പി എസ് സി ആരോടൊപ്പമാണ് ?

Share:

ഒ എം ആർ രീതിയിൽ പരീക്ഷ നടത്തുമ്പോൾ സ്വാഭാവികമായി, സ്‌കാനിംഗ്‌ സമ്പ്രദായത്തിൽ, വരുന്ന പിഴവ് 1.5 % മുതൽ 4 .2 %വരെയാണെന്നത് ലോകം അംഗീകരിച്ചവസ്തുതയാണ്. ( The 2000 Census: Counting Under Adversity ) 2016 ഓഗസ്റ്റിൽ മേഘാലയയിൽ നടന്ന കോൺസ്റ്റബിൾ പരീക്ഷയിൽ 45 % ( http://meghalayatimes.info/index.php/front-page/21137-45-candidates-rejected-due-to-mistakes-in-filing-omr-sheets ) കുട്ടികളാണ് ഒ എം ആർ പരീക്ഷ യി ൽ പുറന്തള്ളപ്പെട്ടത്.

 

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഉദ്യോഗാർഥികളോടൊപ്പമല്ല എന്ന് ഔദ്യോഗികമായി വ്യക്തമാക്കിയത് കഴിഞ്ഞ സി എ ജി റിപ്പോർട്ടാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ ഒഴിവുകള്‍ അറിയിച്ചിട്ടും വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിക്കുന്നതിന് പി.എസ്.സി. 11 മുതല്‍ 77 മാസം ( 6.4 വർഷം ) വരെ കാലതാമസം വരുത്തിയതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) കണ്ടെത്തി. 2016 മാര്‍ച്ച് 31 വരെ വിവിധ വകുപ്പുകളിലെ 128 തസ്തികകളില്‍ 452 ഒഴിവുകളെങ്കിലും വിജ്ഞാപനം ചെയ്യാനുണ്ടെന്നും സി.എ.ജി. സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വിജ്ഞാപനം ഇറക്കുന്നതിലെ കാലതാമസം ( 107 ഒഴിവുകളില്‍ അഞ്ചുവര്‍ഷം വരെ 103 എണ്ണത്തില്‍ അഞ്ചുമുതല്‍ പത്തുവര്‍ഷം വരെ രണ്ട് ഒഴിവുകളില്‍ 16 മുതല്‍ 18 വര്‍ഷം വരെ ) ഇല്ലാത്ത ഒഴിവില്‍ റാങ്കുപട്ടിക, റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിലുള്ള കാലതാമസം…… ഇങ്ങനെ പി എസ് സി യുടെ കെടുകാര്യസ്ഥത വെളിപ്പെടുത്തുന്ന നിരവധി കാര്യങ്ങളാണ് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) കണ്ടെത്തിയത്.

പി എസ് സി യുടെ കെടുകാര്യസ്ഥതയെക്കുറിച്ചും അഴിമതിയെക്കുറിച്ചും 1999-ൽ ‘കരിയർ മാഗസിൻ’ പ്രസിദ്ധീകരിച്ച ‘ പി എസ് സി ; അഴിമതിയുടെ ‘ഈജിയൻ തൊഴുത്ത് ‘ എന്ന ലേഖന പരമ്പര സവിസ്തരം വ്യക്തമാക്കുകയുണ്ടായി. എന്ത് തന്നെയായാലും പി എസ് സി നന്നാവില്ല എന്ന് തന്നെയാണ് അടുത്തകാലത്തെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്.

ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ ഭാവിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് പി എസ് സി യുടെ പ്രവർത്തനങ്ങൾ എന്ന അടിസ്ഥാന വസ്തുതപോലും തിരിച്ചറിയാൻ പി എസ് സി ക്ക് കഴിയുന്നില്ല എന്നതാണ് ഇക്കഴിഞ്ഞ ‘വൊക്കേഷണൽ ഇൻസ്‌ട്രക്ടർ ഇൻ മെയ്ന്റനൻസ് & റിപയേർസ് ഓഫ് ടു വീലേഴ്സ് ആൻഡ് ത്രീ വീലേഴ്സ് ‘ പരീക്ഷയുടെ ചോദ്യപേപ്പർ നൽകുന്ന സൂചന. പരീക്ഷയിലെ 80 സാങ്കേതിക ചോദ്യങ്ങളിൽ 79 എണ്ണവും എസ് ചന്ദ് പുറത്തിറക്കിയ ഒരു ഗൈഡിൽ നിന്നും അതേപടി പകർത്തി എഴുതിയതാണെന്നതാണ് ഏറ്റവും പരിഹാസ്യമായ വസ്തുത. ഓപ്ഷനിൽ പോലും മാറ്റമില്ലാതെ ‘ചോദ്യങ്ങൾ ഉണ്ടാക്കാൻ ‘ കഴിയുന്ന പണ്ഡിതന്മാരെയാണ് പി എസ് സി അതിന് നിയോഗിച്ചത്. പി എസ് സി യിലെ വിദഗ്ദ്ധർ (?) ഇക്കാര്യം തിരിച്ചറിയാനോ നടപടിയെടുക്കാനോ തയ്യാറാകുന്നില്ല എന്നതാണ് ഉദ്യോഗാർഥികളെ അലട്ടുന്നത്.

പി എസ് സി നടത്തുന്ന പരീക്ഷകളിൽ ക്രമക്കേടുകളെക്കുറിച്ചും അതുമൂലം ഉദ്യോഗാർഥികൾക്കുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ചും ‘കരിയർ മാഗസിൻ’ പലതവണ സൂചിപ്പിച്ചിട്ടുള്ളതാണ്. ലൈബ്രേറിയൻ പരീക്ഷയിൽ ചോദ്യം തയ്യാറാക്കിയ ആൾ , മറ്റൊരാൾക്കുവേണ്ടി പരീക്ഷ എഴുതിയതുൾപ്പെടെ നിരവധി അപാകതകൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഉദ്യോഗാർഥികൾക്ക് നീതി ലഭിക്കുന്ന ഒരു നടപടിയും പി എസ് സി യുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പി എസ് സി യുടെ കെടുകാര്യസ്ഥതയും ഉത്തരവാദിത്വമില്ലായ്മയും സി എ ജി (കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) അക്കമിട്ടു പറഞ്ഞിട്ടും അത് ചെവിക്കൊള്ളാൻ അധികാരികൾ തയ്യാറാകുന്നില്ല എന്നതാണ് കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുര്യോഗം.

ലക്ഷക്കണക്കിന് കുട്ടികൾ പങ്കെടുക്കുത്ത എൽ ഡി ക്ലർക്ക് പരീക്ഷ നടത്തുന്നതിന് കാലഹരണപ്പെട്ട ഒ എം ആർ സമ്പ്രദായം ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധമുണ്ടായിട്ടും അതിൻറെ ദൂഷ്യവശങ്ങളെക്കുറിച്ചു പി എസ് സിയിലെ വിദഗ്ധർ പഠിക്കണമെന്ന കേരള ഹൈക്കോടതിയുടെ നിർദ്ദേശമുണ്ടായിട്ടും ബന്ധപ്പെട്ടവർ അത് മുഖവിലക്കെടുത്തില്ല . എൽ ഡി ക്ളർക് പരീക്ഷ ഒ എം ആർ സംവിധാനത്തിൽ നടത്തുന്നതുമായി ബന്ധപ്പെട്ടു വിവരാവകാശ നിയമം അനുസരിച്ചു പി എസ് സിക്ക് നൽകിയ ചോദ്യങ്ങൾക്കു മറുപടി നൽകാൻ ഇനിയും പി എസ് സി തയ്യാറായിട്ടില്ല.

18 ലക്ഷം ഉദ്യോഗാർഥികൾ പങ്കെടുത്ത എൽ ഡി സി പരീക്ഷ ഓ എം ആർ സംവിധാനത്തിൽ നടത്തിയതിലൂടെ ഉണ്ടായ സ്വാഭാവിക പിശക് എത്ര ശതമാനമാണെന്നും പരീക്ഷ എഴുതിയവരുടെ കുറ്റംകൊണ്ടല്ലാതെ പുറത്തായവർക്ക് വേണ്ടി വീണ്ടും പരീക്ഷ നടത്താൻ പി എസ് സി തയ്യാറാകുമോ എന്നുമുള്ള ചോദ്യങ്ങൾക്കു മറുപടി നൽകാൻ പി എസ് സി തയ്യാറായിട്ടില്ല.  ‘താങ്കൾ പരാമർശിക്കുന്ന വസ്തുതകൾ വിവരാവകാശ നിയമം 2005 വകുപ്പ് 2 f പ്രകാരം ‘വിവരങ്ങൾ ‘ എന്ന നിർവ്വചനത്തിൽ വരുന്നവയല്ല’ എന്ന ഒരു മറുപടിയിൽ കാര്യങ്ങൾ ഒതുക്കാനാണ് പി എസ്‌ സി ശ്രമിച്ചത്.

ഒ എം ആർ രീതിയിൽ പരീക്ഷ നടത്തുമ്പോൾ സ്വാഭാവികമായി, സ്‌കാനിംഗ്‌ സമ്പ്രദായത്തിൽ, വരുന്ന പിഴവ് 1.5 % മുതൽ 4 .2 %വരെയാണെന്നത് ലോകം അംഗീകരിച്ചവസ്തുതയാണ്. ( The 2000 Census: Counting Under Adversity ) 2016 ഓഗസ്റ്റിൽ മേഘാലയയിൽ നടന്ന കോൺസ്റ്റബിൾ പരീക്ഷയിൽ 45 % ( http://meghalayatimes.info/index.php/front-page/21137-45-candidates-rejected-due-to-mistakes-in-filing-omr-sheets ) കുട്ടികളാണ് ഒ എം ആർ പരീക്ഷ യി ൽ പുറന്തള്ളപ്പെട്ടത്. ഒ എം ആർ പരീക്ഷക്ക് പകരം കൂടുതൽ സുതാര്യവും കുറ്റമറ്റതുമായഓൺലൈൻ പരീക്ഷ നടത്തുവാൻ പി എസ് സി യോട്‌ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ‘കരിയർ മാഗസിൻ’ ഹൈക്കോടതിയിൽ നൽകിയ പൊതു താൽപ്പര്യ ഹർജിയിൽ , ഓൺലൈൻ പരീക്ഷ നടത്താൻഅസാദ്ധ്യമാണെന്നു പി എസ് സി ഹൈക്കോടതിയോട് പറഞ്ഞപ്പോൾ ( മലയാള മനോരമ -21 / 4 / 2017 http://www.manoramaonline.com/news/announcements/2017/04/20/06-chn-psc-ldc.html ) പി എസ്സിയിലെ വിദഗ്ദ്ധർ അതേക്കുറിച്ചു പഠിക്കണമെന്നാണ് കോടതി നിദ്ദേശിച്ചത് .

ഓൺലൈൻ പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിക്കു നൽകിയ പൊതുതാൽപ്പര്യ ഹർജിക്കു മറുപടിയായി 18 ലക്ഷം അപേക്ഷകരുള്ള എൽ ഡി ക്ലർക് പരീക്ഷനടത്താനുള്ള സൗകര്യം പി എസ് സിക്ക് ഇല്ല എന്നതാണ്. എന്നാൽ 92 ലക്ഷം അപേക്ഷകർക്ക് വേണ്ടി റെയിൽവേ നടത്തിയ ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരീക്ഷയെക്കുറിച്ചു (http://indianexpress.com/article/jobs/indian-railways-online-test-conducts-worlds-largest-for-18000-jobs-vacancies-92-lakh-candidates-4519024/ ) പഠിക്കാനെങ്കിലും പി എസ് സി ഇനിയും തയ്യാറായിട്ടില്ല എന്ന് വേണം കരുതാൻ.
എൽ ഡി ക്ളർക് പരീക്ഷയിൽ എത്ര കുട്ടികൾക്ക് മാർക്ക് ലഭിക്കാതെ ( OMR Error Percentage ) പോയി ? അവർക്കുവേണ്ടി വീണ്ടും പരീക്ഷ നടത്താൻ പി എസ് സി തയ്യാറാകുമോ? തുടങ്ങിയ ചോദ്യങ്ങൾക്കും മറുപടിയില്ല. പ്രായപരിധി വന്നതുകൊണ്ട് ഇനി ഒരിക്കലും പി എസ് സി പരീക്ഷ എഴുതാൻ കഴിയാത്ത ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ അവരുടേതായല്ലാത്ത കുറ്റംകൊണ്ട് പുറംതള്ളപ്പെട്ടു എന്നതാണ് യാഥാർഥ്യം.

ആറുലക്ഷം ബിരുദധാരികൾക്ക് വേണ്ടി, സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് പരീക്ഷ നടത്താൻ തയ്യാറാകുന്ന പി എസ് സി , പുതിയ സാങ്കേതിക സൗകര്യങ്ങൾ ഉറപ്പുനൽകുന്ന , ഓൺലൈൻ പരീക്ഷാ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കുറ്റമറ്റരീതിയിൽ വിജയികളെ കണ്ടെത്താൻ ശ്രമിക്കണം. ചോദ്യപ്പേപ്പറിൻറെ കാര്യത്തിൽ, മാർക്കിടുന്നതിൽ, വിജയികളെ കണ്ടെത്തുന്നതിൽ, സുതാര്യതയിൽ ഓൺലൈൻ പരീക്ഷ നൽകുന്ന ഉറപ്പ് തിരിച്ചറിയാൻ നമുക്ക് കഴിയണം.

നൂറ് ശതമാനം സാക്ഷരതയുടെ പേരിൽ അഭിമാനിക്കുന്ന നാം, ഇ – സാക്ഷരതയുടെ കാര്യത്തിൽ പരിഹാസ്യരാകരുത്.
കഴിഞ്ഞ 17 വർഷങ്ങളായി കരിയർ മാഗസിൻ ആവർത്തിക്കുന്നത് ഇതുതന്നെയാണ്.

  • രാജൻ പി തൊടിയൂർ

 

Share: