പുതിയകാലത്തെ വെല്ലുവിളികൾ

Share:

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയന്ത്രിക്കുന്ന പ്രധാന സര്‍ക്കാര്‍ സ്ഥാപനമാണ് ‘യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷന്‍’ (യു.ജി.സി). യു.ജി.സിയുടെ കണക്കനുസരിച്ച് രാജ്യത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് അഞ്ച് വിഭാഗത്തിലുള്ള സര്‍വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ്.
കേന്ദ്ര സര്‍വകലാശാലകള്‍, സംസ്ഥാന സര്‍വകലാശാലകള്‍, കല്‍പിത സര്‍വകലാശാലകള്‍, സ്വകാര്യ സര്‍വകലാശാലകള്‍, ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ എന്നിവയാണ് അവ. യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷന്‍, ന്യൂഡല്‍ഹിയുടെ 2016, സെപ്റ്റംബറിലെ കണക്കനുസരിച്ച് 353 സംസ്ഥാന സര്‍വകലാശാലകളുണ്ട്. കല്‍പിത സര്‍വകലാശാലകളുടെ എണ്ണം 122ഉം പ്രൈവറ്റ് സര്‍വകലാശാലകള്‍ 228ഉം ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ 74ഉം കേന്ദ്ര സര്‍വകലാശാലകള്‍ 46ഉം ആയി രാജ്യത്താകെ 777 സര്‍വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. ഇതില്‍ വലിയ പ്രാധാന്യത്തോടെ അന്തര്‍ദേശീയ നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന സ്ഥാപനങ്ങളാണ് ദേശീയ സര്‍വകലാശാലകളും ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളും. ഇതില്‍ ദേശീയ സര്‍വകലാശാലകളെ നമുക്ക് ആഴത്തില്‍ പരിചയപ്പെടാം.
കേന്ദ്ര സര്‍വകലാശാലകള്‍
കേന്ദ്രസര്‍ക്കാറിന്‍െറ മാനവശേഷി വികസനവകുപ്പിന്‍െറ കീഴിലുള്ള കേന്ദ്ര സര്‍വകലാശാലകള്‍ 2009ല്‍ നിലവില്‍ വന്ന സെന്‍ട്രല്‍ യൂനിവേഴ്സിറ്റീസ് ആക്ട് ’ ലെ നിര്‍ദേശങ്ങളും ചട്ടങ്ങളുമനുസരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍വകലാശാലകള്‍ വിദ്യാര്‍ഥികള്‍ക്കായി രൂപം കൊടുത്തിട്ടുള്ള അക്കാദമിക വിഷയങ്ങള്‍ ആകര്‍ഷണീയവും പുതിയകാലത്തെ വെല്ലുവിളികളെ നേരിടുന്നതുമാണ്.
വിദേശ സര്‍വകലാശാലകളിലുള്‍പ്പെടെ കഴിവ് തെളിയിച്ചിട്ടുള്ള അധ്യാപകരും ഏറ്റവും നൂതനവും ശാസ്ത്രീയവുമായ ലബോറട്ടി സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോഴ്സുകളുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുള്ള ഫീല്‍ഡ് വര്‍ക്കുകള്‍ പൂര്‍ണമായും സര്‍വകലാശാലയുടെ ചെലവില്‍ നടത്താന്‍ കഴിയും എന്നതും കേന്ദ്രസര്‍വകലാശാല പഠനം വാഗ്ദാനം ചെയ്യുന്ന പ്രത്യേക സൗകര്യങ്ങളാണ്. ഇത്രയും സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിവെച്ചിട്ടുള്ള സര്‍വകലാശാലകള്‍ ചുരുങ്ങിയ ട്യൂഷന്‍ ഫീസും ഹോസ്റ്റല്‍ ഫീസുമാണ് ഈടാക്കുന്നത്. എന്നാല്‍, കേരളത്തിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും കേന്ദ്രസര്‍വകലാശാലകളിലെ പഠനസൗകര്യങ്ങളെ സംബന്ധിച്ചും ഇവിടങ്ങളില്‍ പ്രവേശനം നല്‍കാനായി നടത്തുന്ന പ്രവേശന പരീക്ഷയെ സംബന്ധിച്ചും ഏറക്കുറെ അജ്ഞരാണ്. ഹരിയാന, ജമ്മു, ഝാര്‍ഖണ്ഡ്, കര്‍ണാടക, കശ്മീര്‍, കേരള, രാജസ്ഥാന്‍, തമിഴ്നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ഒമ്പത് സെന്‍ട്രല്‍ യൂനിവേഴ്സിറ്റികളിലെ തെരഞ്ഞെടുപ്പിനാണ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റീസ് കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് നടത്തുന്നത്. മറ്റ് പ്രശസ്തങ്ങളായ കേന്ദ്രസര്‍വകലാശാലകള്‍ക്ക് വ്യത്യസ്തങ്ങളും അവരവരുടേതായ പ്രവേശന പരീക്ഷകളും രീതികളുമുണ്ട്.
എന്താണ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റീസ് കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ്?
ഇന്‍റഗ്രേറ്റഡ്/അണ്ടര്‍ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, റിസര്‍ച് പ്രോഗ്രാമുകള്‍ നടത്തുന്ന കേന്ദ്രസര്‍വകലാശാലകളില്‍ പ്രവേശനം നല്‍കുന്നതിനായി ദേശീയതലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയാണ് സി.യു.സി.ഇ.ടി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന Central Universities Common Entrance Test. സാധാരണയായി അതത് അധ്യായനവര്‍ഷത്തിലെ മേയിലാണ് പരീക്ഷ നടക്കുക. അപേക്ഷകള്‍ ഓണ്‍ലൈനില്‍ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ സമര്‍പ്പിക്കേണ്ടിവരും. നിശ്ചിത എണ്ണം പരീക്ഷ കേന്ദ്രങ്ങളേ ഉണ്ടാകൂ. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ സാധാരണ പ്രവേശന പരീക്ഷാകേന്ദ്രങ്ങളുണ്ടാകാറുണ്ട്.
ആപ്ളിക്കേഷന്‍ സമര്‍പ്പിക്കേണ്ട രീതി എന്ത്?
‘സി.യു.സി.ഇ.ടി’ക്കുള്ള അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനായി മാത്രമേ സമര്‍പ്പിക്കാനാകൂ. അപേക്ഷ സമര്‍പ്പിച്ച ശേഷം പരീക്ഷാ ഫീസ് ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നീ സൗകര്യം പ്രയോജനപ്പെടുത്തി ചെലാന്‍ വഴി അടച്ചശേഷം ഏഴുദിവസം വരെ കാത്തിരിക്കണം. ഇതിനകം കണ്‍ഫര്‍മേഷന്‍ മേസേജ് ലഭിക്കും.
പ്രവേശന പരീക്ഷയുടെ
ചോദ്യങ്ങളുടെ രീതി
പ്രവേശന പരീക്ഷ മള്‍ട്ടിപ്ള്‍ ചോയ്സ് രീതിയിലാണ്. ഇതിലെ പാര്‍ട്ട് എയില്‍ ഭാഷയും ഗണിതവും പൊതുപരിജ്ഞാനവും വിശകലന പാടവവും പരിശോധിക്കുന്ന 25 ചോദ്യങ്ങള്‍.
പാര്‍ട്ട് ബി ഡൊമയിന്‍ നോളജ്-എന്ന ഭാഗത്ത് 75 ചോദ്യങ്ങളാണുള്ളത്. എന്നാല്‍, ഇന്‍റഗ്രേറ്റഡ് കോഴ്സുകളായ എം.ബി.എ, എല്‍.എല്‍.ബിപോലുള്ള പൊതുകോഴ്സുകള്‍ക്ക് 100 ചോദ്യങ്ങളാണുണ്ടാവുക. ഇതാവട്ടെ ഇംഗ്ളീഷ് ഭാഷ, റീസണിങ്, ഡാറ്റാ ഇന്‍ര്‍പ്രട്ടേഷന്‍, ന്യൂമറിക്കല്‍ എബിലിറ്റി തുടങ്ങിയവയില്‍നിന്നായിരിക്കും.
ഓരോ പേപ്പറിനും രണ്ടു മണിക്കൂറാണ് പരീക്ഷ സമയം. തെറ്റായ ഉത്തരത്തിന് നെഗറ്റിവ് മാര്‍ക്കുണ്ടാവും. മുന്‍കാലങ്ങളില്‍ നടത്തിയ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറുകളുടെ സൂക്ഷ്മ വിശകലനം നടത്തി പരീക്ഷക്കു തയാറായാല്‍ ‘സി.യു.സി.ഇ.ടി’ വിജയം ഉറപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cucet.co.in സന്ദര്‍ശിക്കുക. കേരളത്തിലെ സെന്‍ട്രല്‍ യൂനിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത് കാസര്‍കോട് ജില്ലയിലെ പെരിയയിലാണ്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലായി പഠനവകുപ്പുകള്‍ ഇന്ന് സര്‍വകലാശാലക്കുണ്ട്.
സര്‍വകലാശാല നടത്തുന്ന കോഴ്സുകള്‍
ബിരുദ കോഴ്സ്: ഇന്‍റര്‍നാഷനല്‍ റിലേഷന്‍സില്‍ ഇന്‍റഗ്രേറ്റഡ് ബി.എ/എം.എ 40 സീറ്റ് -50 ശതമാനം മാര്‍ക്കോടെയുള്ള പ്ളസ് ടുവാണ് യോഗ്യത.
ബിരുദാനന്തര കോഴ്സുകള്‍:ഇക്ണോമിക്സില്‍ എം.എ- 26 സീറ്റ്, എം.എ ഇംഗ്ളീഷ് ആന്‍ഡ് കംപാരറ്റിവ് ലിറ്ററേച്ചര്‍-20 സീറ്റ്, എം.എ ലിംഗ്വിസ്റ്റിക്സ്് ആന്‍ഡ് ലാങ്ഗ്വേജ് ടെക്നോളജി -26 സീറ്റ്, എം.എ. ഹിന്ദി ആന്‍ഡ് കംപാരറ്റിവ് ലിറ്ററേചര്‍ 26 സീറ്റ്, എം.എ ഇന്‍റര്‍നാഷനല്‍ റിലേഷന്‍ ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ്, എം.എസ്.ഡബ്ള്യൂ സോഷ്യല്‍ വര്‍ക്ക്-26 സീറ്റ്, ഇംഗ്ളീഷില്‍ എം.എഡ് -എട്ട് സീറ്റ്, സയന്‍സില്‍ എം.എഡ്-10 സീറ്റ്, സോഷ്യല്‍ സയന്‍സില്‍ എം.എഡ് -ഒമ്പത് സീറ്റ്, മാത്തമാറ്റിക്സില്‍ എം.എഡ്-എട്ട് സീറ്റ്, ആനിമല്‍ സയന്‍സില്‍ എം.എസ്സി-20 സീറ്റ്.
മുകളില്‍ സൂചിപ്പിച്ച മുഴുവന്‍ കോഴ്സുകളിലേക്കും പ്രവേശനം നല്‍കുന്നത് സി.യു.സി.ഇ.ടി പ്രവേശന പരീക്ഷയുടെ റാങ്കിന്‍െറ അടിസ്ഥാനത്തിലാണ്.
സി.യു.സി.ഇ.ടി ഓണ്‍ലൈനായും ഓഫ് ലൈനായും എഴുതാനുള്ള സൗകര്യമുണ്ട്. പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് മൂന്ന് കോഴ്സിന് അപേക്ഷിക്കാം. പരീക്ഷയിലെ സ്കോറിങ്ങിന്‍െറ അടിസ്ഥാനത്തില്‍ ഓരോ സര്‍വകലാശാലയും തങ്ങളുടേതായ റാങ്ക്ലിസ്റ്റുകളാണ് തയാറാക്കുന്നത്. കേരളത്തിലെ കേന്ദ്ര സര്‍വകലാശാലയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് www.cukerala.ac.in സന്ദര്‍ശിക്കുക.

Share: