വിജയത്തിൻറെ ; വിശ്വാസത്തിൻറെ 34 വർഷങ്ങൾ

Share:

1984 ഓഗസ്റ്റ് 1

മലയാളത്തിലെ ആദ്യ തൊഴിൽ വിദ്യാഭ്യാസ പ്രസിദ്ധീകരണം ജന്മം കൊണ്ടു ; ‘ കരിയർ മാഗസിൻ’.
34 വർഷങ്ങൾക്കു മുൻപ് കൊല്ലം പബ്ലിക് ലൈബ്രറി ആഡിറ്റോറിയത്തിൽ അന്നത്തെ കേരള മുഖ്യമന്ത്രി കെ കരുണാകരൻ ആദ്യ പ്രതി വ്യവസായ പ്രമുഖനായ കെ രവീന്ദ്രനാഥൻ നായർക്ക് നൽകി പ്രകാശനം ചെയ്യുമ്പോൾ അത് മലയാള പത്രപ്രവർത്തന ചരിത്രത്തിലെ അസാധാരണ മാതൃകയായി മാറുമെന്ന് അധികമാരും കരുതിയില്ല.കരിയർ മാഗസിൻ മഹാവിജയമായി എന്ന് മാത്രമല്ല അതിൻറെ ചുവടൊപ്പിച്ചു നിരവധി പ്രസിദ്ധീകരണങ്ങൾ കേരളത്തിലുണ്ടാകുകയും ചെയ്തു.

ഭദ്രദീപം കൊളുത്തി ഉത്ഘാടനം നടത്തുന്നതിനിടയിൽ , ‘ഇത്തരമൊരു സംരംഭത്തിന് എല്ലാ സഹായങ്ങളും എൻറെ പക്കൽ നിന്നുണ്ടാകുമെന്ന്’ മാത്രമല്ല , ‘ഏതവസരത്തിലും എന്നെ വന്നു കാണാൻ പത്രാധിപർക്ക് ഞാൻ പ്രത്യേക അനുമതിയും നൽകുകയാണ് ‘ എന്ന് മുഖ്യമന്ത്രി പറഞ്ഞത് പലരെയും അമ്പരപ്പിച്ചു. കേരളം കണ്ട ഏറ്റവും ശക്തനായ മുഖ്യമന്ത്രി അത്തരമൊരനുവാദം നൽകിയത് മാതൃഭൂമിയുൾപ്പെടെയുള്ള പത്രങ്ങൾ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അദ്ദേഹം ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു. കേരളത്തിൻറെ തൊഴിൽ സംസ്ക്കാരം വളർത്തിയെടുക്കാനും സമ്പൂർണ്ണ സാക്ഷരതാ പ്രസ്ഥാനത്തിന് പിൻബലം നൽകാനും കരിയർ മാഗസിന് കഴിയും എന്ന്.

പി എൻ പണിക്കർ, തെങ്ങമം ബാലകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന സമ്പൂർണ്ണ സാക്ഷരതാ പ്രസ്ഥാനത്തിന് ‘ കരിയർ മാഗസിൻ’ നൽകിയ സംഭാവന മുൻലക്കങ്ങൾ മറിച്ചു നോക്കുന്ന ആർക്കും വ്യക്തമാകും.

മലയാള ഭാഷയുടെ വളർച്ചക്കായി , തെറ്റില്ലാത്ത മലയാളം , നല്ല മലയാളം, എന്നീ പരമ്പരകൾ ( പ്രൊഫ. പന്മന രാമചന്ദ്രൻ നായർ ) ആദ്യമായി ഒരു മലയാള പ്രസിദ്ധീകരണത്തിൽ അച്ചടിച്ചു വരൂന്നത് കരിയർ മാഗസിനിലാണ്. അതോടൊപ്പം ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനായി , ‘ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ’ ( പ്രൊഫ. ബലറാം മൂസദ്‌ ) ഇംഗ്ലീഷ്; ഇംഗ്ലീഷ് ( ഒ അബൂട്ടി ) ഭാരതത്തിൻറെ ഭരണഘടന ( പ്രൊഫ -ഡോ – എം വി പൈലി ) ഗാന്ധി ദർശനം , കമ്പ്യൂട്ടർ പഠനം ( കെ കെ വാസു ) തുടങ്ങിയ പരമ്പരകളും.
പുതിയ തലമുറയെ കംപ്യൂട്ടറിന്റെ അനന്ത സാദ്ധ്യതകൾ പഠിപ്പിക്കാൻ കാൽ നൂറ്റാണ്ടിനു മുൻപ് മുതൽ കരിയർ മാഗസിൻ ശ്രമിച്ചിരുന്നതായി കാണാം.

മുപ്പത്തിനാല് വർഷങ്ങൾ പുറകോട്ട് നോക്കുമ്പോൾ, മലയാളി മനസ്സിൽ തൊഴിൽ വിദ്യാഭ്യാസ മേഖലയെക്കുറിച്ചു പുത്തൻ വർണ്ണ ചിത്രങ്ങൾ കോറിയിടാൻ കരിയർ മാഗസിന് കഴിഞ്ഞു എന്ന് തിരിച്ചറിയുന്നതിൽ ചാരിതാർഥ്യമുണ്ട്. കരിയർ മാഗസിൻ വായിച്ചും പഠിച്ചും ജോലി നേടിയ അനേകായിരങ്ങൾ ഇന്നും നമിക്കുമ്പോൾ ‘സാർത്ഥകമായ പ്രയത്നം’ എന്ന് തോന്നാറുണ്ട്.

‘ലീഡർ’കൊളുത്തിയ ദീപം തെളിഞ്ഞു പ്രകാശം പരത്തി.
കരിയർ മാഗസിൻ ഒരു ലക്ഷം പ്രതി വരെ അച്ചടിച്ചു.
കേരളത്തിലെ സ്കൂളുകളിൽ അത് തുടർച്ചയായി എത്തി. വിദ്യാഭ്യാസ വകുപ്പ് അതിന്‌ അംഗീകാരം നൽകി.
ദുബായിലും ലബനോനിലും റഷ്യയിലും പതിപ്പുകൾ ഉണ്ടായി.

കരിയർ മാഗസിൻറെ സ്വീകാര്യത അത്തരം പ്രസിദ്ധീകരണങ്ങൾ കേരളത്തിൽ വ്യാപകമാകാൻ ഇടയാക്കി.
വൻകിട പത്രക്കാർ ‘കരിയർ മാഗസിൻ’ തുടങ്ങിവെച്ച പംക്തികൾ അതേപടി പകർത്തി പ്രസിദ്ധീകരണമിറക്കി.
നൂറു വർഷത്തിലേറെ പ്രസിദ്ധീകരണ പാരമ്പര്യം അവകാശപ്പെടുന്ന പ്രസിദ്ധീകരണം കരിയർ മാഗസിൻറെ തലക്കെട്ട് അതേപടി പകർത്തി.
അനേകം യുവതീ-യുവാക്കൾ കരിയർ മാഗസിൻ വായിച്ചു തൊഴിൽ നേടി.

മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ എഡ്യൂക്കേഷൻ പ്ലാറ്റഫോം കരിയർ മാഗസിൻ ഡോട്ട് ഇൻ ( www.careermagazine.in ) ഇന്ന് മലയാളികളുടെ മുന്നിൽ തുറന്ന് വെച്ചിരിക്കുകയാണ്. അതിൻറെ മൊബൈൽ ആപ്പ്ളിക്കേഷൻ നിർമ്മാണ പുരോഗതിയിലാണ്.

കഴിഞ്ഞ മുപ്പത്തിനാല് വർഷങ്ങളായി ‘കരിയർ മാഗസിൻ’ എന്ന പേരിൽ വിശ്വാസമർപ്പിച്ച വലിയൊരു വിഭാഗം ആളുകൾ ഇവിടെയുണ്ട്.
അവരോടു നന്ദി പറയാൻ ഈ അവസരം ഉപയോഗിക്കുകയാണ്.

കരിയർ മാഗസിൻറെ വിജയത്തിനായി പ്രവർത്തിച്ച രഘു കെ തഴവ, രാജ് മോഹൻ , എം സുരേഷ് കുമാർ , രാജീവ് പെരുമ്പുഴ , പ്രശാന്ത് ചിറക്കര, ജോയ് പെരേര , ഗോപാലകൃഷ്ണൻ നായർ, ഷൈലജ , ജയ , ഉഷ പുത്തൂർ, ഉല്ലാസ് , രാധാകൃഷ്ണൻ പട്ടാഴി, കെ രാധാകൃഷ്ണൻ , റിയാസ് ജലാലുദീൻ, ഷാജു ടി പറങ്ങോട് , രാജശ്രീ, രാജൻ മണപ്പള്ളി , ഹരി കട്ടേൽ , ഗോപാലകൃഷ്ണ പിള്ള തുടങ്ങിയവർ നൽകിയ സംഭാവനകൾ.

തെങ്ങമം ബാലകൃഷ്ണൻ , ഡോ. സുകുമാർ അഴിക്കോട്, ഡോ. എം വി പൈലി, പ്രൊഫ. പന്മന രാമചന്ദ്രൻ , നായർ, കാക്കനാടൻ, ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ, പ്രൊഫ. ആനന്ദക്കുട്ടൻ, പ്രൊഫ. എസ് . ഗുപ്തൻ നായർ , പി വി രവീന്ദ്രൻ, ഒ വി വിജയൻ , പവനൻ , സി അച്യുത മേനോൻ , പി ടി ഭാസ്കരപ്പണിക്കർ, ബി എസ് വാരിയർ , കെ കെ വാസു, ഒ . അബൂട്ടി, ഏവൂർ പരമേശ്വരൻ, എം എ എലിക്കോട്ടിൽ, ഡോ. ജെയിംസ് വടക്കുംചേരി, മലയാറ്റൂർ രാമകൃഷ്ണൻ, സി രാധാകൃഷ്ണൻ , എൻ വി കൃഷ്ണവാരിയർ , കെ എ ഡൊമിനിക്, ഇ ഡി ജോസഫ് , എം ജി കെ നായർ, നൂറനാട് ഹനീഫ്, ആൻറണി കളപ്പുര, സിറാജ് മീനത്തേരി, വി എസ് ജി നായർ, എം ആർ കൂപ് മേയർ തുടങ്ങിയവർ നൽകിയ രചനകളും അനുഗ്രഹവർഷവും കരിയർ മാഗസിന് എന്നും ശക്തിയായി. കടപ്പാട് വാക്കുകളിൽ ഒതുക്കാവുന്നതല്ല.

1984 ൽ ലീഡർ പകർന്നുതന്ന ശുഭ വിശ്വാസത്തിൻറെ ശക്തി സ്രോതസ്സുകൾ ഇപ്പോഴും ഊർജ്ജമായി നിൽക്കുന്നു.
ഇന്നിപ്പോൾ ഡിജിറ്റൽ ‘കരിയർ മാഗസിൻ’ ലോകമെമ്പാടും നിറഞ്ഞു നിൽക്കുമ്പോൾ ലീഡർ കൊളുത്തിയ ദീപം പുതിയ വെളിച്ചമായി യുവജനങ്ങളിൽ എത്തുന്നു.

 – രാജൻ പി തൊടിയൂർ
ചീഫ്  എഡിറ്റർ

Share: