കരിയറും ‘കരിയറിസ’വും -3

Share:

ചരിത്രനിയോഗം

ഒരു പിറവി, ചരിത്രത്തിൻറെ നിയോഗമാകുന്നു എന്നാദ്യം ഓർമിപ്പിച്ചത് ഡോ. ജോർജ്ഓണക്കൂറാണ്. ചരിത്രത്തിൻറെ ഭാഗമാകുന്നതും. അദ്ദേഹം പറഞ്ഞുതന്നു.

കൊല്ലം ബീച്ചിൽ സാക്ഷരതായോഗത്തിൽ പങ്കെടുക്കാനെത്തിയ ഒരുവൈകുന്നേരം ദേഹത്തോട്ചേർത്തു പിടിച്ചു വാത്സല്യത്തോടുകൂടി ജോർജ് സാർ പറഞ്ഞു ” മലയാള പത്രപ്രവർത്തനചരിത്രത്തിൽ ഒരിടംനേടിയെടുത്തത്, രാജൻ, ചരിത്രത്തിൻറെ ഭാഗമായിക്കൊണ്ടാണ് . ‘കരിയർമാഗസിൻ ‘ ചരിത്രമാണ് . മലയാളത്തിലെ ആദ്യത്തെതൊഴിൽ – വിദ്യാഭ്യാസമാസിക” .

ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിനാല് ഓഗസ്ററ് ഒന്നിന് മുൻപ് അത്തരമൊരു പ്രസിദ്ധീകരണത്തെക്കുറിച്ചു ആരും ചിന്തിക്കാതിരുന്നത് ചരിത്രത്തിൻറെ തീരുമാനങ്ങളിൽഒന്നായിരിക്കാം.
അതിനുശേഷം, പക്ഷെ, തൊഴിൽ – വിദ്യാഭ്യാസപ്രസിദ്ധീകരണങ്ങളുടെ മലവെള്ളപ്പാച്ചിൽ മലയാളത്തിലുണ്ടായി.
‘കരിയർമാഗസിൻ ‘ മലയാളത്തിലെ ഏറ്റവും പ്രയോജനപ്രദമായപത്രമാണെന്ന്  പറഞ്ഞ       ഡോ. സുകുമാർഅഴിക്കോട്   ഒരുകാര്യത്തിൽവിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്നു . അതിൻറെ തലക്കെട്ടിനോട് . അതദ്ദേഹംഎഴുതി ‘ഇംഗ്ലീഷ് വാക്കുകൾ, മലയാളം പോലെ ഉപയോഗിക്കുന്നത്  അപകടകരമായ ഒരവസ്ഥയുണ്ടാക്കും എന്നായിരുന്നു ആദ്ദേഹം പറഞ്ഞത്.

അത് സത്യമായി.

കരിയർമാഗസിൻറെ ചുവടൊപ്പിച്ച് ധാരാളം പ്രസിദ്ധീകരണങ്ങൾ മലയാളത്തിൽ ഉണ്ടായി എന്നുമാത്രമല്ല പലരും ‘കരിയർ’ എന്ന ഇംഗ്ലീഷ് വാക്ക് അതേ പോലെ പകർത്തിയാണ്                  തലക്കെട്ടുണ്ടാക്കിയതും!
നൂറിലേറെവർഷംപഴക്കമുള്ള പത്രമുത്തശ്ശി പോലും ‘കരിയർമാഗസിൻ’ എന്നതലക്കെട്ട്‌ അനുകരിച്ചു . കരിയർ ദീപിക , യുനിവേഴ്സൽ കരിയർ മാഗസിൻ , കരിയർകേരള എന്നിങ്ങനെ തലക്കെട്ട്‌ അതേപടി അനുകരിച്ച്ഒരുകൂട്ടർ .

ഡോ. സുകുമാർഅഴീക്കോട്‌ ഭയന്നതുപോലെ, ‘കരിയർ’എന്നവാക്ക്, മലയാളം പോലെ ഉപയോഗിക്കുന്ന അവസ്ഥ കേരളത്തിലുണ്ടായി .

പത്തു വർഷങ്ങൾക്കുള്ളിൽ പതിനെട്ടോളം തൊഴിൽ – വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങളാണ്
കേരളത്തിൽ ജന്മം കൊണ്ടത് . അത്തരമൊരു പ്രസിദ്ധീകരണത്തിൻറെ സാദ്ധ്യത മനസ്സിലാക്കി മലയാളത്തിലെ പ്രമുഖപത്രങ്ങളും തൊഴിൽ – വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങളുമായി രംഗത്തിറങ്ങി .

അമ്മപറഞ്ഞു …

സാധാരണചുറ്റുപാടിൽ, വൈദ്യുതിപോലുമില്ലാത്ത ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന ഒരാൾക്ക്പ്രകൃതി നല്കിയ ഉത്തരവാദിതത്വങ്ങളും അതിൻറെ സ്വാഭാവിക വിജയങ്ങളും പരാജയങ്ങളുമാണ്‌ ആറ് പതിറ്റാണ്ട് കാലത്തെ  ജീവിതമെന്നു പലപ്പോഴും തോന്നാറുണ്ട്.

വിജയവും പരാജയവും ഒരേനാണയത്തിൻറെ രണ്ടുവശങ്ങൾ ആണെന്ന മൊഴിമുത്ത് എത്രത്തോളം സത്യമാണെന്ന്തിരിച്ചരിയണമെന്നുണ്ടെങ്കിൽ അതനുഭവിക്കുക തന്നെവേണം.

ഓടുന്നവർക്ക് മാത്രമേ സ്വർണം ലഭിക്കു എന്നും, എന്നാൽ ഓടുന്നവൻ വീഴാൻ സാദ്ധ്യത ഉണ്ടെന്നുള്ളതും പഴമൊഴിയല്ല .

വീഴാതിരിക്കാനുള്ള എളുപ്പവഴി, ഓടാതിരിക്കുകയാണ്.
അവൻറെ മുന്നിൽ അപകടങ്ങളില്ല .
കീഴടക്കാൻ ദൂരങ്ങളുമില്ല .
ഒരിക്കലും അവനു സ്വർണപതക്കവുമില്ല .

മറിഞ്ഞു വീണിട്ട്എഴുന്നേൽക്കുമ്പോൾ, പക്ഷെ, കയ്യിൽഎന്തെങ്കിലുംകൂടിഉണ്ടായിരിക്കണമെന്നും പഠിപ്പിച്ചു തന്നത്അമ്മയാണ്.
അമ്മ ഒരുപാട് കഥകൾ പറഞ്ഞുതന്നു . ഹരിശ്ചന്ദ്രൻ , കാളിദാസൻ , നളനുംദമയന്തിയും….. ചെറുപ്പത്തിലേകൂടെവന്നു .

ധാരാളംവായിപ്പിച്ചു . ശുഭാപ്തിവിശ്വാസംഉള്ളിൽനിറച്ചു .
എന്തും ചെയ്യാൻ കൂട്ടുനിന്നു .
അല്ലെങ്കിൽപതിനഞ്ചാംവയസ്സിൽ, ഒരുകർക്കിടകമാസരാവിൽ, അപ്പൻ മരിക്കുമ്പോൾ രണ്ട്സ്വർണക്കടകൾപൂട്ടി പഠിക്കാൻ വിടില്ലയിരുന്നു .

പഠിക്കുന്നകാലത്ത്‌ കൂട്ടുകാരുമായി സിനിമയെടുക്കാൻ വിടില്ലായിരുന്നു . ‘ദി ഗ്യാപ് ‘ എന്നകേരളത്തിലെആദ്യത്തെക്യാമ്പസ്‌ സിനിമ കൊല്ലം ഫാത്തിമമാതാകോളേജിൽ ജന്മം കൊള്ളുകയില്ലയിരുന്നു .
ആയിരത്തിതൊള്ളായിരത്തിഎഴുപത്തിയാറിൽ വിദ്യാർഥികൾ ഒരുസിനിമയെടുക്കുന്നു എന്നുപറഞ്ഞാൽ ആരുംവിശ്വസിക്കുകയില്ല . അതുംസാഹസികമായിരുന്നു .

തിരക്കഥയെഴുതി . നായകനായി . തോപ്പിൽഭാസി,ഗുരുവായി . തിരക്കഥവായിച്ച്അദ്ദേഹം അനുമോദിച്ചു

പുതിയകാര്യങ്ങൾ ചെയ്യുമ്പോൾ തളരരുത്‌ . വിമർശനമുണ്ടാകും. ഭയക്കരുത്‌ . പരാജയമുണ്ടാകും . പിന്തിരിയരുത് .- അമ്മ വീണ്ടുംവീണ്ടും പഠിപ്പിച്ചു.

ഒരിക്കലും പിന്തിരിയാതെ …

പരീക്ഷണങ്ങളാണ് ജീവിതം എന്ന്തെളിയിച്ചു തന്നത് തോമസ്‌ അൽവാ എഡിസണ്‍ ആണ് .
ലോകത്തുള്ള , ഉണ്ടായിട്ടുള്ള, എല്ലാവിജയികളും പഠിച്ച ഒരു പാഠമുണ്ട് .

വിജയത്തിലേക്കുള്ള വഴി, പരാജയങ്ങളിലൂടെയാണ് .
അത്പഠിപ്പിച്ചത്എഡിസണ്‍ ആണ് .
റബ്ബർ പാൽ ഉണ്ടാക്കുന്നതിനുള്ള ചെടി കണ്ടുപിടിക്കാൻ മൂവായിരത്തിലേറെ പരാജയങ്ങൾ . പിന്നേയും എത്രപരാജയങ്ങൾ പിന്നിട്ടശേഷമാണ്എഡിസണ്‍ ലോകത്തിലെ ഏററവും വിജയിയായ മനുഷ്യനായത് !
പരാജയങ്ങളിൽ തളർന്ന് നമുക്ക് നിഷ്‌ക്രിയരായികഴിഞ്ഞുകൂടാം .
വിജയി ആകാൻ ശ്രമിക്കാം .

പരാജയങ്ങളിൽ തളരരുത് എന്ന് അമ്മ പഠിപ്പിച്ചത് നാലാം ക്ലാസ്സിലെ പ്രോഗ്രസ്സ്റിപ്പോർട്ട്‌ കണ്ടപ്പോഴാണ്.
ക്ലാസ്ടീച്ചർ, ഗോവിന്ദൻസാർ ചുവന്നവരയിട്ട്തന്ന പ്രോഗ്രസ്സ്റിപ്പോർട്ട്‌ ഒളിച്ചുവെച്ചത്കണ്ടുപിടിച്ച്‌ അമ്മആശ്വസിപ്പിച്ചു , പരാജയങ്ങളിൽ,തളരരുത്‌ …
മനസിലെന്നും നിറഞ്ഞുനില്ക്കുന്ന വാക്കുകൾ .
ജീവിതം, തളരാനുള്ള ഒരുപാട് കാരണങ്ങൾ നമുക്കു മുന്നിൽ നിരത്തി വെക്കുന്നുണ്ട് എന്ന്തിരിച്ചറിയുന്നത്‌ ജീവിതത്തിൽനിന്നുതന്നെയാണ് .
അല്ലെങ്കിൽ ജീവിതത്തിന് നമുക്ക് തരാനുള്ളപാഠമെന്താണ് ?
നമുക്ക് വെറുതെ സ്വപ്നംകാണാം .
വെറുതെ നിരാശപ്പെടാം .
വെറുതെ ആത്മഹത്യചെയ്യാം .
വെറുതെ വിജയിയാകാം –
വിജയംചിന്തിക്കുക , വിജയിയെപ്പോലെപെരുമാറുക . വിജയിയായിമാറുക .
അങ്ങനെയുംനമുക്ക് മുന്നേറാം .
( തുടരും)

Share: