നവകേരള നിർമിതി: പ്രവാസി പ്രാതിനിധ്യം ഉറപ്പാക്കണം

Share:

– കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ

കേരള പുനര്‍നിര്‍മാണത്തിന് പ്രവാസികളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ പി തൊടിയൂർ. അബുദാബിയിലും ദുബായിലും പ്രവാസിസമൂഹത്തെ നവ കേരള നിർമിതിക്ക് മുഖ്യമന്ത്രി പ്രത്യേകം ക്ഷണിച്ചെങ്കിലും കേരളത്തിൽ കൂടിയ മന്ത്രിസഭായോഗം അഞ്ചു തലങ്ങളുള്ള സംവിധാനം ഏർപ്പെടുത്തിയപ്പോൾ പ്രവാസികളെയും പ്രവാസി സംഘടനകളെയും പാടെ അവഗണിക്കുകയാണുണ്ടായത്. വിദേശങ്ങളിൽ, ലോകനിലവാരത്തിലുള്ള പദ്ധതികൾക്ക് നേതൃത്വം നൽകി മടങ്ങിയെത്തിയ പ്രവാസികൾ ഇവിടെയുണ്ട്. അവരെ പ്രതിനിധീകരിക്കുന്ന സംഘടനകളുമുണ്ട്. റിട്ടയർ ചെയ്ത ഉദ്യാഗസ്ഥരെ പല പദ്ധതികളുടെയും തലപ്പത്തു കൊണ്ടുവന്നവർ പ്രവാസികൾ നേടിയെടുത്ത ലോക പരിജ്ഞാനം നവ കേരള നിർമിതിക്കായി എങ്ങനെവിനിയോഗിക്കാം എന്ന് ചിന്തിക്കുന്നില്ല എന്നുവേണം കരുതാൻ. പുതിയൊരു കേരളം കെട്ടിപ്പടുക്കാൻ ലോകമെമ്പാടും പ്രവർത്തിച്ചു പരിചയമുള്ള , മടങ്ങിയെത്തിയ, പ്രവാസികളുടെ സേവനം ഉപയോഗപ്പെടുത്തണം. അതിനായി കേരളത്തിലെ പ്രവാസി സംഘടനകൾ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ഒരുക്കമാണ്. രാജൻ പി തൊടിയൂർ പറഞ്ഞു. കേരള പുനര്‍നിര്‍മാണത്തിന് പ്രത്യേക സംഘടനാ സംവിധാനാമൊരുക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും പ്രവാസി പ്രതിനിധികളെ അതിലുൾപ്പെടു ത്തിയിട്ടില്ല. 22 ന് ചേരുന്ന യോഗത്തിൽ അക്കാര്യം പരിഗണിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡൻറ് ആരാമം സുരേഷിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള പുനര്‍നിര്‍മാണത്തിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ വിജയത്തിലെത്തിക്കുവാൻ പ്രവാസി സമൂഹത്തിൻറെ സഹകരണവും സഹായവും എത്തിച്ചു കൊടുക്കാൻ കേരളത്തിലെ മുഴുവൻ പ്രവാസി സംഘടനകളും ഒരു കുടക്കീഴിൽ അണിനിരക്കണം. വിശേഷിച്ചു കേരളത്തിലെ മന്ത്രിമാർക്കും എം എൽ എ മാർക്കും വിദേശയാത്രക്ക് കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പ്രത്യേക സാഹചര്യത്തിൽ. നവകേരള നിർമ്മിതിയിൽ നിന്ന് പ്രവാസിസംഘടനകൾക്ക് മാറിനിൽക്കാനാവില്ല. വിദേശ രാജ്യങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങളിലും സാങ്കേതിക മേഖലയിലും നേതൃത്വം വഹിച്ച പ്രവാസികളുടെ സേവനം നവകേരള നിർമ്മിതിക്ക് വിനിയോഗിക്കുന്ന കാര്യത്തിൽ സർക്കാർ വേണ്ടത്ര പരിഗണന നൽകണം. പദ്ധതികള്‍ സംബന്ധിച്ച് ഉപദേശവും മാര്‍ഗ നിര്‍ദേശവും നല്‍കുന്നതിൽ പരിചയ സമ്പന്നരായ പ്രവാസികളുടെ സേവനം വിനിയോഗിക്കുന്നതിൽ സർക്കാർ പ്രത്യേകം ശ്രദ്ധിക്കണം. സംസ്ഥാന പ്രസിഡൻറ് ആരാമം സുരേഷ് വ്യക്തമാക്കി.

വൈസ് പ്രസിഡൻറ് കെ. സുദർശനൻ, ജില്ല സെക്രട്ടറി ഗൗതമൻ, ശൈലജ തുടങ്ങിയവർ സംസാരിച്ചു.

Share: