പുഴ കടന്നുകഴിഞ്ഞാല്‍…ബോട്ടുപേക്ഷിക്കുക!

Share:
Personality development

എം ആർ കൂപ്മേയർ                                                                      പരിഭാഷ : എം ജി കെ നായർ

വിജയത്തിലേക്കുള്ള ഓട്ട മത്സരത്തില്‍ ഉപയോഗശൂന്യമായ കാര്യങ്ങള്‍ നിങ്ങള്‍ക്കു ഭാരമാകരുത്. “ഭാരം കുറച്ചു യാത്ര” ചെയ്യുന്നതിന്‍റെ ഗുണങ്ങള്‍ പരിചയസമ്പന്നനായ സഞ്ചാരി പഠിച്ചിട്ടുണ്ട്.

അമൂല്യമായ അറിവ് നിറഞ്ഞതാണ് ഈ പഴഞ്ചൊല്ല്: “പുഴ കടന്നു കഴിഞ്ഞാല്‍… ബോട്ടുപേക്ഷിക്കുക”.

വിജയത്തിലേക്കുള്ള തെരഞ്ഞെടുക്കപ്പെട്ട മാര്‍ഗ്ഗത്തിലെ തടസ്സങ്ങളില്‍ ഒന്നായിരുന്നു “പുഴ” എന്നു സങ്കല്‍പ്പിക്കുക. പുഴ കടക്കുന്നതില്‍ നിങ്ങളുടെ ബോട്ടിന്‍റെ വില വലുതായിരുന്നു.

എന്നാല്‍ പുഴകടക്കാന്‍ അതു നിങ്ങള്‍ക്ക് സഹായകരമായിത്തീര്‍ന്നുകഴിഞ്ഞാല്‍, അതുകൊണ്ട് നിങ്ങള്‍ക്ക് പിന്നെ യാതൊരു പ്രയോജനവുമില്ല. ബോട്ടിന് എന്തു വിലയായിരുന്നുവെന്നോ പുഴകടക്കാന്‍ അതിന്‍റെ സേവനം എത്ര വലുതായിരുന്നുവെന്നോ ഉള്ളത് അപ്രസക്തമാണ് – നിങ്ങളുടെ ബോട്ടുകൊണ്ട് നിങ്ങള്‍ക്കിനി പ്രയോജനമില്ല. അതു നിങ്ങള്‍ക്കൊരു ഭാരമാണ്.

അതിനാല്‍,…… പുഴ കടന്നുകഴിഞ്ഞാല്‍ ബോട്ട് ഉപേക്ഷിക്കുക.

കാര്യങ്ങള്‍ക്ക് ഒരു നിഷ്ഠരതയുണ്ട്. ‘ഉയര്‍ച്ചയിലേക്കുള്ള വഴികള്‍’ എന്ന പുസ്തകത്തില്‍ അതേപ്പറ്റി ഞാന്‍ എഴുതിയിട്ടുണ്ട്.

പ്രയോജനമില്ലാത്തവസ്തുക്കള്‍ ഒരു ഭാരമായിത്തീരുന്നു. അവ നമ്മുടെ സ്ഥലം മെനക്കെടുത്തുന്നു. യഥാര്‍ത്ഥത്തിലുള്ള സ്ഥലം, (മിക്കപ്പോഴും മനസ്സിലെ സ്ഥലം) അവ നിങ്ങളെ വിഷമിപ്പിക്കുന്നവയാണെങ്കില്‍, വൈകാരികമായ സ്ഥലവും അത് കൈയടക്കുന്നു.

നാഷണല്‍ ബാസ് ചാമ്പ്യന്‍ ആയിരുന്നപ്പോള്‍ മീന്‍ പിടിക്കുന്നതിനുള്ള 1500 കെണികള്‍ ഞാന്‍ വാങ്ങി! ഇപ്പോള്‍ അവ എനിക്കാവശ്യമില്ല. ഭാവിയില്‍ അവയില്‍ ചിലത് മാത്രം ഞാന്‍ ഉപയോഗിച്ചേക്കാം. എന്നിട്ടും അവയെ ഞാന്‍ ഉപേക്ഷിക്കുന്നില്ല. ഒന്നുപോലും ബാസിനെ പിടിക്കാന്‍ ഒരിക്കലും ഉപയോഗിക്കാത്ത അനേകങ്ങള്‍ പോലും!

കാര്യങ്ങളുടെ നിഷ്ഠരതയില്‍ ഞാന്‍ കുടുങ്ങിപ്പോയിരിക്കുന്നു. നമ്മളില്‍ മിക്കവരും അങ്ങനെ തന്നെ.

മീന്‍ പിടിക്കുന്നതിനുള്ള കെണികളെപ്പറ്റിയുള്ള എന്‍റെ കൊച്ചു കിറുക്ക് സഹിക്കുക. എന്നാല്‍ നിങ്ങള്‍ക്കൊരു മുന്നറിയപ്പ് തരാനുണ്ട്.

ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയാതെ കൊണ്ടുനടന്നാല്‍ വലിയ ഭാരമായിത്തീരുന്ന വളരെ വലിയ കാര്യങ്ങളുണ്ട്.

ഭൂതകാലത്തിന്‍റെ എണ്ണമറ്റ, ഉപയോഗശൂന്യങ്ങളായ, ഭാരങ്ങളും വലിച്ചിഴച്ച് ജീവിതം ക്ലേശഭൂയിഷ്ഠമാക്കരുത്.

മുന്‍ കാലങ്ങളില്‍ വലിച്ചുകൂട്ടിയിട്ടുള്ള, ഇപ്പോള്‍ ഉപയോഗശൂന്യവും ആവശ്യമില്ലാത്തവയുമായ വസ്തുക്കള്‍ വേണ്ടെന്നു വെയ്ക്കുമെങ്കില്‍ – ശാരീരികമായും മാനസികമായും വൈകാരികമായും – നിങ്ങളുടെ ജീവിതം വന്‍തോതില്‍ നിങ്ങള്‍ ലഘൂകരിക്കുകയും ജീവിതവിജയത്തിലേക്കുള്ള പുരോഗതിയുടെ വേഗത നിങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

അവയെല്ലാം പോകട്ടെ! ജീവിതം ലഘൂകരിക്കുക! കാര്യങ്ങള്‍ ലളിതമാക്കുക! അത്യാവശ്യമില്ലാത്തതെല്ലാം വലിച്ചെറിഞ്ഞ് നിങ്ങളുടെ ജീവിതപാത സുഗമമാക്കുക!

“കാര്യങ്ങളുടെ നിഷ്ഠരത”യില്‍ നിന്നും നിങ്ങള്‍ സ്വയം മോചിതനാകുക.

“പുഴകടന്നുകഴിഞ്ഞാല്‍ – ബോട്ട് ഉപേക്ഷിക്കുക!”

www.careermagazine.in

Share: