ഇൻറർവ്യൂ : മന:സാന്നിദ്ധ്യ൦ പരിശോധിക്കപ്പെടുമ്പോൾ…

Share:
Interview tips

പ്രൊഫ. ബലറാം മൂസദ്

ൻറർവ്യൂവിലെ മിക്കവാറും ചോദ്യങ്ങള്‍ നിങ്ങളുടെ വ്യക്തിത്വത്തെ അളക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളവയായിരിക്കും.. നിങ്ങളുടെ ആത്മാര്‍ത്ഥത, അദ്ധ്വാനശീലം, സത്യസന്ധത, ഇണങ്ങിപ്പോകാനുള്ള കഴിവ്, ശുഭാപ്തിവിശ്വാസം ഇവയെല്ലാം വ്യംഗ്യമായി ചോദ്യങ്ങളിലൂടെ പരിശോധിക്കപ്പെടുന്നു.

പെട്ടെന്നൊരു പ്രതിസന്ധിവന്നാല്‍, അഥവാ ഓര്‍ക്കാപ്പുറത്ത് ഒരു ചോദ്യംവന്നാല്‍, അതിനെ നേരിടാനുള്ള നിങ്ങളുടെ  മന:സാന്നിദ്ധ്യവും ചിലപ്പോള്‍ പരിശോധിക്കപ്പെടുന്നു.

‘Suppose you don’t get this job. What will you do?’

ഇടയ്ക്കൊക്കെ ഇങ്ങനെയൊരു ചോദ്യം ഉദ്യോഗാര്‍ത്ഥിയോട് ചോദിക്കാറുണ്ട്.

“സര്‍ ഞാനാകെ കുഴഞ്ഞുപോകും” എന്നോ “ഇതെന്‍റെ അവസാനത്തെ ആശയാണ് എന്നെ നിരാശനാക്കരുത്” എന്നോ “ഞാനാത്മഹത്യചെയ്തുകളയും” എന്നുപോലുമോ പറയുന്ന ആളുകളുണ്ട്.

ഒറ്റവാക്കിൽ പറഞ്ഞാൽ , വിവരക്കേടാണ് ഇതിന്‍റെയെല്ലാം പിന്നില്‍.
‘I shall try again’ എന്നോ ‘I shall take it as God’s will’ എന്നോ പറയലാണ് ബുദ്ധിപൂര്‍വമായ നിലപാട്.
മാതൃകാ ഉത്തരം പണ്ട് മൊറാര്‍ജി ദേശായി പറഞ്ഞതാണ്.
മേല്‍പ്പറഞ്ഞ ചോദ്യം കേട്ടപ്പോള്‍ ഇൻറർവ്യൂവിനു ചെന്ന മൊറാര്‍ജിദേശായി പറഞ്ഞുവത്രേ      ‘I shall think that I am meant for something better.’ ആത്മവിശ്വാസവും, ശുഭാപ്തിവിശ്വാസവും തുടിച്ചു നില്‍ക്കുന്ന മറുപടി!
ഇത്തരം മറുപടി കേട്ടാല്‍ ദേവന്മാര്‍പോലും പൂക്കള്‍ വര്‍ഷിക്കും.

അതുപോലെ “Suppose you are selected, can you join tomorrow” എന്ന് ഒരുദ്യോഗത്തില്‍ ഇരിക്കുന്ന അപേക്ഷാര്‍ത്ഥിയോട് ചോദിച്ചുവെന്നിരിക്കട്ടെ “Sure I shall join tomorrow” എന്നയാള്‍ പ്രതിവചിച്ചാല്‍ അതിനര്‍ത്ഥം ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തോട് അയാള്‍ക്ക്‌ ഒരു കൂറുമില്ല എന്നതാണ്. അങ്ങിനെയൊരാള്‍ക്ക് പുതിയ സ്ഥാപനത്തോട്‌ കൂറുണ്ടാകാ൯ വഴിയില്ലല്ലോ.
ഈ ചോദ്യത്തിനുള്ള ശരിയായ മറുപടി Sorry sir, I have to give my present employer some time, I must give him time to find a substitute”എന്നതാണ്.

ഇതുപോലെ ആഴത്തിലളക്കുന്ന ചോദ്യങ്ങളുണ്ട്. “How many steps did you climb to reach upstairs?” അല്ലെങ്കില്‍ “How many compartments were there in the train in which you travelled?” എന്നോ ചോദിക്കുന്നു.
മണ്ടന്മാര്‍ ഇതിന് മറുപടി പറയുന്നത് 38 എന്നോ മറ്റോ ഒരു നമ്പര്‍ ആയിരിക്കും.
മരമണ്ടന്മാ൪ കൃത്യമായി എണ്ണാന്‍ കഴിഞ്ഞില്ല സര്‍, അടുത്ത തവണ വരുമ്പോള്‍ കൃത്യമായി എണ്ണിക്കൊണ്ടുവരാം എന്നു പറയുന്നു.
ശരിയായ ഉത്തരം “I never thought it was necessary to find it out” എന്നോ “I had better things to do” എന്നോ ആണ്. പെട്ടെന്ന്, ബുദ്ധിപൂര്‍വ്വം പ്രതികരിക്കാനുള്ള നിങ്ങളുടെ കഴിവും തന്റേടവുമാണ് ഇവിടെ പരിശോധിക്കപ്പെടുന്നത്.

പല ഇൻറർവ്യൂവിനും ചോദിക്കാറുള്ള ഒരു സ്ഥിരം ചോദ്യം കൂടി പരാമര്‍ശിച്ചു കൊള്ളട്ടെ . “What is your hobby?” എന്നതാണ് ആ ചോദ്യം.ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ ചോദിച്ചിരുന്ന ഒരു പഴയ ചോദ്യം. തലമുറ തലമുറയായി പകര്‍ന്നു വന്ന ഒരു കേസാണിത്. ഇന്ത്യയിലെ മിക്കവാറും വ്യക്തികള്‍ക്ക്  ഹോബി എന്നൊന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഹോബിയെകുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലാത്ത, എത്രയോ ആളുകള്‍ നമുക്കിടയിലുണ്ട്. ഇവരൊക്കെ സത്യ സന്ധതയുടെ മാര്‍ഗ്ഗം കൈവിട്ട് പലതും തട്ടിവിടുന്നു.”Sorry sir, I had never thought of a regular hobby” എന്നോ “Sorry sir, I have no regular hobby; എന്നോ “ I have no time for hobbies, My work is my hobby” എന്നോ പറയേണ്ട കാര്യമേയുള്ളൂ.അഥവാ എന്തെങ്കിലും ഹോബിയുടെ പേര്‍ പറഞ്ഞേ പറ്റൂ എന്ന് നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ ശ്രദ്ധിച്ചു മറുപടി പറയുന്നതാണ് നല്ലത്.

അപകടം പതിയിരിക്കുന്ന ഉത്തരങ്ങളുണ്ട്. Reading എന്ന് പറഞ്ഞു എന്നിരിക്കട്ടെ What kind of books? എന്ന് ഉടനെ ചോദ്യം വരും. തല്ക്കാലം തടി തപ്പാ൯ novels എന്ന് നിങ്ങള്‍ മറുപടി പറയുന്നു.Whose novels ? എന്ന് വീണ്ടും ചോദിച്ചാല്‍ പ്രശ്നമായിത്തീരുന്നു.ആകെ വായിച്ചിട്ടുള്ളത് കുറെ പൈങ്കിളി നോവലുകളാണ്. അവയുടെ പേര് പറയാന്‍ നിങ്ങള്‍ക്ക് ധൈര്യമില്ല. അപ്പോള്‍ പിന്നെ എന്തെങ്കിലും ഒരു നല്ല നോവലിസ്റ്റിന്‍റെ പേര് പറയുന്നു. “Come on tell me the names of some of his novels you have read” എന്നായി ചോദ്യകര്‍ത്താവ്. നിങ്ങളുടെ അജ്ഞതയുടെ പൂച്ച അവിടെ പുറത്തു ചാടുന്നു. ആലോചിക്കാതെ Reading എന്ന് ഹോബിയുടെ പേര് പറഞ്ഞതുകൊണ്ടു ചെന്നു ചാടിയ ഊരാക്കുടുക്ക്.! അതുകൊണ്ട് അഥവാ ഏതെങ്കിലും ഹോബിയുടെ പേരു പറയുകയാണെങ്കില്‍ Gardening, Stitching, Photography (ഇതു പറയണമെങ്കില്‍ ഒന്നുരണ്ടു തരം ക്യാമറയുടെ പേരെങ്കിലും അറിഞ്ഞിരിക്കേണ്ടതുണ്ട്.) എന്നോ ഒക്കെ പറയാം.

അവസാനമായി ഒരു കാര്യം കൂടി. ഇന്റര്‍വ്യൂവിനു പോകുമ്പോള്‍ ഇത്തവണ സെലക്ഷന്‍ കിട്ടിയില്ലെങ്കില്‍ എന്തായിരിക്കുമെന്‍റെഗതി എന്നോര്‍ത്ത് വിഷമിച്ചു കൊണ്ട് പോകരുത്. അങ്ങനെ വിഷമിച്ചതുകൊണ്ട് ഏതായാലും സെലക്ഷന്‍ കിട്ടാന്‍ പോകുന്നില്ല. ചാന്‍സ് നഷ്ടപ്പെടാനേ സാദ്ധ്യതയുള്ളൂ. ‘ഇതല്ലെങ്കില്‍ മറ്റൊന്ന്’ എന്നോ ‘ഇതുമൊരു എക്സ്പീരിയന്‍സ് ആകുമല്ലോ’ എന്നോ ആണ് ഉള്ളില്‍ കരുതേണ്ടത്.
മാതൃകാപരമായ സമീപനമാകട്ടെ; ‘പോനാല്‍ പോകട്ടും പോടാ’ എന്ന എം. ജീ. ആര്‍ സമീപനവും!

(തുടരും) www.careermagazine.in

Share: