വിദ്യാസമുന്നതി സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Share:

2016-17 വര്‍ഷത്തേക്ക് കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ (സമുന്നതി) ഏര്‍പ്പെടുത്തിയ വിദ്യാസമുന്നതി സ്കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. ഡിസംബര്‍ 15 വരെ അപേക്ഷകള്‍ സ്വീകരിക്കും.
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, ഡിപ്ളോമ സര്‍ട്ടിഫിക്കറ്റ്, ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളിലും സി.എ, സി.എം.എ (ഐ.സി.ഡബ്ളിയു.എ) സി.എസ് കോഴ്സുകളിലും ഐ.ഐ.ടി, ഐ.ഐ.എം ഉള്‍പ്പെടെ ദേശീയ സ്ഥാപനങ്ങളിലെ വിവിധ ഡിഗ്രി കോഴ്സുകളിലും പഠിക്കുന്ന മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. അപേക്ഷകര്‍ സംസ്ഥാനത്തിലെ സംവരണേതര വിഭാഗങ്ങളില്‍പെടുന്നവരാകണം.
അപേക്ഷ ഓണ്‍ലൈനായി www.kswcfc.org എന്ന വെബ്സൈറ്റിലൂടെ നിര്‍ദേശാനുസരണം സമര്‍പ്പിക്കണം. നിര്‍ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്. ഈ ഒൗദ്യോഗിക വെബ്സൈറ്റിലെ ഡാറ്റബാങ്കില്‍ ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പിക്കാം. ഡാറ്റാബാങ്ക് രജിസ്ട്രേഷന്‍ നമ്പര്‍ മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുള്ളവര്‍ക്ക് അത് ഉപയോഗിച്ച് അപേക്ഷിക്കാം.
അപേക്ഷകരുടെ വാര്‍ഷിക കുടുംബവരുമാനം രണ്ടുലക്ഷം രൂപയില്‍ കവിയരുത്. അതത് സ്കീം / വിഭാഗങ്ങള്‍ക്കായി ആവശ്യപ്പെട്ട രേഖകള്‍ സ്കാന്‍ ചെയ്ത് അപേക്ഷയോടൊപ്പം അയക്കണം. പുതുക്കല്‍ ഇല്ലാത്തതിനാല്‍ മുന്‍വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ് ലഭിച്ചവരും പുതുതായി അപേക്ഷിക്കേണ്ടതാണ്.
ഹൈസ്കൂള്‍ തലത്തില്‍ 20,000 സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാകും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വര്‍ഷം 2000 രൂപ ലഭിക്കും. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ 14000 സ്കോളര്‍ഷിപ്പുകളാണുള്ളത്. വര്‍ഷം 3000 രൂപയാണ് സ്കോളര്‍ഷിപ്.
ഡിപ്ളോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ 1000 സ്കോളര്‍ഷിപ്പുകളുണ്ടാവും. വാര്‍ഷിക സ്കോളര്‍ഷിപ് തുക 6000 രൂപ.
ഗ്രാജ്വേറ്റ് തലത്തില്‍ പ്രഫഷനല്‍ വിഭാഗത്തില്‍ 2500 സ്കോളര്‍ഷിപ്പുകളും നോണ്‍ പ്രഫഷനല്‍ വിഭാഗത്തില്‍ 3500 സ്കോളര്‍ഷിപ്പുകളും ലഭ്യമാകും.
യഥാക്രമം 7000, 5000 രൂപ വീതമാണ് വാര്‍ഷിക സ്കോളര്‍ഷിപ് തുകയായി ലഭിക്കുക.
പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തില്‍ പ്രഫഷനല്‍ കോഴ്സ് വിഭാഗത്തില്‍ 1250 സ്കോളര്‍ഷിപ്പുകളും നോണ്‍ പ്രഫഷനല്‍ വിഭാഗത്തില്‍ 1667 സ്കോളര്‍ഷിപ്പുകളുമുണ്ടാവും. യഥാക്രമം 8000, 6000 രൂപ വീതമാണ് വാര്‍ഷിക സ്കോളര്‍ഷിപ് തുകയായി ലഭിക്കുന്നത്.
സി.എ/സി.എം.എ (ഐ.സി.ഡബ്ള്യൂ.എ) /സി.എസ് വിഭാഗങ്ങളില്‍ 100 സ്കോളര്‍ഷിപ്പുകളാണുള്ളത്. വര്‍ഷം 10,000 രൂപയാണ് സ്കോളര്‍ഷിപ് തുക.
ഐ.ഐ.ടി.എസ്, ഐ.ഐ.എം.എസ്, ഐ.ഐ.എസ്.സി, എന്‍.എല്‍.എസ്.ഐ.യു മുതലായ ദേശീയതല സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് (ഡിഗ്രി / പി.ജി) 120 സ്കോളര്‍ഷിപ് ലഭ്യമാകും. വര്‍ഷം 50,000 രൂപയാണ് സ്കോളര്‍ഷിപ് തുക.യോഗ്യത മാനദണ്ഡങ്ങള്‍, അപേക്ഷിക്കേണ്ട രീതി മുതലായ സമഗ്ര വിവരങ്ങള്‍ www.kswcfc.org എന്ന വെബ്സൈറ്റില്‍ ലഭിക്കുന്നതാണ്.

Share: