സ്പെല്ലിംഗ് പ്രശ്നത്തെപ്പറ്റി….
-പ്രൊഫ. ബലറാം മൂസദ്
മലയാളം മുതലായ ഇന്ത്യന്‍ ഭാഷകളില്‍ സ്പെല്ലിംഗ്, ഉച്ചാരണം എന്നിവ വലിയ പ്രശ്നങ്ങളല്ല.
പദങ്ങള്‍ എങ്ങിനെ എഴുതപ്പെടുന്നുവോ അതുപോലെ വായിക്കപ്പെടുന്നു.
ഇംഗ്ലീഷിന്‍റെ കഥ വളരെ വ്യത്യസ്തമാണ്.
അതിനുള്ള കാരണം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങള്‍ ആവര്ത്തിച്ചു സൂചിപ്പിക്കട്ടെ.
(1) ഇംഗ്ലീഷ് അക്ഷരമാലയില്‍ 26 അക്ഷരങ്ങളെ ഉള്ളു.
(മലയാളം, കവി ഭാഷയില്‍ ‘അമ്പത്തൊന്നക്ഷരാളി കലിത തനുലത’ യാണ്)
അതേ സമയം 42 അടിസ്ഥാന ശബ്ദങ്ങള്‍ ഇംഗ്ലീഷ് ഭാഷയിലുണ്ട്.
അപ്പോള്‍ ഓരോ അക്ഷരത്തിനും ഉച്ചാരണത്തിന്‍റെ കാര്യത്തില്‍ ഡബിള്‍റോളും , ട്രിപ്പിള്‍റോളും ഒക്കെ അഭിനയിക്കേണ്ടി വരുന്നു.
(2) ഇംഗ്ലീഷ് ഭാഷയിലെ ഭൂരിഭാഗം പദങ്ങളും – മുക്കാല്‍ഭാഗം പദങ്ങളും – ഫ്രഞ്ച് മുതലായ മറ്റു ഭാഷകളില്‍ നിന്നു കടമെടുത്തവയാണ്. ഇംഗ്ലീഷില്‍നിന്നും ഒരു പദം മലയാളത്തിലേക്കു കടമെടുക്കുമ്പോള്‍ അതിന്‍റെ ഉച്ചാരണം മാത്രം സ്വീകരിച്ച് അത് നമ്മുടെ അക്ഷരങ്ങള്‍ ഉപയോഗിച്ച് നാം എഴുതുന്നു.
ഇതിന് കാരണം മലയാളത്തിന്‍റെയും ഇംഗ്ലീഷിന്‍റെയും അക്ഷരമാലകള്‍വ്യത്യസ്തമായതാണ്. മറിച്ച്, ഇംഗ്ലീഷ് ഫ്രഞ്ച്, മുതലായ യൂറോപ്യ൯ ഭാഷകള്‍ക്കെല്ലാം ഏറെക്കുറെ പൊതുവായ ഒരക്ഷരമാലയാണുള്ളത്. അതുകൊണ്ട് പദമെടുക്കുമ്പോള്‍ സ്പെല്ലിംഗ് കൂടി അതെ രൂപത്തില്‍ ഏറ്റെടുക്കുന്നു. ഓരോ യൂറോപ്യ൯ ഭാഷയിലും ഓരോ അക്ഷരത്തിനും, അക്ഷര സമുച്ചയത്തിനും വ്യത്യസ്ത ശബ്ദങ്ങളാകയാല്‍ ഇത് വലിയ കുഴപ്പം സൃഷ്ടിക്കുന്നു.
ഇംഗ്ലീഷു ഭാഷ മറ്റു യൂറോപ്യ൯ ഭാഷകളില്‍ നിന്നു വ൯തോതില്‍ പദങ്ങള്‍ കടം വാങ്ങിയിരുന്നില്ലെങ്കില്‍ ഒരു പക്ഷെ സ്പെല്ലിംഗ് പ്രശ്നം എന്നൊന്ന് ഇംഗ്ലീഷിലുണ്ടാകുമായിരുന്നില്ല.
പക്ഷെ ഭാഷ വളരെ ശുഷ്ക്കമായിപ്പോയേനെ.
( തുടരും )