ഇൻറർവ്യൂ : ചിരിച്ച മുഖത്തോടെ നേരിടുക

Share:
Interview tips

പ്രൊഫ. ബൽറാം മൂസദ്

ൻറര്‍വ്യൂവിനു പോകുന്ന ഉദ്യോഗാര്‍ത്ഥി കരുതിയിരിക്കേണ്ട ചില കാര്യങ്ങള്‍ സൂചിപ്പിച്ചുവല്ലോ. അറിയാത്ത ചോദ്യങ്ങള്‍ ചോദിച്ചാല്‍ എങ്ങിനെ ആ ചോദ്യങ്ങള്‍ നേരിടണം എന്ന് സൂചിപ്പിച്ചിരുന്നു. അതുപോലെ മുഴുവന്‍ വാചകങ്ങള്‍ പറയാന്‍ ശ്രമിക്കാതെ ഒറ്റ വക്കില്‍ ഉത്തരം പറയുന്ന രീതി വിവരിക്കുകയും ചെയ്തിരുന്നുവല്ലോ.ഏതാനും ചില കാര്യങ്ങള്‍ കൂടി ഇവിടെ ചൂണ്ടിക്കാണിക്കാം.

ഒരു ഇൻറര്‍വ്യൂവില്‍ പരിശോധനക്ക് വിധേയമായി തീരുന്നത് മുഖ്യമായും നാലു കാര്യങ്ങളാണ്.
(1) പൊതുവിജ്ഞാനം (General Knowledge)
(2) പഠിച്ച വിഷയത്തിലുള്ള പരിജ്ഞാനം (Knowledge of subject)
(3) അവതരണരീതി (Method of Presentation)
(4) സ്വഭാവവും വ്യക്തിത്വവും (Character and Personality)
ഇതിലോരോന്നും പ്രത്യേകം നമുക്ക് പഠനവിഷയമാക്കാം.

1. പൊതുവിജ്ഞാനം: ഇതിനുള്ള തയ്യാറെടുപ്പെന്ന നിലയ്ക്ക് ജനറല്‍നോളിജ് പുസ്തകങ്ങളും സര്‍വ്വവിജ്ഞാന കോശങ്ങളും ഇരുന്നു കരണ്ടുന്ന ഉദ്യോഗാര്‍ത്ഥികളുണ്ട്. പക്ഷെ അത്യാവശ്യമായ ഒരു കാര്യം അവര്‍ അവഗണിക്കുകയും ചെയ്യുന്നു. നിത്യവും ശ്രദ്ധാപൂര്‍വ്വം പത്രം വായിക്കുക എന്നതാണ് ഈ വകുപ്പില്‍പ്പെട്ട ചോദ്യങ്ങള്‍ക്കുത്തരം പറയാ൯ ഏറ്റവും ഫലപ്രദമായ തയ്യാറെടുപ്പ്. ഇതിന്‍റെ കൂടെ ടോണിക്കിന്‍റെ രൂപത്തില്‍ സ്വല്പം സര്‍വ്വവിജ്ഞാനകോശവും അകത്താക്കാമെന്നു മാത്രം. പക്ഷെ ടോണിക് മാത്രം കഴിച്ച്, ഭക്ഷണം വേണ്ടെന്നു വയ്ക്കുന്നത് പരമാബദ്ധം ആകുമെന്ന് പറയേണ്ടതില്ലല്ലോ.

പത്രം വായിക്കുന്നതോടൊപ്പം റേഡിയിയോലെയും ടെലിവിഷനിലെയും ഇംഗ്ലീഷ് വാര്‍ത്താബുള്ളറ്റിനുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നത് ഉച്ചാരണത്തിന്‍റെ കാര്യത്തില്‍ വളരെ സഹായിക്കും. ബി.ബി.സി. ന്യൂസ്‌ കേള്‍ക്കലാണ് ഉത്തമോത്തമം. മണിക്കുറിന് മണിക്കുറിന് ഉണ്ടുതാനും ബി.ബി.സി.യുടെ വാര്‍ത്താബുള്ളറ്റിനുകള്‍. ലോകത്തിലെ വാര്‍ത്താപ്രാധാന്യമുള്ള സംഭവ വികാസങ്ങളെല്ലാം നിഷ്പക്ഷമായും വളരെയധികം ഹൃദ്യമായും ബി.ബി.സി അവതരിപ്പിക്കുന്നു.

2. പഠിച്ച വിഷയത്തിലുള്ള പരിജ്ഞാനം : ഇത് രണ്ടു തരത്തിലാകാം. നിങ്ങളൊരു പ്രത്യേക ജോലിക്കപേക്ഷിക്കുമ്പോള്‍ ജോലിയുമായി ബന്ധപ്പെട്ട കാര്യം ചോദ്യവിഷയമാകും. അതുകൊണ്ട് അതിനൊരു ചെറിയ തയ്യാറെടുപ്പ് ആവശ്യമാണ്.

പലപ്പോഴും ഇൻറര്‍വ്യൂ സമയത്ത് നിങ്ങള്‍ ഐച്ച്ചികമായി പഠിച്ച വിഷയത്തെക്കുറിച്ച് പ്രത്യേകം ചോദ്യങ്ങള്‍ ചോദിക്കുന്നു. നിങ്ങളുടെ പഠിപ്പിന്‍റെ ആഴവും പരപ്പും അളക്കാനാണിത്.

ഇത്തരം ചോദ്യങ്ങള്‍ വരുമ്പോള്‍ ഉത്തര മറിയാവുന്നെങ്കില്‍ പറയാവുന്നതേയുള്ളു. അറിയാതെ വരുമ്പോള്‍ എന്തു ചെയ്യണം?

പല രീതിയില്‍ ഈ പ്രശ്നത്തെ കൈകാര്യം ചെയ്യാം. ഒന്നാമത്തെ മാര്‍ഗ്ഗം നിങ്ങളുടെ അജ്ഞതയെ സ്വല്പമൊന്ന് ന്യായീകരിക്കലാണ്,(ഇത് ക്ഷമാപണപൂര്‍വ്വം ആകണം).ഉദാഹരണത്തിന് “Sorry sir, I am somewhat out of touch” എന്ന് പറയാം.അല്ലെങ്കില്‍ “ I am not sure, but I shall try “ എന്ന് പറഞ്ഞ ശേഷം എന്തെങ്കിലും ഉത്തരം പറയാം. അതുമല്ലെങ്കില്‍ sorry I don’t remember now” എന്ന് പറയാം.

അരുതാത്ത ഒരു കാര്യം, അറിയാത്തത് അറിയുമെന്ന് ഭാവിച്ച് നേരെ അബദ്ധമെഴുന്നള്ളിക്കലാണ്‌. നിങ്ങള്‍, അറിയാത്തത് അറിയുമെന്ന് ഭാവിക്കയാണ് എന്ന് ചോദ്യകര്‍ത്താക്കള്‍ക്ക് തോന്നിക്കഴിഞ്ഞാല്‍ പിന്നെ നിങ്ങളെ പിച്ചിച്ചീന്തി ചോര കുടിച്ചേ അവര്‍ അടങ്ങൂ.

3. അവതരണരീതി: ഇതാണ് ഒരു പക്ഷെ ഇൻറര്‍വ്യൂവില്‍ നിങ്ങളുടെ വിധി നിര്‍ണ്ണയിക്കുന്ന ഏറ്റവും പ്രധാന ഘടകം. എന്തു പറയുന്നു എന്നതിനേക്കാള്‍ എത്രയോ പ്രധാനമാണ് എങ്ങിനെ പറയുന്നു എന്നുള്ളത്.
ചോദ്യം കേട്ടുകഴിഞ്ഞാല്‍ പെട്ടെന്നൊരു പ്രതികരണം നിങ്ങളില്‍ നിന്നുണ്ടായേ പറ്റൂ. ശരിയായ ഉത്തരം മനസ്സില്‍ തേടിക്കൊണ്ടിരിക്കുമ്പോള്‍ നിശബ്ദമായിരിക്കേണ്ട ആവശ്യമില്ല.പതുക്കെ I think it is…… എന്ന് പറഞ്ഞുകൊണ്ട് ഉത്തരം ആരംഭിക്കാം. അതല്ലെങ്കില്‍ It is a very interesting question, But I am afraid I cannot answer it straight away എന്നൊക്കെ പറഞ്ഞ് ആലോചിക്കാന്‍ കൂടുതല്‍ സമയമെടുക്കാം.
ഉത്തരം പറയാന്‍ കഴിവില്ലെങ്കില്‍ മുമ്പ് സൂചിപ്പിച്ച പോലെ Sorry sir എന്നു പറഞ്ഞ് രക്ഷപെടാം. പക്ഷെ ഒന്നും മിണ്ടാതിരിക്കുന്നതും പരിഭ്രമം നടിക്കുന്നതും ആത്മഹത്യാപരമാണ്.
പെട്ടെന്ന് പ്രതികരിക്കാനുള്ള കഴിവ് ഒരാളുടെ ബുദ്ധിപരമായ പ്രവര്‍ത്തനത്തിന്‍റെ ചൈതന്യാവസ്ഥയെ സൂചിപ്പിക്കുന്നു.

ചോദ്യത്തിനുത്തരം പറയാന്‍ സമയം വേണമെങ്കില്‍ വേറൊരു പരിപാടികൂടിയുണ്ട്. Pardon, sir എന്നുപറഞ്ഞാല്‍ ചോദ്യകര്‍ത്താവ് ചോദ്യം ആവര്‍ത്തിക്കും. നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ ചോദ്യകര്‍ത്താവ് ആദ്യത്തെ ചോദ്യം മറന്ന് മറ്റൊന്ന് ചോദിച്ചുവെന്നും വരാം!
(ചോദ്യം ശരിക്കു കേള്‍ക്കാതിരുന്നാല്‍ Beg your pardon എന്നോ, pardon sir’ എന്നോ ആണ് പറയേണ്ടത് എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.രൂക്ഷമായ സ്വരത്തില്‍ ‘ങേ?’ എന്നു ചോദിക്കുന്നവരും ‘Once more’ എന്നാവശ്യപ്പെടുന്നവരും ഒക്കെയുണ്ട്. ഇങ്ങനെ എന്തെങ്കിലും ചെയ്താല്‍ impression മുഴുവന്‍ നഷ്ടപ്പെടാന്‍ അതുമതി)

അതുപോലെ പ്രധാനമാണ് ചിരിച്ചുകൊണ്ടും ഉത്സാഹത്തോടുകൂടിയും മറുപടി പറയുക എന്നത്.
കഷായം കഴിച്ച മുഖഭാവവുമായി ഇൻറര്‍വ്യൂവിന് ചെന്നിരുന്നാല്‍ ആര്‍ക്കും അതിഷ്ടപ്പെടില്ല.

4.സ്വഭാവവും വ്യക്തിത്വവും: മിക്കവാറും ചോദ്യങ്ങള്‍ നിങ്ങളുടെ വ്യക്തിത്വത്തെ അളക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളവയാണ്. നിങ്ങളുടെ ആത്മാര്‍ത്ഥത, അദ്ധ്വാനശീലം, സത്യസന്ധത, ഇണങ്ങിപ്പോകാനുള്ള കഴിവ്, ശുഭാപ്തിവിശ്വാസം ഇവയെല്ലാം വ്യംഗ്യമായി, ചോദ്യങ്ങളിലൂടെ പരിശോധിക്കപ്പെടുന്നു. പെട്ടെന്നൊരു പ്രതിസന്ധിവന്നാല്‍, അഥവാ ഓര്‍ക്കാപ്പുറത്ത് ഒരു ചോദ്യംവന്നാല്‍, അതിനെ നേരിടാനുള്ള നിങ്ങളുടെ
മനസാന്നിദ്ധ്യവും ചിലപ്പോള്‍ പരിശോധിക്കപ്പെടുന്നു.

( തുടരും) www.careermagazine.in

Share: