ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും നന്ദി പറയുക

Share:

എം ആർ കൂപ് മേയർ                                                     പരിഭാഷ: എം ജി കെ നായർ

നിങ്ങളുടെ ജീവിതത്തിലെ നല്ലകാര്യങ്ങള്‍ക്ക് നന്ദി പറയുന്നത് തീര്‍ച്ചയായും പ്രയാസമുള്ള കാര്യമല്ല. എന്നാല്‍ എത്രമാത്രം തീവ്രമായി നിങ്ങള്‍ അവരോടു നന്ദിയുള്ളവനാണെന്ന് നിങ്ങള്‍ സ്ഥിരമായി ചിന്തിക്കണം. നിങ്ങള്‍ നന്ദി പ്രകടിപ്പിക്കേണ്ട എല്ലാ കാര്യങ്ങളുടെയും ഒരു പട്ടിക എഴുതിവയ്ക്കുന്നത് സഹായകമാണ്. എല്ലാ ദിവസവും ആ പട്ടികയിലെ ഓരോ ഇനവും വായിക്കുകയും തീവ്രമായി നന്ദി പ്രകടിപ്പികയും ചെയ്യുക.

നന്ദി പ്രകാശിപ്പിക്കാനുള്ള പട്ടികയിലെ വിവിധയിനങ്ങള്‍ക്ക് നിങ്ങള്‍ എത്രമാത്രം നന്ദിയുള്ളവനാണെന്ന് മറ്റുള്ളവരോടു പറയാന്‍ അല്പം ബുദ്ധിമുട്ടാണ്. നിങ്ങളുടെ നന്ദി പ്രകാശനത്തിനുള്ള പട്ടികയെപ്പറ്റി മറ്റുള്ളവരോടു പൊങ്ങച്ചം പറയരുത്. എന്നാല്‍ നിങ്ങള്‍ എത്രമാത്രം നന്ദിയുള്ളവനാണെന്ന് വിനീതമായി അവരോടു പറയുക.

നിങ്ങള്‍ക്കുള്ളതെല്ലാം കൃതജ്ഞതയുടെ, ആത്മാര്‍ത്ഥമായ എളിമയുടെ ഫലമാണ്. വര്‍ദ്ധമാനസമൃദ്ധിനിയമത്തെ അതു പ്രവര്‍ത്തിപ്പിച്ച് തുടര്‍ന്നും സമൃദ്ധി പ്രദാനം ചെയ്യുന്നു. പരസ്യമായും വിനീതമായും പ്രകടിപ്പിക്കപ്പെട്ട കൃതജ്ഞതയ്ക്ക് പ്രത്യക്ഷാനുപാതത്തിലാണ് നിങ്ങളുടെ സമൃദ്ധിക്ക് വര്‍ദ്ധനവുണ്ടാകുന്നത്.

നിങ്ങള്‍ക്ക് തുടര്‍ച്ചയായി പ്രതിഫലം നല്‍കാന്‍ വര്‍ദ്ധമാന സമൃദ്ധി നിയമത്തെ പ്രാപ്തമാക്കുന്നത് നിങ്ങളുടെ മനോഭാവവും വിചാരങ്ങളും പരസ്യമായുള്ള കൃതജ്ഞതാ പ്രകടനങ്ങളുമാണ്. കാരണം, നന്ദിയുള്ളതിനാലാണ് നിങ്ങള്‍ അര്‍ഹാനാകുന്നത്. അതിനാല്‍ വര്‍ദ്ധിച്ച സമൃദ്ധി നിങ്ങള്‍ക്കു കിട്ടുന്നു.

ഇനി നമ്മള്‍ എല്ലാറ്റിനും നന്ദിയുള്ളവരായിരിക്കേണ്ടതും, കൂടുതല്‍ പ്രയാസമുള്ളതുമായ – എന്നാല്‍ ഏറ്റവും പ്രതിഫലം ലഭിക്കുന്ന – ഭാഗത്തേക്കാണ് വരുന്നത്.

നിങ്ങളുടെ ജീവിതത്തിലെ നല്ലതും ആസ്വാദ്യകരവും ലാഭകരവുമായ കാര്യങ്ങളെപ്പറ്റി ചിന്തിക്കാനും നന്ദി പ്രകാശിപ്പിക്കാനും എളുപ്പമാണ്. എന്നാല്‍ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ക്കും പരാജയങ്ങള്‍ക്കും നിങ്ങള്‍ എങ്ങനെ നന്ദി പറയും? അവയെപ്പറ്റി എങ്ങനെ നന്ദിപറയും?

എങ്ങനെയെന്ന് ഇതാ:

സ്വഭാവരൂപീകരണം, ഇഷ്ടമില്ലാത്തകാര്യങ്ങളും പരാജയങ്ങളും ചേര്‍ന്നുള്ള വ്യക്തിപരമായ വെല്ലുവിളികള്‍ എന്നിവയെക്കുറിച്ചുള്ള പാഠങ്ങള്‍ നിങ്ങള്‍ ആദ്യം പഠിക്കുകയും എന്നിട്ട് അവയ്ക്ക് കൃതജ്ഞരായിരിക്കുകയും ചെയ്യുക.

എന്‍റെ ദീര്‍ഘവും സംഭവബഹുലവുമായ ജീവിതത്തില്‍ ഞാന്‍ നിരീക്ഷിച്ചറിഞ്ഞിട്ടുള്ളത് എന്‍റെ വിജയങ്ങളില്‍ നിന്നും ഞാന്‍ സസന്തോഷം നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളപ്പോള്‍, എന്‍റെ പരാജയപാഠങ്ങളില്‍ നിന്നും ഞാന്‍ കൂടുതല്‍ പഠിക്കുകയും ആത്യന്തികമായി, അതിനാല്‍, കൂടുതല്‍, കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തുവെന്നുള്ളതാണ്.

അതിനാല്‍ ഞാന്‍ എന്‍റെ പരാജയപാഠങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി നന്ദി പറയുന്നു – നിങ്ങളുടെ പാഠങ്ങള്‍ക്ക് നന്ദിയുള്ളവരായിരിക്കാന്‍ നിങ്ങളും പഠിക്കണം.

അത് നിങ്ങള്‍ പഠിക്കുകയും സ്വീകരിക്കുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ വര്‍ദ്ധമാനസമൃദ്ധി നിയമം പ്രയോഗിക്കാന്‍ സന്നദ്ധനായിത്തീരുന്നു – എന്തുകൊണ്ടെന്നാല്‍ വിജയത്തിന്‍റെ അടിസ്ഥാന തത്ത്വം നിങ്ങള്‍ പഠിച്ചിട്ടുണ്ടാകും; എളുപ്പത്തിലുള്ള വിജയങ്ങളില്‍ നിന്നും പഠിക്കുന്നതിനേക്കാള്‍ പരാജയപാഠങ്ങളില്‍ നിന്നും നിങ്ങള്‍ കൂടുതല്‍ പഠിക്കുന്നതിനാല്‍ ആത്യന്തികമായി അതു കൂടുതല്‍ നേട്ടമുണ്ടാക്കും. അടിസ്ഥാന തത്ത്വം അതാണ്.

അതിനാല്‍ നിങ്ങളുടെ പരാജയങ്ങള്‍ക്ക് പരസ്യമായി, ആത്മാര്‍ത്ഥമായി, തീവ്രമായി നിങ്ങള്‍ക്ക് നന്ദിപറയാം – അങ്ങനെ ചിന്തിക്കുക മാത്രമല്ല, മറ്റുള്ളവരോടു നിങ്ങളുടെ പരാജയങ്ങള്‍ക്ക് നിങ്ങള്‍ നന്ദിയുള്ളവനാണെന്നും അതെന്തു കൊണ്ടാണെന്നും തുറന്നു പറയുകയും ചെയ്യുക.

പരാജയത്തെ നിങ്ങള്‍ സ്വീകരിക്കണം – ലജ്ജകൂടാതെ തന്നെ. ജീവിത പാഠങ്ങളില്‍ ഒന്നാണത്.

ആ ബിന്ദുവില്‍ നിങ്ങള്‍ എത്തിക്കഴിഞ്ഞാല്‍, ആശിക്കുന്നതെല്ലാം നേടിയെടുക്കാനുള്ള വര്‍ദ്ധമാനസമൃദ്ധി നിയമം നിങ്ങള്‍ക്ക് പ്രയോഗിക്കാം – വര്‍ദ്ധിക്കുന്ന സമൃദ്ധി നേടിയെടുക്കാം.

ഓർമ്മിക്കുക: ഗുരുത്വാകര്‍ഷണ നിയമം, കാര്യകാരണനിയമം അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രാപഞ്ചിക നിയമം പോലെ നിങ്ങള്‍ക്ക് ‘വര്‍ദ്ധമാനസമൃദ്ധി നിയമ’വും യഥാര്‍ത്ഥവും തെറ്റാകാനിടയില്ലാത്തതുമാണ്.

എല്ലാറ്റിനും നിങ്ങള്‍ തീവ്രമായി നന്ദിയുള്ളവരായിരിക്കണമെന്ന് ‘വര്‍ദ്ധമാനസമൃദ്ധി നിയമം’ അനുശാസിക്കുന്നു – അതു നിങ്ങള്‍ സ്ഥിരമായി ചിന്തിക്കുകയും മനസ്സുകൊണ്ടു നന്ദി പ്രകടിപ്പിക്കുകയും മാത്രമല്ല, നിങ്ങള്‍ നന്ദിയുള്ളവനാണെന്ന് മറ്റുള്ളവരോട് വിനീതമായി പറയുകയും വേണം.

എല്ലാറ്റിനും നിങ്ങളുടെ സ്ഥിരവും ആത്മാര്‍ത്ഥവും തീവ്രവുമായി നന്ദി പ്രകടിപ്പിക്കുന്നതിലൂടെ, വര്‍ദ്ധമാന സമൃദ്ധി നിയമം കൂടുതല്‍ കൂടുതല്‍ നന്ദി പ്രകടിപ്പിക്കേണ്ട സംഗതികള്‍ നിങ്ങളിലേക്കാകാര്‍ഷിക്കുകയും തല്‍ഫലമായി നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം കൂടുതലായി നിങ്ങള്‍ക്കു ലഭിക്കുകയും ചെയ്യുന്നു… വന്‍തോതില്‍!

ഈ അദ്ധ്യായത്തിലെ ഈ പാഠത്തിന് നന്ദിപറഞ്ഞുകൊണ്ട് ആരംഭിക്കുക. എന്തുകൊണ്ടെന്നാല്‍, അതു നിങ്ങളുടെ ജീവിതത്തെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സമൃദ്ധിയുടെ വിളവെടുപ്പാക്കി മാറ്റും!

അതിന്‍റെ അര്‍ത്ഥം നിങ്ങള്‍ കൂടുതല്‍ സമ്പന്നനാകുമെന്നാണ്…. എളുപ്പത്തില്‍!

Share: