കെ എസ് എഫ് ഡി സി, ഒ ബി സി വിഭാഗത്തിൽ പെട്ടവർക്ക് ധനസഹായം നൽകണം

-രാജൻ പി തൊടിയൂർ
സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ (KSFDC) കഴിഞ്ഞ അഞ്ച് വർഷങ്ങളായി നടപ്പാക്കിവരുന്ന പട്ടിക ജാതി/ പട്ടിക വര്‍ഗ, വനിതാ സിനിമകള്‍ക്കായുള്ള പ്രത്യേക ധനസഹായ പദ്ധതിയിൽ മറ്റു പിന്നാക്ക വിഭാഗങ്ങളെക്കൂടി ഉൾപ്പെടുതാത്തത് എന്തുകൊണ്ടാണെന്ന് ആലോചിക്കേണ്ട സമയമായി. പദ്ധതിയിലെ പോരായ്മകളെക്കുറിച്ചു മലയാള സിനിമയെ ലോക സിനിമാവേദിയിലെത്തിച്ച അടൂർ ഗോപാലകൃഷ്ണനെപ്പോലുള്ളവർ തുറന്ന സംസാരത്തിനു തയ്യാറായ അവസരത്തിൽ , പ്രത്യേകിച്ചും.
പദ്ധതിയെക്കുറിച്ചുള്ള വ്യക്തമായ രൂപരേഖ കോർപറേഷൻ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയും സമയ ബന്ധിതമായി അപേക്ഷ സ്വീകരിക്കുകയും കഴിവും യോഗ്യതയുമുള്ളവർക്ക് ധനസഹായം നൽകുകയും ചെയ്യണം. തൊഴിൽ പരമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് വേണ്ടിയുള്ള സംവരണം സംബന്ധിച്ച നിരവധി ഉത്തരവുകൾ സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഉണ്ടായിട്ടുണ്ട്. പട്ടിക ജാതിക്കാർക്ക് 15%, പട്ടിക വർ ഗ്ഗക്കാർക്ക് 7.5% മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് 27% എന്നിങ്ങനെ തൊഴിൽ- വിദ്യാഭ്യാസ പുരോഗതിക്കായി സർക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ സംവരണം നിശ്ചയിച്ചിട്ടുണ്ട്. ചലച്ചിത്ര വികസന കോർപറേഷൻ പട്ടിക ജാതി – പട്ടിക വർഗ്ഗത്തിൽ പെട്ടവർക്കും വനിതകൾക്കും ഒന്നര കോടി രൂപവരെ സിനിമയെടുക്കാൻ സാമ്പത്തിക സഹായം നൽകുമ്പോൾ മറ്റു പിന്നാക്ക വിഭാഗത്തിൽ പെട്ടവരെ മാറ്റി നിർത്തുന്നത് അംഗീകരിക്കാനാകില്ല.
രാജ്യത്ത് തൊഴിൽ – വിദ്യാഭ്യാസമേഖലയിൽ കേന്ദ്ര സർക്കാരിൻറെയും സംസ്ഥാന സർക്കാരിൻറെയും പലവിധത്തിലുള്ള സഹായ പദ്ധതികൾ ജനസംഖ്യയിൽ അറുപത്തഞ്ച് ശതമാനത്തിലേറെ വരുന്ന മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി നടപ്പാക്കിയിട്ടുണ്ടെങ്കിലും ചലച്ചിത്ര മേഖലയിൽ അർഹമായ സ്ഥാനം നേടിയെടുക്കാൻ ഇനിയും അവർക്ക് കഴിഞ്ഞിട്ടില്ല. സിനിമയോട് താല്പര്യമുള്ളവരും പരിശീലനം ലഭിച്ചവരും ഫിലിം ഇൻസ്റ്റിട്യൂട്ടിൽ പഠിച്ചു യോഗ്യത നേടിയവരുമായ മറ്റു പിന്നാക്ക വിഭാഗത്തിൽപ്പെട്ട ധാരാളം യുവതീ യുവാക്കൾ അവസരങ്ങൾ ലഭിക്കാതെ നിൽക്കുന്നുണ്ട്. മറ്റു പിന്നാക്ക വിഭാഗത്തിൽപ്പെട്ട കഴിവും യോഗ്യതയുമുള്ള യുവതീ-യുവാക്കളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ മുൻകൈ എടുക്കണണം .
ഒ ബി സി വിഭാഗത്തിൽ പെട്ടവർ ഇന്ത്യൻ ജനസംഖ്യയിൽ 65 ശതമാനത്തിലധികം വരുമെന്നും അവരെ മുഖ്യധാരയിൽ എത്തിക്കാൻ സംവരണാനുകൂല്യം അത്യാവശ്യമാണെന്നും ബോധ്യപ്പെട്ടതിൻറെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസപരമായും തൊഴിൽ പരമായും പിന്നാക്കം നിൽക്കുന്നവരെ സഹായിക്കാൻ നിരവധി പദ്ധതികൾ മണ്ഡൽ കമ്മീഷൻ ശുപാർശ ചെയ്തിട്ടുള്ളത്. ഒ ബി സി വിഭാഗത്തിൽ പെട്ടവരുടെ സാമ്പത്തികനിലവാരം ഉയർത്തുന്നതിന് വേണ്ടി പ്രത്യേക വെൻച്വർ കാപിറ്റൽ ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. പട്ടിക ജാതി – പട്ടിക വിഭാഗക്കാർക്കും വനിതകൾക്കും സിനിമ എടുക്കാൻ സാമ്പത്തിക സഹായം നൽകാൻ ചലച്ചിത്ര വികസന കോർപറേഷൻ തീരുമാനിച്ചത് നല്ല കാര്യമാണ്. ഭരണഘടനാപരമായി പരിഗണന അർഹിക്കുന്ന മറ്റു പിന്നാക്ക വിഭാഗത്തിൽ പെട്ടവർക്കും അനുവദനീയമായ 27 ശതമാനം പരിഗണന നൽകാൻ കോർപറേഷൻ തയ്യാറാകണം.
എൻസിബിസിക്ക് ഭരണഘടനാ പദവി നൽകുക, നീറ്റിൽ ഒബിസികൾക്ക് സംവരണം നൽകുക, തുടങ്ങിയ ആവശ്യങ്ങൾ പോലെ പ്രധാനമാണ് മാധ്യമരംഗത്തു പ്രവർത്തിക്കുന്ന ഒബിസിചലച്ചിത്രകാരന്മാർക്ക് ധനസഹായം നൽകുക എന്നത്. കേരളത്തിൽ അഞ്ച് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച പദ്ധതിയിൽ ഒ ബി സി വിഭാഗങ്ങളെക്കൂടി പരിഗണിക്കുക എന്നത് കാലഘട്ടത്തിൻറെ ആവശ്യമാണ്.
സർക്കാർ സർവിസിൽ നിറവും ‘വർണ്ണ’വുമുണ്ടെന്ന് മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ തുറന്ന് പറഞ്ഞിട്ട് അധികകാലമാകുന്നില്ല. നിറം ഉൾപ്പെടെയുള്ള വിവേചനചിന്തകൾക്കെതിരെ സമൂഹത്തിൽ എക്കാലവും ചർച്ചയുണ്ടാകണമെന്നും താൻ നേരിട്ട അനുഭവം മറ്റുപലർക്കും പലരീതിയിൽ ഉണ്ടായിട്ടുണ്ടെന്നും അവർ തുറന്നു പറഞ്ഞു. നിറം ഉൾപ്പെടെയുള്ള വിവേചനചിന്തകൾക്കെതിരെ മാധ്യമരംഗത്തും ചർച്ചയുണ്ടാകണം’’.
മലയാള സിനിമയിൽ ഈ വിവേചനം ശക്തവും പലരെയും പുറത്താക്കുവാൻ തക്ക വിധമുള്ള ഗൂഢാലോചനകൾക്ക് ഇരയാക്കുകയും ചെയ്തിട്ടുണ്ട്. പട്ടിക -ജാതി പട്ടിക വർഗ്ഗക്കാർക്ക് മാത്രമല്ല മറ്റു പിന്നാക്ക സമുദായക്കാർക്കും ഈ ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. ചലച്ചിത്ര വികസന കോർപറേഷൻ പട്ടിക ജാതി പട്ടിക വർഗ്ഗക്കാരെയും വനിത കളെയും സിനിമയെടുക്കാൻ സഹായിക്കുമ്പോൾ അതിനു വ്യക്തമായ നയമുണ്ടാകണം. ഫിലിം ഇൻസ്റ്റിറ്റിറ്റ്യൂട്ടിൽ പഠിച്ചു ശ്രദ്ധേയമായ സിനിമ ചെയ്ത് പിന്നീടൊരു സിനിമ ചെയ്യാൻ കഴിയാതെ നിൽക്കുന്ന ഒ ബി സി യിൽ പെട്ട കലാകാരൻമാർ നമ്മുടെ നാട്ടിലുണ്ട്.അവരെ സഹായിക്കാനും സിനിമ എടുത്തു പരിചയമുള്ള, സിനിമ പഠിച്ച, കഴിവ് തെളിയിച്ചിട്ടുള്ള ഒ ബി സിയിൽ പെട്ട കലാകാരൻമാർക്ക് സാമ്പത്തിക സഹായം നൽകാനും ചലച്ചിത്ര വികസന കോർപറേഷൻ ഇനിയും വൈകരുത്.
* ബി ജെ പി, ഒബിസി മോർച്ച സംസ്ഥാന മീഡിയ കൺവീനറും ചലച്ചിത്ര വികസന കോർപറേഷൻ മുൻ പബ്ലിക് റിലേഷൻസ് ഓഫീസറുമാണ് ലേഖകൻ.






