എൽ ഡി ക്ളർക് പരീക്ഷ നിസ്സാര സംഭവമല്ല

ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയിൽ ഏറ്റവും ഉയരത്തിൽ എത്താൻ കഴിയുന്ന തൊഴിൽ പ്രവേശന പരീക്ഷയാണ് എൽ ഡി ക്ളർക് പരീക്ഷ. അതിനെ വളരെ നിസ്സാരമായി എടുക്കുന്ന ഉദ്യോഗാർഥികളും രക്ഷിതാക്കളും നമുക്കിടയിൽ ഉണ്ട്. എസ് എസ് എൽ സി പാസായവർക്ക് , എൽ ഡി ക്ളർക് പരീക്ഷ എഴുതുന്നതിനുള്ള അവസാനത്തെ അവസരം കൂടിയാണ് ഇതവണത്തേതെന്ന പ്രത്യേകതയും ഇതിനുണ്ട്. പതിനെട്ട് ലക്ഷത്തോളം കുട്ടികൾ അപേക്ഷിച്ചിട്ടുള്ള ഇത്തവണത്തെ പരീക്ഷ എത്രമാത്രം മത്സര സ്വഭാവമുള്ളതാണെന്നും മിക്കവർക്കും അറിയാം. എങ്കിലും പരീക്ഷയ്ക്കായി പഠിക്കുന്നതിനും അതിൽ സ്വന്തം ശേഷി അളന്നുനോക്കുന്നതിനും ഇപ്പോഴും കുട്ടികൾ തയ്യാറായി തുടങ്ങിയിട്ടില്ല എന്നാണ് ‘കരിയർ മാഗസിൻ ‘ നടത്തിയ സർവ്വേയിൽ വ്യക്തമാകുന്നത്. പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ വീട്ടിലിരുന്ന് പഠിക്കാനും കഴിവ് അളന്നു നോക്കാനും മെച്ചപ്പെടാനും ഉള്ള അവസരങ്ങൾ ആണ് ഓൺലൈൻ പഠനത്തിലൂടെയും പരീക്ഷാ സഹായിയിലൂടെയും ( Mock Exam ) ‘കരിയർ മാഗസിൻ ‘ ചെയ്യുന്നത്. പരമാവധി ചോദ്യങ്ങളും ഉത്തരങ്ങളും സൗജന്യമായി പഠിക്കുവാനും ഇതിൽ അവസരമുണ്ട്.
ഏതൊരു പരീക്ഷയിലുമെന്നപോലെ എൽ ഡി ക്ലര്ക്ക്പരീക്ഷയുടെ ഘടനയുംസ്വഭാവവും അറിയുവാനും നമ്മെ സഹായിക്കുന്നത് മുൻ വർഷങ്ങളിലെ പരീക്ഷാ പേപ്പർ ആണ്. കഴിഞ്ഞ തവണ, നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പർ പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നത് ചോദ്യങ്ങളും അതിൻറെ ഉത്തരമെഴുതേണ്ട രീതിയുമാണ്. ചോദ്യത്തിൻറെ ശരിയായ ഉത്തരം രേഖപ്പെടുത്തുന്നതിന് അതോടൊപ്പം ചേർത്തിട്ടുള്ള വൃത്തം കറുപ്പിക്കുകയാണ് ചെയ്യേണ്ടത്. ഓരോ ചോദ്യത്തോടൊപ്പം A B C D എന്ന ഉത്തരവും അതോടൊപ്പം വൃത്തവും തന്നിട്ടുണ്ടാകും. ശരി ഉത്തരം സൂചിപ്പിക്കുന്ന അക്ഷരത്തോടൊപ്പമുള്ള വൃത്തം കറുപ്പിച്ചാണ് ഉത്തരമെഴുതേണ്ടതെന്നു സാരം. ഇങ്ങനെ ഉത്തരമെഴുതണമെങ്കിൽ ശരിയായ പരിശീലനം ആവശ്യമാണ്. അതിനുവേണ്ടി പരീക്ഷാപരിശീലനം നടത്താനുള്ള സൗകര്യം ( Mock Exams ) ഈ വെബ് സൈറ്റിൽ നൽകിയിട്ടുണ്ട്.
24 മണിക്കൂറും പഠിക്കുന്നതിനും പരിശീലനം നടത്തുവാനുമുള്ള സൗകര്യമാണ് ഇപ്പോൾ നൽകിയിട്ടുള്ളത്.
ഓരോവ്യക്തിയുടെയും പരീക്ഷക്കായുള്ള തയ്യാറെടുപ്പും പഠന രീതികളും വ്യത്യസ്തമായതിനാൽ സ്വയം പഠിച്ചു, ഉത്തരം കണ്ടെത്തി സ്വന്തം കഴിവ് അളന്നു മനസ്സിലാക്കി പരീക്ഷ എഴുതുന്ന രീതിയാണ് ഇന്ന് വികസിത രാജ്യങ്ങളിൽ നിലവിലുള്ളത്. കുട്ടികളിലുള്ള കഴിവുകൾ വളർത്തിയെടുക്കാനും വിജയ സാദ്ധ്യത വർധിപ്പിക്കാനും ഓൺലൈൻ പഠനം സഹായകമാകുമെന്നും പല പരീക്ഷണങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
പൊതുവിജ്ഞാനം -50
ഉദ്യോഗാർഥിയുടെ സാമാന്യജ്ഞാനം അളക്കുന്നതിനുള്ള പരീക്ഷയാണ് പൊതുവിജ്ഞാനം കൊണ്ടുദ്ദേശിക്കുന്നത്. പൊതുവായ വായനയിലൂടെയും അനുഭവങ്ങളിലൂടെയും ലഭിക്കുന്ന അറിവ് പരിശോധിക്കുന്നതിനുള്ള ഈ വിഭാഗം പരീക്ഷയുടെ ഏറ്റവും പ്രധാനപ്പെട്ടതാണെന്നു അതിനു നിശ്ച യിച്ചിട്ടുള്ള മാർക്കിൽ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. 50 ശതമാനം മാർക്കും നൽകിയിട്ടുള്ള ഈ വിഭാഗം പഠിച്ചെടുക്കുന്നതിനും പരീക്ഷിച്ചു നോക്കുന്നതിനും പരമാവധി സമയം വിനിയോഗിക്കേണ്ടതാണ്. വളരെ ചിട്ടയോടും നിശ്ചയ ദാർഢ്യ ത്തോടുമുള്ള പരിശീലനമാണ് അതിനു വേണ്ടത്. പരമാവധി ചോദ്യങ്ങളും ഉത്തരങ്ങളും പഠിച്ചും പരീക്ഷിച്ചുനോക്കിയും കഴിവ് വർധിപ്പിക്കുവാൻ ഓൺലൈൻ പഠനം സഹായിക്കുമെന്നതിൽ രണ്ടു പക്ഷമില്ല.
ജനറൽ ഇംഗ്ലീഷ് -20
20 മാര്ക്കിന്റെ ചോദ്യങ്ങൾ ഉള്ള ഈ വിഭാഗം പൊതുവെ ലളിതമായിരിക്കുമെങ്കിലും ശരിയായ പഠനം ആവശ്യപ്പെടുന്നുണ്ട്. പത്താം ക്ളാസ് നിലവാരത്തിലുള്ള , പ്രാഥമിക ഇംഗ്ലീഷ് ഭാഷാ പരിതജ്ഞാനം അളക്കുന്ന രീതിയിലുള്ള ചോദ്യങ്ങളായിരിക്കും അധികവും. മുൻ വര്ഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നും ഇതിനുള്ള പഠനം പരിശീലിക്കാൻ കഴിയും. പദപരിചയം , ടെൻസുകൾ , വിപരീത പദങ്ങൾ , സമാന പദങ്ങൾ, തുടങ്ങിയ അടിസ്ഥാനപരമായ കാര്യങ്ങൾ ആയിരിക്കും ഇംഗ്ലീഷ് വിഭാഗത്തിൽ കൂടുതലും.
മാനസികശേഷിപരിശോധന -20
അടിസ്ഥാനഗണിതം, ദിശാവബോധം , ബന്ധങ്ങളെക്കുറിച്ചുളള അവബോധം, തുടങ്ങി മാനസികശേഷി അളക്കുന്നതിനും കാര്യ-കാരണ വിവേചന ബുദ്ധി പരിശോധിക്കുന്നതിനുമുള്ള ലളിതമായ ചോദ്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തുന്നത്. ഒപ്പം മാനസികശേഷിഅളക്കുന്നത്തിനുള്ള യുക്തിചിന്താപരമായചോദ്യങ്ങളും ഇതിലുണ്ടാകും അൽപ്പം ശ്രദ്ധിച്ചാൽ മുഴുവൻ മാർക്കും നേടാൻ കഴിയുന്നതാണ് ഈ വിഭാഗം (മനഃശക്തി പരീക്ഷക്ക് തയ്യാറെടുക്കുന്നതിനെ കുറിച്ച് വിശദമായി ഈ സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്) ചോദ്യങ്ങൾ വ്യക്തമായി മനസ്സിലാക്കി യുക്തിപൂർവ്വം ചിന്തിച്ചാൽ ശരിയുത്തരം നൂറ് ശതമാനം ഉറപ്പ് വരുത്താം.
മലയാളം ( 10 )
മലയാള ഭാഷാ പരിജ്ഞാനം നിർണ്ണയിക്കുന്നതിനുള്ള ഈ വിഭാഗത്തിൽ 10 മാർക്കിനുള്ള ചോദ്യങ്ങളാണുള്ളതെങ്കിലും റാങ്ക്നിനിശ്ചയിക്കുന്നതിൽ നിർണ്ണായകമാവുന്നഒന്നാണ് മാതൃഭാഷ. ലളിതമെന്ന് തോന്നാമെങ്കിലും ഗൗരമേറിയ പഠനം, ഇതിൽ വിജയിക്കുന്നതിന് അനിവാര്യമാണ്. നിത്യോപയോഗത്തിലില്ലാത്ത വ്യാകരണസാങ്കേതികപദങ്ങൾ , ആശയക്കുഴപ്പം ഉണ്ടാക്കാനിടയുള്ള പ്രയോഗങ്ങൾ എന്നിവ പലപ്പോഴും ഉദ്യോഗാർഥികളെ കുഴക്കാനിടയുണ്ട്. ഭാഷയോടും ഭാഷാപഠനത്തോടും നാം പൊതുവെ കാട്ടുന്ന അവഗണന പരീക്ഷയെ ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും മുൻ പരീക്ഷകളുടെ ചോദ്യങ്ങൾ ശ്രദ്ധാപൂർവം പരിശോധിച്ചു ഉത്തരങ്ങൾ മനസ്സിലാക്കുകയും ചെയ്താൽ വിജയിക്കാൻ ബുദ്ധിമുട്ടുണ്ടാകുകയില്ല.
എൽ ഡി ക്ളർക് പരീക്ഷയിൽ വിജയിച്ചാൽ , തുടക്കത്തിൽ 30,000 രൂപയ്ക്കടുത്തു ശമ്പളം കിട്ടുന്ന ഒരു ജോലിയാണ് നിങ്ങളെ കാത്തിരിക്കുന്നത്. കാലാകാലങ്ങളിലുള്ള ശമ്പളവർദ്ധനവ് , ഉദ്യോഗക്കയറ്റം ജോലിയിൽ നിന്ന് പിരിഞ്ഞു കഴിഞ്ഞാൽ മരണം വരെ ലഭിക്കുന്ന പെൻഷൻ , മരണശേഷം കുടുംബത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ എൽ ഡി ക്ളർക് ജോലി നിസ്സാര കാര്യമല്ല. എൽ ഡി ക്ലാർക്കായി ജോലി ആരംഭിച്ചു ജില്ലാ കളക്ടർ ആയി വിരമിച്ച ആളുകൾ ഇവിടെയുണ്ട് എന്ന് മനസ്സിലാക്കുമ്പോഴാണ് ഈ ജോലിയുടെ ‘വലിപ്പം’ തിരിച്ചറിയുക.
– ഋഷി പി. രാജൻ