വാര്‍ത്തകള്‍ സൃഷ്ടിക്കുക….

Share:
Personality development

എം ആർ കൂപ് മേയർ                                                             പരിഭാഷ : എം ജി കെ നായർ

വാര്‍ത്തകള്‍ സൃഷ്ടിക്കുക; അനുകൂല വാര്‍ത്തകള്‍, നിങ്ങളെ സൃഷ്ടിക്കും!

യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഒരു സന്യാസിയെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ?

ഇല്ല, നിങ്ങള്‍ കേട്ടിട്ടില്ല.

യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു സന്യാസിയെപ്പറ്റിത്തന്നെ കേട്ടിട്ടുണ്ടാവില്ല.

അതുതന്നെയാണ് കൃത്യമായി ഇവിടെ പറയാനുള്ള വസ്തുത.

നിങ്ങള്‍ തിരഞ്ഞെടുക്കപ്പെടണമെങ്കില്‍, പ്രശസ്തനാകണമെങ്കില്‍, അല്ലെങ്കില്‍ എളുപ്പത്തില്‍ കൂടുതല്‍ സമ്പന്നനാകണമെങ്കില്‍ – നിങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കണം. കാരണം നിങ്ങള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ എത്ര വ്യാപകമായി എത്ര അനുകൂലമായി നിങ്ങള്‍ അറിയപ്പെടുമെന്ന കാര്യം നിര്‍ണ്ണയിക്കും. വ്യാപകമായും അനുകൂലമായും അറിയപ്പെടുന്നത് ഒരു സുനിശ്ചിതമാര്ഗ്ഗമാണ് – കൂടുതല്‍ സമ്പന്നനാകാന്‍…. എളുപ്പത്തില്‍!

എനിക്ക് പ്രിയപ്പെട്ട നേതൃത്വ പരിശീലകനും ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ദ്ധനും ബിസിനസ് ഉപദേഷ്ടാവുമായ ഹെര്‍ബര്‍ട്ട് എന്‍. കാസണ്‍ പഠിപ്പിച്ചിട്ടുള്ള പോലെ,: “ഒരു നേതാവ് എപ്പോഴും പൂര്‍ണ്ണമായ ദൃഷ്ടിപഥത്തിലായിരിക്കണം. സ്റ്റേജിലെ സ്പോട്ട് ലൈറ്റിനു മുമ്പിലായിരിക്കണം അയാളുടെ സ്ഥാനം.”

വിസ്മൃതാവസ്ഥ – മറ്റെല്ലാറ്റിനുമുപരി ഒരു നേതാവ് ഭയക്കേണ്ടത് അതാണ്. പ്രശംസ അയാളെ എപ്പോഴും സഹായിക്കുന്നു. കുറ്റപ്പെടുത്തല്‍ അയാളെ ഉണര്‍ന്നിരിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ വിസ്മൃതാവസ്ഥ അയാളെ നശിപ്പിക്കുന്നു.”

നിങ്ങളെപ്പറ്റിത്തന്നെ വാര്‍ത്തകള്‍ സൃഷ്ടിച്ച്, വിസ്മൃതിയില്‍ ആണ്ടുപോകാതെ നിങ്ങള്‍ ശ്രദ്ധിക്കുക. എങ്ങനെ നിങ്ങള്‍ക്കു വാര്‍ത്ത സൃഷ്ടിക്കാന്‍ കഴിയും?”

ഓരോ വായനക്കാരനും പ്രത്യേകമായും വ്യക്തിപരമായും ഈ ചോദ്യത്തിനുത്തരം നല്‍കാന്‍ എനിക്കു സാദ്ധ്യമല്ലെന്നു വ്യക്തമാണല്ലോ. എന്‍റെ പുസ്തകങ്ങളുടെ ഒട്ടേറെ വായനക്കാര്‍ കഴിവുള്ള ഉദ്യോഗസ്ഥന്മാരുള്ള, പബ്ലിക്‌ റിലേഷന്‍സ് വകുപ്പുകളുള്ള കോര്‍പ്പറേഷനുകളുടെ പ്രസിഡന്റ്മാരാണ്. മറ്റനേകം വായനക്കാര്‍ ഹൈസ്കൂള്‍ അല്ലെങ്കില്‍ യുണിവേഴ്സിറ്റി ബിരുദം നേടിയിട്ടുള്ളവരാണ്. ബിരുദം നേടിയതിനുള്ള ഉപഹാരമായി കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ എന്‍റെ പുസ്തകങ്ങള്‍ കൊടുക്കുന്നതാവാം.

അതിനാല്‍ സാഹചര്യങ്ങളിലും കഴിവുകളിലും സൗകര്യങ്ങളിലും വലിയ വ്യത്യാസമുള്ള ദശലക്ഷക്കണക്കിനായ എന്‍റെ വായനക്കാരെ ഈ അദ്ധ്യായത്തിലോ ഈ പരമ്പരയിൽ മുഴുവനായോ തനതായ സാഹചര്യത്തില്‍ എങ്ങനെ വാര്‍ത്തകള്‍ സൃഷ്ടിക്കണമെന്ന് പഠിപ്പിക്കാന്‍ ഒരു ശ്രമം നടത്താന്‍ പോലും സാദ്ധ്യമല്ല. കാരണം, അതിന് വേണ്ടത്ര സ്ഥലം ലഭ്യമല്ല എന്നതുതന്നെ.

എന്നിരുന്നാലും, എല്ലായ്പ്പോഴും നിങ്ങള്‍ ആരംഭിക്കേണ്ടത് ഒരാശയത്തിലോ അഭിപ്രായത്തിലോ വൃത്താന്തത്തിലോ നിന്നായിരിക്കണം, അതു പുതിയതായിരുക്കുന്നതാണ് നന്ന് ; new (പുതിയത്) എന്നതില്‍ നിന്നും news (വാര്‍ത്ത) ഉണ്ടായി. അല്ലെങ്കില്‍ പത്രങ്ങളിലൂടെ, മാഗസിനുകളിലൂടെ, മറ്റു പ്രസിദ്ധീകരണങ്ങളിലൂടെ, ടെലിവിഷന്‍ അഥവാ റേഡിയോ വഴി ഏതുതരത്തിലുള്ള പ്രത്യേക ജനവിഭാഗത്തേയാണോ നിങ്ങള്‍ ലക്ഷ്യമാക്കുന്നത്, അവര്‍ക്ക് അതീവരസം പകരണം.

എന്നിട്ട് നിങ്ങളുടെ വാര്‍ത്തകളില്‍ താല്പര്യമുള്ള നല്ലൊരു ശതമാനം വായനക്കാരോ കാണികളോ ശ്രോതാക്കളോ ഉള്ള പ്രത്യേക വാര്‍ത്താമാദ്ധ്യമത്തിന്, വാര്‍ത്താമൂല്യമുള്ള നിങ്ങളുടെ ആശയമോ അഭിപ്രായമോ പ്രസ്താവനയോ വെറുതേ അയച്ചുകൊടുക്കുക.

നിങ്ങളുടെ സാഹചര്യം, നിങ്ങളുടെ വാര്‍ത്ത എന്നിവയെ അടിസ്ഥാനമാക്കി ഉചിതമായ രൂപത്തില്‍ “പത്രക്കുറിപ്പ്” കൊടുക്കുക – എഡിറ്റര്‍ക്കുള്ള കത്താവാം. വായനക്കാരുടെ അഭിപ്രായം രേഖപ്പെടുത്തുന്ന കത്താവാം, രാജ്യമൊട്ടാകെയുള്ള പത്രങ്ങള്‍ക്കും മാഗസിനുകള്‍ക്കും റേഡിയോകള്‍ക്കും ടെലിവിഷനും വേണ്ടിയുള്ള ന്യൂസ്‌ മീഡിയ റിലീസുകളും ആവാം.

നിങ്ങളുടെ വാര്‍ത്ത സ്വന്തം കാര്യത്തിനല്ലെന്നു തോന്നണം. ഇക്കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കണം. അല്ലെങ്കില്‍ സൗജന്യമായി പരസ്യം കൊടുക്കാനുള്ള വിലകുറഞ്ഞ ഒരു ശ്രമമായി എഡിറ്റര്‍മാര്‍ അതിനെ കണക്കാക്കും.

ഏതെങ്കിലും വാര്‍ത്ത പ്രചരിപ്പിക്കാന്‍ പരസ്യം കൊടുക്കുന്നതാണ് അഭികാമ്യമെങ്കില്‍, അത് പ്രസിദ്ധീകരിക്കുന്നതിനോ സംപ്രേഷണം ചെയ്യുന്നതിനോ പ്രക്ഷേപണം ചെയ്യുന്നതിനോ പരസ്യം എന്ന നിലയില്‍ പരസ്യക്കൂലികൊടുക്കുക. സൗജന്യ പബ്ലിസിറ്റി വളരെ “വാണിജ്യപര” മായതിനാല്‍ വാര്‍ത്താമാദ്ധ്യാമങ്ങള്‍ക്ക് സ്വീകരിക്കാന്‍ ബുദ്ധിമുട്ടുള്ള വാര്‍ത്തകള്‍ ജനങ്ങളില്‍ നിങ്ങള്‍ പറയാനാഗ്രഹിക്കുന്ന പ്രകാരം തന്നെ എത്തിക്കുന്നതിന് മിക്കപ്പോഴും ഇതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം.

ഞാന്‍ റിട്ടയര്‍ ചെയ്യുന്നതിന് മുമ്പ് അനേകവര്‍ഷക്കാലം ഒരു വലിയ പരസ്യ സ്ഥാപനത്തിന്‍റെ പ്രസിഡണ്ടാ യിരുന്നു. അതിനാല്‍ വാര്‍ത്തകള്‍, പരസ്യം എന്നിവയെ സംബന്ധിച്ച് എന്‍റെ അനുഭവസമ്പന്നമായ അഭിപ്രായം പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഏറ്റവും ഫലപ്രദമായ പരസ്യരീതി എന്നു പറയുന്നത്, – ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചു പറ്റുന്നതും ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നതുമായ പരസ്യരീതി – വാര്‍ത്തകള്‍ തന്നെ പരസ്യം ചെയ്യലാണ് – രസകരവും പ്രയോജനപ്രദവും, സഹായകരവുമായ വാര്‍ത്തകള്‍: ഉല്പന്നങ്ങളെപ്പറ്റി, സേവനങ്ങളെപ്പറ്റി, കമ്പനികളെപ്പറ്റി.

ഉല്പന്നങ്ങളുടെ പേരുകളും പെരുപ്പിച്ച പ്രയോജനങ്ങളും വെറുതെ “വിളിച്ചുകൂവുന്ന”ത് ദശലക്ഷക്കണക്കിനു ഡോളറുകള്‍ പാഴാക്കിക്കളയുന്നു. കാലം തെളിയിച്ച നാല്പതുകൊല്ലത്തെ അനുഭവം കൊണ്ട് തെളിയിക്കപ്പെട്ട, എന്‍റെ മാത്രം ആദര്‍ശവാക്യം ബഹുമാന പുരസ്സരം സമര്‍പ്പിക്കട്ടെ: – “നിങ്ങള്‍ വില്പനനടത്തുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ – വിളിച്ചു കൂവരുത്.” വ്യക്തിപരമായ വില്പനയ്ക്കും ഇത് ബാധകമാണ്.

നിങ്ങളുടെ വാര്‍ത്ത അതിലെ വസ്തുതകള്‍ക്കപ്പുറം കൗശലപൂര്‍വ്വം ഉല്പന്നത്തിനനുകൂലമായ അഭിപ്രായം ഉണ്ടാക്കുകയോ സ്ഥാപനത്തിന്‍റെ പ്രതിരൂപം വര്‍ദ്ധിപ്പിക്കുകയോ ചെയ്താല്‍, വാര്‍ത്ത അല്ലെങ്കില്‍ വിദ്യാഭ്യാസം എന്ന നിലയില്‍ വ്യാപകമായി അത് ഉപയോഗിക്കപ്പെടും – കൂലി ചുമത്താതെ.

ഞാന്‍ റിട്ടയര്‍ ചെയ്യുന്നതിന് മുമ്പ് ‘റൈസ് കണ്‍സ്യൂമര്‍ സര്‍വ്വീസിന്‍റെയും പ്രസിഡന്റായിരുന്നു. അമേരിക്കയിലുള്ള എല്ലാ വര്‍ത്തമാനപ്പത്രങ്ങള്‍ക്കും സൗജന്യ പാചകവിധിയും ഫുഡ് ഫോട്ടോഗ്രാഫിക് സര്‍വ്വീസും ഞങ്ങള്‍ ലഭ്യമാക്കി. ഞങ്ങളുടെ പാചകവിധികളും വായില്‍ വെള്ളമൂറുന്ന വിധത്തിലുള്ള ആഹാര സാധനങ്ങളുടെ ഫോട്ടോകളും ദേശീയ ദിനപ്പത്രങ്ങളുടെ ഫുഡ് പേജുകളില്‍ പലവര്‍ഷങ്ങള്‍ ചാര്ജ്ജുകൂടാതെ ക്രമമായി പ്രസിദ്ധീകരിച്ചു പോന്നു. (ഓരോ പാചകവിധിയിലും ഞങ്ങളുടെ കക്ഷികളുടെ ഉല്പന്നം – അരി – ഒരു ഘടകമായിരുന്നു)

അമേരിക്കയില്‍ നെല്‍കൃഷി ചെയ്യുന്നതും അരി ശരിയായരീതിയില്‍ പാചകം ചെയ്യുന്നതും അനേകം വ്യത്യസ്തവും രുചികരവുമായ വിധങ്ങളില്‍ ഭക്ഷണം വിളമ്പുന്നതും കാണിക്കുന്ന വിദ്യാഭ്യാസപരമായ ഒരു ചലനചിത്രവും ഞാന്‍ നിര്‍മ്മിച്ചു. ഈ വിദ്യാഭ്യാസപരമായ കളര്‍ ചലനചിത്രം – സമ്പൂര്‍ണ്ണമായി ഞങ്ങളുടെ കക്ഷികളുടെ ഉല്പന്നമായ ‘അരി’യെക്കുറിച്ചുള്ളത് – രാജ്യമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കുവേണ്ടി വ്യാപകമായി പ്രദര്‍ശിപ്പിച്ചു – ഞങ്ങള്‍ക്ക് പ്രത്ര്യേകമായി യാതൊരു ചെലവുമില്ലാതെ.

അതിനാല്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ അനേകം വഴികളുണ്ട് – അനുകൂലമായ “പ്രതിരൂപം സൃഷ്ടിക്കുന്ന” വാര്‍ത്തകള്‍ – നിങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അത്യാവശ്യമാണ് – കൂടുതല്‍ സമ്പന്നനാകാന്‍ – എളുപ്പത്തില്‍.

നിങ്ങള്‍ക്ക് സഹിക്കാന്‍ കഴിയാത്ത ഒന്നുണ്ട് – നിരാകരിക്കപ്പെടല്‍!
അതിനാല്‍ – വാര്‍ത്തകള്‍ സൃഷ്ടിക്കുക!
(തുടരും ) www.careermagazine.in

Share: