക്കിയാലും ഇംഗ്ലീഷിലെ വൈദഗ്ധ്യം അനിവാര്യമായി നമ്മുടെ മുന്നില്‍ അവതരിക്കുന്നു. ഇന്നത് വയറ്റുപിഴപ്പിന്‍റെ പ്രശ്നമായി മാറിയിരിക്കുന്നു.

ഇംഗ്ലീഷ് വളരെ വിഷമമുള്ള ഭാഷയാണെന്ന അബദ്ധധാരണ നാം ഒന്ന് മാറ്റിവൈക്കുന്നത് നന്നായിരിക്കും. ഇംഗ്ലീഷ് വിഷമകരമായി തോന്നുന്നത് ഇംഗ്ലീഷും മലയാളവും തമ്മിലുള്ള ചില അടിസ്ഥാനവ്യത്യാസങ്ങള്‍ മനസ്സിലാക്കാത്തതുകൊണ്ടുമാത്രമാണ്. വാചകഘടന തന്നെ നല്ലൊരു ഉദാഹരണമത്രേ. ലഘു വാചകങ്ങളില്‍ പോലും മലയാളത്തിന്‍റെ പ്രവണത ക്രിയാപദം അവസാനം ചേര്‍ക്കുകയെന്നതാണെങ്കില്‍ ഇംഗ്ലീഷില്‍ ക്രിയാപദം കര്‍ത്താവിന്‍റെ(subject) ന് തൊട്ടു പിറകെ വരുന്നു. ഉദാ: ഞാന്‍ ഇന്നലെ അവനെ കണ്ടു ( I saw him yesterday),

ഇത്തരത്തിലുള്ളവ്യത്യാസങ്ങള്‍ ഈ പരമ്പരയിൽ വിശദമായി കൈകാര്യം ചെയ്യപ്പെടും. ഇംഗ്ലീഷിന്‍റെ ആത്മാവ് കണ്ടെത്താന്‍ അത് സഹായിക്കും. അത് കണ്ടെത്തിയാല്‍ പിന്നെ ഇംഗ്ലീഷ് ഒരു ഇഷ്ടതോഴനായി മാറുന്നു.

ഇംഗ്ലീഷ് ലോകത്തിലെ ഏറ്റവും വലിയ ഭാഷയാണെന്ന്, അതിന്‍റെ സ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ അദ്വിതീയമാണെന്ന് ഇന്ന് ഒരു വിധം എല്ലാവര്ക്കും അറിയാം . ഒരു ദശലക്ഷമാണ് ഇംഗ്ലീഷ് വാക്കുകളുടെ ആകെ എണ്ണം. പക്ഷെ ഷേയിക്സ്പീയര്‍ ആകെ ഉപയോഗിച്ചത് വെറും 20000 പദങ്ങള്‍ മാത്രമത്രെ. മില്‍ട്ടന്‍ ആണെങ്കില്‍ വെറും 12000 വാക്കുകള്‍ കൈമുതലാക്കിക്കൊണ്ടാണ്, Paradise Lost പോലുള്ള ലോകോത്തരമഹാ കാവ്യങ്ങള്‍ രചിച്ചത്. എന്നുവച്ചാല്‍ ഭാഷയുടെ ആകെ പദസമ്പത്തിന്‍റെ 2 ശതമാനം അറിഞ്ഞാലും വലിയ സാഹിത്യനായകനാകാം. ഇംഗ്ലീഷ് ഭാഷ ശരിക്കു എഴുതുവാനും സംസാരിക്കുവാനും ആകെ 3000 വാക്കുകളെ വശമാകേണ്ടതുള്ളു എന്നാണ് ഭാഷാ വിദഗ്ദ്ധന്മാര്‍ ഇന്നു പറയുന്നത്. ഓരോ 1000 വാക്കുകളിലും 997എണ്ണം അറിയാതിരുന്നാലും കുഴപ്പമില്ല. വെറും 3 എണ്ണം കൊണ്ട് ഭംഗിയായി കാര്യങ്ങള്‍ നിര്‍വഹിക്കാം.

ഇനി എല്ലാവരും പറയുന്ന spellingന്‍റെ കാര്യം.ഇംഗ്ലീഷ് ഭാഷയില്‍ spelling-ഉം, pronunciation-ഉം തമ്മില്‍ കടലും, കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ലന്നൊക്കെ ആളുകള്‍ അതിശയോക്തി ചേര്‍ത്തു പറയാറുണ്ട്. ഏതു ഭാഷയിലാണ്‌ spelling പ്രശ്നം ഇല്ലാത്തതെന്ന് വേണമെങ്കില്‍ തിരിച്ച് ഇവരോട് ചോദിക്കാം. മലയാളത്തില്‍ തന്നെ അതിഥി, വ്യത്യാസം, വൈദഗ്ധ്യം, അനാഘ്രാതപുഷ്പം എന്നീ പദങ്ങള്‍ കേട്ടെഴുത്തിനു കൊടുത്താല്‍ എത്ര പേര്‍ ശരിയായി എഴുതും. എന്ന് തിരിച്ചുചോദിക്കാം. പക്ഷെ അത് വേണ്ട നമുക്ക് ഇംഗ്ലീഷിന്‍റെ കാര്യം മാത്രം പറഞ്ഞാല്‍ മതി. ഇംഗ്ലീഷില്‍ പല പദങ്ങളും spelling പ്രശ്നം ഉണ്ടാക്കുന്നു എന്ന് സമ്മതിച്ചേ തീരു. പക്ഷെ ഒരു നിയമത്തിനും വഴങ്ങാത്ത തനി തന്തോന്നിത്തമാണ് English Spelling എന്ന് പറഞ്ഞാല്‍ അത് ശരിയല്ല. എല്ലാറ്റിനും നിയമങ്ങളുണ്ട്. ആ നിയമങ്ങളാനെങ്കില്‍ pronunciation-നുമായി ബന്ധപ്പെട്ടതുമാണ്. ei, ie എന്നീ അക്ഷരങ്ങള്‍ വരുന്ന പദങ്ങള്‍ ഉദാഹരണമായി എടുക്കാം. എന്തുകൊണ്ട് believe ല്‍ ie യും deceive ല്‍ ei യും വരുന്നു? രണ്ടിന്‍റെയും ഉച്ചാരണം ‘ഈ’ എന്നായിരുന്നിട്ടും? ഉത്തരം വളരെ ലഘുവാണ്. ‘ഈ’ എന്നുച്ചാരണം വരുമ്പോള്‍ ‘C ’ എന്ന അക്ഷരത്തിനു ശേഷം ei യും മറ്റ് അക്ഷരങ്ങള്‍ക്കു ശേഷം ie യും വരുന്നു. ഉദാ: achieve, conceit grief, receipt (ഈ നിയമത്തിന്‍റെ ഒരപവാദം കൂടി ഇവിടെ കുറിച്ചുകൊള്ളട്ടെ. ‘C ’യ്ക്ക്’ sh’ ശബ്ദം വന്നാല്‍ ie ആയിത്തീരുന്നു. ഉദാ:sufficient)

പലരും കരുതുന്നതുപോലെ spelling-ന്‍റെ കാര്യത്തില്‍ ഒരു ഭ്രാന്തന്‍ ഭാഷയല്ല ഇംഗ്ലീഷ് എന്ന് സാരം.

ചുരുക്കിപ്പറഞ്ഞാല്‍ “നഷ്ട്ടപ്പെടുവാന്‍ വെറുപ്പ്‌ മാത്രം, കിട്ടാനുള്ളതു പുതിയൊരു ലോകം” എന്നതാണ് ഇംഗ്ലീഷു പഠിക്കാന്‍ ശ്രമിക്കുന്നവനുണ്ടാകുന്ന അനുഭവം.

( തുടരും)

Share: