കരിയറും ‘കരിയറിസ’വും -2 ( ഡോ. സുകുമാർ അഴീക്കോട് )

Share:

കരിയറും ‘കരിയറിസ’വും -ഡോ. സുകുമാർ അഴീക്കോട്

ആധികാരിക ലേഖനങ്ങൾകൊണ്ട് ‘കരിയർ മാഗസിൻ’ മൂല്യവത്തായ പ്രസിദ്ധീകരണമാക്കിയവരിൽ പ്രധാനിയാണ് ഭാഷാ പണ്ഡിതനും വാഗ്മിയുമായ ഡോ. സുകുമാർ അഴീക്കോട് . അദ്ദേഹം കരിയർ മാഗസിനിൽ ആദ്യം എഴുതിയ ലേഖനം താഴെ ചേർക്കുന്നു. അദ്ദേഹത്തിൻറെ ലേഖനത്തിൻറെ തലക്കെട്ട് ഈ പരമ്പരയുടെ തലക്കെട്ടായി ഉപയോഗിക്കുന്നു. (രാജൻ പി തൊടിയൂർ )

നിങ്ങളുടെ പത്രത്തിൻറെ പേരിനോട് എനിക്കത്ര ഇഷ്ടമുണ്ടെന്നു പറയുന്നില്ല. ഇത്ര പച്ചയായി ഇംഗ്ലീഷ് വാക്ക് ലിഖിത സാഹിത്യത്തിൽ പ്രയോഗിക്കുന്ന പ്രവണത ആരോഗ്യകരമല്ലെന്നാണ് എൻറെ എളിയ അഭിപ്രായം. ‘കരിയർ’ പോലുള്ള വാക്കുകൾ ഇംഗ്ലീഷിൽ നിന്നും കടമെടുത്തു തുടങ്ങിയാൽ, മലയാള പദങ്ങൾ മുഴുവനും അനാവശ്യമായി തീരുന്ന ഭയാനകമായ അവസ്ഥ വന്നുചേരും. ഇംഗ്ലീഷ് അപ്പടി എടുക്കുക എന്നാണ് അതിനർത്ഥം. അതിരിക്കട്ടെ-

‘കരിയർ’ എന്നുവച്ചാൽ ജീവിത വൃത്തിയാണ്. തൊഴിൽ, വേല, ഉദ്യോഗം, പ്രവൃത്തി, പണി എല്ലാം അതിൽ ഉൾപ്പെടുന്നു. നിങ്ങൾ, ചെറുപ്പക്കാർക്കുവേണ്ടി പുതിയ തൊഴിൽ സാദ്ധ്യതകളെക്കുറിച്ചുള്ള വിവരങ്ങളും വസ്തുതകളും നൽകുന്നത് വളരെ അനുമോദനീയമായ കാര്യം തന്നെയാണ്. ഉപജീവനത്തിനായി ഒരു വൃത്തി ആർക്കും ആവശ്യമാണ്. അതിനു ഉപയുക്തമായ വഴി ഉപദേശിച്ചുകൊടുക്കുന്നതുകൊണ്ടു പല ജീവിതങ്ങളും രക്ഷപെട്ടേക്കും. ഞങ്ങളൊക്കെ വിദ്യാർത്ഥികൾ ആയിരുന്നപ്പോൾ ഇംഗ്ലീഷിൽ പോലും ഇത്തരം പത്രങ്ങൾ വളരെ കുറവായിരിന്നു. മലയാളത്തിലെ വളരെ പ്രയോജനപ്രദമായ ഒരു പത്രമാണ് നിങ്ങളുടെ കരിയർ. (തലക്കെട്ടിനെപ്പറ്റിയുള്ള അഭിപ്രായ വ്യത്യാസം എന്തായാലും.)

ഈ വാക്കിൻറെ ആഗമ ചരിത്രം രസാവഹമാണു്. ഇംഗ്ലീഷിലുള്ള നിഘണ്ടുക്കൾ നോക്കിയാൽ ഇതിൻറെ ധാതു കെൽടിക്, ലാറ്റിൻ മുതലായ പ്രാചീന ഭാഷകളുടെ ആഴങ്ങളിൽ ഇറങ്ങി ചെല്ലുന്നതു കാണാം. ‘വാഹനം പോകുന്നവഴി’ എന്ന അർത്ഥമുള്ള ഒരു പഴയ ധാതുവിൽനിന്നു ഇത് നിഷ്പാദിക്കുന്നതായി പറയപ്പെടുന്നു.

ലാറ്റിനിൽ നിന്നും ഉള്ളിലോട്ടു പോകാൻ ഡിക്ഷ്ണറികൾ മുതിർന്നു കണ്ടിട്ടില്ല. സംസ്കൃതത്തിലെ ‘ചര്’ (ചരിക്കുക) എന്ന ധാതുവിനോട് ബന്ധപ്പെടുന്നതാണ് ഈ പദമെന്നു എനിക്ക് തോന്നുന്നു. ലാറ്റിൻ, ഇംഗ്ലീഷ് മുതലായ പാശ്ചാത്യ ഭാഷകളിലെ ധാരാളം പദങ്ങൾക്ക് ധാതുവായിരിക്കുന്നതു ഇതാണെന്നു കാണാം. ‘കരിയർ’ എന്നു വെച്ചാൽ ഉപജീവനം നേടാൻ വേണ്ടിയുള്ള ചരിക്കലാണ് എന്ന് പറയേണ്ടല്ലോ.

പക്ഷെ ജീവിതത്തെ ആരും തൊഴിലിൻറെ ഉപകരണം മാത്രമായി ചുരുക്കിക്കളയരുത്. ഏറ്റവും താണതാരം ജീവിതം ആയിരിക്കും അത്. ജീവിക്കാൻ ഒരു തൊഴിൽ ചെയ്യുന്നതും ഒരു തൊഴിലിൽ ജീവിതം ഒരുക്കുന്നതും രണ്ടും രണ്ടാണ്. തൊഴിൽ ചെയ്യുന്നത് ആത്മാർത്ഥമായിരിക്കണം. പക്ഷെ തൊഴിൽ നിലനിർത്താനും തൊഴിലിൽ പുരോഗതി നേടാനും ജീവിതത്തിലെ ആദർശങ്ങളെല്ലാം ഉപേക്ഷിക്കുന്നത് ‘കരിയറിസം’ ആണ്. ഇന്ന് മനുഷ്യൻറെ എല്ലാ ‘ഇസ’ ങ്ങളും ഈ ‘ഇസ’ ത്തിൽ ചെന്നു ചേർന്നു വിലയം പ്രാപിക്കുന്നതായി കാണപ്പെടുന്നു.

‘കരിയർ’ നമ്മെ ‘കരിയറിസ’ ത്തിലേക്കു നയിക്കരുത്. രണ്ടും വളരെ ഭിന്നങ്ങളായ ആശയങ്ങളാണ്. ‘കരിയർ’ നമ്മെ കരിയറിസത്തിലേക്കല്ല ‘ഹ്യൂമാനിട്ടേറിയനിസ’ ത്തിലേക്കാണ് നയിക്കേണ്ടത്. ജീവിക്കാൻ ഒരു തൊഴിൽ കണ്ടെത്തിയ യുവാവ് ആ തൊഴിൽകൊണ്ടു ജനങ്ങളെ സേവിക്കുകയാണ് വേണ്ടത്. ഉദ്യോഗം അഹങ്കാരത്തിലൂടെ മനുഷ്യ വിദ്വേഷത്തിലേക്ക് നമ്മെ നയിക്കുമ്പോൾ, അത് മനുഷ്യ ദ്രോഹമായി തീരുന്നു. Public Servant അപ്പോളാണ് Public Serpent ആയിമാറുന്നതു. പൊതു സേവകൻ മനുഷ്യപ്രേമിയായിരിക്കണം എന്ന് ചുരുക്കം.സേവനം മനുഷ്യപ്രേമമില്ലാതെ സാധ്യമല്ല.

ജീവിക്കാൻ ഒരു തൊഴിൽ കണ്ടെത്തിയ യുവാവ് ആ തൊഴിൽകൊണ്ടു ജനങ്ങളെ സേവിക്കുകയാണ് വേണ്ടത്. ഉദ്യോഗം അഹങ്കാരത്തിലൂടെ മനുഷ്യ വിദ്വേഷത്തിലേക്ക് നമ്മെ നയിക്കുമ്പോൾ, അത് മനുഷ്യ ദ്രോഹമായി തീരുന്നു.
പൊതു സേവകൻ മനുഷ്യപ്രേമിയായിരിക്കണം എന്ന് ചുരുക്കം.

( കരിയർ മാഗസിൻ – 1987 ഓഗസ്ററ് ) www.careermagazine.in 

Share: