You are here
Home > Articles > ഗാന്ധി ദർശനം: എന്നും പ്രസക്തം

ഗാന്ധി ദർശനം: എന്നും പ്രസക്തം

ഹാത്മാഗാന്ധിയുടെ ജീവിതവും ആദര്‍ശങ്ങളും നമ്മള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതോടൊപ്പം അത്‌ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക എന്നതും അവശ്യം ആവശ്യമായിരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത് .
ഹിംസ ഒന്നിനും പരിഹാരമല്ല എന്ന് പഠിപ്പിച്ച മഹാത്മാവിൻറെ നാട്ടിൽ എന്തിനും ഏതിനും സഹജീവികളുടെ ജീവിതമൊടുക്കുക എന്ന ചിന്താഗതി വളർന്നുവരുന്ന അത്യന്തം അപകടകരമായ അവസ്ഥയാണിന്നുള്ളത് . ‘കരിയർ മാഗസിൻ’ 1984 ൽ ആരംഭിക്കുമ്പോൾ ഗാന്ധി ചിന്ത എങ്ങനെ യുവജനങ്ങളിൽ എത്തിക്കും എന്നതിനുള്ള മറുപടിയായിരുന്നു ‘ഗാന്ധിദർശനം’ എന്ന പരമ്പര. മലയാളത്തിൽ ഒരു പ്രസിദ്ധീകരണം ഗാന്ധിദർശനം ആദ്യമായി പരമ്പരയായി പ്രസിദ്ധീകരിക്കുന്നത് ‘കരിയർ മാഗസിൻ’ ആയിരിക്കും.

ഇന്നിപ്പോൾ ഗാന്ധിജിയുടെ നൂറ്റി അൻപതാം ജന്മവാർഷികം ആഘോഷിക്കുമ്പോൾ പുതിയ തലമുറയ്ക്ക് എങ്ങനെ ഗാന്ധിജിയുടെ ചിന്തകൾ പകർന്നുനൽകണം എന്ന് നാം ഓരോരുത്തരും ചിന്തിക്കണം. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തണം. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ അല്‍പ്പമെങ്കിലും സ്വാംശീകരിക്കാന്‍ കഴിഞ്ഞാല്‍ തന്നെ അത്‌ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക്‌ കാരണമാകും.

ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ ദര്‍ശനാധിഷ്ഠിതവും കര്‍മ്മസുതാര്യവുമായിരുന്നു. ആര്‍ക്കും നിരാകരിക്കാനാവാത്ത സനാതനമായ സത്യമാണ് ബ്രഹ്മം എന്നും, വിശ്വാസവും വാക്കും പ്രവൃത്തിയും ഒന്നാവുമ്പോള്‍ സംഭവിക്കുന്നത്‌ എന്താണോ അതാണ്‌ ബ്രഹ്മസാക്ഷാത്കാരം എന്നും അദ്ദേഹം വിശ്വസിച്ചു. ഈ സത്യദര്‍ശനത്തില്‍ നിന്നാണ് ഗാന്ധി എന്ന ഋഷിയുടെ ആദര്‍ശങ്ങള്‍ വളര്‍ന്നത്. വൈവിദ്ധ്യങ്ങള്‍ക്കപ്പുറം പ്രപഞ്ചത്തിന്‍റെ ഏകത്വം ദര്‍ശിച്ച ഒരു വ്യക്തി അഹിംസാവാദിയാകുക എന്ന പരമമായ അവസ്ഥയായിരുന്നു ഗാന്ധിജിയുടെ ജീവിതം.

ഹിംസിക്കാതിരിക്കുക എന്നതിനപ്പുറം സര്‍വതിനോടും സ്നേഹത്തോടെ സഹവര്‍ത്തിക്കുക എന്ന വിശാലമായ ഒരര്‍ത്ഥം കൂടിയുണ്ട് അഹിംസയ്ക്ക് . ഒരു രാഷ്ട്രീയ ആയുധം എന്നതിലുപരി അത് ഗാന്ധിയുടെ മനോധര്‍മ്മമായിരുന്നു. ഹിംസ നടത്താനുള്ള ശക്തിയോ മനോധൈര്യമോ ഇല്ലാത്തയാള്‍ക്ക് അഹിംസാവാദിയാകാനേ കഴിയൂ എന്ന വിമര്‍ശനം ചിലയിടങ്ങളിൽ ഉയർന്നു കേട്ടത് എത്ര ബാലിശമാണെന്ന് നാം തിരിച്ചറിയണം. അഹിംസയുടെ ഇന്നത്തെ പ്രസക്തിയെപ്പറ്റി ചിന്തിക്കുന്നത് മാനവ സമൂഹത്തിൻറെ നിലനില്പിനെക്കുറിച്ചു വിശകലനം ചെയ്യുന്നതിന് തുല്യമാണ്. ഭൂമി ഇന്ന് നനയുന്നത് സഹജീവികളുടെ വറ്റാത്ത രക്തപ്രവാഹങ്ങളാലാണ് . സഹജീവിയുടെ കഴുത്തുവെട്ടി നിയമത്തിൻറെ മുന്നിലേക്ക് നടന്നടുക്കുന്ന ചിത്രങ്ങളാണ് നമുക്ക് മുന്നിൽ തെളിയുന്നത്. ഭേദചിന്തയില്‍ക്കുരുത്ത അക്രമവാസന ഭൂമീമുഖത്തെ വാസയോഗ്യമല്ലാത്ത വിധം മാറ്റിയിരിക്കുന്നു.

ഏകത്വവും സാഹോദര്യവും മനുഷ്യര്‍ തമ്മില്‍പ്പോലും നിലനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയില്‍ അത് സര്‍വചരാചരങ്ങളോടും പ്രകൃതിയോടുമുണ്ടാവണം എന്നാവശ്യപ്പെടുന്നത് വലിയ ഭോഷത്തമാണ്. ആര്‍ഷദര്‍ശനങ്ങള്‍ ഇല്ലാതാകുന്നതിന്‍റെ ആഘാതം പരിസ്ഥിതിയില്‍ എന്നത്തേക്കാളും സ്പഷ്ടമാവുന്നു. സകലരുടേയും ആവശ്യത്തിനുള്ള, എന്നാല്‍ ആരുടേയും ദുരാഗ്രഹത്തിനുതകാത്ത പ്രകൃതി എന്ന വലിയ സത്യം ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൻറെ പശ്ചാത്തലത്തിലെങ്കിലും നാം തിരിച്ചറിയണം. ‘സര്‍വ്വം ലോകം’ എന്ന വേദാന്തചിന്ത പ്രകൃതിയോടും മനുഷ്യനോടുമുള്ള സ്നേഹമായി മാറുന്ന പ്രതിഭാസമാണ് ഗാന്ധിജിയുടെ അഹിംസ. അദ്ദേഹത്തിൻറെ മതസഹിഷ്ണുതയും ഇതേ ഏകത്വത്തിന്‍റെ വെളിച്ചത്തിലാണ് മനസിലാക്കേണ്ടത്..

ഭാരതത്തിൽ, ബ്രിട്ടീഷ് ഭരണത്തിൻറെ അവസാന പാദങ്ങൾ മുതൽ സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുക്കുന്നതു വരേയ്ക്കും മാത്രം ഒതുക്കി നിർത്താവുന്നതല്ല മഹാത്മാഗാന്ധിയെന്ന വിശ്വവ്യക്തിത്വത്തിൻറെ പ്രസക്തി. ഒരു രാഷ്ട്രതന്ത്രജ്ഞനെന്നതിലുപരി, ഭാരതത്തിൻറെ സുദീർഘമായ ഭാവിയെയും, സർവ്വതോന്മുഖമായ വികസനത്തെയും പറ്റി വിശാലമായി സ്വപ്നം കാണുവാനും, സുവ്യക്തമായ കാഴ്ചപ്പാടുകൾ പങ്കു വയ്ക്കുവാനും ഗാന്ധിജിയ്ക്കു സാധിച്ചു.

ഗാന്ധിജിയുടെ കാഴ്ചപ്പാടുകളെയും, കണ്ടെത്തലുകളെയും വിവിധ തലങ്ങളിൽ ഇന്നും ചർച്ചചെയ്യപ്പെടുകയും, ഗവേഷണവിധേയമാവുകയും ചെയ്യുന്നത്, സർവ്വകാലപ്രസക്തമായ ആ ആശയങ്ങളുടെ സമഗ്രത കൊണ്ടു കൂടിയാണ്. ഗാന്ധിയൻ ഇക്കണോമിക്സ്, ഗാന്ധിയൻ ഫിലോസഫി, ഗാന്ധിയൻ എത്തിക്സ് എന്നിങ്ങനെ ശാസ്ത്രത്തിൻറെയും, ജീവിതരീതിയുടെയും, രാഷ്ട്രനിർമ്മിതിയുടെയും തുടങ്ങി വിവിധ തലങ്ങളിൽ ഗാന്ധിയൻ കാഴ്ചപ്പാടുകൾ ഇന്നും പഠനവിധേയമാകുന്നുണ്ട്.

വിദ്യാഭ്യാസം, ആരോഗ്യം, നയതന്ത്രം, വൈരുദ്ധ്യോപക്ഷേപം (conflict resolution), പരിസ്ഥിതി, മിതോപഭോഗം, ഗ്രാമവികസനം തുടങ്ങിയ വിഷയങ്ങളിലെ ഗാന്ധിയൻ ദർശനങ്ങൾ ഈ വിഷയങ്ങളിലെ എക്കാലത്തെയും മികച്ച കണ്ടെത്തലുകൾ തന്നെയാണെന്നതിൽ തർക്കമില്ല.

പ്രായോഗിക ആദ്ധ്യാത്മികതയുടെ വക്താവും, പ്രയോക്താവുമായിരുന്ന ഗാന്ധിജിയുടെ എക്കാലത്തെയും ഊർജ്ജസ്രോതസ്സ് ഭഗവദ്‌ഗീതയായിരുന്നുവെന്ന് ഗാന്ധിജി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ധാർമ്മികതയിൽ അടിയുറച്ച ചിന്താപദ്ധതിയും, ലാളിത്യത്തിൻറെ മഹോന്നതഭാവങ്ങളെ ജീവിതത്തിലുടനീളം ശ്രദ്ധാപൂർവ്വം കരുതിയ വ്യക്തിത്വവും, അചഞ്ചലമായ നിശ്ചയദാർഢ്യവും കൊണ്ട് അദ്ദേഹം കീഴടക്കിയത് അസംഖ്യം മനസ്സുകളെ മാത്രമല്ല, പ്രത്യുത സ്വാതന്ത്ര്യം എന്ന ഭാരതത്തിൻറെ ചിരകാലസ്വപ്നസാക്ഷാത്കാരത്തിൽ വലിയൊരളവിൽ രക്തം ചിന്തൽ ഒഴിവാക്കാനും അദ്ദേഹത്തിൻറെ അഹിംസാവ്രതം ഉപകരിച്ചു. ഒരു സായുധസമരത്തിനു മുൻപിൽ ഒരു പക്ഷേ പിടിച്ചു നിൽക്കുമായിരുന്ന ബ്രിട്ടീഷ് ആധിപത്യത്തിൻറെ ഉരുക്കുമുഷ്ഠിയെ അടിയറവു പറയിക്കാൻ പോന്ന ശക്തിയും, സൗന്ദര്യവും ഗാന്ധിജി വിഭാവനം ചെയ്ത ‘സത്യാഗ്രഹം’ എന്ന, അഹിംസയിലൂന്നിയ സമരപദ്ധതിയ്ക്കുണ്ടായിരുന്നു.

ഗാന്ധിയൻ ദർശനങ്ങൾ ഇന്നും ലോകം മുഴുവൻ പഠിയ്ക്കുകയും, പഠിപ്പിയ്ക്കപ്പെടുകയും ചെയ്യുമ്പൊഴും, ഗാന്ധി സ്വപ്നം കണ്ട ഗ്രാമസ്വരാജ്, ശുചിത്വം തുടങ്ങിയ ഭാരതത്തിൻറെ ആത്മഭാവത്തോടു ചേർന്നു നിൽക്കുന്നതും, ഇവിടുത്തെ പ്രകൃതിയോടും, സമൂഹത്തോടും നീതിപുലർത്തുന്നതുമായ പദ്ധതികൾ ഗാന്ധിജി ജനിച്ചു ഒന്നര നൂറ്റാണ്ട് പിന്നിടുമ്പോഴും ഇന്ത്യയുടെ മണ്ണിൽ പൂർണ്ണമായിട്ടില്ല എന്ന യാഥാർഥ്യം നാം തിരിച്ചറിയണം.

ഭാരതത്തിൻറെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന അദ്ദേഹത്തിൻറെ വീക്ഷണത്തിലേയ്ക്ക് സ്വാതന്ത്ര്യാനന്തരം ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറവും, നാം പൂർണ്ണമായും എത്തിച്ചേർന്നിട്ടില്ല. ഗാന്ധിയൻ ദർശനങ്ങളുടെ സാക്ഷാത്കാരം സാധിതമാകണമെങ്കിൽ അത് യുവജനങ്ങളിൽ എത്തണം. പുതിയതലമുറ അത് ചർച്ചചെയ്യുകയും ഗ്രാമങ്ങളിൽ യാഥാർഥ്യമാക്കുകയും വേണം.

ഗാന്ധിയൻ ദർശനങ്ങൾ ഉൾക്കൊണ്ട് ഗ്രാമങ്ങളിലെ ഇന്ത്യയെ ഉയർത്തെഴുന്നേൽപ്പിക്കാൻ, വിദ്യാസമ്പന്നരാക്കാൻ ‘കരിയർ മാഗസിൻ’ മുന്നിട്ടിറങ്ങുകയാണ്. പുതിയ വിദ്യാഭ്യാസ പദ്ധതികളും സാങ്കേതിക സാദ്ധ്യതകളും ഗ്രാമങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ  കേരളത്തിലെ 1000 പഞ്ചായത്തുകളിൽ ‘കരിയർ നോളിഡ്‌ജ്‌ കഫെ’ കൾ ആരംഭിക്കുക എന്നപദ്ധതിക്ക് ഈ ഗാന്ധിജയന്തി ദിനത്തിൽ തുടക്കം കുറിക്കുകയാണ്.
കേരളത്തിലെ വിദ്യാസമ്പന്നരായ യുവജനങ്ങളുടെയും അനുഭവസമ്പത്തും പരിചയവും ദീർഘ വീക്ഷണയുമുള്ള മുതിർന്ന പൗരന്മാരുടെയും സഹകരണം കൊണ്ട് മാത്രമേ ഈ പദ്ധതി വിജയത്തിലെത്തിക്കാൻ കഴിയു. ദീർഘകാലത്തെ അനുഭവപരിചയം കൈമുതലായുള്ള മുതിർന്ന പൗരന്മാരുടെ , ജോലിയിൽ നിന്ന് വിരമിച്ചവരുടെ, സേവനം ഏറ്റവും ആവശ്യമുള്ള ഒരു പദ്ധതിയാണിത്.
“വിദ്യാഭ്യാസം അസ്വാദ്യകരമാക്കുക; ഗാന്ധിയൻ ദർശനങ്ങൾ പുതിയ തലമുറയിൽ എത്തിക്കുക” എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ‘കരിയർ നോളിഡ്‌ജ്‌ കഫെ’ കൾ ഇന്ത്യക്കത്തും പുറത്തുമുള്ള തൊഴിൽ-വിദ്യാഭ്യാസ പദ്ധതികൾ യുവജനങ്ങൾക്കു പകർന്നുനല്കാൻ പ്രതിജ്ഞാ ബദ്ധമാണ്. ‘കരിയർ നോളിഡ്‌ജ്‌ കഫെ’ യുടെ പ്രവർത്തനങ്ങളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് info@careermagazine.in എന്ന ഇ മെയിലിൽ ബന്ധപ്പെടാവുന്നതാണ്.

ഗാന്ധി ജയന്തി ആചരിയ്ക്കുന്ന ഈ വേളയിൽ മഹാത്മാവിൻറെ സ്മരണകൾക്കു മുൻപിൽ കരിയർ മാഗസിൻറെ സാദരപ്രണാമം. ‘കരിയർ നോളിഡ്‌ജ്‌ കഫെ’ മഹാത്മാവിനുള്ള പുഷ്‌പാഞ്‌ജലിയായി സമർപ്പിക്കുന്നു.

  • കരിയർ ടീം 
Top