പ്രൊഫ. (ഡോ ) എം. വി. പൈലി : മാനേജ്‌മെൻറ് പഠനത്തിൻറെ പിതാവ്

Share:

മാനേജ്‌മെൻറ് പഠനത്തിന് അനന്തസാധ്യതകളുണ്ടെന്ന് മലയാളിക്ക് പറഞ്ഞുകൊടുത്ത പ്രൊഫ (ഡോ ) എം വി പൈലി ലോകത്തോട് വിടപറയുമോൾ ‘കരിയർ മാഗസി’ ന് നഷ്ടപ്പെടുന്നത് ഏറ്റവും മികച്ച ഉപദേശകനെയും അഭ്യുദയ കാംക്ഷിയെയുമാണ്. കരിയർ മാഗസിൻറെ തുടക്കം മുതൽ അദ്ദേഹം അതിൽ എഴുതി എന്നുമാത്രമല്ല , ഓരോ ചുവടും മുന്നോട്ടുവെക്കാൻ വേണ്ട കരുത്തും കർമ്മശേഷിയും പകർന്നു തന്നു. മലയാളത്തിലെ ഒരു പ്രസിദ്ധീകരണത്തിലും അന്നേവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരു പരമ്പര അദ്ദേഹം ‘കരിയർ മാഗസി’ ന് മുടങ്ങാതെ എത്തിച്ചു തന്നു. ‘ഭാരതത്തിൻറെ ഭരണഘടന’.

ഡൽഹിയിൽ നിന്നും ഇറങ്ങിയിരുന്ന ‘കോമ്പറ്റീഷൻ സക്‌സസ് റിവ്യൂ ‘ എന്ന പ്രസിദ്ധീകരണത്തിൽ ഭാരതത്തിൻറെ ഭരണഘടന തുടർച്ചയായി എഴുതിയിരുന്നത് അദ്ദേഹമായിരുന്നു. 1984 – ൽ കരിയർമാഗസിൻ ആരംഭിക്കുമ്പോൾ അതിൻറെ മലയാളം ഒരു പരമ്പരയായി ഉൾപ്പെടുത്തണമെന്ന് തീരുമാനിച്ചു.
പൈലി സാറുമായി സംസാരിച്ചപ്പോൾ , അദ്ദേഹം ചോദിച്ചു: ” അതിപ്പോൾ ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. അവർ തരുന്ന റോയൽറ്റി നിങ്ങൾക്ക് തരാൻ പറ്റുമോ? ”
” സാറ് ചോദിക്കുന്ന റോയൽറ്റി” എന്ന് പറഞ്ഞപ്പോൾ അദ്ദേഹം സൂക്ഷിച്ചു നോക്കി.
” അടുത്ത ലക്കം മുതൽ പരമ്പര അന്നൗൺസ് ചെയ്തോളു ” എന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി.
അദ്ദേഹം ഒരിക്കൽപ്പോലും പിന്നീട് റോയൽറ്റിയെപ്പറ്റി സംസാരിച്ചില്ല.

ലോട്ടസ് ക്ളബ്ബിൽ അദ്ദേഹത്തിൻറെ ആതിഥ്യം സ്വീകരിച്ചു ഒരുമിച്ചിരുന്ന ഒരു സായാഹ്നത്തിൽ മഹാപണ്ഡിതനും മാനേജ്മെൻറ് വിദഗ്ധനുമായ അദ്ദേഹം പറഞ്ഞു: ” രാജൻ , തൻറെ ആത്മവിശ്വാസമുണ്ടല്ലോ , അതുകൊണ്ടാണ് ഞാൻ തനിക്ക് മുടങ്ങാതെ എഴുതിത്തരുന്നത്. പിന്നെ, തൻറെ പ്രസിദ്ധീകരണം, അത് വരും തലമുറയ്ക്ക് വളരെ പ്രയോജനം ചെയ്യുന്ന ഒന്നാണ്.”

കരിയർ മാഗസിൻെറ പതിനേഴാം വാർഷികപ്പതിപ്പിൽ ‘ വിദഗ്ദ്ധമായ സേവനം’ എന്ന തലക്കെട്ടിൽ അദ്ദേഹം എഴുതിയ ലേഖനം തൊഴിൽ- വിദ്യാഭ്യാസ പ്രസിദ്ധീകരണത്തോടുള്ള, കരിയർ മാഗസി’നോടുള്ള , അദ്ദേഹത്തിൻറെ ആഭിമുഖ്യം വ്യക്തമാക്കുന്നതാണ്. (അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി ലേഖനം പുനഃ പ്രസിദ്ധീകരിക്കുന്നു.)

‘ വിദഗ്ദ്ധമായ സേവനം’

പ്രൊഫ. (ഡോ ) എം. വി. പൈലി

തെങ്കിലും പരീക്ഷ പാസ്സാകുന്ന വിദ്യാർത്ഥിക്ക് പിന്നീടുള്ള ചിന്ത ഒരു ജോലിയെപ്പറ്റിയാണ്. വിദ്യാഭ്യാസത്തിന് ശേഷം ഉദ്യോഗാർത്ഥിയാകാൻ ആഗ്രഹിക്കാത്ത യുവാക്കൾ ഇന്നത്തെ കേരളത്തിൽ തുലോം വിരളമാണ്. സ്വന്തം ബിസിനസ്സുള്ള ഒരു കുടുംബത്തിലെ അംഗമാണെങ്കിൽ ഒരുപക്ഷെ ഉദ്യോഗത്തിന് വേണ്ടി ശ്രമിച്ചെന്ന് വരില്ല. പക്ഷെ അങ്ങനെയുള്ള കുടുംബങ്ങളിലെ ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കൾ മിക്കവാറും ഉദ്യോഗാർത്ഥികൾ ആയിത്തന്നെയാണ് കണ്ടിട്ടുള്ളത്. മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നതിനും പരസ്യങ്ങളിൽ കാണുന്ന ഉദ്യോഗങ്ങൾക്ക് അപേക്ഷ അയക്കുന്നതിനും അവർ മറ്റാരുടെയും പിന്നിലല്ല.

മറ്റേതൊരു സംസ്ഥാനത്തെ അപേക്ഷിച്ചും കേരളത്തിലാണ് ഏറ്റവും കൂടുതൽ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർ. ലക്ഷക്കണക്കിനാണ് അവരുടെ സംഖ്യ. ഒരു ജോലിക്കു വേണ്ടിയുള്ള അവരുടെ പരക്കം പാച്ചിൽ ആരിലും സഹതാപമുണർത്തും. ഈ സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾക്ക് ആവശ്യമായ വിവരങ്ങളും പഠിക്കാൻ ആവശ്യമായ വിഷയങ്ങളും അവരെ ഇന്റർവ്യൂവിനും മറ്റും പ്രാപ്തരാക്കുന്ന കഴിവുകളെപ്പറ്റിയുള്ള അറിവും നൽകാൻ ഉപകരിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ ആവശ്യകത. കഴിഞ്ഞ കാൽ ശദാബ്ദമായി ഈ രംഗത്ത് പ്രശസ്തിയാർജ്ജിച്ച പല പ്രസിദ്ധീകരണങ്ങളും ഇംഗ്ലീഷ് ഭാഷയിലുണ്ട്. എന്നാൽ ഈ രംഗത്ത് മലയാളത്തിൽ അങ്ങനെയുള്ള പ്രസിദ്ധീകരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഈ വിടവ് നികത്താൻ ഉദ്ദേശിച്ച് രംഗപ്രവേശം ചെയ്ത മാസികയാണ് ‘കരിയർ മാഗസിൻ’. ഇപ്പോൾ അത് പതിനേഴാം വയസ്സിലേക്ക് കടക്കുകയാണ്.

ഒരു ദശാബ്ദത്തോളമായി ‘കരിയർ മാഗസി’നുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയെന്ന നിലയ്ക്ക് അതിൻറെ ഗുണനിലവാരത്തെപ്പറ്റി ആധികാരികമായിത്തന്നെ പറയുവാൻ എനിക്ക് അർഹതയുണ്ട്. പ്രത്യേകിച്ചും സി എസ് ആർ ( Competition Success Review ) പോലുള്ള ഉന്നത നിലവാരം പുലർത്തുന്ന അഖിലേന്ത്യ തലത്തിൽ പ്രചാരമുള്ള ഒരു മാഗസിനുമായി അടുത്ത ബന്ധമുള്ള ആളെന്ന നിലയ്ക്കും.

വ്യവസായ സംരംഭകത്വ രംഗത്ത് പ്രവർത്തിക്കുവാൻ കഴിവുള്ള ഒരാൾക്കേ ഇമ്മാതിരി ഒരു പ്രസിദ്ധീകരണത്തിന് മുന്നോട്ടിറങ്ങാൻ കഴിയുകയുള്ളു. കാരണം ഇത് സാമാന്യം നല്ല മൂലധനം മുടക്കുവാനും ഒട്ടേറെ പ്രയാസങ്ങൾ തരണം ചെയ്യുവാനും ആവശ്യമായ ഒരു ‘റിസ്കി’ ബിസിനസാണ്. നല്ല ചങ്കൂറ്റവും സംഘടനാ സാമർത്ഥ്യവും നേതൃത്വ പാടവവുമുള്ളവർക്ക് മാത്രമേ ഈ രംഗത്ത് പിടിച്ചുനിൽക്കാനും വിജയിക്കുവാനും കഴിയുകയുള്ളു.

പതിനേഴ്‌ വർഷം നിർത്താതെ നിലനിന്നു എന്നത് തന്നെ വലിയൊരു വിജയമാണ്. അതുകൊണ്ടുമാത്രം ശ്രീ. രാജൻ പി തൊടിയൂർ തൻറെ കഴിവുകൾ വിജയകരമായി പ്രകടിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. തുടർന്നും ഈ കരിയർ മാഗസിൻ കേരളത്തിലെ ഉദ്യോഗാർഥികളായ ഏവർക്കും വിദഗ്ധമായ സേവനം നൽകുന്ന ഒരുത്തമ പ്രസിദ്ധീകരണമായി മുന്നോട്ട് പോയിക്കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു. എൻറെ ഹൃദയ പൂർവ്വമായ ആശംസകൾ.

( കരിയർ മാഗസിൻ – ഓഗസ്റ്റ് 2000 )

 

മാനേജ്‌മെന്റ് വിദഗ്ധന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ഭരണഘടനാ പണ്ഡിതന്‍, വ്യവസായ നിയമജ്ഞന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ ബഹുമുഖ വ്യക്തിത്വമായ പൈലിസാറിൻറെ വാക്കുകളിലെ ആത്മാർഥത എന്നും സ്നേഹമായി, ആവേശമായി ഞങ്ങളോടൊപ്പമുണ്ടാകും.

രാഷ്ട്രം 2006-ല്‍പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചിട്ടുള്ള അദ്ദേഹത്തിൻറെ വിയോഗം കേരളത്തിൻറെ വിദ്യാഭ്യാസ മേഖലക്ക് കനത്ത നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ (CUSAT) വൈസ് ചാന്‍സലറായിരുന്ന അദ്ദേഹം ലഖ്‌നൗ, പട്‌ന, ഡല്‍ഹി, കേരള സര്‍വകലാശാലകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹാര്‍വാഡ്, പെന്‍സില്‍വാനിയ, മോസ്‌കോ, ഹവായ് തുടങ്ങിയ സര്‍വകലാശാലകളിലും പഠിപ്പിച്ചു. ഹൈദരാബാദിലെ അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് കോളേജ് മേധാവിയായിരുന്നു.

കുസാറ്റിലെ മാനേജ്‌മെന്റ് വിഭാഗം സ്ഥാപകനായ അദ്ദേഹം 12 പന്ത്രണ്ട് വര്‍ഷം വകുപ്പ് മേധാവിയായിരുന്നു. പിന്നീട് എമിരിറ്റസ് പ്രൊഫസറുമായി. നാഷണല്‍ റിസര്‍ച്ച് പ്രൊഫസര്‍ പദവിയും അദ്ദേഹത്തെ തേടിയെത്തി. മുപ്പതിലധികം പുസ്തകങ്ങളുടെ രചയിതാവായ ഡോ. പൈലി ഇരുനൂറിലധികം ഗവേഷണ പ്രബന്ധങ്ങളുടെ രചയിതാവുമാണ്. ഭാരതത്തിൻറെ ഭരണഘടന, വിദേശത്തുനിന്നും കുറെ കത്തുകൾ, രാഷ്‌ട്രപതി പ്രതിക്കൂട്ടിൽ, മാനേജ്‌മെന്റിൽ തൊഴിലാളി പങ്കാളിത്തം, ഇന്ത്യയുടെ ഭരണഘടനാചരിത്രം, ഭാരതത്തിന്റെ ഭരണഘടന ഒരു ആമുഖപഠനം, ഉന്നതവിദ്യാഭ്യാസം പുനരുദ്ധരിക്കാൻ, റഷ്യയിലെ കാഴ്‌ചകളും അനുഭവങ്ങളും, വിദ്യാഭ്യാസപ്രശ്‌നങ്ങൾ ഇന്നലെ ഇന്ന്‌ നാളെ, വ്യവസായം അമേരിക്കയിൽ, ഇന്ത്യൻ രാഷ്‌ട്രീയത്തിലെ നൂതന പ്രവണതകൾ എന്നിവയാണ് പ്രധാന കൃതികള്‍.

കൊച്ചി സര്‍വകലാശാലയെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.

വാര്‍ദ്ധക്യസംബന്ധമായ അസുഖങ്ങളെ തുടർന്ന് 98 -മത് വയസ്സിൽ നമ്മെവിട്ടുപോകുമ്പോൾ വിദ്യാഭ്യാസമേഖലക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കാലത്തിന് മായ്ക്കാൻ കഴിയാത്തവയാണ്.

.കൊച്ചി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍, വിദ്യാഭ്യാസ വിചക്ഷണൻ എന്ന നിലകളിൽ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട അദ്ദേഹം ഇന്ത്യയിലും വിദേശത്തും പ്രശസ്‌തമായ നിലയിൽ ഉന്നതവിദ്യാഭ്യാസം നടത്തുകയും എം.എ. (ലക്‌നൗ), എൽ.എൽ.ബി. (ലക്‌നൗ), എൽ.എൽ.എം. (ഹാർവാർഡ്‌), ഡി.ലിറ്റ്‌ (പാറ്റ്‌ന) ബിരുദങ്ങൾ നേടുകയും ചെയ്‌തു. ലക്‌നൗ, പാറ്റ്‌ന, ഡൽഹി, കേരള, കൊച്ചി സർവകലാശാലകളിൽ അധ്യാപകനായിരുന്നു. ഡൽഹി സ്‌കൂൾ ഓഫ്‌ ഇക്കണോമിക്‌സിൽ പ്രൊഫസറും ഹൈദരാബാദിലെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സ്‌റ്റാഫ്‌ കോളജിൽ ഡയറക്‌ടറുമായിരുന്നു. കേരള സർവകലാശാലയുടെ കീഴിലുളള സ്‌കൂൾ ഓഫ്‌ മാനേജ്‌മെന്‍റിന്‍റെ സ്ഥാപക ഡയറക്‌ടറായിരിക്കെ കേരളത്തിലാദ്യമായി 1964-ൽ മാനേജ്‌മെന്‍റ് വിദ്യാഭ്യാസം ആരംഭിച്ചു.
അമേരിക്കയിലെ ഹാർവാർഡ്‌ സർവകലാശാലയിൽ ഫുൾബ്രൈറ്റ്‌ സ്‌മിത്ത്‌മണ്ട്‌ സ്‌കോളറായിരുന്നു. പിന്നീട്‌ പെൻസിൽവേനിയ സർവകാലശാലയിലും, സോവിയറ്റ്‌ യൂണിയനിൽ മോസ്‌കാ, നോവോസിബിർസ്‌ക്‌ എന്നീ സർവകാലാശാലകളിലും വിസിറ്റിങ്ങ്‌ പ്രൊഫസറായും, കാനഡയിലും ഹവായിയിലെ ഈസ്‌റ്റ്‌വെസ്‌റ്റ്‌ സെന്‍ററിൽ ഫെലോ ആയും സേവനമനുഷ്‌ഠിച്ചു. ഇന്ത്യയിലും വിദേശങ്ങളിലും നിരവധി പഠനപര്യടനങ്ങൾ നടത്തിയിട്ടുണ്ട്‌. വിദ്യാഭ്യാസപരവും ആസൂത്രണപരവുമായ ഒട്ടേറെ സമിതികളിൽ അംഗമായിരുന്നു. അനേകം അന്താരാഷ്‌ട്ര സമ്മേളനങ്ങളിലും സെമിനാറുകളിലും പങ്കെടുത്തിട്ടുണ്ട്‌.

കൊച്ചി സർവകലാശാല എമിരറ്റസ്‌ പ്രൊഫസർഷിപ്പും കേരള മാനേജ്‌മെന്റ്‌ അസോസിയേഷൻ മാനേജ്‌മെന്റ്‌ ലീഡർഷിപ്പ്‌ അവാർഡും നല്‍കി ബഹുമാനിച്ചു. ഇതിനുപുറമെ, ഇന്ത്യയിലും വിദേശത്തുനിന്നും നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌. ബനാറസ്‌ ഹിന്ദു സർവകലാശാല 1997-ൽ ഡോക്‌ടറേറ്റ്‌ നൽകി ആദരിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ വിദഗ്ധന് രണ്ടു ലക്ഷം രൂപയുടെ അവാർഡ് അദ്ദേഹം ഏർപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്.
ജീവിതാവസാനം വരെയും പഠിക്കാനും പഠിപ്പിക്കാനും സമയം മാറ്റിവെച്ച ഗുരുവര്യന് സാഷ്ടാംഗ പ്രണാമം !

  • രാജൻ പി തൊടിയൂർ

 

Share: