വിജയവും സമ്പത്തും യോജിപ്പിന്‍റെ ഫലം

Share:
Personality development

എം ആർ കൂപ്മേയെർ                                                   പരിഭാഷ: എം ജി കെ നായർ

വിജയവും സമ്പത്തും യോജിപ്പിന്‍റെ ഫലം; വിയോജിപ്പുകളുടെയല്ല.

വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുകയെന്നത് എളുപ്പമാണ്; അതില്‍ നിന്നു പുറത്തുകടക്കുകയെന്നത് ബുദ്ധിമുട്ടും. ശുണ്ഠിപിടിപ്പിക്കാതെയും ശത്രുത ഉണ്ടാക്കാതെയും വാദപ്രതിവാദത്തിലേര്‍പ്പെടുകയെന്നത് അസാദ്ധ്യം!

വിയോജിക്കാനുള്ള വഴി – വിയോജിക്കുകയെന്നതാണ്. യോജിക്കാനുള്ള വഴി – യോജിക്കുകയെന്നതാണ്.

യോജിപ്പുകള്‍ ഉണ്ടാക്കാനുള്ള ഏറ്റവും ലാഭകരമായമാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുകയെന്നതാണ് ഈ അദ്ധ്യായത്തിന്‍റെ ഉദ്ദേശ്യം.

ആദ്യപാഠം: വിയോജിപ്പില്‍ പങ്കാളിയാകാതിരിക്കുകയെന്നതാണ്.

ഒന്നുകില്‍ (യോജിക്കുക അല്ലെങ്കില്‍
(2) പൂര്‍ണ്ണമായി യോജിപ്പില്ലെങ്കില്‍ യോജിക്കാവുന്ന മേഖലകള്‍ വികസിപ്പിക്കുകയും വിയോജിപ്പിന്‍റെ വിടവു കുറയ്ക്കുകയും ചെയ്യുക,
(3) നിസ്സാര കാര്യങ്ങളിന്മേല്‍ തര്‍ക്കിക്കാതെ വിശാലമാനസ്സോടെ അവ സമ്മതിച്ചുകൊടുക്കുക,
(4) ഒരിക്കലും മുഖത്തുനോക്കി വിയോജിപ്പ്‌ പ്രകടിപ്പിക്കരുത്, പകരം ഗതിതിരിച്ചുവിടാനുള്ള വിവിധ തന്ത്രങ്ങള്‍ പ്രയോഗിക്കുക,
(5) “താല്പര്യപൂര്‍വ്വമുള്ള നിശ്ശബ്ദത” എന്ന കല വശമാക്കുക.

നിശബ്ദനായിരുന്നുകൊണ്ട് ഒരുടമ്പടിയില്‍ എത്തിച്ചേരാന്‍ കഴിയില്ലെങ്കിലും, ഉടമ്പടികളില്‍ എത്തിച്ചേരുന്നതിനുള്ള ആദ്യചുവട് നിശ്ശബ്ദനായിരിക്കുകയെന്നതാണെന്നറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം.

നിങ്ങളുടെ അഭിപ്രായമോ നിലപാടോ ആദ്യമേ ഒരിക്കലും വ്യക്ത്മാക്കരുത്. “നിങ്ങള്‍ മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കണമെന്നാഗ്രഹിക്കുന്ന കാര്യം ചെയ്യാന്‍ അവരെ എങ്ങനെ പ്രേരിപ്പിക്കാം” എന്ന അദ്ധ്യായത്തില്‍ ഇത് പഠിപ്പിച്ചിട്ടുണ്ട്. ഊന്നല്‍ കൊടുക്കുന്നതിന് അത് വീണ്ടും ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

കൂടിയാലോചനയിലൂടെ ഉടമ്പടികള്‍ ഉണ്ടാക്കുന്നതിനു മാത്രമല്ല, കുഴപ്പങ്ങളില്‍ നിന്നും പൊതുവേ ഒഴിഞ്ഞുനില്‍ക്കാനും നിങ്ങളുടെ അഭിപ്രായം ആദ്യം പറയാതിരിക്കുകയെന്നത് ബാധകമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടോ അവയെപ്പറ്റി പ്രഖ്യാപനങ്ങള്‍ നടത്തിക്കൊണ്ടോ ചുറ്റിക്കറങ്ങരൂത്. അങ്ങനെയായാല്‍ മായ്ക്കാന്‍ കഴിയാത്തവിധം ആദ്യമേ നിങ്ങള്‍ രേഖയില്‍ ഉള്‍പ്പെടുത്തപ്പെടും. അതോര്‍ത്ത് പിന്നീട് നിങ്ങള്‍ ദുഃഖിക്കും.

ഓര്‍മ്മിക്കുക: ഒരു കോഴിക്കുഞ്ഞിനെ വിരിയിച്ച് ഇറക്കിക്കഴിഞ്ഞാല്‍ പുറംതോടിനുള്ളിലേക്ക് അതിനെ തിരിച്ചുകയറ്റാനോ ഒളിപ്പിച്ചുവയ്ക്കാനോ സാധിക്കുകയില്ല.
നിങ്ങള്‍ പറയാത്ത ഒരു കാര്യം ന്യായീകരിക്കുകയോ തിരിച്ചെടുക്കുകയോ ചെയ്യേണ്ട ആവശ്യമില്ല.

ഒരു പഴയ പേര്‍ഷ്യന്‍ പഴഞ്ചൊല്ല് പഠിപ്പിക്കുന്നത് ഇങ്ങനെയാണ്:
“മൗനത്തേക്കാള്‍, പ്രസംഗത്തെപ്പറ്റിയാണ് കൂടുതല്‍ പശ്ചാത്തപിച്ചിട്ടുള്ളത്”.

വിപരീത സാഹചര്യത്തില്‍, നിങ്ങളുടെ അഭിപ്രായം ആദ്യം പറയുന്നത് ഇടിമിന്നലുള്ളപ്പോള്‍ തുറസ്സായ സ്ഥലത്തുകൂടി മിന്നലിനെ ആകര്‍ഷിക്കുന്നതിനുള്ള ഉപകരണം വഹിച്ചുകൊണ്ടുപോകുന്നതിന് സമമാണ്.

അമേരിക്കന്‍-ഇന്ത്യക്കാരുടെ ബുദ്ധിപരമായ ഉപദേശത്തെ അതു ലംഘിക്കുന്നു. അവര്‍ മുന്നറിപ്പ് നല്കി: “ശത്രുക്കളുടെ അമ്പുകള്‍ തൂവലുകള്‍കൊണ്ട് അലങ്കരിക്കരുത്.”

അതിനാല്‍…. നിങ്ങളുടെ അഭിപ്രായമോ നിലപാടോ ആദ്യം പറയരുത്.
ആദ്യം നിങ്ങളുടെ അഭിപ്രായം ചോദിച്ചാല്‍, ആലോച്ചനാപൂര്‍വ്വമുള്ള മറുപടിയിലൂടെ പ്രതികരിക്കുക – “ അതൊരു രസകരമായ വസ്തുതയാണ്. താങ്കളുടെ അഭിപ്രായം എന്താണ്? “ എന്നു പറഞ്ഞുകൊണ്ട്.

മറ്റേ വ്യക്തിയെ അയാളുടെ അല്ലെങ്കില്‍ അവളുടെ അഭിപ്രായം ആദ്യം പറയാന്‍ പ്രേരിപ്പിക്കുക. പക്ഷാന്തരങ്ങളുടെ മുഴുവന്‍ സാദ്ധ്യതയും ഇതു നിങ്ങള്‍ക്കു പ്രദാനം ചെയ്യും.

(1) നിങ്ങള്‍ക്ക് യോജിക്കാന്‍, കഴിയുമെങ്കില്‍, ഉത്സാഹപൂര്‍വ്വം, പൂര്‍ണ്ണമായി യോജിപ്പ് പ്രകടിപ്പിക്കുക നിങ്ങളുടെ പൂര്‍ണ്ണമായ യോജിപ്പിനെ കൂടുതല്‍ ശക്തമാക്കുന്നതിന് നിങ്ങളുടെ സ്വന്തം അഭിപ്രായങ്ങളോ വസ്തുതകളോ കൂട്ടിച്ചേര്‍ക്കുക. നിസ്സാര സംശയങ്ങളും വിയോജിപ്പുകളും കൊണ്ട് ഉത്സാഹപൂര്‍വ്വമായ യോജിപ്പില്‍ വെള്ളം ചേര്‍ക്കരുത്. യോജിക്കുന്നതിനുള്ള വഴി യോജിക്കുകയെന്നതാണ് – അതിനാല്‍ ഓരോ അവസരത്തിലും ഉത്സാഹപൂര്‍വ്വം യോജിക്കുക.

(2) നിങ്ങള്‍ക്ക് പൂര്‍ണ്ണമായി യോജിക്കാന്‍ കഴിയുകയില്ലെങ്കില്‍ യോജിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ എല്ലാം – പ്രധാനവും അപ്രധാനവും – ഊന്നിപ്പറയുന്നതില്‍ ഉത്സാഹം കാണിക്കുക. വിയോജിപ്പുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടിവന്നാല്‍ “മറ്റുള്ളവര്‍” വിയോജിക്കാന്‍ സാദ്ധ്യതയുള്ള തരത്തില്‍ അവ ചോദ്യരൂപേണ പ്രകടിപ്പിക്കുക. (വിയോജിപ്പ്‌ നിങ്ങള്‍ക്കല്ല!)

എങ്ങനെയെന്നാല്‍—–

“ചോദിക്കുക : മറ്റുള്ളവര്‍ അങ്ങനെ വിചാരിക്കില്ലേയെന്ന് ഞാനത്ഭുതപ്പെടുന്നു…..

“ചോദിക്കുക: അല്പം വ്യത്യസ്തമായ നിലപാട് മറ്റുള്ളവര്‍ എടുക്കുമെന്ന് താങ്കള്‍ വിചാരിക്കുന്നില്ലേ? – തുടങ്ങിയവ.

(3) ഏതു സാഹചര്യത്തിലായാലും ആഴത്തില്‍ വേരുറച്ച അഭിപ്രായങ്ങളെ പരസ്യമായി വെല്ലുവിളിക്കരുത്. അത് വ്യക്തിപരമായ ഏറ്റുമുട്ടലിന് വഴിതെളിക്കും. അഭിപ്രായങ്ങളുടെ നിജസ്ഥിതി ചോദ്യം ചെയ്യലിനു വിധേയമാക്കേണ്ടത് അത്യന്താപേക്ഷിതമാണെങ്കില്‍, അത് “മറ്റുള്ളവരുടെ” പേരില്‍ എപ്പോഴും ചെയ്യാന്‍ ശ്രദ്ധിക്കുക.

(4) അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കാനുള്ള “യോജിക്കാവുന്ന”തും ഏറ്റവും വിജയകരവുമായ മാര്‍ഗ്ഗം ആദ്യം അവരോടു യോജിക്കുക എന്നതാണ്. നിങ്ങള്‍ അവരുടെ ഭാഗത്താണെന്നും അവരുടെ കാഴ്ചപ്പാടിനോട് നിങ്ങള്‍ അനുഭാവം പുലര്‍ത്തുന്നുവെന്നും അവ മനസ്സിലാക്കുന്നുവെന്നും വ്യക്തമാക്കുക. ശ്രദ്ധിക്കുക: ഞാന്‍ പറഞ്ഞത് മനസ്സിലാക്കുന്നു. അനുഭാവം പുലര്‍ത്തുന്നു എന്നാണ് – യോജിക്കുന്നു എന്നല്ല.) “അവരുടെ ഭാഗത്ത്” നില്‍ക്കുന്നതിനാല്‍ ഏറ്റുമുട്ടലും ശത്രുതയും ഒഴിവാക്കപ്പെടുന്നു.

എന്നിട്ട്, “മറ്റുള്ളവര്‍ ഉന്നയിച്ചേക്കാവുന്ന ചോദ്യങ്ങള്‍” ചോദിക്കുന്ന “പ്രത്യേകമാര്‍ഗ്ഗം” (മുന്‍ ഖണ്ഡികകള്‍ രണ്ടും മൂന്നും നോക്കുക) ഉപയോഗിച്ച് അവരുടെ അഭിപ്രായങ്ങള്‍ പാകപ്പെടുത്തുകയും നിരുപദ്രവകരമായ രീതിയില്‍ നവീകരിക്കുകയും ചെയ്യുക. (അദ്ധ്യായം 33 നോക്കുക)

അങ്ങനെയാണ് യോജിപ്പുകള്‍ ഉണ്ടാക്കേണ്ടത്; വിയോജിപ്പുകളല്ല.

നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത വിയോജിപ്പിന്‍റെ ഒരു രൂപമുണ്ട്. കാരണം, പരാതിയായിട്ടാണ് അത് നിങ്ങളുടെ അടുത്തേക്കു വരുന്നത്. അതു കണ്ടില്ലെന്നു വെയ്ക്കാനാവില്ല. മറ്റേ വ്യക്തി പരാതിപ്പെട്ടിരിക്കുന്നതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്.
പരാതിപ്പെടുന്നതോ, വിയോജിച്ചുകൊണ്ടും!

( തുടരും) www.careermagazine.in

Share: