വിജയിക്കാന്‍ ധാരാളം പേരെ എങ്ങനെ പങ്കാളികളാക്കാം

Share:
Personality development

എം ആർ കൂപ് മേയർ                                                       പരിഭാഷ : എം ജി കെ നായർ

നിങ്ങള്‍ക്കു തന്നെത്താനെ വിജയിക്കാന്‍ സാധിക്കുകയില്ല.
നിങ്ങളുടെ ബൂട്ട് സ്ട്രാപ്പുകള്‍ കൊണ്ട് നിങ്ങള്‍ക്ക് സ്വയം ഉയര്‍ത്തുവാന്‍ സാധിക്കുകയില്ല.

നിങ്ങളെ സഹായിക്കാന്‍ സന്നദ്ധമായ ആളുകള്‍ നിങ്ങളെ വിജയത്തിലേക്ക് ഉയര്‍ത്തേണ്ടതുണ്ട്.

അതിനാല്‍….. വിജയിക്കാന്‍ നിങ്ങളെ സഹായിച്ചേക്കാവുന്ന എല്ലാ ആളുകളുടേയും ഒരു പട്ടിക തയ്യാറാക്കുക. എന്നിട്ട് ഓരോ വ്യക്തിയുടേയും പേരിനോടു ചേര്‍ന്നോ അതിനു താഴെയോ നിങ്ങള്‍ക്കു വിജയിക്കാന്‍ ആ വ്യക്തിക്ക് ഏതുതരത്തില്‍ നിങ്ങളെ സഹായിക്കാന്‍ സാധിക്കുമെന്ന് രേഖപ്പെടുത്തുക.

ആ പട്ടിക ഓര്‍മ്മക്കുറിപ്പായി വച്ചുകൊണ്ട്, നിങ്ങള്‍ക്ക് ആവശ്യമുള്ള സഹായം അവരോടു ചോദിക്കുക. എല്ലായ്പ്പോഴും വിനീതമായി ആവശ്യപ്പെടണം. എന്നാല്‍ വളച്ചുകെട്ടില്ലാതെയും പ്രതീക്ഷാ നിര്‍ഭരമായും.

‘ആശിക്കുന്നത് എങ്ങനെ നേടിയെടുക്കാം’ എന്ന എന്‍റെ ഗ്രന്ഥത്തില്‍, വിജയകരമായി ആവശ്യപ്പെടുന്നതിനുള്ള രീതികള്‍ വിശദമായി പഠിപ്പിക്കുന്ന അനേകം പാഠങ്ങള്‍ ഉണ്ട്.

നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം ആളുകള്‍ എന്തുകാരണത്താല്‍ ചെയ്തുതരുമെന്നും ‘ഇല്ല’ എന്ന പ്രതികരണം എങ്ങനെ ‘കഴിയും’ എന്നാക്കി മാറ്റാമെന്നും അതോടനുബന്ധിച്ച് ആവശ്യപ്പെടുന്നതിനുള്ള രീതികളും എല്ലാം അതിലുള്ളതിനാല്‍ അവ ഈ പുസ്തകത്തിലും ആവര്‍ത്തിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

വിജയിക്കുന്നതിന് നിങ്ങളെ സഹായിച്ചേക്കാവുന്നവരുടെ ഒരു പട്ടിക തയ്യാറാക്കുകയും വിനീതമായും എന്നാല്‍ വളച്ചുകെട്ടില്ലാതെയും പ്രതീക്ഷാനിര്‍ഭരമായും നിങ്ങള്‍ക്ക് ആവശ്യമുള്ള സഹായം അവരോട് അഭ്യര്‍ത്ഥിക്കുകയുമാണ് വേണ്ടതെന്നകാര്യമാണ് ഞാനിവിടെ ഊന്നിപ്പറയാന്‍ ആഗ്രഹിക്കുന്നത്.

‘ശരാശരിയുടെ നിയമം’ ഉപയോഗിച്ചാല്‍ മതി.

ശരിയായവിധത്തില്‍ അപേക്ഷിച്ചാല്‍ മിക്കയാളുകളും നിങ്ങളെ സഹായിക്കും – അതിനാല്‍ ഈ മാര്‍ഗ്ഗം ഉപയോഗിച്ചില്ലായിരുന്നെങ്കിലേതിനേക്കാള്‍ വളരെ മുമ്പില്‍ നിങ്ങള്‍ എത്തിച്ചേരും.

നിങ്ങളുടെ ലക്ഷ്യം എത്ര മെച്ചപ്പെട്ടതായിരുന്നാലും, അല്ലെങ്കില്‍ എത്ര മാത്രം പ്രേരണാപൂര്‍വ്വം സഹകരണം ആവശ്യപ്പെട്ടാലും, വിജയിക്കുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങളില്‍ ചിലയാളുകള്‍ സഹായിക്കുകയില്ല. പക്ഷെ, അല്പംപോലും ഇതു നിങ്ങളെ നിരാശപ്പെടുത്തരുത്‌. പട്ടികയില്‍ നിന്നും അവരുടെ പേര് വെട്ടിക്കളയുക; സഹായം അഭ്യര്‍ത്ഥിക്കാവുന്ന വേറെ രണ്ടുപേരുടെ  രണ്ടുപേരുടെ പേര് അവിടെ എഴുതുക.

വളരെ വേഗം തന്നെ നിങ്ങളെ സഹായിക്കാന്‍ താല്പര്യമുള്ള ധാരാളമാളുകള്‍ ഉണ്ടാകും. ഒറ്റയ്ക്കു ചെയ്യാന്‍ ശ്രമിക്കുന്നതിനേക്കാള്‍ അതാണ് വളരെകൂടുതല്‍ ഫലപ്രദം!

കൂടുതല്‍ ആളുകള്‍ നിങ്ങളെ സഹായിക്കാനുള്ളപ്പോള്‍ നിങ്ങളുടെ വിജയവും കൂടുതല്‍ മഹത്തരമാകുന്നു: വളരെ വേഗം നിങ്ങള്‍ വിജയിക്കും!

എന്നു പറഞ്ഞാല്‍…. നിങ്ങള്‍ കൂടുതല്‍ സമ്പന്നനാകും….. എളുപ്പത്തില്‍!

( തുടരും )   www.careermagazine.in

Share: