സിവിൽ സർവിസസ് പരീക്ഷ: കേരളത്തിൻറെ സ്ഥാനം
- റിഷി പി രാജൻ
2017 ലെ സിവിൽ സർവിസസ് പരീക്ഷയിൽ മലയാളിക്ക് അഭിമാനിക്കാവുന്നതായി രണ്ട് കാര്യങ്ങളാണുണ്ടായിരുന്നത്.
ഒന്ന് പരീക്ഷാ വിജയികളിലെ ഏറ്റവും പ്രായംകുറഞ്ഞ പെൺകുട്ടി, കേരളത്തിൽ നിന്നുള്ള സുശ്രീ. രണ്ട് ഇന്റർവ്യൂവിൽ ഏറ്റവുമധികം മാർക്ക് വാങ്ങിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ രമിത് ചെന്നിത്തല .
ഇത്തവണ 33 മലയാളികളാണ് സിവിൽ സർവിസസ് പട്ടികയിലുള്ളത്. നൂറിനുള്ളിൽ റാങ്ക് നേടിയ നാല് പേരാനുള്ളത്.
ദേശീയ തലത്തിൽ പതിനാറാം റാങ്ക് നേടിയ ശിഖ സുരേന്ദ്രനാണു കേരളത്തിൽ ഒന്നാം സ്ഥാനത്തു. പ്രതിസന്ധികളെ അതിജീവിച്ചാണ് ശിഖ, ഏഴ് സെന്റിലെ കൊച്ചുവീട്ടിലേക്ക് ഐ എ എസ് കൊണ്ടുവന്നത്. കോലഞ്ചേരി വടയമ്പാടി കാവനാക്കുടിയിൽ കെ.കെ.സുരേന്ദ്രന്റെയും സിലോയുടെയും മകളാണ് ശിഖ.
നൂറ്റി അൻപത്തി ഒന്നാമത് റാങ്ക് നേടിയ സുശ്രീ കൊല്ലം, അഞ്ചൽ സ്വദേശി സുനിൽ കുമാറിന്റെയും ശ്രീകലയുടെയും മൂത്ത മകളാണ്. കോഴിക്കോട് ബേപ്പൂർ തമ്പിറോഡ് ചിത്രാഞ്ജലിയിൽ കെ.പി.സുരേന്ദ്രന്റെയും ദേവിയുടെയും മകൾ എസ്.അഞ്ജലി (26–ാംറാങ്ക്), കോട്ടയം കഞ്ഞിക്കുഴി, പള്ളിപ്പറമ്പിൽ പരേതനായ സലിം ജോർജിന്റെയും ഐഷയുടെയും മകൾ എസ്.സമീര (28), ഇരിങ്ങാലക്കുട കുരുമ്പിശേരി കല്ലിക്കാട്ട് ഗോപിയുടെയും ഇന്ദിരയുടെയും മകൻ ഹരി കല്ലിക്കാട്ട് (58) എന്നിവരാണ് ആദ്യ നൂറു റാങ്കിനുള്ളിലെ മറ്റു മലയാളികൾ.
210-ാം റാങ്ക് നേടിയ രമിത് ചെന്നിത്തല മൂന്നാമത് തവണയാണ് പരീക്ഷ എഴുതുന്നത്. ഐപിഎസ് ലഭിക്കാനാണ് സാധ്യത. കാക്കിയണിയാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഐഎഎസ് ഉറപ്പിക്കാന്‍ ഒരു വട്ടം കൂടി ശ്രമിക്കാനാണ് രമിതിന്റെ തീരുമാനം.
തെലങ്കാനയിൽനിന്നുള്ള പിന്നാക്ക വിഭാഗക്കാരനായ അനുദീപ് ദുരിഷെട്ടിക്കാണു ദേശീയതലത്തിൽ ഒന്നാം റാങ്ക്. ഹരിയാന സോനിപ്പത്ത് സ്വദേശി അനു കുമാരി രണ്ടാം റാങ്കും സച്ചിൻ ഗുപ്ത മൂന്നാം റാങ്കും നേടി. ആദ്യത്തെ 25 റാങ്കിൽ എട്ടുപേർ വനിതകളാണ്. പൂർണമായും കാഴ്ചയില്ലാത്ത ബെനോ സെഫൈൻ, ദിവ്യാംഗവിഭാഗത്തിൽപെട്ട സൗമ്യ ശർമ എന്നിവർ ആദ്യറാങ്കുകളിലെത്തി ചരിത്രം സൃഷ്ടിച്ചു.
സിവിൽ സർവിസസ് റാങ്ക് പട്ടികയിൽ ഇത്തവണ 990 പേരാണുള്ളത്. പൊതുവിഭാഗത്തിൽ 476, ഒബിസി 275, പട്ടികവിഭാഗം 239. ഐഎഎസ് 180, ഐപിഎസ് 150, ഐഎഫ്എസ് 42 എന്നിങ്ങനെയാണ് ഇത്തവണത്തെ ഒഴിവ്.ഗ്രൂപ്പ് എ സർവീസുകളിൽ 565, ഗ്രൂപ്പ് ബിയിൽ 121 ഒഴിവുകളുമുണ്ട്. മൊത്തം 1058. കേരളത്തിൽ നിന്നുള്ള എട്ട് പേർക്കാണ് ഐ എ എസ് ലഭിക്കാൻ സാധ്യത. സാക്ഷരതയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നു എന്നഭിമാനിക്കുന്ന മലയാളികളിൽ എട്ടു പേർക്ക് മാത്രമാണ് ജില്ലാ കളക്ടർ / ചീഫ് സെക്രട്ടറി പദവിയിലെത്താൻ കഴിയുക എന്ന് സാരം.
കേരളത്തിലാകെ ഇന്ന് സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചു അവബോധമുണ്ടായിട്ടുണ്ട് എന്നതൊരു യാഥാർഥ്യമാണ്. 1984 ൽ ‘കരിയർ മാഗസിൻ’ ആരംഭിക്കുമ്പോൾ അതായിരുന്നില്ല അവസ്ഥ. ആദ്യ ലക്കത്തിൽ
‘ഐ എ എസ് പരീക്ഷ എങ്ങനെ എഴുതാം’ എന്ന ലേഖനം പ്രസിദ്ധീകരിച്ചു. മാതൃകാ ചോദ്യപേപ്പർ പ്രസിദ്ധീകരിച്ചു. സിവിൽ സർവീസ് പരീക്ഷ ജയിച്ചവരെ കണ്ടെത്തി അഭിമുഖങ്ങൾ പ്രസിദ്ധീകരിച്ചു. സിവിൽ സർവീസ് പരീക്ഷ യെക്കുറിച്ചു വേണ്ടത്ര അറിവ് ലഭിച്ചിട്ടില്ലാത്തവർ ഇപ്പോഴും കേരളത്തിൽ ഉണ്ട് എന്നതാണ് യാഥാർഥ്യം.ഇപ്പോൾ തൊഴിൽ ബോധവൽക്കരണ പ്രസിദ്ധീകരണങ്ങൾ കൂടി ; പരിശീലന സൗകര്യങ്ങൾ കൂടി.പരിശീലനം നൽകുന്നതിനായി സിവിൽ സർവീസ് അക്കാദമി സർക്കാർ സ്ഥാപിച്ചു . തീർച്ചയായും അതു വഴിത്തിരിവായി.കേരളം ഒട്ടാകെ ഒരു സിവിൽ സർവീസ് അവബോധം ഉണ്ടായി…
തിരുവനന്തപുരം ഒരു സിവിൽ സർവീസ് പരിശീലന കേന്ദ്രമായി വളർന്നു. സർക്കാരിന്റെ സിവിൽ സർവീസ് അക്കാദമിയിൽ ചേരണമെങ്കിൽ എൻട്രൻസ് എഴുതി ജയിക്കണം എന്ന അവസ്ഥയായി. കേരളത്തിലെ ഗ്രാമങ്ങളിലുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇപ്പോഴും സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചു വ്യക്തമായ ധാരണയില്ല. എന്താണ് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യതയെന്ന് പോലുമറിയാത്ത ബിരുദാനന്തര ബിരുദധാരികൾ കേരളത്തിലുണ്ട്. എന്നതാണ് യാഥാർഥ്യം.
ആനുപാതികമായി നോക്കുമ്പോൾ കേരളത്തിൽനിന്നും സിവിൽ സർവീസസ് പരീക്ഷയിൽ മുൻ നിരയിലെത്തുന്നവർ കുറവാണ്.
എന്താണ് സിവിൽ സർവീസ് പരീക്ഷ ?
ഇന്ത്യന്‍ ഔദ്യോഗിക മേഖലയുടെ , പരമോന്നത പദവികളിലേക്കുള്ള പാതയാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് (ഐ.എ.എസ്), ഇന്ത്യന്‍ പോലീസ് സര്‍വ്വീസ് (ഐ.പി.എസ്), ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ് (ഐ.എഫ്.എസ്) എന്നിവയിലേക്കും ഇന്‍കംടാക്സ്, കസ്റ്റംസ്, തപാല്‍വകുപ്പ്, റയില്‍വേ, അക്കൗണ്ട് ആന്‍ഡ് ആഡിറ്റ്, കോര്‍പ്പറേറ്റ് ലോ തുടങ്ങി നിരവധി മറ്റു വകുപ്പുകളിലെ ക്ലാസ്സ് വണ്‍ ഉദ്യോഗങ്ങളിലേക്കും ചില ഗ്രൂപ്പ് ബി തസ്തികകളിലേക്കുമുള്ള തെരഞ്ഞെടുപ്പിനുള്ള പൊതുപരീക്ഷയാണിത്.
ഐ.എ.എസ് പരീക്ഷ എന്നു സാമാന്യജനം കാലങ്ങളായി വിളിച്ചുപൊരുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷയിലൂടെ സര്‍ക്കാര്‍ സര്‍വ്വീസിന്‍റെ ഉന്നതതലങ്ങളിലെത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം അറിഞ്ഞിരിക്കേണ്ടത് ഈ പരീക്ഷയുടെ കൃത്യമായ രൂപമാണ്. പഠനവും പരിശീലനവും ആരംഭിക്കുന്നതിനു മുമ്പുതന്നെ ഈ അറിവ് ഉണ്ടായേ മതിയാവൂ; പരീക്ഷാഘടനയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സാരമായ പരിഷ്ക്കരണം നടന്നതിനാല്‍ പ്രത്യേകിച്ചും.
യോഗ്യത : ബിരുദധാരികളായ ആർക്കും എഴുതാവുന്നതാണു സിവിൽ സർവീസ് പരീക്ഷ.
പ്രായം 21-നും 32-നും മദ്ധ്യേ ഒ.ബി.സി. വിഭാഗത്തിന് ഉയര്‍ന്ന പ്രായപരിധി 35-ഉം പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തിന് 37-ഉം ആണ്.ഏതു വിഷയം പഠിച്ചുവെന്നതിനോ എത്ര മാര്‍ക്കു നേടിയെന്നതിനോ ഈ പരീക്ഷയില്‍ പ്രസക്തിയില്ല. രണ്ടു ഘട്ടങ്ങളുള്ള എഴുത്തുപരീക്ഷയുടെയും തുടര്‍ന്നുള്ള ഇന്‍റര്‍വ്യൂവിന്‍റെയും അടിസ്ഥാനത്തിലാ ണ് തെരഞ്ഞെടുപ്പ്.
യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ നടത്തുന്നത്. പരീക്ഷയ്ക്ക് മൂന്നു ഘട്ടങ്ങളാണുള്ളത്.
1. പ്രാഥമിക പരീക്ഷ
2. പ്രധാന പരീക്ഷ
3. വ്യക്തിത്വ പരീക്ഷ
ഇവയില്‍ പ്രധാന പരീക്ഷ, വ്യക്തിത്വ പരീക്ഷ എന്നിവയിൽ മൊത്തത്തില്‍ ലഭിക്കുന്ന മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് അവസാന തെരഞ്ഞെടുപ്പ്. പ്രധാന പരീക്ഷഎഴുതുവാന്‍ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുക എന്നതു മാത്രമാണ് പ്രാഥമിക പരീക്ഷയുടെ ഉദ്ദേശ്യം.
ഒരു വര്‍ഷം കണക്കാക്കപ്പെടുന്ന ഒഴിവുകളുടെ ഏതാണ്ട് 12 ഇരട്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രാഥമിക പരീക്ഷയുടെ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രധാനപരീക്ഷ എഴുതാന്‍ അര്‍ഹത ലഭിക്കും. ഒഴിവുകളുടെ എണ്ണത്തിന്‍റെ ഇരട്ടിപ്പേര്‍ക്ക് പ്രധാന പരീക്ഷാ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും.
പ്രാഥമിക പരീക്ഷ
ഒബ്ജക്ടീവ് മാതൃകയില്‍ 2 ഭാഗങ്ങളുള്ള പരീക്ഷയാണിത്.
1) ജനറല്‍ സ്റ്റഡീസ് പേപ്പര്‍ ഒന്ന്. 2) ജനറല്‍ സ്റ്റഡീസ് പേപ്പര്‍ രണ്ട്.
ഇതില്‍ ഒന്നാം പേപ്പറിന്‍റെ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് പ്രധാന പരീക്ഷയ്ക്ക് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്. രണ്ടാം പേപ്പര്‍ യോഗ്യതാ പരീക്ഷയാണ്. ഈ പേപ്പറില്‍ 33% മാര്‍ക്കു നേടണമെന്നതാണു മാനദണ്ഡം.
ഒന്നാം പേപ്പറില്‍ ആനുകാലിക സംഭവങ്ങൾ , ഇന്ത്യാ ചരിത്രം, ദേശീയ പ്രസ്ഥാനം, ജ്യോഗ്രഫി, ഇക്കണോമിക്സ്, പോളിറ്റിക്കല്‍ സയന്‍സ്, സോഷ്യല്‍ ഡവലപ്മെന്‍റ്, അടിസ്ഥാനശാസ്ത്രം, കല, സംസ്കാരം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളുണ്ടാവും.
യോഗ്യതാ പരീക്ഷയായ രണ്ടാം പേപ്പറില്‍ കോംപ്രിഹെന്‍ഷന്‍, കമ്മ്യൂണിക്കേഷന്‍, ലോജിക്കല്‍ റീസണിംഗ്, ന്യൂമറിക്കല്‍ എബിലിറ്റി, ഇംഗ്ലീഷ്, മെന്‍റല്‍ എബിലിറ്റി തുടങ്ങിയ വിഷയങ്ങളുണ്ട്.
പ്രധാന പരീക്ഷ
പ്രധാന പരീക്ഷയ്ക്ക് ഒമ്പതു പേപ്പറുകളുണ്ട്. എഴുത്തുപരീക്ഷയാണെല്ലാം.
ഒന്നാം പേപ്പര്‍ എട്ടാം ഷെഡ്യൂളിലുള്ള ഇന്ത്യന്‍ ഭാഷകളിലൊന്നിലും രണ്ടാം പേപ്പര്‍ ഇംഗ്ലീഷ് ഭാഷയിലുമുള്ള പരീക്ഷയാണ്. 300 മാര്‍ക്ക് വീതമുള്ള ഈ രണ്ടു പേപ്പറുകളും യോഗ്യതാ പരീക്ഷകളാണ്. ഇവയ്ക്ക് നിശ്ചിത മാര്‍ക്ക് നേടണം. എന്നാല്‍ ഈ മാര്‍ക്കുകള്‍ മൊത്തം മാര്‍ക്കില്‍ കൂട്ടില്ല.
ബാക്കിയുള്ള ഏഴു പേപ്പറുകള്‍ക്കും 250 മാര്‍ക്കു വീതമാണ്. ഇതില്‍ ഒരെണ്ണം ഉപന്യാസം (ESSAY) പേപ്പറാണ്. നാലു പേപ്പറുകള്‍ ജനറല്‍ സ്റ്റഡീസ് പേപ്പറുകളും രണ്ടെണ്ണം നാം തിരഞ്ഞെടുക്കുന്ന ഓപ്ഷണല്‍ വിഷയത്തിലുമാണ്.
ഒട്ടുമിക്ക ശാസ്ത്രവിഷയങ്ങളും ഹ്യൂമാനിറ്റീസ് വിഷയങ്ങളും എഞ്ചിനീയറിംഗും മെഡിസിനും നിയമവും വിവിധ ഭാഷാസാഹിത്യങ്ങളുമൊക്കെ ഓപ്ഷണല്‍ വിഷയങ്ങളുടെ പട്ടികയിലുണ്ട്. മുമ്പൊക്കെ രണ്ട് ഓപ്ഷണല്‍ വിഷയങ്ങള്‍ എഴുതണമായിരുന്നു. ഇപ്പോളത് ഒന്നാക്കി കുറച്ചിട്ടുണ്ട്. ബിരുദതലത്തില്‍ ഉദ്യോഗാര്‍ത്ഥി പഠിച്ച വിഷയം തന്നെ ഓപ്ഷണലായി തിരഞ്ഞെടുക്കണമെന്നു നിബന്ധനയില്ല.
ഇന്‍റര്‍വ്യൂ
പ്രധാന പരീക്ഷയുടെ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഇന്‍റര്‍വ്യൂവിനു ക്ഷണിക്കും. ആഴത്തിലുള്ള വ്യക്തിത്വപരിശോധനയാവും ഇന്‍റര്‍വ്യൂബോര്‍ഡ് നടത്തുക. വിവിധ മേഖലകളിലൂന്നിയുള്ള ഈ കൂടിക്കാഴ്ച ഫലപ്രാപ്തിയില്‍ ഉന്നത നിലവാരമുള്ളതാണ്. 275 മാര്‍ക്കാണ് ഇന്‍റര്‍വ്യൂവിനുള്ളത്.
പ്രധാന പരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍റെയും മൊത്തം മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് അവസാന തിരഞ്ഞെടുപ്പ്. ഉദ്യോഗാര്‍ത്ഥിയുടെ റാങ്കും വിവിധ സര്‍വ്വീസുകളിലേക്കുള്ള അയാളുടെ മുന്‍ഗണനാക്രമവും അനുസരിച്ച് സര്‍വ്വീസുകള്‍ അനുവദിക്കും.
ജനറല്‍ വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷ പരമാവധി 6 തവണ മാത്രമേ എഴുതാന്‍ കഴിയൂ. ഒ.ബി.സി. വിഭാഗത്തിന് 9 തവണ എഴുതാം. പട്ടികജാതി വര്‍ഗ്ഗ വിഭാഗത്തിന് ഇത്തരമൊരു പരിധിയില്ല.
സംവരണതത്ത്വങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും അവസാന പട്ടിക തയ്യാറാക്കുക.
കൃത്യമായ പ്ലാനിംഗോടെ തീവ്രവും ചിട്ടയുള്ളതുമായ പരിശീലനം നടത്തിയാല്‍ ഒരു ശരാശരി വിദ്യാര്‍ത്ഥിക്കുപോലും സിവില്‍ സര്‍വ്വീസ് പരീക്ഷ ഒരു ബാലികേറാമലയല്ല.
ചിത്രം : ശിഖ സുരേന്ദ്രൻ