ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ- 3

Share:

ഇംഗ്ലീഷ് ഒരു വിദേശ ഭാഷയാണോ?

പ്രൊഫ. ബലറാം മൂസദ്

ഇംഗ്ലീഷ് ഒരു വിദേശ ഭാഷയാണോ എന്നാരെങ്കിലും ചോദിച്ചാല്‍ വിചിത്രങ്ങളായ പ്രതികരണങ്ങള്‍ ഉണ്ടായെന്നു വരും. “അതിത്ര ചോദിക്കാനുണ്ടോ” എന്ന് അത്ഭുതം കൂറും ചിലര്‍. “സംസ്കൃതവും ഒരു വിദേശ ഭാഷയല്ലേ?” എന്ന മറുചോദ്യം തൊടുത്തു വിട്ടെന്നിരിക്കും മറ്റു ചിലര്‍, “ആണോ?” അല്ല . എന്നാല്‍ അല്ലേ? “ആണ്” എന്ന് അര്‍ത്ഥഗര്‍ഭമായ ഫലിതം പോട്ടിച്ചേക്കും വേറെ ചിലര്‍. ഓരോ പ്രതികരണത്തിലുമുണ്ടുതാനും സത്യത്തിന്‍റെ അംശങ്ങള്‍.

ഇന്ത്യ ആക്രമിച്ചു പിടിച്ച ഇംഗ്ലണ്ട്കാര്‍ കൊണ്ടുവന്ന ഭാഷയാണ് ഇംഗ്ലീഷ്. അങ്ങിനെ നോക്കുമ്പോള്‍ അതൊരു വിദേശ ഭാഷ തന്നെ. പോരെങ്കില്‍ സാമ്രാജ്യത്വത്തിന്‍റെ മ്ലേച്ഛസന്തതിയും വൈദേശികാടിമത്തത്തിന്‍റെ ബീഭത്സ പ്രതീകവും . പക്ഷെ സംസ്കൃതം കൊണ്ടു വന്നതും വിദേശത്തു നിന്നും വന്ന ആര്യന്മാരല്ലേ? ആദ്യം ഇന്ത്യയില്‍ ഉണ്ടായിരുന്നത് ദ്രാവിഡരും അവരുടെ ഭാഷകളുമല്ലേ? ശരിയാണ്. പക്ഷെ രണ്ടു വ്യത്യാസങ്ങളുണ്ട് . ഇന്ത്യയില്‍ വന്നെത്തിയ ആര്യന്മാര്‍ തിരിച്ചു പോകാതെ ഇവിടെത്തന്നെ സ്ഥിരതമാസമുറപ്പിച്ചു. ഇംഗ്ലീഷുകാര്‍ അതിനൊരുങ്ങിയില്ല. ഇംഗ്ലീഷ്കാര്‍ വന്നത് ഭരിക്കാനും ചൂഷണം ചെയ്യാനുമാണ് , കുടിയേറിപ്പാര്‍ക്കനല്ല. മറ്റൊന്ന് സംസ്കൃതം കൊണ്ടുവന്നത് പണ്ട് പണ്ടാണ്. ഇംഗ്ലീഷ് തരതമ്യേന അടുത്ത കാലത്തും. കുടിയേറ്റത്തിന്‍റെ തത്വം ഇവിടെയും ബാധകമാകുന്നു. ഒരു നിശ്ചിതകാലയളവിനു മുന്‍പ് വനം കയ്യേറിയവരെ പട്ടയം കൊടുത്ത് ആദരിക്കുന്ന നാം അടുത്ത കാലത്ത് കയ്യേറിയവരെ ഒഴിപ്പിക്കുന്നതിലും അതെ ശുഷ്കാന്തി കാണിക്കുന്നുണ്ടല്ലോ?

ഈ ചര്‍ച്ചയിലേക്ക് മറ്റൊരു രസകരമായ കാര്യം അതിക്രമിച്ചു കടക്കുന്നു. ഭാഷാ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ഇംഗ്ലീഷിന്‍റെ വലിയമ്മയാണ് സംസ്കൃതം. അപ്പോള്‍ ഇംഗ്ലീഷും ഹിന്ദിയും ‘ഫസ്റ്റ് കസിന്‍സ്’ ആണ്. അതേസമയം ഹിന്ദിയും തമിഴും തമ്മില്‍ പുലബന്ധമില്ലാത്ത ഭാഷകളും. ദ്രാവിഡ ഭാഷകളും മറ്റു ചില അപ്രധാന ഭാഷകളും ഒഴിവാക്കിയാല്‍ ലോകത്തിലെ മറ്റു ഭാഷകളെല്ലാം ഒരേ ഒരു ഇന്‍ഡോ യുറോപ്യന്‍ തായ്‌ഭാഷയില്‍ നിന്നും ഉണ്ടായതാണെന്നാണ് ഭാഷാ പണ്ഡിതന്മാരുടെ സുചിന്തിതമായ അഭിപ്രായം. ഈ ഇന്തോ-യുറോപ്യന്‍ തായ്‌ഭാഷ ആദ്യം എട്ടായി. ഇന്‍ഡിക്(സംസ്കൃതം), ഇറാനിക്(പേര്‍ഷ്യന്‍), അല്‍ബേനിയന്‍, ബാള്‍ടിക് (റഷ്യന്‍ ഉള്‍പെടെയുള്ള ഭാഷകള്‍) കെല്‍ടിക്, ഹെലെനിക് (ഗ്രീക്ക്) ഇറ്റാലിക് (ലാറ്റിന്‍, ഇറ്റാലിയന്‍, ഫ്രഞ്ച് , തുടങ്ങിയ ഭാഷകള്‍) ജെര്‍മാനിക് (ജെര്‍മ്മന്‍, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍) വേര്‍പിരിഞ്ഞുവെന്നും പിന്നീട് അവാന്തരവിഭാഗങ്ങള്‍ ഉണ്ടായെന്നും അവര്‍ കാര്യകാരണസഹിതം തെളിയിക്കുന്നു. ഈ ഭാഷകളിലെയെല്ലാം അടിസ്ഥാനപദങ്ങള്‍തെളിവായി നിരത്തിക്കൊണ്ടാണ് അവരിത് തെളിയിക്കുന്നതും. സംസ്കൃതത്തിലെ “മാതാ” എന്ന പദം ജര്‍മ്മന്‍ ഭാഷയില്‍ ‘mutter’ ആയും ഡാനിഷ് ഭാഷയില്‍ ‘moeder’ ആയും ലാറ്റിനില്‍ ‘mater’ ആയും ഗ്രീക്കില്‍ ‘ meter’ ആയും സ്പാനിഷ്‌ ഭാഷയില്‍ ‘madre’ ആയുംഫ്രഞ്ചില്‍ ‘mere’ ആയുംഐസ്ലാന്റിക് ഭാഷയില്‍ ‘ modhir’ ആയും പ്രത്യക്ഷപ്പെടുന്നു. പിതാ ഭ്രാതാ എന്നീ പദങ്ങളുടെ കാര്യവും ഇതുപോലെ തന്നെ. സംസ്കൃതത്തിലെ വിദ്യ എന്ന പദം ലാറ്റിനില്‍ video ആയും ഇംഗ്ലീഷില്‍ ‘wit’ ആയും രൂപാന്തരപ്പെട്ടിരിക്കുന്നു. സംസ്കൃതത്തിലെ ‘പരദേശം’ ഇംഗ്ലീഷിലെ paradise ആയി നമ്മുടെ മുന്‍പില്‍ അവതരിക്കുന്നു. ഒന്ന് മുതല്‍ 10 വരെയുള്ള അക്കങ്ങളുടെ കാര്യവും തഥൈവ. ആദിമ കാല മനുഷ്യര്‍-10 വരയെ എഴുതിയിരുന്നുള്ളൂ. വിരലുകളുടെ എണ്ണം പത്തായത് തന്നെ കാരണം പിന്നീടുള്ള നമ്പരുകള്‍ പില്‍ക്കാലത്ത് ഉണ്ടാക്കപ്പെട്ടവയാകയാല്‍ അവ പല രീതിയിലായി. സംസ്കൃതത്തിലെ ‘ദ്വി’ ലാറ്റിനില്‍ ‘duo’ ആയും ഇംഗ്ലീഷില്‍ ‘two’ ആയും തീരുന്നത് ഒരു പറ്റിയ ഉദാഹരണമാണ്‌. അതുപോലെ സംസ്കൃതത്തിലെ ‘അഷ്ടം’ ലാറ്റിനില്‍ ‘ octo’ ആയും ഇംഗ്ലീഷില്‍ ‘eight’ ആയും വേഷം മാറുന്നു.

ഇതെല്ലം അംഗീകരിച്ചാല്‍ ഒരു തരം വേദാന്തത്തിലേക്ക് നാം കടക്കേണ്ടി വരുന്നു. “സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം” എന്ന ഗാനശകലം മൂളിപ്പോകുന്ന പരുവത്തിലായിത്തീരുന്നു നമ്മള്‍.

കൂട്ടത്തില്‍ മറ്റൊരു ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യവും. ഇംഗ്ലണ്ടിന്‍റെ ചരിത്രം നമ്മുടെ മുമ്പില്‍ നിരത്തുന്നു. ഇംഗ്ലീഷ് ബ്രിട്ടീഷ്‌കാര്‍ക്കും ഒരു വിദേശഭാഷ ആണ്. ബ്രിട്ടനില്‍ ഉണ്ടായിരുന്ന ആദ്യകാല ജനങ്ങള്‍ കെല്‍ട്ടിക് ഭാഷയുപയോഗിച്ച ‘Britons’ ആയിരുന്നു. ക്രിസ്ത്വാബ്ദം അഞ്ചാം നൂറ്റാണ്ടിന്‍റെ ഒടുവിലാണ് Anglo-Saxons എന്ന വര്‍ഗക്കാര്‍ ഉത്തര യുറോപ്പില്‍ നിന്നും ബ്രിട്ടനിലേക്ക് ആക്രമിച്ചു കടന്ന് കുടിയേറ്റം തുടങ്ങിയത്.‘Angles’ എന്ന വര്‍ഗ്ഗക്കാരാണ് ‘English’ ഭാഷ കൊണ്ടുവന്നത്. രാജ്യത്തിന്‍റെ പേരും അവര്‍ ഇംഗ്ലണ്ട് എന്നാക്കി മാറ്റി.

ഇംഗ്ലീഷ് ഇന്ത്യയില്‍ ഒരു വിദേശ ഭാഷയായി പരിഗണിക്കപ്പെടെണ്ടതുണ്ടോ എന്ന പ്രശ്നത്തിലേക്ക് വെളിച്ചം വീശുന്ന മറ്റു ചില യാഥാര്‍ത്ഥ്യങ്ങള്‍ കൂടി സൂചിപ്പിച്ചുകൊള്ളട്ടെ.

(1) ഇന്ന് ഇംഗ്ലീഷ് ഇംഗ്ലണ്ട്കാരുടെ ഭാഷ എന്ന നില കൈവിട്ട് ലോക ഭാഷയായി ഉയര്‍ന്നിരിക്കുന്നു. ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ഭാഷയാണത്. വിദേശ സഞ്ചാരത്തിന് പാസ്പോര്‍ട്ട്‌ പോലെ ഒഴിച്ച്കൂടാത്തതാണ് ഇംഗ്ലീഷ് പരിജ്ഞാനം. ചൈനയിലും റഷ്യയിലും ഇംഗ്ലീഷ് പഠനം തകൃതിയായി നടക്കുന്നു. അറബി രാജ്യങ്ങള്‍ അദ്ധ്യയനമാധ്യമം ഇംഗ്ലിഷിലേക്ക് മാറ്റുന്ന തിരക്കിലാണ്. ലോകത്തിലെ പ്രക്ഷേപണങ്ങളില്‍ 60 ശതമാനം ഇന്ന് ഇംഗ്ലിഷിലാണ്.

(2) ലോകത്തില്‍ ഇംഗ്ലീഷ് മാതൃഭാഷയായി സംസാരിക്കുന്നത് 32 കോടി ജനങ്ങളാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അതില്‍ വെറും ആറു (6) കോടി മാത്രമാണ് ഇംഗ്ലണ്ട്കാര്‍. അതായതു അഞ്ചിലൊന്ന് മാത്രം. മേല്‍പ്പറഞ്ഞ 32 കോടിക്കു പുറമേ 20 കോടി ജനങ്ങള്‍ ഇംഗ്ലീഷ് രണ്ടാം ഭാഷയായി ഉപയോഗിക്കുന്നു

(3) ഇപ്പോള്‍ ഇംഗ്ലീഷില്‍ ആകെയുള്ള പത്തു ലക്ഷം പദങ്ങളില്‍ ആംഗ്ലോസാക്സന്‍ ഭാഷയായ തനി ഇംഗ്ലീഷില്‍ നിന്നും വന്നത് വെറും 20 ശതമാനം മാത്രമാണ്. മറ്റെല്ലാം അന്യ ഭാഷയില്‍ നിന്നും വന്നവയാണ്.

(4) ഇന്ത്യയിലെ ന്യുനപക്ഷ സമുദായമായ ആംഗ്ലോ ഇന്ത്യക്കാരുടെ മാതൃഭാഷ ഇംഗ്ലീഷ് ആണ്

(5) 1971 ലെ കാനേഷുമാരി കണക്കനുസരിച്ച് 2 ലക്ഷം ഇന്ത്യക്കാര്‍ ഇംഗ്ലീഷ് തങ്ങളുടെ മാതൃഭാഷയായി പ്രഖ്യാപിച്ചു.

(6) ഏതാനും ചില ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും – നാഗാലാ‌‍ന്‍ഡ് , മേഘാലയ, അരുണാചല്‍ പ്രദേശ്‌, മിസോറാം, സിക്കിം, എന്നിവ – ഇംഗ്ലീഷ് ഏക ഔദ്യോഗിക ഭാഷയായി സ്വീകരിച്ചിരിക്കുകയാണ്.

(7) അന്തരിച്ച എം സി. ഛ്ഗ്ല ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ ആയിരിക്കുമ്പോള്‍ ഒരു സുപ്രധാന വിധിയില്‍ ഇംഗ്ലീഷിനെ ഒരു ഇന്ത്യന്‍ ഭാഷ ആയി പ്രഖ്യാപിക്കുകയുണ്ടായി. സുപ്രീം കോടതി പിന്നീടത്‌ ശരിയാണെന്ന് കല്‍പ്പിക്കുകയും ചെയ്തു.

(8) കേന്ദ്ര സാഹിത്യ അക്കാദമി ഇംഗ്ലീഷ് ഒരു ഇന്ത്യന്‍ ഭാഷയായി അംഗീകരിച്ചിട്ടുണ്ട്.

( തുടരും)

Share: