ആധുനിക സാങ്കേതികതയിലെ ചതിക്കുഴികളെക്കുറിച്ചു ജാഗ്രത വേണം -മുഖ്യമന്ത്രി

Share:

ആധുനിക കാലത്തെ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ത്തന്നെ അതിലെ ചതിക്കുഴികളെക്കുറിച്ച് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ എല്ലാവരും ഒത്തുചേര്‍ന്ന് നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളനാട് ജി.കാര്‍ത്തികേയന്‍ സ്മാരക ഗവ: വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആധുനിക സാങ്കേതികവിദ്യകളുടെ പരിശീലനത്തിന് വിദ്യാര്‍ഥികള്‍ പ്രാപ്തരാകണം. എന്നാല്‍ അതിലെ അപകടകരമായ വശങ്ങളും ശ്രദ്ധിക്കണം. ലഹരി മാഫിയകള്‍ സ്‌കൂളുകളിലേക്കും യുവതലമുറയിലേക്കും കടന്നുവരാതിരിക്കാനും സ്‌കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും കരുതല്‍ വേണം. കേരളത്തില്‍ ഇന്ന് കാണുന്ന ശക്തമായ മതനിരപേക്ഷ സമൂഹം ഉയര്‍ന്നുവന്നതില്‍ ശക്തമായ പങ്ക് വഹിച്ചത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവരും ഒരേ മനസോടെ കളിച്ചുപഠിച്ചുവളര്‍ന്നതിന്റെ ഗുണമാണിത്. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ വാണിജ്യതാത്പര്യത്തോടെ ലാഭമുണ്ടാക്കാന്‍ വിദ്യാഭ്യാസരംഗത്ത് പലരും പകിട്ടോടെ കടന്നുവന്നതിലൂടെയാണ് പൊതുവിദ്യാഭ്യാസ അന്തരീക്ഷത്തെ ഉലച്ചത്. അത്തരത്തിലുള്ള പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ആവശ്യമായ സഹായങ്ങള്‍ നല്‍കുമെങ്കിലും സര്‍ക്കാരിന് മാത്രമായി എല്ലാകാര്യങ്ങളും നിര്‍വഹിക്കാനുള്ള സാമ്പത്തികശേഷിയില്ല. ആ ഘട്ടത്തില്‍ നാട്ടുകാരുടെ പങ്കാളിത്തവും പി.ടി.എയുടേയും പൂര്‍വ വിദ്യാര്‍ഥികളുടേയും,തദ്ദേശസ്ഥാപനങ്ങളുടേയും എം.പിമാരും എം.എല്‍.എമാരും മുന്നിട്ടിറങ്ങിയാല്‍ എല്ലാ പൊതു വിദ്യാലയങ്ങളും അഭിവൃദ്ധിപ്പെടും. ഇതിനായി പശ്ചാത്തല സൗകര്യവും അക്കാദമിക കാര്യങ്ങളും മെച്ചപ്പെടണം.

അക്കാദമികമായ പുരോഗതി എങ്ങനെ ചെയ്യണമെന്ന് ഏകീകൃതരൂപം സര്‍ക്കാരിനുണ്ട്. ഇതെല്ലാം പ്രയോജനപ്പെടുത്തിയാല്‍ ഓരോ സ്‌കൂളും മികവിന്റെ കേന്ദ്രങ്ങളാവുകയും ലോകത്തെ ഏതു ഭാഗത്തുള്ള വിദ്യാര്‍ഥിയുമായും ഇവിടുള്ള കുട്ടികള്‍ക്ക് കിടപിടിക്കാനുമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ജനങ്ങള്‍ പുലര്‍ത്തുന്ന പ്രതീക്ഷയാണ് ഈവര്‍ഷത്തെ സ്‌കൂള്‍ പ്രവേശനത്തില്‍ സംസ്ഥാനമാകെയുണ്ടായ വര്‍ധന കാണിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ആ പ്രതീക്ഷ ശരിവെക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അധ്യാപകര്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണം. വെള്ളനാട് സ്‌കൂളില്‍ ഈ വര്‍ഷം തന്നെ എട്ടുമുതല്‍ 12 വരെയുള്ള എല്ലാ ക്ലാസുകളും ഹൈടെക് ആക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. കുട്ടികളുടെ സര്‍ഗശേഷി ഉയര്‍ത്താനാവുംവിധമുള്ള പാഠ്യപദ്ധതി പരിഷ്‌കരണം വരുമെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. എല്ലാവരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ആകാനായി ശ്രമിക്കാതെ വിദ്യാര്‍ഥികള്‍ അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച തൊഴില്‍മേഖല തിരഞ്ഞെടുക്കാനാവണമെന്ന് അദ്ദേഹം പറഞ്ഞു.

നിശ്ചിത സമയത്തിന് മുമ്പേ സ്‌കൂള്‍ കെട്ടിടം പണി പൂര്‍ത്തിയാക്കാന്‍ മുന്‍കൈയെടുത്ത പൊതുമരാമത്ത് ഉദ്യോഗസ്ഥരെയും കരാറുകാരെയും അദ്ദേഹം അഭിനന്ദിച്ചു. മികച്ച വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിര്‍വഹിച്ചു. വെള്ളനാട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അനിതകുമാരി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.രഞ്ജിത്ത്, വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി, ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍.റീന, ബ്‌ളോക്ക് പഞ്ചായത്ത് അംഗം സി. ജ്യോതിഷ്‌കുമാര്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ വെള്ളനാട് ശ്രീകണ്ഠന്‍, എസ്.ഗിരിജകുമാരി, എച്ച്.എസ്.എസ് വിഭാഗം പ്രിന്‍സിപ്പല്‍ എം.ജി.വേണുഗോപാല്‍, വി.എച്ച്.എസ്.ഇ വിഭാഗം പ്രിന്‍സിപ്പല്‍ പ്രവീണ്‍ പ്രകാശ്, ഹെഡ്മിസ്ട്രസ് എസ്.ജയകുമാരി, പി.റ്റി.എ പ്രസിഡന്റ് ടി.ഒ. ശ്രീകുമാര്‍, വി.എസ്. ശോഭന്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ സ്വാഗതവും ജില്ലാ പഞ്ചായത്തംഗം എല്‍.പി.മായാദേവി നന്ദിയും പറഞ്ഞു.

സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി എട്ടു കോടി രൂപ ചെലവിട്ടാണ് മൂന്ന് നിലകളിലായി 21 ക്ലാസ്മുറികളും സ്റ്റാഫ് മുറികളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ മന്ദിരം സജ്ജീകരിച്ചിരിക്കുന്നത്. 18 മാസം നിര്‍മ്മാണ കാലാവധി നല്‍കിയിരുന്ന മന്ദിരം 13 മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

Share: