ചിത്രാഞ്ജലി: സാധ്യതകൾ കാണാതെ പോകരുത്

കൊച്ചിയിൽ ചലച്ചിത്ര നഗരം സ്ഥാപിക്കുന്നതിനെക്കുറിച്ചു പുതിയ സർക്കാർ ആലോചിക്കുമ്പോൾ , ഇനിയും പൂർണ്ണതയിലെത്താത്ത ചിത്രാഞ്ജലിയിൽ ഒരുക്കാവുന്ന സാധ്യതകൾ കാണാതെ പോകരുത്.
-രാജൻ പി. തൊടിയൂർ
“ചിത്രാഞ്ജലി സ്റ്റുഡിയോ കാടുപിടിച്ച് കിടക്കുന്നത് കണ്ടില്ലേ ?”
“കാടല്ല; മഹാവനം” – വിശ്വ പ്രസിദ്ധ മലയാളി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചിരിച്ചു.
ദുബായ് മീഡിയ സിറ്റിയിൽ, വർഷങ്ങൾക്കു മുമ്പ്, ദുബായ് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അടൂർ ജി.
ദുബായ് മീഡിയ സിറ്റിയിൽ ‘റെഡ് കാർപെറ്റ്’ വിരിച്ചു അദ്ദേഹത്തെ സ്വീകരിച്ചപ്പോൾ നിറഞ്ഞ സന്തോഷത്തോടെ, മരുഭൂമിയിൽ വളർന്നുവന്ന ചലച്ചിത്ര നഗരം നോക്കി കണ്ട അദ്ദേഹം തിരുവനന്തപുരത്ത് ജന്മംകൊണ്ട ചലച്ചിത്ര നഗര സ്വപ്നങ്ങളെക്കുറിച്ച് പറഞ്ഞു.
അദ്ദേഹം തന്നെ സ്ഥാപിച്ച ചിത്രലേഖ, നടൻ മധു ആരംഭിച്ച ഉമാ സ്റ്റുഡിയോ, മെരിലാൻഡ്, ശിവൻസ് സ്റ്റുഡിയോ… അതിൽ ചിത്രാഞ്ജലി മാത്രമാണ് ഇപ്പോൾ ഉള്ളത്. വികസനം ഇല്ലാതെ. നൂറ് ഏക്കർ സ്ഥലത്തെ ‘മഹാവനം ‘
സംവിധായകനും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായിരുന്ന ലെനിൻ രാജേന്ദ്രൻ ഒരു സൗഹൃദ സംഭാഷണത്തിൽ പറഞ്ഞു:
“സിനിമ മരിക്കുകയാണ് …”
സിനിമ നിർമ്മിക്കാനുള്ള ഫിലിം (സെല്ലുലോയ്‌ഡ് ) ലഭിക്കാതിരുന്ന സാഹചര്യമുണ്ടായപ്പോഴാണ് വി. ആർ ഗോപിനാഥ്, കെ. ആർ. മോഹൻ, ഷാജി എൻ കരുൺ, ഹരികുമാർ എന്നിവരോടൊത്തുള്ള ചർച്ചയിൽ “ഇങ്ങനെ പോയാൽ എങ്ങനെ സിനിമയെടുക്കും” എന്ന ആമുഖത്തോടെ ലെനിൻ പറഞ്ഞു തുടങ്ങിയത്.
എന്നാൽ സിനിമയെടുക്കാൻ ഇന്ന് ഫിലിം ( സെല്ലുലോയ്ഡ് ) ആവശ്യമില്ല.
പുതിയ സാങ്കേതിക സൗകര്യങ്ങൾ സിനിമയുടെ മുഖച്ഛായ മാറ്റി.
ചലച്ചിത്ര നഗരത്തിന് സാധ്യതകൾ ഏറി.
1975-ൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ (KSFDC) രൂപംകൊണ്ടപ്പോൾ അതിന് പിന്നിൽ ഒരു വലിയ സ്വപ്നമുണ്ടായിരുന്നു. മലയാള സിനിമയുടെ നിർമ്മാണകേന്ദ്രം മദ്രാസിൽ നിന്ന് കേരളത്തിലേക്ക് മാറ്റുക എന്നതായിരുന്നു ആ ലക്ഷ്യം. അന്ന് അത് ഒരുപോലെ, ഒരു സാംസ്കാരിക ആവശ്യവും സാമ്പത്തിക ആവശ്യവും ആയിരുന്നു. ചിത്രീകരണവും പോസ്റ്റ്-പ്രൊഡക്ഷനും സാങ്കേതിക സേവനങ്ങളും കലാകാരന്മാരുടെ തൊഴിൽസാധ്യതകളും കേരളത്തിൽ തന്നെ വികസിപ്പിക്കണമെന്ന ദീർഘവീക്ഷണത്തിൻറെ ഭാഗമായിരുന്നു ചലച്ചിത്ര വികസന കോർപറേഷനും ചിത്രാഞ്ജലി സ്റ്റുഡിയോയും തിയേറ്ററുകളും ചലച്ചിത്രോത്സവങ്ങളും.
അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം ആ സ്വപ്നം ഒരു പരിധിവരെ യാഥാർഥ്യമായിട്ടുണ്ട്. ഇന്ന് മലയാള സിനിമയുടെ പ്രധാന പ്രവർത്തനങ്ങൾ കേരളത്തിലാണ് നടക്കുന്നത്. എന്നാൽ കാലം മാറിയിരിക്കുന്നു. സിനിമയുടെ നിർവചനവും സാങ്കേതികവിദ്യയും വിപണിയും പൂർണമായും മാറിയിരിക്കുന്നു.
സിനിമയുടെ ലോകം മാറിക്കൊണ്ടിരിക്കുന്നു
ഒരുകാലത്ത് സിനിമ എന്നാൽ ഫിലിം റീൽ, സ്റ്റുഡിയോ, തിയേറ്റർ എന്നിവയായിരുന്നു. ഇന്ന് സിനിമ എന്നത് ഡിജിറ്റൽ ക്യാമറ, വെർച്വൽ പ്രൊഡക്ഷൻ, കമ്പ്യൂട്ടർ വിഷ്വൽ ഇഫക്റ്റ്സ് (VFX), ആർട്ടിഫിഷ്യൽ ഇൻറ ലിജൻസ് (AI), ഓവർ-ദി-ടോപ്പ് (OTT) പ്ലാറ്റ്ഫോമുകൾ, ആഗോള പ്രേക്ഷകർ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന സൃഷ്ടിപരമായ വ്യവസായമാണ്.
ഇന്ത്യ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ സിനിമ നിർമ്മിക്കുന്ന രാജ്യങ്ങളിലൊന്നാണ്. അതേസമയം, താരതമ്യേന കുറഞ്ഞ ചെലവിൽ ഉയർന്ന നിലവാരത്തിലുള്ള സിനിമകളും ഡിജിറ്റൽ ഉള്ളടക്കവും നിർമ്മിക്കാൻ കഴിയുന്ന രാജ്യവുമാണ്. ഇന്ത്യയ്ക്ക് മാത്രമല്ല, കേരളത്തിനും വലിയ അവസരമാണ് ദൃശ്യ മാധ്യമങ്ങൾ ഒരുക്കിയിരിക്കുന്നത്..
കേരളത്തിൻറെ ഏറ്റവും വലിയ സമ്പത്ത്
കേരളത്തിൻറെ യഥാർത്ഥ സമ്പത്ത് പ്രകൃതി ഭംഗിയോ കെട്ടിടങ്ങളോ ഉപകരണങ്ങളോ മാത്രമല്ല. സാങ്കേതികവിദ്യയിൽ മികവ് പുലർത്തുന്ന യുവതലമുറയാണ്.
സിനിമാ സാങ്കേതികവിദ്യ (ആനിമേഷൻ,വിഷ്വൽ ഇഫക്റ്റ്സ് (VFX),ഗെയിം ഡിസൈൻ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, വെർച്വൽ റിയാലിറ്റി, ഡിജിറ്റൽ പ്രസിദ്ധീകരണം, സോഷ്യൽ മീഡിയ കണ്ടൻറ് ) ഇവയിലെല്ലാം ശ്രദ്ധേയമായ കഴിവുകളുള്ള ആയിരക്കണക്കിന് യുവാക്കൾ കേരളത്തിലുണ്ട്. ഈ കഴിവുകളെ ഏകോപിപ്പിച്ച് ആഗോളതലത്തിലുള്ള സൃഷ്ടിപരമായ വ്യവസായമാക്കി മാറ്റാൻ കഴിയുന്ന സ്ഥാപനമായി ചലച്ചിത്ര വികസന
കോർപറേഷൻ വളരണം. കൊച്ചിയിൽ ചലച്ചിത്ര നഗരം സ്ഥാപിക്കുന്നതിനെക്കുറിച്ചു പുതിയ സർക്കാർ ആലോചിക്കുമ്പോൾ , ഇനിയും പൂർണ്ണതയിലെത്താത്ത ചിത്രാഞ്ജലിയിൽ ഒരുക്കാവുന്ന സാധ്യതകൾ കാണാതെ പോകരുത്.
സ്റ്റുഡിയോ എന്ന ആശയത്തിന് അപ്പുറം
ഇന്ന് ലോകമെമ്പാടും മീഡിയ സിറ്റികളും ഫിലിം സിറ്റികളും വളരുകയാണ്. അവ സിനിമ ചിത്രീകരിക്കുന്ന സ്ഥലങ്ങൾ മാത്രമല്ല. അവിടങ്ങളിൽ ഗവേഷണവും പരിശീലനവും സാങ്കേതിക വികസനവും സ്റ്റാർട്ടപ്പ് സംരംഭങ്ങളും അന്താരാഷ്ട്ര സഹകരണവും ഒരുമിച്ച് നടക്കുന്നു. കേരളത്തിനും ഇത്തരമൊരു സമഗ്ര ” മീഡിയ സിറ്റി” എന്ന ആശയം ആവിഷ്കരിക്കേണ്ട സമയമാണിത്.
അവിടെ ഉൾപ്പെടുത്താവുന്ന മേഖലകൾ:
സിനിമാ നിർമ്മാണ കേന്ദ്രം
ഒ ടി ടി (OTT) കണ്ടൻറ് സ്റ്റുഡിയോകൾ
എ ഐ (AI) അധിഷ്ഠിത മീഡിയ ലാബുകൾ
വി എഫ് എക്സ് (VFX), ആനിമേഷൻ പാർക്ക്
ഫിലിം ടെക്നോളജി ഇൻകുബേഷൻ സെൻറർ
ഡിജിറ്റൽ പ്രസിദ്ധീകരണ കേന്ദ്രം
സിനിമാ മ്യൂസിയവും ആർക്കൈവ്സും
അന്താരാഷ്ട്ര ഫിലിം മാർക്കറ്റ്
വിദ്യാർത്ഥികൾക്കുള്ള മീഡിയ ഇന്നവേഷൻ ക്യാമ്പസ്
യുവാക്കൾക്ക് പുതിയ അവസരങ്ങൾ
സിനിമ ഇനി സംവിധായകരുടെയും അഭിനേതാക്കളുടെയും മാത്രം മേഖലയല്ല. എ ഐ (AI) പ്രോംപ്റ്റ് ഡിസൈനർമാർ, വെർച്വൽ പ്രൊഡക്ഷൻ വിദഗ്ധർ, ഡിജിറ്റൽ മാർക്കറ്റിംഗ് വിദഗ്ധർ, കണ്ടൻറ് സ്ട്രാറ്റജിസ്റ്റുകൾ, ഡാറ്റാ അനലിസ്റ്റുകൾ, ഗെയിം ഡെവലപ്പർമാർ, പോഡ്കാസ്റ്റ് നിർമ്മാതാക്കൾ, ഡോക്യുമെൻറെറി ഗവേഷകർ തുടങ്ങി നൂറുകണക്കിന് പുതിയ തൊഴിൽമേഖലകൾ രൂപപ്പെടുകയാണ്.
ഇവയ്ക്കുള്ള പരിശീലനവും ‘ഇൻകുബേഷനും’ വ്യവസായ പിന്തുണയും നൽകുന്ന സ്ഥാപനമായി ചിത്രാഞ്ജലി (KSFDC) മാറിയാൽ, കേരളം രാജ്യത്തെ മുൻനിര മീഡിയ ഹബ്ബുകളിലൊന്നാകാൻ കഴിയും.
ആഗോള പങ്കാളിത്തത്തിൻറെ കാലം:
ഇന്ന് ഒരു മലയാള സിനിമ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് മണിക്കൂറുകൾക്കുള്ളിൽ എത്തുന്നു. അതുപോലെ വിദേശ നിർമ്മാണ കമ്പനികൾക്കും കേരളത്തിൻറെ പ്രകൃതിയും സാങ്കേതികവിദ്യയും മനുഷ്യവിഭവശേഷിയും പ്രയോജനപ്പെടുത്താൻ താൽപര്യമുണ്ട്.
അന്താരാഷ്ട്ര സഹനിർമ്മാണ പദ്ധതികൾ, വിദേശ പരിശീലനങ്ങൾ, ഫിലിം ടൂറിസം, മീഡിയ സ്റ്റാർട്ടപ്പുകൾ, സാങ്കേതിക ഗവേഷണം എന്നിവയ്ക്ക് കേരളം കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്.
പുതിയ ദൗത്യം:
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻറെ അടുത്ത ലക്ഷ്യം സ്റ്റുഡിയോ നടത്തിപ്പിൽ മാത്രം ഒതുങ്ങരുത്. അത് സിനിമ, ടെലിവിഷൻ, ഒ ടി ടി, എ ഐ (OTT, AI) ഡിജിറ്റൽ മീഡിയ, ആനിമേഷൻ, ഗെയിമിംഗ്, വിദ്യാഭ്യാസ സാങ്കേതികവിദ്യ എന്നിവയെ ഒരുമിപ്പിക്കുന്ന സമഗ്രമായ ഒരു “ക്രിയേറ്റീവ് മീഡിയ ഇക്കോസിസ്റ്റം” സൃഷ്ടിക്കുന്നതാകണം.
1975-ൽ സ്വപ്നം കണ്ടത് മലയാള സിനിമയെ കേരളത്തിലെത്തിക്കുക എന്നതായിരുന്നു. ഇന്ന് നമ്മുടെ സ്വപ്നം അതിലും വലുതാകണം—കേരളത്തെ ലോകത്തിൻറെ സൃഷ്ടിപരമായ മീഡിയ ഭൂപടത്തിൽ ഒരു പ്രധാന കേന്ദ്രമാക്കുക. അതിന് ദീർഘവീക്ഷണമുള്ള നയങ്ങളും ആധുനിക അടിസ്ഥാനസൗകര്യങ്ങളും വ്യവസായ-അക്കാദമിക് സഹകരണവും യുവപ്രതിഭകൾക്ക് അവസരങ്ങളും ആവശ്യമാണ്. ചലച്ചിത്ര വികസന കോർപറേഷൻ, ചരിത്രപരമായ ദൗത്യം വിജയകരമായി നിർവഹിച്ചിട്ടുണ്ട്. ഇനി അതിന്റെ അടുത്ത ദൗത്യം, ഒരു സ്റ്റുഡിയോ സ്ഥാപനം എന്ന നിലയിൽ നിന്ന് ഭാവിയുടെ ” ക്രിയേറ്റീവ് മീഡിയ സിറ്റി”യുടെ ശിൽപ്പിയായി മാറുക എന്നതായിരിക്കണം. അതാണ് കേരളത്തിന്റെ സിനിമയ്ക്കും മാധ്യമരംഗത്തിനും വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ അധ്യായം തുറക്കുക.
ഇന്ന് ലോകം മാറിയിരിക്കുന്നു. സിനിമ ഒരു സ്റ്റുഡിയോ വ്യവസായം മാത്രമല്ല; അത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), വെർച്വൽ പ്രൊഡക്ഷൻ, വിഷ്വൽ ഇഫക്റ്റ്സ് (VFX), ആനിമേഷൻ, ഗെയിമിംഗ്, OTT, ഡിജിറ്റൽ പബ്ലിഷിംഗ്, സോഷ്യൽ മീഡിയ, വിദ്യാഭ്യാസ സാങ്കേതികവിദ്യ (EdTech), ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളെ ഉൾക്കൊള്ളുന്ന ആഗോള ക്രിയേറ്റീവ് ഇക്കോണമിയുടെ ഭാഗമാണ്.
ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതൽ സിനിമകൾ നിർമ്മിക്കുന്ന രാജ്യങ്ങളിലൊന്നാണ്. കുറഞ്ഞ നിർമ്മാണച്ചെലവും മികച്ച സാങ്കേതികവിദ്യയും സൃഷ്ടിപരമായ മനുഷ്യവിഭവശേഷിയും ഇന്ത്യയുടെ ശക്തിയാണ്. കേരളത്തെ ഈ സാധ്യതകൾ പ്രയോജനപ്പെടുത്തി ദക്ഷിണേഷ്യയിലെ ഒരു പ്രമുഖ ” ക്രിയേറ്റീവ് മീഡിയ ഹബ് ” (Creative Media Hub) ആക്കി മാറ്റാൻ കഴിയും.
പദ്ധതിയുടെ ലക്ഷ്യങ്ങൾ:
കേരളത്തെ അന്താരാഷ്ട്ര സിനിമാ-മീഡിയ നിർമ്മാണകേന്ദ്രമാക്കുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), വെർച്വൽ പ്രൊഡക്ഷൻ, വിഷ്വൽ ഇഫക്റ്റ്സ് (VFX), ആനിമേഷൻ, ഗെയിമിംഗ്, എന്നിവയിൽ ആഗോള നിലവാരത്തിലുള്ള പരിശീലനവും നിർമ്മാണസൗകര്യവും ഒരുക്കുക.
മലയാള സിനിമയുടെ ആഗോള വിപണി വികസിപ്പിക്കുക. ഡിജിറ്റൽ കണ്ടന്റ് കയറ്റുമതിക്ക് കേരളത്തെ ഒരു കേന്ദ്രമാക്കുക.ആയിരക്കണക്കിന് ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.
വിദ്യാഭ്യാസവും വ്യവസായവും കൈകോർക്കണം:
കേരളത്തിലെ സർവകലാശാലകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, ഫൈൻ ആർട്സ് സ്ഥാപനങ്ങൾ, മീഡിയ വിദ്യാഭ്യാസ കേന്ദ്രങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയെ ചലച്ചിത്ര വികസന കോർപ്പറേഷനുമായി (KSFDC) യുമായി ബന്ധിപ്പിച്ച് ഒരു വ്യവസായ -വിദ്യാഭ്യാസ സഹകരണ പദ്ധതി ( Industry-Academia Collaboration Model ) രൂപപ്പെടുത്തണം. വിദ്യാർത്ഥികൾ പഠനകാലത്തുതന്നെ യഥാർത്ഥ സിനിമാ-മീഡിയ പദ്ധതികളിൽ പങ്കാളികളാകുന്ന സംവിധാനം സൃഷ്ടിക്കണം.
തൊഴിലും സമ്പദ്‌വ്യവസ്ഥയും:
കേരള മീഡിയ സിറ്റി ഒരു സാംസ്കാരിക പദ്ധതി മാത്രമല്ല; അത് ഒരു സാമ്പത്തിക വികസനപദ്ധതിയാണ്. ഇതിലൂടെ: പതിനായിരക്കണക്കിന് നേരിട്ടുള്ള തൊഴിലവസരങ്ങൾ, ലക്ഷക്കണക്കിന് പരോക്ഷ തൊഴിലവസരങ്ങൾ, മീഡിയ സേവനങ്ങളുടെ കയറ്റുമതി, ഫിലിം ടൂറിസം, വിദേശ നിക്ഷേപം, സ്റ്റാർട്ടപ്പ് വളർച്ച, പ്രാദേശിക ചെറുകിട വ്യവസായങ്ങൾക്ക് പുതിയ വിപണി എന്നിവ സൃഷ്ടിക്കാനാകും.
“കേരളം സിനിമ നിർമ്മിക്കുന്ന ഒരു സംസ്ഥാനമെന്നതിലുപരി, സിനിമയും ടെലിവിഷനും ഒ ടി ടി (OTTയും ,എ ഐ (AI)യും ഡിജിറ്റൽ പ്രസിദ്ധീകരണവും ഗെയിമിംഗും വിദ്യാഭ്യാസ സാങ്കേതികവിദ്യയും ഒരുമിച്ച് വളരുന്ന ലോകോത്തര കേന്ദ്രമാകണം.”
ഈ ദർശനം യാഥാർഥ്യമാക്കാൻ സർക്കാർ, ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC), സർവകലാശാലകൾ, സ്വകാര്യ വ്യവസായം, സ്റ്റാർട്ടപ്പുകൾ, മാധ്യമപ്രവർത്തകർ, സാങ്കേതിക വിദഗ്ധർ, കലാകാരന്മാർ, യുവസംരംഭകർ എന്നിവർ ഒരുമിച്ച് പ്രവർത്തിക്കണം.
1975-ൽ ആരംഭിച്ച യാത്രയെ ഒരു പുതിയ ചരിത്രമാക്കി മാറ്റാനുള്ള സമയമാണിത്.
ഏഷ്യൻ സിനിമയുടെ ആഗോള കവാടം ( ‘Gateway to Asian Cinema’ )
ലോകത്തിലെ പ്രമുഖ സിനിമാ കേന്ദ്രങ്ങളെ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. അവ വളർന്നത് സ്റ്റുഡിയോകൾ കൊണ്ടു മാത്രമല്ല; ഭൗമശാസ്ത്രപരമായ മുൻതൂക്കം, സർക്കാർ പിന്തുണ, സാങ്കേതികവിദ്യ, നിക്ഷേപം, അന്താരാഷ്ട്ര സഹകരണം എന്നിവയുടെ സംയോജനത്തിലൂടെയാണ്.
‘തിരുവനന്തപുര’ത്ത് നിന്ന് ഏഷ്യൻ സിനിമയുടെ ആഗോള കവാടത്തിലേക്ക്…
കേരളത്തിനു അത്തരമൊരു അവസരമുണ്ടോ?
ഉത്തരം—ഉണ്ട്, പക്ഷേ അതിനെ യാഥാർഥ്യമാക്കാൻ ദീർഘവീക്ഷണമുള്ള പദ്ധതികൾ ആവശ്യമാണ്.
ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൊന്നായ തിരുവനന്തപുരം ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്കും ദക്ഷിണേഷ്യയിലേക്കും പശ്ചിമേഷ്യയിലേക്കും വേഗത്തിൽ ബന്ധപ്പെടാൻ കഴിയുന്ന നഗരമാണ്. ശ്രീലങ്ക, മാലിദ്വീപ്, സിംഗപ്പൂർ, മലേഷ്യ, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളുമായി കൂടുതൽ ശക്തമായ സാംസ്കാരിക-വാണിജ്യ ബന്ധങ്ങൾ വികസിപ്പിക്കാനുള്ള സാധ്യത ഇതിനുണ്ട്.
ഈ ഭൂമിശാസ്ത്രപരമായ സാധ്യതയെ അടിസ്ഥാനമാക്കി കേരളത്തിന് ഒരു പുതിയ ദർശനം സ്വീകരിക്കാം:
ഏഷ്യൻ സിനിമയുടെ ആഗോള കവാടം (“Gateway to Asian Cinema.”)
എന്നതിൻറെ അർത്ഥം ഒരു വലിയ ഫിലിം സിറ്റി നിർമ്മിക്കുക എന്നതിൽ ഒതുങ്ങുന്നില്ല. മറിച്ച് ഏഷ്യൻ സിനിമയുടെ വിവിധ മേഖലകളെ ബന്ധിപ്പിക്കുന്ന ഒരു ബിസിനസ് കേന്ദ്രം (Creative Business Hub ) സൃഷ്ടിക്കുകയാണ്.
ഇതി ൻറെ ഭാഗമായി:
ഏഷ്യൻ സിനിമകൾക്കായുള്ള സഹകരണ വിപണന സംവിധാനം
അന്താരാഷ്ട്ര തിരക്കഥ വികസന ലാബുകൾ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), വെർച്വൽ പ്രൊഡക്ഷൻ, വിഷ്വൽ ഇഫക്റ്റ്സ് (VFX), ആനിമേഷൻ, ഗെയിമിംഗ്, കേന്ദ്രങ്ങൾ.
ഒ ടി ടി (OTT) ഉള്ളടക്ക നിർമ്മാണവും വിതരണവും
ഏഷ്യൻ ഫിലിം & മീഡിയ എക്സ്പോ
ഫിലിം ഫിനാൻസ് ഫോറം
അന്താരാഷ്ട്ര സിനിമാ പരിശീലന കേന്ദ്രങ്ങൾ.
ഡിജിറ്റൽ കണ്ടൻറ കയറ്റുമതി .
സിനിമാ ടൂറിസം വികസനം.
ഇത് സിനിമയിൽ മാത്രം ഒതുങ്ങേണ്ടതില്ല. ടെലിവിഷൻ, ഒ ടി ടി (OTT), ഡോക്യുമെ ൻററികൾ, ഗെയിമിംഗ്, ആനിമേഷൻ, വിദ്യാഭ്യാസ ഉള്ളടക്കം, ഡിജിറ്റൽ പ്രസിദ്ധീകരണം, പോഡ്കാസ്റ്റുകൾ എന്നിവയും ഉൾക്കൊള്ളുന്ന മേഖലയായി ആയി വികസിപ്പിക്കാം.
കേരളത്തിൻറെ വലിയ ശക്തി അതിൻറെ മനുഷ്യവിഭവശേഷിയാണ്. ലോകമെമ്പാടുമുള്ള മലയാളി മാധ്യമപ്രവർത്തകരും സാങ്കേതിക വിദഗ്ധരും സിനിമാപ്രവർത്തകരും സംരംഭകരും ഈ പദ്ധതിയിൽ പങ്കാളികളാകുകയാണെങ്കിൽ അതിലൂടെ ഒരു ആഗോള നെറ്റ്‌വർക്ക് രൂപപ്പെടുത്താം.
എന്നാൽ വിജയത്തിനായി ചില അടിസ്ഥാന കാര്യങ്ങൾ നിർണായകമാണ്:
അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റുഡിയോയും പോസ്റ്റ്-പ്രൊഡക്ഷൻ സൗകര്യങ്ങളും. ലളിതവും മത്സരാധിഷ്ഠിതവുമായ ചിത്രീകരണ അനുമതി സംവിധാനം. വിദേശ നിക്ഷേപത്തിനും സഹനിർമ്മാണത്തിനും അനുകൂലമായ നയങ്ങൾ.സർവകലാശാലകൾ, വ്യവസായം, സർക്കാർ എന്നിവയുടെ കൂട്ടായ പ്രവർത്തനം.തുടർച്ചയായ അന്താരാഷ്ട്ര മാർക്കറ്റിംഗും ബ്രാൻഡിംഗും.
“ഏഷ്യൻ സിനിമയുടെ ആഗോള കവാടം” (“Gateway to Asian Cinema” ) ഒരു മുദ്രാവാക്യം മാത്രമാകരുത്. അത് കേരളത്തിൻറെ അടുത്ത സാംസ്കാരിക- സാമ്പത്തിക വികസനദർശനമായി മാറണം.
1975-ൽ മലയാള സിനിമയെ കേരളത്തിലേക്ക് കൊണ്ടുവന്നത് ചരിത്രമായിരുന്നുവെങ്കിൽ, ഇനി കേരളത്തിൽ നിന്ന് ഏഷ്യൻ സിനിമയെ ലോകവുമായി ബന്ധിപ്പിക്കുന്ന പുതിയ ചരിത്രം സൃഷ്ടിക്കാനുള്ള സമയമാണിത്. അത് യാഥാർഥ്യമാകുകയാണെങ്കിൽ ദുബായ് മീഡിയ സിറ്റിയിൽ ഇരുന്നുകൊണ്ട് മലയാളി നെടുവീർപ്പിടേണ്ടതില്ല.
( ചലച്ചിത്ര വികസന കോർപറേഷൻറെ പി. ആർ.ഒ ആയിരുന്ന ലേഖകൻ , കേരള ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ കൺവീനർ, ദുബായ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ദുബായ് സ്റ്റുഡിയോ സിറ്റി എന്നിവയുടെ ഉപദേശകനും വോഗ് മീഡിയ ഇൻറർനാഷണൽ (ദുബായ്) സി. ഇ, ഒ. ആയും പ്രവർത്തിച്ചിട്ടുണ്ട് )






