പുതിയ കോഴ്‌സുകൾ ; പുതിയ സാധ്യതകൾ

Share:

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, നമ്മുടെ സംസ്ഥാനത്തും എടുത്തുപറയേണ്ട പരിവര്‍ത്തനം സംഭവിച്ചുകഴിഞ്ഞു. പഴയകാലത്തേതില്‍നിന്ന് വ്യത്യസ്തമായ അക്കാദമിക വിഷയങ്ങളും ഇതിന്‍െറ അടിസ്ഥാനത്തില്‍ നല്‍കപ്പെടുന്ന ബിരുദങ്ങളും ആരംഭിച്ച് കഴിഞ്ഞു. ഇവ നല്‍കാനായി സ്ഥാപിക്കപ്പെട്ടതോ, പരമ്പരാഗത രൂപത്തില്‍ സ്ഥാപിക്കപ്പെട്ടതിനെ രൂപപരിവര്‍ത്തനം നടത്തി യതോ ആയ കോളജുകളെ കുറിച്ച് ആശങ്കകളും സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ പുനര്‍ക്രമീകരണത്തിനുശേഷം നടക്കുന്ന കോഴ്സുകളും കോളജുകളും പരിചയപ്പെടാം.
ന്യൂജനറേഷന്‍ കോഴ്സുകള്‍
മുന്‍കാലങ്ങളില്‍ പരമ്പരാഗതമായ ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും ഒരു പ്രത്യേക വിഷയത്തില്‍ ഒന്നോ രണ്ടോ മാത്രമായിരുന്നു. ഉദാഹരണത്തിന് ബയോളജി സയന്‍സില്‍ മുന്‍കാലങ്ങളിലുണ്ടായിരുന്ന പരമ്പരാഗത ബിരുദങ്ങള്‍ ബി.എസ്സി ബോട്ടണി, ബി.എസ്സി സുവോളജി എന്നിവയായിരുന്നു. ഇവക്ക് പുറത്ത് ഈ വിഷയത്തില്‍ മറ്റൊരു ബിരുദവും കേരളത്തിലെ സര്‍വകലാശാലകള്‍ നല്‍കിയിരുന്നില്ല.
എന്നാല്‍, പുതിയ കാലത്തുണ്ടായ ശാസ്ത്രമുന്നേറ്റങ്ങളും ഒരു വിഷയത്തിലെ സൂക്ഷ്മമായ പഠനത്തിന്‍െറയും അനുസരിച്ചാണ് ന്യൂജനറേഷന്‍ കോഴ്സുകള്‍ ആരംഭിച്ചത്.
ന്യൂജനറേഷന്‍ കോഴ്സുകളെ വൊക്കേഷനല്‍, മോഡല്‍ II എന്നീ പേരുകളിലാണ് സര്‍വകലാശാലകള്‍ അവതരിപ്പിക്കുന്നത്. ഈ കോഴ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത് വളരെ കൃത്യമായ തൊഴിലിനുവേണ്ടിയാണ്. ഉദാഹരണത്തിന് ഒരു വിദ്യാര്‍ഥി കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാശാലയില്‍ ബി.എ ഇംഗ്ളീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ പഠിക്കാന്‍ തീരുമാനിച്ചാല്‍ ഇംഗ്ളീഷ് സാഹിത്യവും ഭാഷയുമാണ് ആഴത്തില്‍ പഠിക്കുക. എന്നാല്‍, മോഡല്‍ II ല്‍ ഉള്‍പ്പെട്ട ബി.എ ഇംഗ്ളീഷ് ക്രിയേറ്റിവ് റൈറ്റിങ് ആണെങ്കില്‍ ഈ ബിരുദം ലക്ഷ്യംവെക്കുന്നത് ക്രിയേറ്റിവ് രചനകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിശീലനവും ആ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഭാഷാപരിശീലനവും നല്‍കുക എന്നതാണ്. ഇത് കൃത്യമായൊരു തൊഴിലുമായി ബന്ധപ്പെടുത്തി രൂപംകൊടുത്തിട്ടുള്ള സിലബസും അനുബന്ധ പഠനങ്ങളുമാണ്.
ഇത്തരം കോഴ്സുകളില്‍ ചേരുന്ന കുട്ടികള്‍ ഈ വ്യത്യാസങ്ങള്‍ മനസ്സിലാക്കാതെയാണ് കോഴ്സുകളില്‍ ചേരുന്നത്. കോഴ്സ് പഠിച്ച് വിജയിച്ചതിനുശേഷം ഒരു തൊഴിലിനായി തന്‍െറ ബിരുദവുമായി സമീപിക്കുമ്പോഴാണീ വ്യത്യാസം വിദ്യാര്‍ഥി തിരിച്ചറിയുക. ആയതിനാല്‍ ന്യൂജനറേഷന്‍ കോഴ്സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
•പഠിക്കുന്ന ന്യൂജനറേഷന്‍ കോഴ്സ് എന്തുതരം ജോലിക്കായാണ് പഠിതാവിനെ പ്രാപ്തനാക്കുന്നത്?
•ന്യൂജനറേഷന്‍ കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന തൊഴിലുകള്‍ രാജ്യത്ത് ലഭ്യമാണോ?
•ഇത്തരം കോഴ്സുകളുടെ ഉപരിപഠന സാധ്യത എന്ത്?
•പ്രഫഷനല്‍ കോഴ്സുകളുടെ സ്വഭാവത്തില്‍ ആരംഭിച്ചിട്ടുള്ള ഇത്തരം ചില കോഴ്സുകള്‍ നിര്‍ബന്ധമായും നേടിയിരിക്കേണ്ട സ്റ്റാറ്റ്യൂട്ടറി ബോഡികളുടെ അംഗീകാരം നേടിയിട്ടുണ്ടോ?
•കോഴ്സ് പഠിച്ചിറങ്ങുമ്പോള്‍ ഇവയുടെ തൊഴില്‍ മാര്‍ക്കറ്റ് എങ്ങനെ ആയിരിക്കും?
സൂക്ഷ്മതയോടെ വിലയിരുത്തി തീരുമാനിച്ച് മാത്രമേ ന്യൂജനറേഷന്‍ കോഴ്സുകളില്‍ ചേരാവൂ.
ന്യൂജനറേഷന്‍ കോഴ്സുകള്‍പോലെ ശ്രദ്ധിക്കേണ്ട കാര്യമാണ് ന്യൂജനറേഷന്‍ കോളജുകള്‍. പുതിയ കാലത്ത് കേരളത്തിലെ കോളജുകളുടെ കാര്യത്തിലും പ്രവര്‍ത്തനത്തിലും കാതലായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പ്രധാനമായും മൂന്നുതരം കോളജുകളാണ് പ്രവര്‍ത്തിക്കുന്നത്.
ഗവ./എയ്ഡഡ് കോളജ്
പൂര്‍ണമായും ഗവണ്‍മെന്‍റ് ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന കോളജുകള്‍. ഇതില്‍ ഗവ. കോളജുകളുടെ മാനേജ്മെന്‍റും ഗവണ്‍മെന്‍റായതിനാല്‍ മുഴുവന്‍ വിദ്യാഭ്യാസ സംവരണവും അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ഥിക്ക് ലഭിക്കും. നൂറു ശതമാനം സീറ്റുകളിലും ജനറല്‍ സംവരണം എന്ന അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുക.
എന്നാല്‍, എയ്ഡഡ് കോളജുകളിലെ ആകെയുള്ള സീറ്റുകളില്‍ 50 ശതമാനമേ പൊതു മെറിറ്റുള്ളൂ. ഇത്തരം കോളജുകളില്‍ എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് മാത്രമേ അഡ്മിഷന് സംവരണാനുകൂല്യം ലഭിക്കൂ. മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് അഡ്മിഷന്‍െറ കാര്യത്തില്‍ സംവരണം ലഭിക്കില്ല. ഇത്തരം കോളജുകളിലെ ജനറല്‍ സീറ്റിനുശേഷം വരുന്ന സീറ്റുകള്‍ മാനേജ്മെന്‍റ്, കമ്യൂണിറ്റി സീറ്റുകള്‍ എന്നപേരിലാണ് മാറ്റിവെച്ചിട്ടുള്ളത്. കമ്യൂണിറ്റി മെറിറ്റില്‍ കോളജ് നടത്തുന്ന സമുദായത്തിലെയോ മതത്തിലെയോ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കൂ. മാനേജ്മെന്‍റ് സീറ്റുകളില്‍ മാനേജ്മെന്‍റിന് ഇഷ്ടമുള്ള യോഗ്യതയുള്ള വിദ്യാര്‍ഥിക്ക് പ്രവേശനം നല്‍കാം. പ്രവേശനം ഇപ്പോള്‍ എല്ലാ സര്‍വകലാശാലകളും സെന്‍ട്രലൈസ്ഡ് രീതിയില്‍ നടത്തുന്നതിനാല്‍ മാനേജ്മെന്‍റ് സീറ്റുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ അതത് കോളജില്‍നിന്ന് മാനേജ്മെന്‍റ് സീറ്റുകള്‍ക്കുള്ള പ്രവേശന ഫോറങ്ങള്‍ വാങ്ങി അതില്‍ അപേക്ഷ സമര്‍പ്പിക്കണം. മുകളില്‍ സൂചിപ്പിച്ച കോളജുകളില്‍ ഫീസ് വളരെ കുറവായിരിക്കും.
സര്‍ക്കാര്‍ നിയന്ത്രണമുള്ള സ്വാശ്രയ കോളജുകള്‍
കേരള സര്‍ക്കാറിന്‍െറ ഏതെങ്കിലും സ്ഥാപനങ്ങള്‍, ഉദാഹരണമായി സര്‍വകലാശാലകള്‍, ഐ.എച്ച്.ആര്‍.ഡി മുതലായ സ്ഥാപനങ്ങള്‍ നടത്തുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഇവയുടെ പ്രവര്‍ത്തന നിയന്ത്രണം പൂര്‍ണമായും സര്‍ക്കാറിനുതന്നെ ആണെങ്കിലും ഇത്തരം സ്ഥാപനങ്ങളിലെ സീറ്റുകളെ രണ്ടു വിഭാഗമായി തിരിച്ചാണ് പ്രവേശനം നടക്കുക. 50 ശതമാനം മെറിറ്റ് സീറ്റും 50 ശതമാനം മാനേജ്മെന്‍റ് സീറ്റും. മെറിറ്റ് സീറ്റായ 50 ശതമാനത്തില്‍ മാത്രമേ സംവരണാനുകൂല്യവും ഫീസിളവും ലഭിക്കൂ. എന്നാല്‍, ഈ രണ്ടു വിഭാഗം സീറ്റുകളിലേക്കും പ്രവേശനം മെറിറ്റടിസ്ഥാനത്തിലായിരിക്കും. ഇത്തരം കോളജുകളില്‍ ഫീസ് സാധാരണ സര്‍ക്കാര്‍ കോളജിലുള്ളതാവില്ല.
പൂര്‍ണമായും സ്വകാര്യ
മാനേജ്മെന്‍റുകള്‍ നടത്തുന്ന സ്വാശ്രയ കോളജ്
ഇത്തരം സ്വാശ്രയ കോളജുകള്‍ ഏതെങ്കിലും സമുദായങ്ങളോ ട്രസ്റ്റുകളോ സ്വകാര്യ വ്യക്തികളോ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇത്തരം കോളജുകള്‍ തങ്ങളുടെ സീറ്റുകളെ രണ്ടായി തിരിച്ചിട്ടുണ്ട്. മെറിറ്റ് സീറ്റും മാനേജ്മെന്‍റ് സീറ്റും. ഇതില്‍ 50 ശതമാനമാണ് മെറിറ്റ് സീറ്റ്. ഈ മെറിറ്റ് സീറ്റിലേക്ക് മാത്രമേ ഗവണ്‍മെന്‍റ് അഡ്മിഷന്‍ നടത്താന്‍ നിയമപരമായി സാധിക്കൂ. അവശേഷിക്കുന്ന സീറ്റുകളില്‍ മാനേജ്മെന്‍റാണ് അഡ്മിഷന്‍ നല്‍കുന്നത്. ഇത്തരം കോളജുകളില്‍ ഫീസില്‍ വലിയ വ്യത്യാസമുണ്ട്. ഉദാഹരണമായി ഒരു സ്വാശ്രയ കോളജില്‍ എന്‍ജിനീയറിങ്ങിന് മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്ക് 65,000 രൂപ ഫീസായി നല്‍കണം. മാനേജ്മെന്‍റ് സീറ്റുകളില്‍ ഇതിലും കൂടിയ ഫീസാണ്. കൂടാതെ സ്വാശ്രയ കോളജില്‍ ഗവണ്‍മെന്‍റ് നടത്തുന്ന സ്വാശ്രയ കോളജ് ഉള്‍പ്പെടെ പ്രവേശനം നേടിയശേഷം, അഡ്മിഷന്‍ അവസാനിച്ചതിനുശേഷം കോഴ്സ് കാന്‍സല്‍ ചെയ്ത് പോരാന്‍ അത്ര എളുപ്പമല്ല. കോഴ്സിന്‍െറ കാലാവധിയില്‍ അടക്കേണ്ട മുഴുവന്‍ ഫീസും അടച്ചാല്‍ മാത്രമേ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. ‘ലിക്യുഡേറ്റഡ് ഡാമേജ്’ എന്ന പേരിലറിയപ്പെടുന്ന ഈ നിബന്ധന പ്രവേശനം എടുക്കുന്ന വിദ്യാര്‍ഥികള്‍ പ്രത്യേകം ഓര്‍ത്തിരിക്കണം.
ഇവിടെ എടുത്തുപറയേണ്ട മറ്റൊരു കാര്യം ഇപ്പോള്‍ നമ്മുടെ എയ്ഡഡ് കോളജുകളില്‍ അണ്‍ എയ്ഡഡ് കോഴ്സുകള്‍ നടക്കുന്നുണ്ട്. ഇത്തരം കോഴ്സുകളിലെ ഫീസ് എയ്ഡഡ് കോഴ്സുകളുടെ ഫീസല്ല. സ്വാശ്രയ കോഴ്സുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഫീസാണ്. മാത്രവുമല്ല ഈ കോഴ്സുകള്‍ നടക്കുന്ന കോളജിലെ റെഗുലര്‍ അധ്യാപകരല്ല ക്ളാസുകള്‍ എടുക്കുന്നതും. എയ്ഡഡ് കോളജുകളിലെ അണ്‍എയ്ഡഡ് കോഴ്സുകള്‍ക്ക് ചേര്‍ന്നാല്‍ പ്രസ്തുത കോളജിലെ മറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാം .
പുതിയ അധ്യയനവര്‍ഷവും അഡ്മിഷനുമെല്ലാം പടിവക്കിലത്തെിനില്‍ക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ഇത്തരം വിഷയങ്ങളില്‍ വലിയ രീതിയില്‍ ഗൃഹപാഠം ചെയ്തശേഷമേ കോഴ്സുകളും കോളജും തെരഞ്ഞെടുക്കാവൂ.

– ബാബു പള്ളിപ്പാട്ട്

Share: